Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വ്യാജന്മാരുടെ കളി ഇനി നടപ്പില്ല;150 ഓളം കുടുംബങ്ങൾക്ക് ആവശ്യം പോലെ വായ്പയെടുക്കാം; കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ ഇരകളായ വസ്തുഉടമകളുടെ കരം സ്വീകരിച്ചുതുടങ്ങി; കുടുംബങ്ങളുടെ ജീവിതം ദുരിതമയമായത് വിവാദ തണ്ടപ്പേർ റദ്ദാക്കാനുള്ള മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ വിമുഖത മൂലം

വ്യാജന്മാരുടെ കളി ഇനി നടപ്പില്ല;150 ഓളം കുടുംബങ്ങൾക്ക് ആവശ്യം പോലെ വായ്പയെടുക്കാം; കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ ഇരകളായ വസ്തുഉടമകളുടെ കരം സ്വീകരിച്ചുതുടങ്ങി; കുടുംബങ്ങളുടെ ജീവിതം ദുരിതമയമായത് വിവാദ തണ്ടപ്പേർ റദ്ദാക്കാനുള്ള മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ വിമുഖത മൂലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കടകംപള്ളി ഭൂമി തട്ടിപ്പ് എങ്ങനെ 150 ഓളം വസ്തുഉടമകളുടെ ജീവിതം താറുമാറാക്കി എന്നത് കരളലയിക്കുന്ന കഥയാണ്. 70 ലേറെ വർഷങ്ങളായി സ്വന്തം വസ്തുവിൽ കരമടച്ചുവന്നിരുന്നവർക്കാണ് ഈ ദുരിതം ഏറ്റുവാങ്ങേണ്ടി വന്നത്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഇവർക്ക് നീതി കിട്ടിയിരിക്കുകയാണ്. ഭൂമിയുടെ യഥാർത്ഥ ഉടമകളുടെ കരം കടകംപള്ളി വില്ലേജ് ഓഫീസിൽ സ്വീകരിച്ച് തുടങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജ് ഉൾപ്പെട്ട തട്ടിപ്പിനെ തുടർന്ന് നാല് വർഷമായി ഇവിടെ കരം സ്വീകരിച്ചിരുന്നില്ല.

ഭൂമി വിവാദവുമായി ബന്ധപ്പെട്ട് 19 സർവേ നമ്പറിൽ ഉൾപെട്ട ഭൂമിയിലെ നികുതി സ്വീകരിക്കുന്നത് നിർത്തി വച്ചിരുന്നു. വർഷങ്ങളായി നികുതി അടച്ചുവരുന്നവരും, ഭൂമി കൈവശം വച്ചുവരുന്നവരുമായവർക്ക് ഭൂനികുതി സ്വീകരിക്കാതിരുന്നത് വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്.

തിരുവനന്തപുരം കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിയെടുത്ത സംഭവത്തെ തുടർന്നാണ് യഥാർത്ഥ ഭൂ ഉടമകളിൽ നിന്ന് കരം സ്വീകരിക്കുന്നത് ആദ്യം നിർത്തിവെച്ചത്. 2013ൽ കരമടയ്ക്കാൻ വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് ഭൂമിതട്ടിപ്പിനെ കുറിച്ച് എല്ലാവരും അറിയുന്നത്. 2012-2013 കാലഘട്ടത്തിൽ നടന്ന തട്ടിപ്പിനെ തുടർന്ന് ഇക്കാലമത്രയും ഇവിടെയുള്ള 150 ഓളം കുടുംബങ്ങളുടെ കരം വില്ലേജ് ഓഫീസിൽ സ്വീകരിച്ചിരുന്നില്ല.

ഇതേ തുടർന്ന് കുട്ടികളുടെ വിദ്യാഭ്യാസ വായ്പ , ഭവന വായ്പ, കാർഷിക വായ്പ എന്നിവ എടുക്കാൻ ഈ കുടുംബങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. പല വസ്തുക്കളും മക്കളുടെ കുടുംബവിഹിതമായി വിവാഹസമയത്ത് നൽകിയതും തർക്കത്തിൽ പെട്ടിരുന്നു. കടകംപള്ളി ഭൂമി തട്ടിപ്പ് സാമൂഹിക വിപത്തായി മാറിയതിനെ തുടർന്നാണ് നീണ്ട നിയമപോരാട്ടം തുടങ്ങിയത്. സർക്കാരിന്റെയും ജില്ല ഭരണകൂടത്തിന്റെയും ഇടപെടലുമാണ് ഇപ്പോൾ കരം സ്വീകരിക്കുന്നതിന് വഴിയൊരുക്കിയത്. സിബിഐ യഥാർഥ ഉടമസ്ഥരുടെ പേരുവിവരങ്ങളും വസ്തുവകകളുടെ വിവരങ്ങളും തങ്ങളുടെ റിപ്പോർ്്ട്ടിൽ പരാമർശിച്ചതും പരാതിക്കാർക്ക് നേട്ടമായി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജുൾപ്പെട്ട തട്ടിപ്പിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കോടതിയിൽ തീർപ്പുണ്ടാകുന്നത് വരെ കരം സ്വീകരിക്കേണ്ടെന്ന് അന്നത്തെ എ.ജി കെ.പി ദണ്ഡപാണി ജില്ലാ കളക്ടർക്ക് നിയമോപദേശം നൽകിയതാണ് പരാതിക്കാർക്ക് തിരിച്ചടിയായത്.

പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം കടകംപള്ളി ലാൻഡ് ആക്ഷൻ കൗൺസിൽ അംഗം കിഷോർ നൽകിയ പരാതിയെ തുടർന്നാണ് വ്യാജ പട്ടയം റദ്ദാക്കി യഥാർത്ഥ ഉടമകൾക്ക് കരം സ്വീകരിക്കാൻ ജില്ലാ കളക്ടർ തഹസിൽദാരോട് ഉത്തരവിട്ടത്.
കരം സ്വീകരിച്ച് തുടങ്ങിയതോടെ തട്ടിപ്പിനിരയായ കൂടുതൽ പേർ കരം അടയ്ക്കാനായി കടകംപള്ളി വില്ലേജ് ഓഫീസിൽ എത്തിതുടങ്ങി. കുറ്റക്കാർക്കെതിരെ നിയമപോരാട്ടം തുടരാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.

കടകംപള്ളി ഭൂമി ഇടപാടിലെ വിവാദമായ തണ്ടപ്പേർ സർക്കാർ റദ്ദാക്കിയതോടെയാണ് 150 ഓളം കുടുംബങ്ങളുടെ പരാതിക്ക് പരിഹാരമായത്.. തട്ടിപ്പു നടത്താൻ എഴുതിചേർത്ത 3587 എന്ന തണ്ടപ്പേരാണ് തിരുവനന്തപുരം ജില്ലാ കളക്ടർ റദ്ദാക്കിയത്. സിബിഐ നിർദ്ദേശിച്ചിട്ടും യുഡിഎഫ് സർക്കാർ വിവാദതണ്ടപ്പേർ റദ്ദാക്കാൻ തയ്യാറായിരുന്നില്ല.

കടകംപള്ളിയിലെ വിവാദഭൂമി ഇടപാടിന് കാരണമായ 3587 എന്ന തണ്ടപ്പേര് റദ്ദാക്കിയാണ് ജില്ലാകലക്ടർ ഉത്തരവിറക്കിയത്. രേഖകൾ പരിശോധിച്ചതിൽ നിന്നും കടകംപള്ളി വില്ലേജിലെ 3587 നമ്പർ തണ്ടപ്പേർ വ്യാജമായി എഴുതി ചേർത്തതാണെന്ന് ജില്ലാകലക്ടർ കണ്ടെത്തി. ഈ ഭൂമി തട്ടിപ്പുകാർ അവകാശപ്പെടുംപോലെ കോടതി റിസീവറുടെ കൈവശത്തിലല്ല. അന്യകൈവശത്തിലാണെന്ന് കോടതി റിസീവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 3587 എന്ന തണ്ടപ്പേർ നിയമവിരുദ്ധമായി എഴുതി ചേർത്തതാണെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.

നേരത്തെ 3587 ആം നമ്പർ തണ്ടപ്പേർ റദ്ദാക്കണമെന്ന് സിബിഐ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ റദ്ദാക്കാൻ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ സർക്കാറിന്റെ നിലപാട്. ഹൈക്കോടതിയും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും റവന്യൂ ഇന്റലിജൻസും തണ്ടപ്പേർ വ്യാജമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വീണ്ടും കോടതി ഉത്തരവുമായി ഭൂമി തട്ടിപ്പു കേസിലെ പ്രതികൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചപ്പോഴാണ് ഇപ്പോൾ കലക്ടർ തണ്ടപ്പേർ തന്നെ റദ്ദാക്കി ഉത്തരവ് ഇറക്കിയത്.
നേരത്തെ ഭൂമി തട്ടിപ്പുകാർ തെളിവായി കോടതിയിൽ പോലും ഹാജരാക്കുന്നത് 3587 എന്ന തണ്ടപ്പേർ രജിസ്റ്റർ ആയിരുന്നു.തണ്ടപ്പേർ വ്യാജമെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയ ശേഷവും കയ്യേറ്റക്കാർ ഇതേ വ്യാജരേഖ തന്നെ ഹൈക്കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തണ്ടപ്പേർ റദ്ദാക്കിയതോടെ കടകംപള്ളിയിലെ നൂറു കണക്കിന് കുടുംബങ്ങളുടെ വർഷങ്ങളായുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP