Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമരം കണ്ടില്ലെന്ന് നടിച്ച് വിമർശനം നേടിയ കൈരളി ആഞ്ഞടിച്ചിട്ടും മാനക്കേട് മാറുന്നില്ല; അനങ്ങാപാറ നയം സ്വീകരിച്ചത് മുഖ്യമന്ത്രിക്കും ക്ഷീണമായി; എസ് എഫ് ഐയുടെ അപ്രതീക്ഷിത പിന്മാറ്റവും സ്ഥിതി വഷളാക്കി; സമരം തീർന്നാലും നഷ്ടപ്പെട്ട മുഖം തിരിച്ചെടുക്കാൻ ആലോചന സജീവം

സമരം കണ്ടില്ലെന്ന് നടിച്ച് വിമർശനം നേടിയ കൈരളി ആഞ്ഞടിച്ചിട്ടും മാനക്കേട് മാറുന്നില്ല; അനങ്ങാപാറ നയം സ്വീകരിച്ചത് മുഖ്യമന്ത്രിക്കും ക്ഷീണമായി; എസ് എഫ് ഐയുടെ അപ്രതീക്ഷിത പിന്മാറ്റവും സ്ഥിതി വഷളാക്കി; സമരം തീർന്നാലും നഷ്ടപ്പെട്ട മുഖം തിരിച്ചെടുക്കാൻ ആലോചന സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സമരം തീർക്കാൻ ഒടുവിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് ഇടപെടുന്നു. സമരം തീരുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാൽ സർക്കാർ ഇടപെടൽ വൈകിയത് ഏറെ വിമർശനങ്ങളുണ്ടാക്കിയിരുന്നു. അതിന്റെ പേരുദോഷം മാറ്റാൻ കടുത്ത നടപടികളെ കുറിച്ച് സർക്കാർ ആലോചിക്കുന്നതായി സൂചന. ലോ അക്കാദമി വിഷയത്തിൽ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റിന്റെ ഉപസമിതി റിപ്പോർട്ട് പ്രിൻസിപ്പൾ ലക്ഷ്മി നായർക്ക് എതിരാണ്. ഈ വിഷയത്തിൽ തിങ്കളാഴ്ച സിൻഡിക്കേറ്റിൽ ചർച്ച നടക്കും. കോളേജിന്റെ അഫലിയേഷൻ റദ്ദാക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതുണ്ടായാൽ അക്കാദമി സർക്കാർ ഏറ്റെടുക്കുന്ന തരത്തിലാണ് ആലോചനകൾ പുരോഗമിക്കുന്നത്. ഇതിലൂടെ ലോ അക്കാദമി വിഷയത്തിൽ പിണറായി സർക്കാരിനുണ്ടായ പ്രതിച്ഛായ നഷ്ടം മറികടക്കാമെന്നാണ് വിലയിരുത്തൽ.

ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളുണ്ട്. തിരു കൊച്ചി ധനകാര്യ മന്ത്രിയായിരുന്ന പിഎസ് നടരാജൻ പിള്ളയുടെ വസ്തു നരായണൻ നായരുടെ കൈയിലെത്തിയത് കൃഷി വകുപ്പ് മന്ത്രിയായിരുന്നു എംഎൻ ഗോവിന്ദൻ നായരുടെ ഇടപെടലിലൂടെയാണ്. ഇതിൽ സിപിഎമ്മുകാരിയായിരുന്ന കെ ആർ ഗൗരിയമ്മ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. റവന്യൂമന്ത്രിയായിരുന്ന ഗൗരിയമ്മ ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉയർത്തിയിരുന്നു. ഈ സാഹചര്യമെല്ലാം ഉയർത്തി ലോ അക്കാദമിയുടെ ഭൂമി സർക്കാർ തിരിച്ചു പിടിച്ചുവെന്ന് വരുത്തി തീർക്കാനാണ് ആലോചന. കൈരളി ടിവി ഇക്കാര്യത്തിൽ സജീവമായി ഇടപെടലുകൾ നടത്തി. എന്നാൽ സമരത്തിൽ നിന്ന് എസ് എഫ് ഐ പിന്മാറിയത് സിപിഎമ്മിന് തിരിച്ചടിയായി. ലോ അക്കാദമിക്ക് വേണ്ടി സർക്കാരും സിപിഎമ്മും ഒത്തുകളിക്കുന്നുവെന്ന പൊതുധാരണയും ഉണ്ടായി. ഈ വിഷയത്തിൽ വി എസ് അച്യുതാനന്ദന്റെ നിലപാടും സർക്കാരിനേയും പാർട്ടിയേയും വെട്ടിലാക്കി.

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ പ്രധാനി എൻകെ ജയകുമാർ ലോ അക്കാദമി കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. അക്കാദമിയെ സർക്കാർ സഹായിക്കുന്നതിന് പിന്നിൽ ജയകുമാറാണെന്ന ആക്ഷേപവും സജീവമാണ്. ഇതിനൊപ്പം കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസുമായുള്ള ചില ആരോപമവും ഉയർന്നു. ഇതിനെ അതി ശക്തമായി തന്നെ ജോൺ ബ്രിട്ടാസ് എതിർത്തു തോൽപ്പിച്ചു. എന്നാൽ ജയകുമാറിന്റെ കാര്യത്തിൽ കൃത്യമായ ഉത്തരം മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകാനായില്ല. ഈ സാഹചര്യത്തിലാണ് ലോ അക്കാദമി ഏറ്റെടുത്ത് സർ്ക്കാർ സമരക്കാർക്കൊപ്പമാണെന്ന ചിത്രം നൽകാൻ പിണറായി ആലോചിക്കുന്നത്. ഇതിന്റെ നിയമപരമായ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. എന്നാൽ സിപിഎമ്മിലെ കോടിയേരി പക്ഷം ഇതിനെ അനുകൂലിക്കുന്നില്ലെന്നും സൂചനയുണ്ട്.

ലക്ഷ്മി നായർ രാജിവച്ചുവെന്ന് പ്രഖ്യാപിച്ചായിരുന്നു എസ് എഫ് ഐ സമരത്തിൽ നിന്ന് പിന്മാറിയത്. എന്നാൽ ലോ അക്കാദമിയുടെ വിഷയങ്ങൾ അതേ പടി അവശേഷിക്കുന്നുവെന്നായിരുന്നു വി എസ് അച്യൂതാനന്ദന്റെ പ്രസ്താവന. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരനാണ് നാരായണൻ നായർ. നാരായണൻ നായർക്കൊപ്പം കോലിയക്കോടും ലോ അക്കാദമിക്കുള്ളിലാണ് വീട് വച്ച് തമാസിക്കുന്നത്. കോലിയക്കോടിന് വേണ്ടിയാണ് സർക്കാരും സിപിഎമ്മും കള്ളക്കളി നടത്തുന്നതെന്ന പൊതു ധാരണ സജീവമാണ്. ഈ സാഹചര്യത്തിലാണ് എസ് എഫ് ഐയുടെ പിന്മാറ്റവും രാഷ്ട്രീയ ചർച്ചകൾക്ക് വിധേയമാകുന്നത്. ഇത് സിപിഎമ്മിനും സർക്കാരിനും ഏറെ ദോഷം ചെയ്തു. അതിനിടെ ലോ അക്കാദമിയെ സിപിഎമ്മിന്റാതാക്കാൻ കള്ളക്കളികൾ സജീവമാണെന്ന വാദവും ഉയർന്നു.

എല്ലാ ജനകീയ സമരങ്ങൾക്കും വലിയ പ്രാധാന്യം കൈരളി ടിവി നൽകാറുണ്ട്. എന്നാൽ ലോ അക്കാദമി വിഷയത്തിൽ വലിയൊരു ഇടപെടൽ ആദ്യ ഘട്ടത്തിൽ നടത്തിയില്ല. ചാനലിലെ പാചക പരിപാടി അവതാരിക കൂടിയായ ലക്ഷ്മി നായർക്ക് വേണ്ടിയാണിതെന്ന ആരോപണം ശക്തമായി. ഇതോടെ കൈരളി നിലപാട് മാറ്റി. ലോ അക്കാദമിയിലെ പ്രശ്‌നങ്ങൾ സമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ടു വന്നു. ഇതിനിടെയാണ് എസ് എഫ് ഐ സമരത്തിൽ നിന്ന് പിന്മാറിയത്. ഇതോടെ ക്ഷീണം ഇരട്ടിച്ചു. എല്ലാം കോലിയക്കോടിന് വേണ്ടിയാണെന്ന സംശയം സജീവമായി. അതിനാൽ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥികൾ നൽകിയ പരാതികൾ ഗൗരവമായെടുക്കാനും ഭൂമിയുടെ രേഖകൾ പരിശോധിക്കാനും സർക്കാർ കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു.

തെളിവുകളെല്ലാം എതിരാകുന്ന സാഹചര്യത്തിൽ മാർച്ച് മാസത്തോടെ ലോ അക്കാദമി സർക്കാർ എറ്റെടുക്കാനാണ് മുഖ്യമന്ത്രിയുടെ ആലോചന. സമരത്തെ ആദ്യഘട്ടത്തിൽ സർക്കാർ ലാഘവത്തോടെ കൈകാര്യം ചെയ്തതും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത മുഖ്യമന്ത്രിയുടെ പ്രകൃതവുമാണ് പ്രശ്നങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്ന ആരോപണം ശക്തമാണ്. ചർച്ചയ്ക്ക് വിളിക്കാനോ സമരക്കാർക്ക് മുന്നിൽ കീഴടങ്ങാനോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഈഗോ അനുവദിച്ചില്ലെന്ന വാദം ബിജെപിയും ഉയർത്തി. സമരം ബിജെപി ഏറ്റെടുത്തതോടെ നേട്ടം അവർക്കായി. ഈ സാഹചര്യത്തിൽ കൂടിയാണ് സമരമുണ്ടാക്കിയ കുറവ് പരിഹരിക്കാൻ അക്കാദമി ഏറ്റെടുക്കാനുള്ള ആലോചന. ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥികൾ നൽകിയിരിക്കുന്ന ദളിത് പിഡന കേസുകളും ഗൗരവത്തോടെ എടുക്കും.

ലോ അക്കാദമി പ്രിൻസിപ്പാൾ ലക്ഷ്മി നായർക്കെതിരെ ഉയർന്നു വന്ന നിരവധിയായ ആരോപണങ്ങളിൽ സർക്കാർ നടപടിയെടുക്കാത്തത് അവർ സിപിഐ(എം) നേതാക്കളെ ബ്ലാക്മെയിൽ ചെയ്യുന്നതിനാലാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതടക്കം അനവധി ഗുരുതര ആരോപണങ്ങളാണ് ലക്ഷ്മി നായർക്കെതിരെ നിലനിൽക്കുന്നത്. സർക്കാർ ഭൂമി തട്ടിയെടുത്തതിന്റെ പേരിലും കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലും പരീക്ഷാക്രമക്കേടിന്റെ പേരിലുമുള്ള അന്വേഷണം നടക്കുകയാണ്. ഇപ്പോഴുള്ള പരാതികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അവരെ അറസ്റ്റു ചെയ്യാമെന്നിരിക്കെ, അതിനു മുതിരാതെ പൊലീസ് ലക്ഷ്മി നായർക്ക് രക്ഷപ്പെടാനുള്ള സൗകര്യമൊരുക്കുകയാണ്. സിപിഐ(എം) നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും നിർദ്ദേശ പ്രകാരമാണിത്. സിപിഐ(എം) നേതാക്കളെ ലക്ഷ്മി നായർ ബ്ലാക്മെയിൽ ചെയ്യുന്നതു മൂലമാണിതെന്ന് നിരാഹാരത്തിലുള്ള വിവി രാജേഷ് പറയുന്നു.

ഉന്നത സിപിഐ(എം) നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ലക്ഷ്മി നായരുടെ ഇടപാടുകളിലെല്ലാം കടുത്ത ദുരൂഹതയാണുള്ളത്. ക്വട്ടേഷൻ സംഘവും ഇവരുടെ സഹായത്തിനുണ്ടായിരുന്നു. സംസ്ഥാനത്തെ ഉന്നത സിപിഐ(എം) നേതാക്കളും ഇവരുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. വഴിവിട്ട പല ഇടപാടുകളിലും ലക്ഷ്മി നായർക്കൊപ്പം ആരൊക്കെയുണ്ടായിരുന്നു എന്നത് ഇനി പുറത്തു വരേണ്ടതുണ്ട്. ഈ ബന്ധങ്ങളും ഇടപാടുകളുമെല്ലാം സിപിഐ(എം) നേതാക്കളെ വരുതിക്കു നിറുത്താനായി ലക്ഷ്മിനായർ ഉപയോഗിക്കുകയാണെന്നാണ് ആക്ഷേപം. ഇതെല്ലാം തിരുവനന്തപുരം ജില്ലയിൽ സിപിഎമ്മിന് തിരിച്ചടിയായി. ഈ സമര മുഖത്തേക്ക് കെ മുരളീധരൻ എത്തിയതോടെ കോൺഗ്രസുകാരുടേയും ആവേശം കൂടി. അതുകൊണ്ട് എത്രയും വേഗം ലോ അക്കാദമി ഏറ്റെടുത്ത് വിമർശനങ്ങളെ അപ്രസക്തമാക്കാനാണ് പിണറായിയുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP