Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം ഗ്രാമങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട ദളിതർ ഇപ്പോൾ കഴിയുന്നത് തെരുവിൽ തീർത്ത താൽക്കാലിക കുടിലുകളിൽ; കുഞ്ഞുങ്ങളുടെ പഠനം വരെ മുടങ്ങി; ഗുജറാത്തിലെ ദളിതരുടെ ജീവിതം ഫിലിപ്പീൻസിലെ ജയിലുകളേക്കാൾ കഷ്ടം

സ്വന്തം ഗ്രാമങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട ദളിതർ ഇപ്പോൾ കഴിയുന്നത് തെരുവിൽ തീർത്ത താൽക്കാലിക കുടിലുകളിൽ; കുഞ്ഞുങ്ങളുടെ പഠനം വരെ മുടങ്ങി; ഗുജറാത്തിലെ ദളിതരുടെ ജീവിതം ഫിലിപ്പീൻസിലെ ജയിലുകളേക്കാൾ കഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

സോദാപുർ: 'നമ്മുടെ രാജ്യത്തെ ദളിതരെയും പാവപ്പെട്ടവരേയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഞായറാഴ്ചയാണ്. പക്ഷേ, പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഏറെക്കാലം മോദി ഭരിച്ച ഗുജറാത്തിൽ സ്വന്തം ഗ്രാമങ്ങളിൽ നിന്ന് ജാതീയ വിദ്വേഷത്തിന്റെ ഇരകളായി കുടിയിറക്കപ്പെട്ട ദളിതർ ഇപ്പോൾ കഴിയുന്നത് ഫിലിപ്പീൻസിലെ ജയിലുകളേക്കാൾ ദുരിതമയമായ അന്തരീക്ഷത്തിലാണെന്ന് റിപ്പോർട്ടുകൾ. 

ഗുജറാത്തിൽ ഉരുളക്കിഴങ്ങിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന പട്ടണമാണ് ബാനസ്‌കന്ദ. ഇവിടെ ദീസാ താലൂക്കിലെ ഖാഡയിൽ നിന്ന് തൊട്ടുകൂടായ്മയുടെ പേരിൽ കുടിയിറക്കപ്പെട്ട 27 ദളിത് കുടുംബങ്ങൾ ഇന്ന് കഴിയുന്നത് സോദാപുരിലെ തെരുവോരങ്ങളിലാണ്. തലമുറകളായി താമസിച്ചിരുന്ന ഇടങ്ങളിൽ നിന്ന് ഉയർന്ന ജാതിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഇവരെ കുടിയിറക്കുകയായിരുന്നു.

ജീവിക്കാൻ ഒരു നിവൃത്തിയുമില്ലാതായതോടെ ഉള്ളതെല്ലാം ഉപേക്ഷിച്ച് ഇപ്പോൾ സോദാപൂരിലെ റോഡരികിൽ സാരിയും പഌസ്റ്റിക് ഷീറ്റുമെല്ലാം വച്ച് മറച്ച ചെറു കൂടാരങ്ങളിൽ, മറ്റൊരു നിവൃത്തിയുമില്ലാതെ ദുരിത ജീവിതം നയിക്കുകയാണ് ഈ കുടുംബങ്ങൾ. അടുത്തിടെ പുറത്തുവന്ന ഫിലിപ്പീൻസിലെ ജയിലുകളിലെ കെടുതികളുടെ റിപ്പോർട്ടുകളെ വെല്ലുന്ന ദുരിതജീവിതമാണ് ഈ പാവങ്ങൾക്കും.

രണ്ടുവർഷം മുമ്പാണ് ഇവർ സ്വന്തം ഗ്രാമത്തിൽ നിന്ന് കുടിയിറക്കപ്പെടുന്നത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രിയങ്ക മേഘ്‌വ അന്ന് പത്താംകഌസുകാരിയായിരുന്നു. പുതുതായി താമസിക്കാൻ എത്തിയ സോദ്പുർ സ്‌കൂളിൽനിന്ന് 15 കിലോമീറ്റർ അകലെയായതോടെ അവളുടെ പഠനം മുടങ്ങി. ഇപ്പോൾ ഈ ദളിതർ സ്വന്തം സംസ്ഥാനത്തുതന്നെ അഭയാർത്ഥികളെപ്പോലെ കഴിയുന്നു. പ്രിയങ്കയുടെ സഹോദരി സവിതയെ വിവാഹംകഴിച്ച് അയച്ചിരിക്കുന്നത് ധനേരി ഗ്രാമത്തിലേക്കാണ്.

അവിടെ സുഖകരമായ അന്തരീക്ഷത്തിലാണ് അവളുടെ താമസം. പക്ഷേ, പ്രസവത്തിനായി അവൾ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് വരേണ്ടിവന്നു. അച്ഛനമ്മമാർ താമസിക്കുന്ന അഭയാർത്ഥി ക്യാമ്പിൽ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കൊടും ചൂടായതിനാൽ നിലത്ത് വിരിച്ച ചാക്കിൽ ഒരു തുണിയിൽ പൊതിഞ്ഞ് കുഞ്ഞിനെ സംരക്ഷിക്കേണ്ട ഗതികേടിലാണ് ഈ അമ്മ. അമ്മൂമ്മ പ്യൂരി ബെന്നിന്റെ വീട്ടിൽ നിന്ന് ഒരു എരുമയെ കൊണ്ടുവന്ന് ടെന്റിന് പുറത്ത് കെട്ടിയിട്ടുണ്ട്. കുഞ്ഞിന് പാലുകൊടുക്കാൻ.

പ്രിയങ്കയുടെയും സവിതയുടെയും കുടുംബത്തിന്റേതിന് സമാനമാണ് മറ്റെല്ല കുടുംബങ്ങളുടേയും ജീവിതം. താമസം പുതിയ സ്ഥലത്തേക്ക് പറിച്ചുനടപ്പെട്ടതോടെ പഠിച്ചിരുന്ന സ്‌കൂൾ ഉപേക്ഷിക്കേണ്ടിവന്ന മിക്കവാറും കുട്ടികളുടേയും പഠനം മുടങ്ങി. ഉനയിൽ കന്നുകാലികളുടെ തൊലിയുരിച്ചെന്ന് ആക്ഷേപിച്ച് ദളിതരെ ആക്രമിച്ച സംഭവത്തിനുപിന്നാലെ സംസ്ഥാനമെങ്ങും ദളിതർ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. ഖാഡയിൽ നിന്ന കുടിയിറക്കപ്പെട്ട കുടുംബങ്ങളെപ്പോലെ സമീപകാലത്തായി സംസ്ഥാനത്ത് മറ്റു പലയിടങ്ങളിലും ദളിത് കോളനികൾ ഒഴിപ്പിക്കാനും ഉയർന്ന ജാതിക്കാരുടെ താമസ പരിസരങ്ങളിൽ നിന്ന് അവരെ തുരത്താനും ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു. സർക്കാർ ഇതിനെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

അടുത്തിടെ ദളിതർക്കെതിരെ ഉണ്ടാവുന്ന ഇത്തരം നീക്കങ്ങളും തൊട്ടുകൂടായ്മയുടെ ഇരയായി ഒമ്പതുവർഷം മുമ്പ് ഒരാൾ കൊല്ലപ്പെട്ടതുമെല്ലാം ദളിതർക്കിടയിൽ ശക്തമായ രോഷത്തിന് കാരണമായിട്ടുണ്ട്. ദളിത് സംഘടനകളും ബിജെപി സർക്കാരിന്റെ നയങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നുകഴിഞ്ഞു. സോദാപുരിൽ എത്തുന്നവരെ വരവേൽക്കുക കുന്നുപോലെ കൂട്ടിയിട്ട ഉരുളക്കിഴങ്ങ് കൂനകളാണ്.

കനേഡിയൻ ഭീമനായ മക്കെയ്ൻ ഉൾപ്പെടെ നിരവധി കമ്പനികൾ മികച്ച ഉരുളക്കിഴങ്ങ് കയറ്റുമതിചെയ്യുന്ന സ്ഥലം. സോദ്പുരിലേക്കുള്ള വഴികളുടെ ഇരുവശത്തും ഇത്തരം കമ്പനികൾ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്ന കൂറ്റൻ കോൾഡ് സ്‌റ്റോറേജുകൾ. ഈ പാതയോരത്ത് റോഡിൽ നിന്ന് അൽപം മാറി തുറസ്സായൊരു സ്ഥലത്താണ് കുടിയിറക്കപ്പെട്ട ദളിത് കുടുംബങ്ങൾ താമസിക്കുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളും ടാർപോളിനുകളും ഉടുത്തിരുന്ന സാരിയുമുൾപ്പെടെ വലിച്ചുകെട്ടി മറച്ച കൂടാരങ്ങൾ. ചൂടുപൊടിക്കാറ്റ് ഇടയ്ക്കിടെ വീശുന്ന ഈ ക്യാമ്പിലെ ദുരിത ജീവിതത്തിൽ നിന്ന് ഇവരെ രക്ഷിക്കാൻ ഒരു സർക്കാർ സംവിധാനവും ഇതുവരെ എത്തിയില്ല.

തൊട്ടുകൂടായ്മയാണ് ഗുജറാത്തിലെ ദളിതർ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇതിന്റെ പേരിൽ ഇപ്പോൾ വ്യാപകമായി പലയിടത്തും ദളിത് കുടുംബങ്ങൾക്ക് തലമുറകളായി തങ്ങൾ താമസിക്കുന്ന സ്ഥലം വിട്ട് പോകേണ്ടിവരുന്നു. ഒമ്പതു വർഷം മുമ്പ് കൂട്ടത്തിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ പ്രദേശത്തെ റവന്യൂ അധികാരിയുടെ ഓഫീസിനു മുന്നിൽ ഇവർ സമരം നടത്തിയിരുന്നു. അഞ്ചുവർഷത്തോളം സമരം നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതിനുപിന്നാലെയാണ് ഇപ്പോൾ കുടിയിറക്കൽ ഉണ്ടായത്. കൃഷിചെയ്തിരുന്ന നൂറു ഭീഗാ നിലം പോലും ഉപേക്ഷിച്ചായിരുന്നു പലായനം. ഉരുളക്കിഴങ്ങും എള്ളും, ഗോതമ്പും നിലക്കടലയും ബജ്രയുമെല്ലാം നല്ലതുപോലെ വിളഞ്ഞിരുന്ന കൃഷിഭൂമികൾ കൈവെടിഞ്ഞ് പ്രാണഭയത്താലുള്ള ഓട്ടത്തിലാണ് ഇവർ സുരക്ഷിത താവളമെന്ന നിലയിൽ ഇപ്പോൾ സോദ്പുരിൽ താമസിക്കുന്നത്.

എട്ടാംകഌസിൽ വച്ച് പഠനം നിർത്തേണ്ടിവന്ന ദശരഥ് ഇപ്പോൾ കൂലിപ്പണിക്ക് പോകുന്നു. സ്‌കൂളിൽവച്ചും ഉന്നത ജാതിയിൽ പിറന്നവർക്കൊപ്പം ഇവരെ ഇരുത്തില്ല. എല്ലാരംഗത്തും തൊട്ടുകൂടായ്മ കൽപിക്കുന്നതോടെ കുട്ടികൾക്കും പഠിക്കാൻപോകാൻ താൽപര്യമില്ല. തന്റെ മൂത്തമകൻ രമേശിനെപ്പറ്റി പറയുമ്പോൾ തൽബിബെൻ വിങ്ങിപ്പൊട്ടി. അഞ്ചുമക്കളാമ തൽബിക്ക്. ഇവരും ഭർത്താവ് ദേവ്ജിഭായിയും കൂടി രമേശിന്റെ കഥ പറഞ്ഞു.
അത്യാവശ്യം പഠിച്ചിരുന്ന രമേഷ് ഇൻഷുറൻസ് ഏജന്റായി ജോലി നോക്കുകയായിരുന്നു. ഖാഡയിൽ ഒരു അമ്പലത്തിൽ പ്രവേശിച്ചതിന് ഒമ്പതു വർഷം മുമ്പ് ഇയാൾ ആക്രമിക്കപ്പെട്ടു. രമേശിന്റെ മേലെ ട്രാക്ടർ ഓടിച്ചുകയറ്റി കൊന്നു. ഇതൊരു കൊലപാതകമാണെന്നുപോലും രേഖപ്പെടുത്തിയില്ല. പൊലീസുകാരിലുണ്ടായിരുന്നതും സവർണരായിരുന്നു. - ദേവ്ജിഭായി പറയുന്നു. രമേശിന്റെ മരണം ഒരു അപകടമരണം ആയിരുന്നുവെന്ന നിലപാട് പ്രദേശത്തെ പൊലീസ്, റവന്യൂ അധികൃതർ ഇപ്പോഴും ആവർത്തിക്കുന്നു. എന്നാൽ ഈ 21 കുടുംബങ്ങൾക്ക് സ്വന്തം സ്ഥലം ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തെപ്പറ്റി അവർക്കൊന്നും പറയാനുമില്ല.

അംഗൻവാടിയിലുൾപ്പെടെ ഞങ്ങളുടെ കുഞ്ഞുങ്ങളെ സവർണരുടെ മക്കളിൽ നിന്ന് മാറ്റിയിരുത്തും - 2010 മുതൽ ഈ കുടുംബങ്ങളുടെ ഗ്രാമത്തലവനായ വഗേല പറയുന്നു. സവർണർക്കുമുന്നിൽ തല മൂടിയേ ഞങ്ങൾ പോകാവു എന്നാണ് നിയമം. പാന്റ്‌സോ ചെരിപ്പോ ധരിക്കരുത്. ആഭരണങ്ങൾ പാടില്ല. ഇങ്ങനെ നിരവധി നിബന്ധനകൾ. ദീസയിലേക്ക് രണ്ടു ബസ്സുകളാണുള്ളത്. ഒമ്പതുമണിക്കും പന്ത്രണ്ടുമണിക്കും. ഞങ്ങളിലാർക്കെങ്ങിലും സീറ്റുകിട്ടിയാൽ അവർ ബസ്സിൽ കയറിയാൽ ഞങ്ങൾ എഴുന്നേറ്റു മാറിക്കൊള്ളണം. - കൂട്ടത്തിലെ ഭുരാഭായ് പറയുന്നു.

അവരിൽ ആരെങ്കിലും മരിച്ചാൽ ആ മൃതദേഹം ഞങ്ങളെക്കൊണ്ട് ചുമപ്പിക്കും. 12 ദിവസത്തെ മരണാന്തര ക്രിയക്ക് വേണ്ട സാധനങ്ങളെല്ലാം സൗജന്യമായി ഞങ്ങൾ ചെയ്തുകൊടുക്കണമെന്നാണ് അവർ പറയുന്നത്. ഞങ്ങളുടെ കൂട്ടത്തിൽ അൽപം പഠിപ്പുണ്ടായിരുന്ന രമേശ് ഇതിനെയെല്ലാം എതിർത്തിരുന്നു. അതാണ് അവനെ കൊന്നുകളഞ്ഞത് - ഗ്രാമമുഖ്യൻ പറയുന്നു. ഈ ഗ്രാമത്തിലെ എല്ലാവരെയും രണ്ടുവർഷം മുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ ചേർത്തിരുന്നെങ്കിലും ഇതുവരെ ആർക്കും ഒരു ദിവസം പോലും ജോലി നൽകിയില്ല. ഇവർക്കുവേണ്ടി വീടുണ്ടാക്കാൻ സ്ഥലം കണ്ടെത്തിയെങ്കിലും അവിടെയുള്ളത് പാതികെട്ടിയ വീടുകൾ മാത്രം. കുറേക്കാലമായി പണി നടക്കുന്നില്ല.

വീടുവയ്ക്കാൻ 45,000 രൂപയാണ് അനുവദിച്ചത്. മണ്ണിട്ട് നികത്താൻ മാത്രം പതിനായിരം രൂപയിലേറെയായി. രണ്ട് ഘട്ടമായാണ് തുക നൽകുകയെന്നും രണ്ടാംഘട്ടം വീടുപണി തീർന്നശേഷമേ നൽകൂ എന്നാണ് വ്യവസ്ഥയെന്നുമാണ് അധികൃതരുടെ നിലപാട്. അതിനാൽ ഇത് ഒരുകാലത്തും പൂർത്തിയാകാൻ പോകുന്നില്ലെന്ന സ്ഥിതിയാണ്. കേരളത്തിൽ ആദിവാസികളുടെ ജീവിതത്തെ സൊമാലിയയോട് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നരേന്ദ്ര മോദി ഉപമിച്ചത് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് വൻ വിവാദമായിരുന്നു. അതേസമയം, ഏറെക്കാലം മോദിയും ബിജെപിയും ഭരിക്കുന്ന ഗുജറാത്തിൽ ദളിതരുടെ സ്ഥിതി അതിലും കഷ്ടമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്തരം സാഹചര്യങ്ങളും ദളിത് പീഡനങ്ങളും ഉയർത്തിക്കാട്ടി ബിജെപിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നീക്കത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും പിന്നോക്ക സംഘടനകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP