Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേണ്ടപ്പെട്ടവരെ ജയിൽ തുറന്ന് വെളിയിൽ വിടാനുള്ള സർക്കാരിന്റെ മോഹത്തിന് ഗവർണറുടെ ചുവപ്പു കാർഡ്; കൊടിയ ലൈംഗിക കുറ്റവാളികളെയും മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവരെയും അങ്ങനെ വെറുതെ വിടാനാവില്ല; 1850 തടവുകാരെ ഒറ്റയടിക്ക് മോചിപ്പിക്കാനുള്ള സർക്കാരിന്റെ ശുപാർശയിൽ കൂടുതൽ വിശദീകരണം തേടി ഫയൽ തിരിച്ചയച്ച് ഗവർണർ സദാശിവം

വേണ്ടപ്പെട്ടവരെ ജയിൽ തുറന്ന് വെളിയിൽ വിടാനുള്ള സർക്കാരിന്റെ മോഹത്തിന് ഗവർണറുടെ ചുവപ്പു കാർഡ്; കൊടിയ ലൈംഗിക കുറ്റവാളികളെയും മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവരെയും അങ്ങനെ വെറുതെ വിടാനാവില്ല; 1850 തടവുകാരെ ഒറ്റയടിക്ക് മോചിപ്പിക്കാനുള്ള സർക്കാരിന്റെ ശുപാർശയിൽ കൂടുതൽ വിശദീകരണം തേടി ഫയൽ തിരിച്ചയച്ച് ഗവർണർ സദാശിവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1850 തടവുകാരെ ശിക്ഷാ കാലാവധി തീരും മുമ്പേ മോചിപ്പിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കത്തിന് ചുവപ്പുകൊടി കാട്ടി ഗവർണർ പി സദാശിവം. ഇത്രയും തടവുകാരുടെ മോചനത്തിന് അനുമതി നൽകുന്നത് വേണ്ടത്ര പരിശോധനകൾ നടത്തിയതിന് ശേഷമല്ലെന്നും ഗൗരവമേറിയ കുറ്റകൃത്യങ്ങൾ ചെയ്ത് ശിക്ഷയേറ്റുവാങ്ങിയ നിരവധിപേർ സർക്കാർ സമർപ്പിച്ച ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഗവർണർ സർക്കാരിന്റെ ശുപാർശാ ലിസ്റ്റിന് അനുമതി നിഷേധിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനോട് കൂടുതൽ വിശദീകരണം തേടി ഗവർണർ കത്തയച്ചു. വിടാൻ ശുപാർശ ചെയ്ത പ്രതികളുടെ കേസിന്റെ വിവരങ്ങൾ ആരാഞ്ഞാണ് ഗവർണർ കത്തയച്ചിരിക്കുന്നത്.

മുമ്പൊരിക്കലും കേട്ടുകേൾവിയില്ലാത്ത വിധത്തിലാണ് ഇത്രത്തോളം തടവുകാരെ ഒറ്റയടിക്ക് മോചിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും വ്യക്തമാക്കിയാണ് ഗവർണർ സർക്കാർ ശുപാർശ തള്ളിയത്. ബലാത്സംഗ കേസിലുൾപ്പെടെ ശിക്ഷ അനുഭവിക്കുന്ന ലൈംഗിക കുറ്റവാളികൾ, മയക്കുമരുന്നു കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവർ, മനോവൈകൃതങ്ങൾ മൂലം കുറ്റങ്ങൾ ചെയ്തവർ തുടങ്ങിയവരെല്ലാം സർക്കാരിന്റെ ശുപാർശ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഭരണകക്ഷിയായ എൽഡിഎഫുമായി അടുത്ത ബന്ധം പുലർത്തുന്ന നിരവധി പേരും ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതായാണ് വിവരം.

ഈ ലിസ്റ്റ് പുനപരിശോധിക്കാൻ ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് സർക്കാരിലേക്ക് തിരിച്ചയക്കുമെന്നാണ് അറിയുന്നത്. തടവുകാരെ ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പുതന്നെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിട്ടുള്ളതെന്നാണ് സൂചനകൾ. അതിനാലാണ് ഇതിന് അനുമതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഗവർണർ എത്തിയിട്ടുള്ളത്. കഴിഞ്ഞ മാസമാണ് ലിസ്റ്റ് ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് വന്നത്. തുടർന്ന് ഇത് ഗവർണർക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഉന്നതതല കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് ലിസ്റ്റ് തയ്യാറാക്കിയത്. പക്ഷേ, ഇത് ക്യാബിനറ്റിന്റെ മുന്നിൽ എത്തുന്നതിനോ ഗവർണർക്ക് അയക്കുന്നതിനോ മുമ്പ് നിയമവകുപ്പ് സെക്രട്ടറി കാണിച്ചിരുന്നില്ലെന്നും പറയുന്നു.

ഇത്രയും പേരുടെ ജയിൽമോചനത്തിന് ഒറ്റയടിക്ക് വഴിയൊരുക്കും വിധത്തിലുള്ള ലിസ്റ്റിൽ തീരുമാനമെടുക്കാതെ ഒരു മാസത്തോളമായി ഗവർണർ മാറ്റിവച്ചിരിക്കുകയാണ്. മുൻ സുപ്രീംകോടതി ചീഫ്് ജസ്റ്റീസ് കൂടിയാണ് കേരള ഗവർണർ പി സദാശിവം എന്നതിനാൽ നിയമപ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. സിപിസി 342-ാം വകുപ്പ് പ്രകാരം ഒരാളുടെ ശിക്ഷ റദ്ദാക്കാനോ ഇളവു നൽകാനോ അധികാരങ്ങൾ സർക്കാരിന് കൽപ്പിച്ചു നൽകിയിട്ടുണ്ട്. പക്ഷേ, വധശിക്ഷ വിധിച്ചതോ വിധിക്കാൻ സാധ്യതയുള്ളതോ ആയ പ്രതികളുടെ കാര്യത്തിൽ ഇത്തരം നടപടി സാധ്യമല്ല. എന്നാൽ 14 വർഷത്തെ തടവുശിക്ഷ അനുഭവിച്ചവരുടെ കാര്യത്തിൽ തീരുമാനമെടുക്കാനുമാവും.

അതേസമയം, ശിക്ഷാ കാലാവധി പൂർത്തിയാക്കാത്ത തടവുകാരുടെ കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ടെങ്കിലും മാപ്പു നൽകാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്. സാധാരണഗതിയിൽ സർക്കാർ നൽകുന്ന ഇത്തരം നിർദ്ദേശങ്ങൾക്ക് ഗവർണർ അനുമതി നൽകാറുണ്ടെങ്കിലും ഇത്തവണ ഇത്രയേറെ തടവുകാരെ ഒറ്റയടിക്ക് മോചിപ്പിക്കാൻ നീക്കം നടത്തിയതാണ് തിരിച്ചടിയായതെന്നാണ് അറിയുന്നത്.

സമൂഹത്തിന്റെ പൊതുതാൽപര്യം ഹനിക്കും വിധത്തിലുള്ള തീരുമാനമാണ് സർക്കാരിന്റേതെങ്കിൽ ആ നിർദ്ദേശം തള്ളിക്കളയാൻ ഗവർണർക്ക് അധികാരമുണ്ട്. ഈ വിവേചനാധികാരം സദാശിവം ഉപയോഗിക്കുമെന്നാണ് സൂചന. മാത്രമല്ല, ഇത്രയും പേർക്ക് ഒരുമിച്ച് മോചനത്തിന് വഴിയൊരുക്കുന്നത് ആരെങ്കിലും ഹൈക്കോടതിയിൽ ചോദ്യംചെയ്യാനും സാധ്യതയുണ്ടെന്ന് മുതിർന്ന അഭിഭാഷകരും അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP