Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ ഷെഫിൻ ജഹാന് ഹാദിയയെ കാണാം; വീട്ടിൽ നിന്നും സ്വതന്ത്ര്യയാക്കിയത് വിജയമെന്ന് അവകാശപ്പെട്ട് ഭർത്താവ്; ഹൈക്കോടതി വിധി റദ്ദാക്കിയിട്ടില്ലെന്ന് പറഞ്ഞ് വിധി അനുകൂലമാണെന്ന് വാദിച്ച് പിതാവും; തമിഴ്‌നാട് പൊലീസിന് സുരക്ഷാ ചുമതല ഏൽപ്പിച്ച സുപ്രീം കോടതി കോളേജ് അധികൃതരോട് നിർദ്ദേശിച്ചത് മറ്റേതൊരു വിദ്യാർത്ഥിനിയെയും പോലെ ഹാദിയയെയും പരിഗണിക്കണമെന്ന്; അവളുടെ വിദ്യാഭ്യാസത്തിനാണ് പ്രധാന്യമെന്ന് പറഞ്ഞ് ശിവരാജ് ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും

സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ ഷെഫിൻ ജഹാന് ഹാദിയയെ കാണാം; വീട്ടിൽ നിന്നും സ്വതന്ത്ര്യയാക്കിയത് വിജയമെന്ന് അവകാശപ്പെട്ട് ഭർത്താവ്; ഹൈക്കോടതി വിധി റദ്ദാക്കിയിട്ടില്ലെന്ന് പറഞ്ഞ് വിധി അനുകൂലമാണെന്ന് വാദിച്ച് പിതാവും; തമിഴ്‌നാട് പൊലീസിന് സുരക്ഷാ ചുമതല ഏൽപ്പിച്ച സുപ്രീം കോടതി കോളേജ് അധികൃതരോട് നിർദ്ദേശിച്ചത് മറ്റേതൊരു വിദ്യാർത്ഥിനിയെയും പോലെ ഹാദിയയെയും പരിഗണിക്കണമെന്ന്; അവളുടെ വിദ്യാഭ്യാസത്തിനാണ് പ്രധാന്യമെന്ന് പറഞ്ഞ് ശിവരാജ് ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാദമായ ഹാദിയ കേസിൽ സുപ്രീംകോടതിയിൽ ഇന്നു നടന്ന പ്രധാന കാര്യം ഹാദിയയുടെ സംരക്ഷണ ചുമതല പിതാവ് അശോകനിൽ നിന്നും എടുത്തുമാറ്റി എന്നതാണ്. 11 മാസമായി താൻ വീട്ടുതലടങ്കലിന് സമാനമായാണ് കഴിഞ്ഞതെന്ന ഹാദിയയുടെ വാദം പരിഗണിച്ചാണ് സുപ്രീംകോടതി നിർണായകമായ ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ, ഭർത്താവ് ഷെഫിൻ ജഹാന് ഹാദിയയെ വിട്ടുകൊടുക്കാൻ കോടതി തയ്യാറായില്ല. ഇതിന് എൻഐഎയും അശോകന്റെ അഭിഭാഷകൻ ഉയർത്തിയ ഷെഫിന്റെ തീവ്രവാദ ബന്ധവും കാരണമായി. ഗുരുതരമായി ആരോപണമാണ് ഷെഫിൻ ജഹാനെതിരെ ഉയർന്നത് എന്നതു കൊണ്ടും ഇതിന്റെ തെളിവുകൾ ഹാജരാക്കിയതുമാണ് ഭർത്താവിനൊപ്പം വിടാൻ കോടതി മടികാണിക്കാൻ കാരണമായത്. എന്തായാലും ജനുവരിയോടെ കേസിൽ തുടർവാദം കേൾക്കുമ്പോൾ വിഷയം വീണ്ടും സമഗ്രമായി പരിശോധിക്കാൻ തന്നെയാകും കോടതിയുടെ നിലപാട്.

അതേസമമയം കോടിത വിധി തങ്ങൾക്ക് അനുകൂലമാണെന്ന വിധത്തിൽ വ്യാഖ്യാനിച്ചു കൊണ്ട് രണ്ട് കൂട്ടരും രംഗത്തുണ്ട്. വീട്ടിൽ നിന്നും സ്വതന്ത്ര്യയാക്കിയത് വിജയമാണെന്നാണ് ഷെഫിൻ ജഹാൻ പറയുന്നത്. അതുപോലെ പിതാവിനും ഹാദിയയെ കാണാൻ തടസ്സങ്ങളില്ല. ഹാദിയയെ വീട്ടുതടങ്കലിൽ നിന്നും സ്വതന്ത്ര്യയാക്കിയ വിജയമാണെന്നും അതിൽ സന്തോഷമുണ്ടെന്നുമാണ് ഷെഫിൻ ജഹാൻ പ്രതികരിച്ചത്. ഹാദിയയെ കാണുന്നതിൽ തടസമില്ലെന്നും ഷെഫിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

എന്നാൽ, ഭർത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ട ഹാദിയയെ വിലക്കാതെയാണ് കോടതി ഉത്തരവ്. ഹാദിയ സ്വതന്ത്രയാണെന്നും ഇപ്പോൾ പഠനമാണ് മുന്നിലുള്ളതെന്നും പറഞ്ഞ കോടതി സേലത്ത് കോളേജിലെത്തിയാൽ ആരെ വേണമെങ്കിലും കാണാമല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി. എല്ലാ അർത്ഥത്തിലും ഹാദിയ സ്വതന്ത്രയാണെനന്ന് വ്യക്തമാക്കുന്നതായിരുന്നു കോടതി വിധി. സുപ്രീം കോടതിയിൽ സ്വാതന്ത്ര്യം വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഹാദിയയ്ക്ക് പഠിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. അതേസമയം സേലത്ത് ഡോക്ടർ പഠനം പൂർത്തിയാക്കാമെന്ന് കോടതി പറയുമ്പോഴും ഭർത്താവിനെ ലോക്കൽ ഗാർഡിയനാക്കാൻ കോടതി തയ്യാറായിട്ടില്ല.

സർക്കാർ ചെലവിൽ പഠിക്കാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് തന്റെ ഭർത്താവിന് തന്നെ പഠിപ്പിക്കാനുള്ള ചെലവ് വഹിക്കാൻ കഴിയുമെന്നായിരുന്നു ഹാദിയയുടെ മറുപടി. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന കോടതി കേരള സർക്കാരിനാണ് ഹാദിയയുടെ പഠന ചെലവ് വഹിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. ഭർത്താവിനെ ലോക്കൽ ഗാർഡിയനാക്കാൻ തയ്യാറാകാതിരുന്ന കോടതി പകരം സർവ്വകലാശാല ഡീനിനാണ് ഹാദിയയുടെ സംരക്ഷണ ചുമതല നൽകിയത്. എന്നാൽ ഹർജിയിൽ ആവശ്യപ്പെട്ടത് പോലെ വിവാഹം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കോടതിയിൽനിന്ന് ഉണ്ടായിട്ടില്ല. തൽസ്ഥിതിക്ക് ഹാദിയ ഇനി ഭർത്താവിനെ കാണുന്നത് പൊലീസിനോ മറ്റുള്ളവർക്കോ വിലക്കാനാകില്ല.

സേലത്തെ ഹോമിയോ മെഡിക്കൽ കോളേജിൽ പഠനം തുടരാനാണ് കോടതി ഹാദിയയെ വിട്ടയച്ചത്. ഹോസ്റ്റലിൽ താമസിപ്പിക്കണം. സർവകലാശാല ഡീൻ ആയിരിക്കും രക്ഷാകർത്താവ്. ഹാദിയയുടെ സുരക്ഷാച്ചുമതല തമിഴ്‌നാട് പൊലീസിനായിരിക്കും. തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് കോടതിയിൽ ഹാദിയ ആവശ്യപ്പെട്ടിരുന്നു. തന്റെ ഭർത്താവിന്റെ കൂടെ പോകണമെന്നും വിശ്വാസമനുസരിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പഠനം തുടരണമെന്നും അതിന് പണം മുടക്കാനുള്ള കഴിവ് ഭർത്താവിനുണ്ടെന്നുമാണ് ഹാദിയ കോടതിയെ ബോധിപ്പിച്ചത്. പഠനം തുടരാൻ സർക്കാർ സാമ്പത്തിക സഹായം നൽകണോ എന്ന് കോടതി ചോദിച്ചപ്പോളാണ് ഹാദിയ ഈ മറുപടി നൽകിയത്.

വീട്ടുതടങ്കലിലാണെന്ന ഹാദിയയുടെ മൊഴി പരിഗണിച്ചാണ് സേലത്തേക്ക് അയക്കാൻ കോടതി ഉത്തരവിട്ടത്. സേലത്ത് ഹോമിയോ കോളേജിൽ പഠിക്കുന്നതിനിടെയാണ് ഹാദിയ മതപരിവർത്തനം നടത്തിയതും വിവാദമായ വിവാഹം നടന്നതും. പിന്നീട് ഹൈക്കോടതി ഈ വിവാഹം റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിട്ടില്ലെന്നാണ് അശോകന്റെ അഭിഭാഷകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. സർവ്വകലാശാല ഡീനിനെ ലോക്കൽ ഗാർഡിയയനാക്കി ഉത്തരവിറക്കിയ കോടതി ഹാദിയയ്ക്ക് കോളേജിലേക്ക് പോകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമമയം ഹാദിയയുടെ പഠനം പൂർത്തിയാക്കാനുള്ള സൗകര്യം നല്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ശിവരാജ് ഹോമിയോ കോളേജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ പറഞ്ഞു. കോടതി വിധി അനുസരിച്ച് പഠനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളിൽ കോളേജിന് താൽപര്യമില്ല. ഹാദിയയെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം തന്നെ പരിഗണിക്കും. അവളുടെ വിദ്യാഭ്യാസത്തിനാണ് പ്രധാന്യം നൽകുന്നതും ഇപ്പോൾ ശ്രദ്ധ നൽകുന്നതും. മറ്റു വിവാദങ്ങളിൽ താൽപര്യമില്ലെന്നും ഡോ. കണ്ണൻ പറഞ്ഞു.

ഹാദിയക്ക് സേലത്ത് ഹോമിയോ ഹൗസ് സർജൻസി പഠനം തുടരാം. കോളേജ് ഹോസ്റ്റലിലായിരിക്കും താമസം. കോളേജ് ഡീന് രക്ഷകർതൃ ചുമതല നൽകിയാണ് സുപ്രീംകോടതി ഹാദിയയെ സേലത്തേക്ക് അയച്ചത്. അവളുടെ പഠനച്ചെലവ് തമിഴ്‌നാട് സർക്കാർ വഹിക്കണമെന്നാണ് കോടത് ഉത്തരവിട്ടത്. അതേസമയം, യൂണിഫോം ധരിക്കാതെ മഫ്തിയിൽ പൊലീസുകാർ കൂടെയുണ്ടാവും. കോളേജിൽ നിന്ന് ഹാദിയയക്ക് എവിടേക്കെങ്കിലും പോവാൻ തടസ്സമില്ല. തനിക്ക് വിശ്രമത്തിനായി രണ്ടു ദിവസം മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടിൽ പോവാൻ അനുവദിക്കണമെന്ന് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടപ്പോൾ, ആദ്യം പോയി അഡ്‌മിഷൻ എടുത്തു വരൂ എന്ന് കോടതി അറിയിച്ചു. അതിനു ശേഷം തന്റെ താൽപര്യം പ്രകാരം പോവാമെന്നും കോടതി ഹാദിയയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP