Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരിതാശ്വാസ ക്യാമ്പിൽ വസ്ത്രങ്ങളുമായി ജയറാമും മകൾ മാളവികയും; സംസ്ഥാന പാതയോരത്തെ 35 സെന്റ് സ്ഥലം പ്രളയബാധിതർക്കായി കൈമാറി അമേരിക്കൻ മലയാളി; ടെക്സ്റ്റെയിൽസിലെ മുഴുവൻ വസ്ത്രങ്ങളും ദുരിതം അനുഭവിക്കുന്നവർക്കായി നൽകി കടയുടമ; കേരളത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള കവിതയുമായി ഹൈക്കോടതി ജഡ്ജി; പ്രളയദുരന്തത്തിനിടയിൽ നിന്നുള്ള നന്മ വാർത്തകൾ തുടരുന്നു..

ദുരിതാശ്വാസ ക്യാമ്പിൽ വസ്ത്രങ്ങളുമായി ജയറാമും മകൾ മാളവികയും; സംസ്ഥാന പാതയോരത്തെ 35 സെന്റ് സ്ഥലം പ്രളയബാധിതർക്കായി കൈമാറി അമേരിക്കൻ മലയാളി; ടെക്സ്റ്റെയിൽസിലെ മുഴുവൻ വസ്ത്രങ്ങളും ദുരിതം അനുഭവിക്കുന്നവർക്കായി നൽകി കടയുടമ; കേരളത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള കവിതയുമായി ഹൈക്കോടതി ജഡ്ജി; പ്രളയദുരന്തത്തിനിടയിൽ നിന്നുള്ള നന്മ വാർത്തകൾ തുടരുന്നു..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും ഒരുമിച്ച് കരകയറാനുള്ള പരിശ്രമത്തിലാണ് കേരളം. കേരളം ചോദിക്കാതെയും പറയാതെയും നിരവധി പേരാണ് സഹായം ഒഴുക്കുന്നത്. നന്മവറ്റാത്ത ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകുക എന്ന പോളിസിയാണ് ഏവരും സ്വീകരിക്കുന്നത്. സിനിമാ താരങ്ങൾ മുതൽ സാധാരണക്കാർ വരെ സഹായങ്ങളുമായി എത്തിയിട്ടുണ്ട്.

തിരുവല്ലയിലെയും ചെങ്ങന്നൂരിലെയും ദുരിതബാധിതർക്ക് നൽകാൻ വസ്ത്രങ്ങളുമായാണ് ജയറാമും മകൾ മാളവികയും എത്തിയത്. തിരുവല്ല വേങ്ങലിലെ പ്രളയബാധിത പ്രദേശത്താണ് മുണ്ടും ഷർട്ടുകളുമായി ഇരുവരും എത്തിയത്. രാം രാജിന്റെ ഏറ്റവും വില കൂടിയ മുണ്ടുകളും ഷർട്ടുകളുമാണ് ദുരിതബാധിതർക്കായി നൽകിയതെന്ന് ജയറാം വ്യക്തമാക്കി. ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ജയറാം.

'ശ്രീ നാഗരാജന് നന്ദി പറയാൻ വാക്കുകളില്ല, കേരളത്തോട് കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദി. ലോറിക്കണക്കിന് വസ്തുക്കളാണ് കേരളത്തിലേയ്ക്ക് കൊടുത്തയച്ചത്. അഞ്ച് ദിവസത്തോളമായി അദ്ദേഹത്തിന്റെ ലോറികൾ കേരളത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പല സ്ഥലങ്ങളിൽ എത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.'ജയറാം പറഞ്ഞു

രണ്ടേക്കർ സ്ഥലം ഭവനരഹിതർക്കു സൗജന്യ സർക്കാർ ജീവനക്കാരൻ

പീരുമേട് താലൂക്ക് സപ്ലൈ ഓഫിസിലെ റേഷനിങ് ഇൻസ്‌പെക്ടർ കനകം ഹൗസിൽ എം.ഗണേശനും ഭാര്യ റവന്യു ജീവനക്കാരി എഴിൽ അരശിയും ദുരിതബാധിതരെ സഹായിക്കാൻ എത്തിയത് രണ്ടേക്കര് സ്ഥലം വിട്ടു നൽകി കൊണ്ടാണ്. തങ്ങളുടെ ഉടമസ്ഥതയിലെ രണ്ടേക്കർ സ്ഥലം ഭവനരഹിതർക്കു സൗജന്യമായി നൽകുകയാണ് ഇവർ ചെയത്. റവന്യു ജീവനക്കാരായതിനാൽ ഗണേശനും അരശിക്കും ദുരിതാശ്വാസ ക്യാംപുകളുടെ ചുമതലയുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാവും പകലും ക്യാംപിലുള്ളവരുടെ സങ്കടമാണു കണ്ടത്. ക്യാംപ് വിട്ടിറങ്ങുന്നവർക്കു പോകാൻ ഇടമില്ലെന്നറിഞ്ഞാണു ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചതെന്നു ഗണേശൻ പറയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടു തുറന്നതോടെ വള്ളക്കടവു മുതൽ പെരിയാർ ആറ്റോരം വരെയുള്ള താമസക്കാർക്ക് എല്ലാം നഷ്ടമായി. പാവപ്പെട്ട തൊഴിലാളികൾ ഇനിയെന്തെന്നറിയാതെ വിഷമിക്കുകയാണ്. മഞ്ചുമല വില്ലേജിലെ കടശിക്കാട്ടിലാണു വിട്ടുനൽകാൻ ഉദ്ദേശിക്കുന്ന സ്ഥലം. സ്ഥലം നൽകാൻ തീരുമാനിച്ച കാര്യം ജില്ലാ കലക്ടറെ അറിയിക്കുമെന്നു ഗണേശൻ പറഞ്ഞു. 30 കുടുംബങ്ങൾക്കെങ്കിലും താമസ സൗകര്യമൊരുക്കാനാണു പദ്ധതി. വീടുകൾ നിർമ്മിച്ചു നൽകുന്നതിന് ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണു ഗണേശൻ. വണ്ടിപ്പെരിയാർ 62ാം മൈൽ ഡോ.കലാം നഗറിലെ അഞ്ചുസെന്റ് വീട്ടിലാണു ഗണേശനും കുടുംബവും താമസിക്കുന്നത്.

ടെക്‌സ്റ്റെയിൽസിലെ മുഴുവൻ വസ്ത്രങ്ങളും ദുരിതം അനുഭവിക്കുന്നവർക്കായി നൽകി കടയുടമ

കൊയിലാണ്ടി സ്വദേശിയായ അഷ്‌ക്കർ അലി ദുരിതബാധിതരെ സഹായിക്കാൻ രംഗത്തെത്തിയത് തന്റെ തുണിക്കടയിലെ തുണികൾ മുഴുവൻ വിതരണം ചെയ്തുകൊണ്ടാണ്യ കുട്ടികളുടെ വസ്ത്രക്കടയിലെ മുഴുവൻ കുഞ്ഞുടുപ്പുകളും മറ്റു വസ്ത്രങ്ങളും ദുരിതമനുഭവിക്കുന്നവർക്കായി നൽകി.കൊയിലാണ്ടി നബീന കോംപ്ലക്സിലെ കിഡ്‌സ് മാളിലെ വസ്ത്രശേഖരമാണ് ഒന്നായി ദാനം ചെയ്തത്. പെരുന്നാൾഓണം വ്യാപാര വേളയിലാണ് ഏതാണ്ട് മൂന്നു ലക്ഷം രൂപ വിലവരുന്ന നൂറുകണക്കിനു കുഞ്ഞുടുപ്പുകളും മറ്റും കടയുടമ മണമൽ അഷ്‌കർ അലി ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി നൽകിയത്.

കേരളത്തെ സഹായിക്കാൻ കവിത എഴുതി ഹൈക്കോടതി ജഡ്ജി

പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ പരിശ്രമിക്കുമ്പോൾ കേരളത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള കവിതയുമായി കേരള ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവാണ് കേരളത്തിന്റെ കണ്ണീർ തുടയ്ക്കണമെന്ന ആഹ്വാനവുമായി കവിത എഴുതിയിരിക്കുന്നത്. 'എന്റെ നാടിന് സഹായഹസ്തങ്ങൾ ആവശ്യമാണ്' എന്നാണ് കവിതയുടെ ശീർഷകം. അതിമനോഹരമായ കേരളം നിർഭാഗ്യവശാൽ അപകടത്തിലായെന്നും കരുതലും ഉന്മേഷവും നൽകി ഉയർത്തെഴുന്നേൽപ്പിക്കണമെന്നും അദ്ദേഹം തെലുങ്ക് മക്കളോട് കവിതയിലൂടെ പറയുന്നു. ഇംഗ്ലീഷിലുള്ള കവിത തെലുങ്കു പത്രങ്ങളിൽ അച്ചടിച്ച് വന്നിട്ടുണ്ട്.

35 സെന്റ് സ്ഥലം പ്രളയബാധിതർക്കായി കൈമാറി അമേരിക്കൻ മലയാളി

പ്രളയ ബാധിതർക്ക് കൈത്താങ്ങാകാൻ സംസ്ഥാന പാതയ്ക്കരികിലെ 35 സെന്റ് സ്ഥലം കൈമാറിയാണ് അമേരിക്കൻ മലയാളി മാതൃകയായത്. സിപിഎമ്മിനാണ് സ്ഥലം കൈമാറിയത്. 'പാർട്ടിക്ക് സ്ഥലം വിറ്റ് തുക പാർട്ടി സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് എടുക്കാം. ആ സ്ഥലത്ത് ദുരിതബാധിതർക്കായി എന്തെങ്കിലും നിർമ്മിക്കുകയാണ് ആവശ്യമെങ്കിൽ അതും ചെയ്യാമെന്ന് കെ ജയചന്ദ്രൻ വ്യക്തമക്കി. കൂത്താട്ടുകുളം തിരുമാറാടി സോപാനം വീട്ടിൽ കെ സി ആനന്ദവല്ലിയുടെയും കെ ചന്ദ്രശേഖര പണിക്കരുടെയും മകനായ കെ ജയചന്ദ്രനാണ് കൂത്താട്ടുകുളം ടൗണിനടുത്ത് സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം നൽകുന്നത്. മൂവാറ്റുപുഴ നിർമ്മലാകോളേജിലെ യൂണിയൻ ഭാരവാഹിയും എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകനുമായിരുന്നു ജയചന്ദ്രൻ.

തിരുമാറാടി സിപിഐ എം ലോക്കൽ സെക്രട്ടറി അനിൽ ചെറിയാനെ അറിയിച്ച് ഉടൻ തന്നെ ഭൂമി രജിസ്റ്റർ ചെയ്തു നൽകാനും ജയചന്ദ്രൻ പറഞ്ഞതായി നാട്ടിലുള്ള മാതാപിതാക്കൾ അറിയിച്ചു. മകന്റെ പ്രവൃത്തിയിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അമ്മ ആനന്ദവല്ലി പറഞ്ഞു. 'അധികം സമ്പാദിച്ചിട്ടല്ല. എങ്കിലും അവൻ അങ്ങനെയാണ്. ആരെയും സഹായിക്കും. പ്രത്യേകിച്ച് പാർട്ടിയുടെ ആവശ്യങ്ങൾക്ക് അവൻ കയ്യയച്ച് നൽകും.' ആനന്ദവല്ലിയമ്മ കൂട്ടിച്ചേർത്തു.

ജയചന്ദ്രൻ സ്വന്തം അധ്വാനത്തിൽ നിന്ന് മാറ്റിവെച്ച പണം കൊണ്ട് വാങ്ങിയതാണ് ഈ സ്ഥലം. നാട്ടിൽ ഇല്ലാത്തതിനാലാണ് അച്ഛന്റെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തത്. 48 സെന്റ് സ്ഥലം ഉണ്ടായിരുന്നു. 10 സെന്റ് സ്ഥലം നേരത്തെ തന്നെ വീടില്ലാത്ത ഒരു ബന്ധുവിന് സൗജന്യമായി നൽകി. ബാക്കിയുള്ള 38 സെന്റിൽ നിന്ന് റോഡിനും കുറച്ച് സ്ഥലം വിട്ടു നൽകിയിട്ടുണ്ട്. ശേഷിക്കുന്ന 35 സെന്റ് സ്ഥലമാണ് സിപിഐ എമ്മിന് വിട്ടു നൽകുന്നത്.കൂത്താട്ടുകുളത്ത് മേരിഗിരി കോളെജിനരികിൽ എം സി റോഡിന് ചേർന്നാണ് സ്ഥലം.

എംസിഎ പൂർത്തിയാക്കി 20 വർഷമായി അമേരിക്കയിൽ സോഫ്റ്റ്‌വെയർ രംഗത്ത് ജോലി ചെയ്യുന്നു. ചന്ദ്രശേഖര പണിക്കർ റിട്ടയേഡ് റവന്യൂ ഇൻസ്‌പെക്ടർ ആണ്. പാർട്ടി അംഗവും 13 വർഷം കാക്കൂർ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമായിരുന്ന ചന്ദ്രശേഖര പണിക്കർ വാർധക്യ സഹജമായ അനാരോഗ്യത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ ഇല്ല. അമ്മ ആനന്ദവല്ലി റിട്ടയേഡ് അദ്ധ്യാപികയും കാക്കൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ്. അമ്മ ഇപ്പോഴും പാർട്ടി അംഗമാണ്. ഭാര്യ മലയാളിയായ ആന്റേ ജയചന്ദ്രനും സോഫ്റ്റ്‌വെയർ രംഗത്ത് അമേരിക്കയിൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ ഉണ്ട്. അഭിമന്യു മരിച്ചതിനെ തുടർന്നുള്ള ഫണ്ട് ശേഖരണത്തിലും ജയചന്ദ്രൻ വലിയ തുക സംഭാവന നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP