Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശതകോടീശ്വരനായ ക്രിമിനലിനു മുന്നിൽ നിയമത്തിന്റെ മുട്ടുവിറയ്ക്കുന്നു; നിസാമിനെതിരേ ഗുണ്ടാനിയമം ചുമത്താൻ പൊലീസിനു ഭയം: സെക്യൂരിറ്റിക്കാരന്റെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നു പ്രഖ്യാപിച്ചതു കേസൊതുക്കാനോ?

ശതകോടീശ്വരനായ ക്രിമിനലിനു മുന്നിൽ നിയമത്തിന്റെ മുട്ടുവിറയ്ക്കുന്നു; നിസാമിനെതിരേ ഗുണ്ടാനിയമം ചുമത്താൻ പൊലീസിനു ഭയം: സെക്യൂരിറ്റിക്കാരന്റെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നു പ്രഖ്യാപിച്ചതു കേസൊതുക്കാനോ?

കൊച്ചി: പന്ത്രണ്ടു കേസിൽ പ്രതിയായിട്ടും വനിതാ പൊലീസിനെ ഉൾപ്പെടെ ഉപദ്രവിച്ചു വിവാദമുയർത്തിയ വ്യക്തിയായിട്ടും മുഹമ്മദ് നിസാമെന്ന ശതകോടീശ്വരനായ ക്രിമിനലിനെതിരേ ഗുണ്ടാനിയമമായ കാപ്പ ചുമത്താൻ പൊലീസ് തയാറായിട്ടില്ല.

നിസാമിന്റെ പണക്കൊഴുപ്പിനും അധികാര പിൻബലത്തിനും മുകളിൽ പ്രവർത്തിക്കാൻ പൊലീസിനു ധൈര്യമില്ലാത്തതാണു കാരണം. പകരം, വലിയ പോറൽ കൂടാതെ നിസാമിനെ രക്ഷിച്ചെടുക്കാനുള്ള അണിയറനീക്കങ്ങളാണു നടന്നുവരുന്നത്. കുറഞ്ഞ നാളുകൾക്കുള്ളിൽ ഇത്തരത്തിൽ നിരവധി കേസുകളിൽപ്പെട്ട നിസാം സമൂഹത്തിന് ഉപദ്രവകാരിയാണെന്നു തെളിഞ്ഞിട്ടുള്ളതാണ്.

ഇന്നലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മറ്റു പ്രമുഖ നേതാക്കളും നടത്തിയ സന്ദർശനം പോലും ഫലത്തിൽ സംശയമുയർത്തുന്നതും കേസിന്റെ ഗൗരവം കുറയ്ക്കുന്നതുമായി. അമലാ ആശുപത്രിയുടെ വെന്റിലേറ്ററിൽ കിടക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ചികിത്സാച്ചെലവുകൾ സർക്കാർ വഹിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞതു ദുരൂഹത ഉയർത്തുന്നതാണ്.

പ്രമുഖ വ്യവസായി പി എൻ സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കേണ്ട കാര്യമല്ല. എന്നാൽ കേസിൽ പ്രതിയായ നിസാമിന്റെ കാര്യത്തിൽ കർശന നിർദേശങ്ങളൊന്നും മുഖ്യമന്ത്രി പൊലീസിനു നൽകിയിട്ടുമില്ല. ചികിത്സയുടെ കാര്യം പറഞ്ഞു സെക്യൂരിറ്റിക്കാരന്റെ കുടുംബത്തെയും പൊതുജനങ്ങളെയും സമാധാനിപ്പിച്ചുകൊണ്ടു കേസ് തണുപ്പിക്കാനാണു നീക്കമെന്നാണ് സംശയിക്കുന്നത്.

കിങ്‌സ് ബീഡി ഉടമയും പ്രമുഖവ്യവസായിയുമായ മുഹമ്മദ് നിസാമിനെതിരെ ഗുണ്ടാനിയമമായ 'കാപ്പ' ചുമത്തുന്നതിൽനിന്ന് പൊലീസ് പിന്തിരിയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ പ്രമുഖനായ ഒരുനേതാവാണ് പരോക്ഷ ഇടപെടൽ നടത്തിയത്. യുഡിഎഫിലെ പ്രബലരായ ഘടകകക്ഷിയുടെ സമ്മർദ്ദമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഇന്നലെ തൃശൂരിൽ എത്തിച്ചതെന്നാണ് സൂചന. കോൺഗ്രസ് എ ഗ്രൂപ്പിന്റെ എറണാകുളത്തെ പ്രമുഖനാണു നിസാമിനു വേണ്ടി രംഗത്തുള്ളത്.

രാവിലെ നിസാമിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നും മയക്കുമരുന്നുമായി യുവനടൻ ഷൈൻ ടോം ചാക്കോയെയും സഹസംവിധായിക ബ്ലസിയെയും മൂന്നു മോഡലുകളെയും പിടികൂടിയിരുന്നു. പക്ഷേ ഇതൊന്നും നിസാമിനെ ബാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോഴും ഈ ഫ്‌ളാറ്റിന്റെ കാര്യം നിസാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നില്ല. ബാംഗ്ലൂരിൽ ആണ് തന്റെ മുഴുവൻ ബിസിനസ്സ് എന്നാണ് ഇയാൾ പറഞ്ഞത്. വധശ്രമത്തിനുള്ള ഒരുകേസ് മാത്രമാണ് പൊലീസ് ഇതുവരെ ഇയാൾക്കെതിരെ എടുത്തിട്ടുള്ളത്.

നിസാമിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷണപരിധിയിൽ ഉൾപ്പെടുത്താനായി തൃശൂർ സിറ്റി പൊലീസ് ആദ്യഘട്ടത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളുടെ ക്രിമിനൽ ബന്ധം മാത്രം ഇപ്പോൾ അന്വേഷിച്ചാൽ മതിയെന്ന എന്ന നിർദ്ദേശമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. 26 ആഡംബക്കാറുകളുള്ള ഇയാളുടെ ജീവിതം ഏറെ ദുരൂഹതയുയർത്തുന്നതാണ്. ഇയാളുടെ കൊച്ചിയിലെ ഫ്‌ളാറ്റിൽനിന്നു മയക്കുമരുന്നു പിടിക്കുകകൂടി ചെയ്തതോടെ ദുരൂഹത വർധിക്കുകയാണ്. 'കാപ്പ' നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയില്ലെങ്കിൽ ചുരുങ്ങിയത് ഒരു മാസത്തിനുള്ളിൽ തന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന സ്ഥിതിയാണുണ്ടാവുക. ഇയാൾ മാനസികരോഗിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും അണിയറയിൽ ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP