ഞാൻ പറയുന്നത് പാർട്ടി നിലപാട്; രാജഗോപാൽ എന്തുകൊണ്ട് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല; മുഖ്യമന്ത്രി പരാജയപ്പെട്ടിടത്ത് ഗവർണർ ആക്ട് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്; ശത്രുക്കൾ പതിയിരുപ്പുണ്ടെന്നറിഞ്ഞു സ്ഥലം മാറിയിറങ്ങിയ ബിജു എവിടെയാണെന്ന് കണ്ടെത്തി ഗുണ്ടാസംഘത്തെ അറിയിച്ചത് പിണറായിയുടെ സൈബർസേന; ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ മറുനാടനോട്
May 15, 2017 | 11:25 AM IST | Permalink

വി വി ഷാജു
ആലപ്പുഴ : ഗവർണറെ അപമാനിക്കാൻ ബിജെപി ശ്രമിച്ചിട്ടില്ല. ശോഭാ സുരേന്ദ്രൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ യുവാക്കളുടെ വികാരപ്രകടനമായികണ്ടാൽ മതി. ഗവർണറെ അപമാനിക്കുകയെന്നത് തന്റെ പാർട്ടിയുടെ ലക്ഷ്യമല്ലെന്നും രാജഗോപാൽ പറഞ്ഞു. നിയമസഭയിലാണ് രാജഗോപാലിന്റെ പ്രതികരണം. എന്നാൽ ഇത് ശോഭാ സുരേന്ദ്രൻ അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രി പരാജയപ്പെട്ടിടത്ത് ഗവർണർ ആക്ട് ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെട്ടതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ശോഭാ സുരേന്ദ്രൻ.
സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായിട്ടും ഭരണഘടനാപരമായ പദവി ഉപയോഗിക്കാൻ സംസ്ഥാന ഗവർണർ ജസ്റ്റീസ് പി. സദാശിവം തയാറാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. ഗവർണർക്കു മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാ ണെങ്കിൽ സ്ഥാനം ഒഴിയുകയാണു നല്ലതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇതിനെ രാജഗോപാൽ നിയമസഭയിൽ തള്ളിപ്പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ബിജെപി നേതൃത്വത്തിൽ രണ്ടഭിപ്രായമില്ലെന്നും താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ വിശദീകരിക്കുകയാണ്. ഇതോടെ നിയമസഭയിൽ പ്രസംഗത്തിൽ രാജഗോപാൽ പാർട്ടിയിൽ ഒറ്റപ്പെടുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.
ഗർവണ്ണർക്കെതിരായ പരാമർശം യുവാക്കളുടേതല്ല. പാർട്ടി നേതൃത്വത്തിന്റേതാണ് എന്നാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. ഗവർണ്ണർ ഗവർണ്ണറുടെ ഭാഗം ക്ലിയർ ചെയ്തു. ഞാൻ എന്റെ കടമ നിർവ്വഹിക്കും എന്ന് ഗവർണ്ണർ തെളിയിക്കണം. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്-ശോഭാ സുരേന്ദ്രൻ വിശദീകരിച്ചു. ഒരു ഭരണവും അതിനെ നിയന്ത്രിക്കുന്ന ആളും പരാജയപ്പെടുന്നിടത്താണ് അതിനുമുകളിലുള്ള ആൾ പ്രവർത്തിക്കേണ്ടത്. അതിനാണ് ഗവർണർ. സർക്കാർ തകർന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഗവർണർ റോൾ എടുക്കേണ്ടത് അനിവാര്യമാണ്. നീതിന്യായത്തിന്റെ തലവനാണ് അദ്ദേഹം. ബിജെപിക്ക് അനുകൂല നിലപാടെടുക്കണമെന്ന് പാർട്ടി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഗവർണർ ജനങ്ങൾക്ക് തുല്യനീതി ഉറപ്പാക്കണം.
കേരളത്തിലെ സർക്കാർ സമസ്ത മേഖലയിലും വൻപരാജയമാണെന്ന് സുപ്രിംകോടതിവരെ പറഞ്ഞ സാഹചര്യത്തിൽ ഗവർണർ ഉചിതമായ നടപടിയെടുക്കണമായിരുന്നു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമാധാന ചർച്ച പരാജയപ്പെട്ടപ്പോൾ ഗവർണർ നേരിട്ട് ചർച്ചയ്ക്ക് വിളിക്കണമായിരുന്നു. പിണറായി വിജയന്റെത് ജാതകദോഷമുള്ള സർക്കാരാണ്. കേരളത്തിലെ സ്ത്രീ ജനങ്ങളെ വിധവകളാക്കുന്ന സർക്കാരിനെ നയിക്കുന്ന പിണറായി പെടുകതന്നെ ചെയ്യും. ദൈവനാമത്തിലാണ് ഞാൻ ഇത് പറയുന്നത്.
ഞങ്ങളുടെ വിമലാദേവിയെയും രാധാകൃഷ്ണനെയും ചുട്ടുകൊന്നപ്പോൾ ഗവർണർ എന്തെടുക്കുകയായിരുന്നു. ഇപ്പോൾ കണ്ണൂരിൽ സമാധാന ചർച്ച വിളിച്ചത് പിണാറായി നേരിട്ടായിരുന്നു. സന്തോഷിന്റെ മൃതദേഹം അടക്കുംമുമ്പെ വിളിച്ച സമാധാന ചർച്ച പൊളിച്ചെഴുതി സി പി എമ്മുകാർ വീണ്ടും കണ്ണൂരിൽ കൊലവിളി നടത്തുന്നു. സി പി എമ്മിന്റെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവും ഉണ്ടാകില്ലെന്ന് പിണറായി ഉറപ്പ് നൽകിയതിന്റെ ചൂടാറും മുമ്പെയാണ് ഞങ്ങളുടെ ബിജുവിനെ വധിച്ചത്. മംഗലാപുരത്തുനിന്നും പയ്യന്നൂരിലേക്കു് പുറപ്പെട്ട ബിജു ശത്രുക്കൾ പതിയിരിപ്പുണ്ടെന്ന് അറിഞ്ഞതോടെ പഴവങ്ങാടിയിൽ ഇറങ്ങുകയായിരുന്നു. ഈ സമയം പിണറായിയുടെ സൈബർ സേന ബിജുവിന്റെ സാന്നിധ്യം എവിടെയാണെന്ന് കണ്ടെത്തി ഗുണ്ടാസംഘത്തിന് വിവരം കൈമാറുകയായിരുന്നു. അതുകൊണ്ടുതന്നെയാണു ബിജുവിന്റെ കൊലപാതകം ഒരു സർക്കാർ സ്പോൺസേർഡ് കൊലപാതകമാണെന്നു പറയുന്നത്.
ഗവർണർ പദവി വിട്ടുപോകണമെന്ന് പറഞ്ഞത് എന്റെ സ്വന്തം അഭിപ്രായമല്ല. പാർട്ടിയുടെ അഭിപ്രായമാണ്. പാലക്കാട് എം ബി രാജേഷിന്റെ അടുത്ത കൂട്ടുകാരൻ ഒൻപതുകാരിയെയും 14 കാരിയെയും പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്നു. ഗവർണർ എന്തു നടപടി സ്വീകരിച്ചു. കേരളത്തിൽ 90 കാരിക്കും രക്ഷയില്ലാതായി. എന്നിട്ടും ഗവർണർ അനങ്ങാപാറ നയം തുടരുന്നതിൽ അർത്ഥമില്ല. ഗവർണർ പദവി ഒഴിഞ്ഞുപോകണമെന്ന് ഞാൻ പറഞ്ഞത് വ്യക്തിപരമായല്ല. മറിച്ച് പാർട്ടിയുടെ നിലപാടുതന്നെയാണ്. ഞങ്ങളുടെ പാർട്ടി വക്താവ് പത്മകുമാർ ഇക്കാര്യം ഇന്നലെ മാധ്യമ ലോകത്തോട് പറഞ്ഞിരുന്നു. പിന്നെയും താൻ പറഞ്ഞ കാര്യം വ്യക്തിപരമായി ചിത്രീകരിക്കുന്നത് അതു പുറത്തുവിട്ട മാധ്യമത്തിന്റെ സൃഷ്ടിയാണ്-ശോഭാ സുരേന്ദ്രൻ വിശദീകരിച്ചു.
ഗവർണർ പദവിയോട് അല്പമെങ്കിലും നീതിപുലർത്താൻ ആഗ്രഹവും തന്റേടവുമുണ്ടെങ്കിൽ ഗവർണർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ തയാറാവണമെന്നായിരുന്നു ശോഭാ സുരേന്ദ്രൻ നേരത്തെ കണ്ണൂരിൽ പറഞ്ഞിരുന്നത്.. അതിനു സാധിക്കില്ലെങ്കിൽ ദയവു ചെയ്ത് ആ കസേരയിൽനിന്ന് ഇറങ്ങിപ്പോവുകയാണു വേണ്ടത്. ബിജെപി, ആർഎസ്എസ് പ്രവർത്തകർ സംസ്ഥാനത്തു നിരന്തരം കൊലചെയ്യപ്പെടുന്നതു കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല. എല്ലാ പൗരന്മാരുടേയും ജീവ ന്റെയും സ്വത്തിന്റെയും ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് ഗവർണറും മനസിലാക്കണമെന്നു ശോഭാ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.