Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടികളുടെ അഴിമതിക്കു കളമൊരുങ്ങി; അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാൻ ഓർഡിനൻസുമായി സർക്കാർ; സർവ്വ ചട്ടങ്ങളും ലംഘിച്ച് മുതലാളിമാർ നിർമ്മിച്ച കെട്ടിടങ്ങളും ഹോട്ടലുകളും പൊളിക്കേണ്ടി വരില്ല; നിയമ ലംഘനമെല്ലാം പിഴ ഈടാക്കി നിയമാനുസൃതമാക്കാനുള്ള വിപ്ളവ തീരുമാനമെടുത്ത് പിണറായി സർക്കാർ; സർക്കാർ ഭൂമി കൈയേറി മാളികകൾ കെട്ടി ഉയർത്തിയവർക്കും നിയമം നോക്കാതെ ബഹുനില മന്ദിരങ്ങൾ തീർത്തവർക്കും ഒക്കെ ഇനി ഞെളിഞ്ഞു നടക്കാം

കോടികളുടെ അഴിമതിക്കു കളമൊരുങ്ങി; അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാൻ ഓർഡിനൻസുമായി സർക്കാർ; സർവ്വ ചട്ടങ്ങളും ലംഘിച്ച് മുതലാളിമാർ നിർമ്മിച്ച കെട്ടിടങ്ങളും ഹോട്ടലുകളും പൊളിക്കേണ്ടി വരില്ല; നിയമ ലംഘനമെല്ലാം പിഴ ഈടാക്കി നിയമാനുസൃതമാക്കാനുള്ള വിപ്ളവ തീരുമാനമെടുത്ത് പിണറായി സർക്കാർ; സർക്കാർ ഭൂമി കൈയേറി മാളികകൾ കെട്ടി ഉയർത്തിയവർക്കും നിയമം നോക്കാതെ ബഹുനില മന്ദിരങ്ങൾ തീർത്തവർക്കും ഒക്കെ ഇനി ഞെളിഞ്ഞു നടക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തീരദേശ പരിപാലന നിയമം പാലിക്കാതെ പ്രവാസി വ്യവസായി രവിപിള്ള അഷ്ടമുടിക്കായലിൽ കെട്ടിപ്പൊക്കിയ പഞ്ച നക്ഷത്ര ഹോട്ടലും മൂന്നാറിൽ റിസോർട്ടുമാഫിയ തന്നിഷ്ടപ്രകാരം പണിത കെട്ടിടങ്ങളും വയനാട്ടിലെ അനധികൃത നിർമ്മാണവും നാടുനീളേ ഉയർന്ന ഫ്‌ളാറ്റുകളും എല്ലാം ഇനി മുതൽ നിയമാനുസൃതമാകും. എന്തിന്, തോമസ് ചാണ്ടിയുടെ അനധികൃത നിർമ്മാണവും പാറ്റൂർ , ചെല്ലാനം ഫ്‌ളാറ്റുകേസുകളും ഇനി കോടതിയിൽ ദുർബ്ബലപ്പെടും. മുതലാളിമാർ കെട്ടിപ്പൊക്കിയ എല്ലാ അനധികൃത നിർമ്മാണത്തിനും സർക്കാർ പച്ചക്കൊടികാട്ടുകയാണ്. പിഴയടച്ച് ഇനി മുതൽ ഇവയെല്ലാം നിയമാനുസൃതമാക്കാം. സംസ്ഥാനമൊട്ടാകെ ശതകോടികളുടെ പിരിവിനാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്.

സുരക്ഷ, ഉറപ്പ് എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കി കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നതിന് പ്രത്യേകം ഓർഡിനൻസുകൾ പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനാണ് തീരുമാനം. കേരളത്തിന്റെ സാമൂഹ്യ- പാരിസ്ഥിതി അവസ്ഥയിൽ വൻതിരിമറി നടത്തുന്നതാണ് മന്ത്രിസഭയുടെ ഈ തതീരുമാനം.

2017 ജൂലൈ 31-നോ അതിനു മുമ്പോ നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകൾ പുനരുദ്ധാരണം എന്നിവയും ക്രമവൽക്കരണ പരിധിയിൽ കൊണ്ടുവരും. അനധികൃത കെട്ടിടങ്ങൾ ക്രവൽക്കരിക്കുന്നതിനുള്ള അധികാരം പഞ്ചായത്തിലാണെങ്കിൽ ജില്ലാ ടൗൺപ്ലാനർ, ഡെപ്യൂട്ടി ഡയറക്ടർ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന സമിതിക്കായിരിക്കും. നഗരങ്ങളിലാണെങ്കിൽ ഇതിനുള്ള അധികാരം ജില്ലാ ടൗൺ പ്ലാനർ, റീജിണൽ ജോയിന്റ് ഡയറക്ടർ (അർബൻ അഫേയ്‌ഴ്‌സ്) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവർ ഉൾപ്പെട്ട സമിതിക്കായിരിക്കും.

നഗര- ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തുടനീളം അനധികൃതമായി കെട്ടിപ്പൊക്കിയ എല്ലാ കെട്ടിടങ്ങളുടേയും മുതലാളിമാർ ഇനി ഇവ ക്രമപ്പെടുത്താൻ ജില്ലാ ടൗൺപ്‌ളാനർ മുതൽ മന്ത്രിമാരുടെ ഓഫീസ് വരെ ക്യൂ നിൽക്കും. ഇതു വരെ സംസ്ഥാന സർക്കാർ പുലർത്തി വന്ന നയങ്ങൾക്കെല്ലാം കടകവിരുദ്ധമാണ് ഈ തീരുമാനം. അനധികൃതമായി കൈയേറിയ ഭൂമിക്ക് പട്ടയം നല്കുന്നതു പോലെ ജനവിരുദധമായ നടപടി.

മുതലാളിമാരെ നിയമക്കുരുക്കിൽ നിന്ന് രക്ഷിക്കാനാണ് സർക്കാർ തന്നെ രംഗത്തു വന്നിട്ടുള്ളത്. സംസ്ഥാനത്തുടനീളം ചട്ടംപാലിക്കാതെ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് പിഴ ചുമത്തിയശേഷം നമ്പറിട്ടുനൽകാൻ സർക്കാർ നീക്കം ഇതിന്റെ ഭാഗമാണ്. നഗരവികസനവകുപ്പും തദ്ദേശസ്വയംഭരണ വകപ്പും ചേർന്നാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചിച്ചു കഴിഞ്ഞിരുന്നു. ലക്ഷങ്ങളും കോടികളും മുടക്കി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ അംഗീകാരം നൽകുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് പുതിയ തീരുമാനം എന്നാണ് ഔദ്യോഗിക വിശദീകരണം. ഫ്‌ളാറ്റ് നിർമ്മാണലോബിയുടെ ശക്തമായ സമ്മർദ്ദമാണതിനു പിന്നിലുള്ളത്.

റോഡിൽനിന്നും മറ്റും പാലിക്കേണ്ട നിശ്ചിത അകലം തുടങ്ങി കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ നിഷ്‌കർഷിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കാതെ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്കാണ് സർക്കാർ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുക. കെട്ടിട ഉമടകളിൽനിന്നും ഭീമമായ സംഖ്യ പിഴയായി ഈടാക്കാനാണ് നീക്കം. ചട്ടംലംഘിച്ച കെട്ടിടങ്ങൾക്ക് ഇതിനോടകം അനധികൃതമായി നമ്പറിട്ട് നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യവും പരിശോധിക്കും. പിഴയുടെ അമ്പത് ശതമാനം സർക്കാരിലേക്കും ബാക്കി തുക അതത് തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടിലേക്കും വകയിരുത്താനാണ് സർക്കാർ ആലോചിക്കുന്നത്. കൊല്ലത്ത് അനധികൃതമായി നിർമ്മിച്ച ഒരു കെട്ടിടവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. ഇതോടൊപ്പം പല പ്രമുഖ ബിൽഡർമാരുടേയും അപേക്ഷകളിലും അനുകൂല തീരുമാനം ഉണ്ടാകും.

ആശുപത്രികൾ, ഫ്‌ളാറ്റുകൾ തുടങ്ങിയവയ്ക്കെല്ലാമായി നിർമ്മിച്ച കെട്ടിടങ്ങളെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമക്കുരുക്കിൽപ്പെട്ടുകിടക്കുന്നുണ്ട്. പൂർത്തിയാക്കിയ കെട്ടിടങ്ങൾ പരിശോധിച്ച് അവയ്ക്ക് നമ്പറിട്ട് നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരേയും മറ്റും സ്വാധീനിച്ച് നിർമ്മാണാനുമതി തരപ്പെടുത്തുകയും എന്നാൽ, നമ്പറിടാൻ വരുന്ന ഉദ്യോഗസ്ഥർ എതിർക്കുകയും ചെയ്തതോടെയാണ് ഉടമകൾ അപേക്ഷയുമായി സർക്കാരിന് മുന്നിലെത്തിയിട്ടുള്ളത്. ഇത്തരം കെട്ടിടങ്ങളുടെ കാര്യത്തിൽ അനുകൂല നടപടിയെടുക്കാൻ സർക്കാരിന് പ്രാദേശികതലത്തിൽനിന്നും സമ്മർദമുണ്ട്. ഇതോടെയാണ് പിഴ ഈടാക്കിയശേഷം കെട്ടിടങ്ങൾക്ക് നമ്പറിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചത്.

കൊല്ലത്തു രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ റാവീസ് പൊളിച്ചു മാറ്റാൻ തീരദേശ വികസന അഥോറിട്ടി പൊളിച്ചു മാറ്റാൻ ഉത്തരവിട്ട വാർത്ത നേരത്തേ മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതിന് പിറകെയാണ് സർക്കാർ ചട്ടത്തിലെ മാറ്റങ്ങൾക്കുള്ള നടപടികൾ. ഇതിനായി അനിവാര്യമെങ്കിൽ നിയമനിർമ്മാണം പോലും നടത്തുമെന്നും മറുനാടൻ നേരത്തേ റിപ്പോർട്ടു ചെയ്തിരുന്നു. രവിപിള്ളയെ പോലുള്ള വമ്പന്മാരുടെ കേസായതിനാൽ പ്രതിപക്ഷവും ഇതിനെ എതിർക്കില്ലെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. അങ്ങനെ എല്ലാവരേടേയും പിന്തുണയിൽ റാവീസിനെ രക്ഷിക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP