Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിഎച്ചിനെതിരേ തുറന്നടിക്കുന്ന ഹക്കീം അസ്ഹരിയുടെ അഭിമുഖം ദർശന ടിവിയിൽ; സിഎച്ച് സമുദായത്തെ വിദ്യഭ്യാസത്തിലടക്കം പിന്നോട്ടടിച്ചുവെന്ന് യുവ മതപണ്ഡിതൻ; കാന്തപുരത്തിന്റെ മകന്റെ അഭിപ്രായങ്ങൾ വിളിച്ചുകൂവാൻ ചാനൽ അവസരം ഒരുക്കിയതിൽ കടുത്ത അതൃപ്തിയുമായി ലീഗ് നേതൃത്വം

സിഎച്ചിനെതിരേ തുറന്നടിക്കുന്ന ഹക്കീം അസ്ഹരിയുടെ അഭിമുഖം ദർശന ടിവിയിൽ; സിഎച്ച് സമുദായത്തെ വിദ്യഭ്യാസത്തിലടക്കം പിന്നോട്ടടിച്ചുവെന്ന് യുവ മതപണ്ഡിതൻ; കാന്തപുരത്തിന്റെ മകന്റെ അഭിപ്രായങ്ങൾ വിളിച്ചുകൂവാൻ ചാനൽ അവസരം ഒരുക്കിയതിൽ കടുത്ത അതൃപ്തിയുമായി ലീഗ് നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയക്കെതിരെ തുറന്നടിക്കുന്നതിനും മർക്കസിന്റെയും എപി സുന്നികളുടേയും പ്രവർത്തന നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനും വേദിയൊരുക്കിയതിന് ഇ.കെ സമസ്ത ചാനലായ ദർശന ടിവിക്കെതിരെ ലീഗ് നേതൃത്വം രംഗത്ത്. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ മകനും യുവ പണ്ഡിതനുമായ ഡോ.അബ്ദുൽ ഹക്കീം അസ്ഹരിയെ ചാനൽ അധികൃതർ അഭിമുഖത്തിന് വിളിച്ചതിനെ ചൊല്ലിയാണ് ലീഗ് നേതൃത്വം ചാനൽ അധികൃതരെ വിളിച്ച് അതൃപ്തി അറിയിച്ചത്. അഭിമുഖത്തിന് വിളിച്ചതിലൂടെ ലീഗിനെതിരെ പറയാൻ അവസരം ഒരുക്കുകയാണ് ദർശന ചാനൽ ചെയ്തിരിക്കുന്നതെന്നാണ് ഒരു വിഭാഗം ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

മുസ്ലിം ലീഗുമായി ചേർന്ന് നിൽക്കുന്ന സമസ്ത ഇ.കെ വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ചാനലാണ് ദർശന ടിവി. ലീഗ് നേതാവ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ ചാനൽ ഇകെ സുന്നി, ലീഗ് നിലപാടുകൾക്ക് വിധേയമായാണ് പ്രവർത്തിച്ചു വരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ദർശന ടിവി സംപ്രേഷണം ചെയ്ത ഹക്കീം അസ്ഹരിയുടെ അഭിമുഖമാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നതും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നതും.

അതേസമയം, അബ്ദുൽ ഹക്കീം അസ്ഹരിയുടെ അഭിമുഖത്തെ പോസിറ്റീവായാണ് കാണുന്നതെന്നും ചാനൽ എന്ന നിലയിൽ ദർശന ടിവി പൊതു നിലപാട് സ്വീകരിക്കുന്നത് സ്വീകാര്യത വർധിപ്പിക്കുമെന്നും സമസ്ത ഇ.കെ വിഭാഗം നേതാക്കൾ പ്രതികരിച്ചു. ഹക്കീം അസ്ഹരി പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടുകളാണ്. ചാനലിന് ഇവ്വിഷയത്തിൽ പ്രത്യേക താൽപര്യമില്ല. സുന്നി ഐക്യത്തെ കുറിച്ച് ഹക്കീം അസ്ഹരിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത യുവജന വിദ്യാർത്ഥി നേതാക്കളും പ്രതികരിച്ചു. എന്നാൽ ഹക്കീം അസ്ഹരിയെ ദർശന ടിവിയിൽ അഭിമുഖത്തിൽ വിളിച്ചതിനെതിരെ ശക്തമായ വിയോജിപ്പ് അറിയിക്കാൻ ഒരുങ്ങുകയാണ് ലീഗ് നേതൃത്വം. ചാനൽ ചെയർമാൻ സാദിഖലി തങ്ങളെ വിളിച്ച് വിഷയം ധിരിപ്പിച്ചതായാണ് അറിയുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് അഭിമുഖം പുറത്തു വിട്ടിരുന്നത്. എന്നാൽ ആദ്യ സംപ്രേഷണം കഴിഞ്ഞതു മുതലേ സി.എച്ചിനെതിരെ പറഞ്ഞുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് അണികൾ ഹക്കീം അസ്ഹരിക്കെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ ലീഗ്, എപി സുന്നികൾ കടുത്ത ഭാഷയിൽ നേർക്കുനേർ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടി. ഇതോടെ അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാനായി ഇന്നലെ എല്ലാവരും ആകംക്ഷയോടെ കാത്തിരുന്നു. എന്നാൽ ലീഗിനെയും സിഎച്ചിനെയും കുറിച്ച് പിന്നീടുള്ള ഭാഗങ്ങളിൽ കൂടുതൽ പരാമർശമില്ലായിരുന്നു. മാത്രമല്ല, മർക്കസിന്റെയും സുന്നികളുടേയും പ്രവർത്തനങ്ങൾ വിശദീകരിക്കുകയും സുന്നി ഐക്യത്തെ കുറിച്ചുള്ള കാഴിചപ്പാടുകൾ വിശദമാക്കുകയുമായിരുന്നു. അഭിമുഖത്തിന്റെ പൂർണ രൂപം പുറത്തു വന്നതോടെ ഒരു വിഭാഗം ലീഗ് അണികളിലും നേതൃത്വത്തിലും കൂടുതൽ അമർഷവും പ്രതിഷേധവും ഉയർന്നു.

ഇതിനിടെ അബ്ദുൽ ഹക്കീം അസ്ഹരിയുടെ അഭിമുഖത്തെ കുറിച്ച് വിവിധ വീക്ഷണങ്ങളും നിരീക്ഷണങ്ങളും പ്രചരിച്ചു. സിഎച്ചിനെ ഹക്കീം അസ്ഹരി പൂർണമായും വായിച്ചില്ലെന്നും അദ്ധേഹത്തിന്റെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്ഥനങ്ങൾ മനസിലാക്കിയില്ലെന്നുമുള്ള വിർശനമായിരുന്നു പ്രധാനമായും ഉയർന്നത്. എന്നാൽ തികച്ചും പോസിറ്റീവായ പരാമർശങ്ങളായിരുന്നു ഹക്കീം അസ്ഹരി സിഎച്ചിനെതിരെ നടത്തിയതെന്നും അദ്ദേഹത്തിന്റെ വാക്കുകളും ചിന്തകളും ഏറെ പ്രതീക്ഷ നൽകുന്നുവെന്ന അഭിപ്രായങ്ങളുമുയർന്നു. അതേസമയം, സമസ്ത ഇകെ വിഭാഗത്തിന് നേരിൽ പറയാൻ സാധിക്കാതിരുന്ന കാര്യങ്ങൾ ഹക്കീം അസ്ഹരിയിലൂടെ ദർശന ടിവി പറയുകയായിരുന്നുവെന്ന പ്രതികരണങ്ങളും ഉയർന്നു. എന്നാൽ ലീഗിലെ സലഫി, വഹാബി വൽക്കരണത്തിലും സുന്നി വിരുദ്ധ നിലപാടുകളിലും പ്രതിഷേധമുള്ള ഇ.കെ സുന്നി വിഭാഗത്തിന്റെ സുന്നി ഐക്യമെന്ന അജണ്ടയുടെ ഭാഗമായിരുന്നു ഹക്കീം അസ്ഹരിയുടെ അഭിമുഖമെന്ന നിരീക്ഷണവും ഉയരുകയുണ്ടായി. അഭിമുഖത്തിന് വേണ്ട പബ്ലിസിറ്റിയും മൈലേജും നൽകിയത് ലീഗ് അണികളാണെന്നും ഇത് ഏറെ അപകടകരമാണെന്ന സൂചനയും ചില ലീഗ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടി.



47 മിനുട്ടും 43 സെക്കന്റും ദൈർഘ്യമുള്ള അഭിമുഖത്തിൽ ഇന്ത്യൻ മുസ്ലിംങ്ങളുടെ പാരമ്പര്യവും സൂഫീ ധാരയുടെ സംഭാവനയും ഡോ.അബ്ദുൽ ഹക്കീം അസ്ഹരി വിശദമാക്കുന്നു. അതേസമയും ഖുർആൻ വ്യാഖ്യാനിച്ചു കൊണ്ടുള്ള ജമാഅത്തേ ഇസ്ലാമി സ്ഥാപകൻ മൗദൂദിയുടെ താഗൂത്തിനെതിരെയും ഗവൺമെന്റിനെതിരേയുമുള്ള ആശയ നിലപാടുകളും തൗഹീദ് ശിർക്ക് വിഷയത്തിൽ ഒതുക്കിയ സലഫി മുജാഹിദ് ആശയങ്ങളും മുസ്ലിം സമൂഹത്തെ പിന്നോട്ടടിച്ചതായി ചൂണ്ടിക്കാട്ടുന്നു. എല്ലാ മതവിഭാഗങ്ങളോടും തുറന്ന സമീപനവും പാരസ്പര്യവുമാണ് ഇന്ത്യയുടെ മുസ്ലിം പാരമ്പര്യമെന്നും കഴിഞ്ഞ കാല സൂഫി മാർഗം അതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മുത്തലാഖ് വിഷയം എന്താണെന്ന് കൂടുതൽ പേരും പഠിച്ചിട്ടില്ലയെന്നതാണ് ഇവിടത്തെ പ്രശ്നം. സ്ത്രീകളെ രക്ഷപ്പെടുത്തുന്നതിനും സ്ത്രീകളുടെ ഗുണത്തിനും വേണ്ടിയാണ് യയഥാർത്ഥത്തിൽ മുത്തലാഖ് എന്നും അത് ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. ഈ വിഷയത്തിലാണ് നിയമം വേണ്ടത് എന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. കേരള മുസ്ലിംസമൂഹത്തിനിടയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറെ ചർച്ചയാവുകയും ഏറെ വാഗ്വാദങ്ങൾക്ക് ഇടയാക്കുകയും ചെയ്ത അഭിമുഖത്തിലെ സിഎച്ച് മുഹമ്മദ് കോയയെ കുറിച്ചുള്ള പരാമർശങ്ങൾ ഇങ്ങെനെയാണ്:

സമഗ്രമായ ഇസ്ലാമിൽ സ്വാഭാവികമായും രാഷ്ട്രീയവും ഉണ്ടാവില്ലേയെന്നും ആ രാഷ്ട്രീയം ഇന്ത്യയിൽ എങ്ങിനെയാണ് പ്രയോഗിക്കേണ്ടതെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മുസ്ലിംലീഗിനെയും സിച്ചിനേയും പരാമർഷിച്ചത്. രാഷ്ട്രീയമെന്നാൽ തന്നെ രാഷട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാവുകയെന്നതാണെന്നും ഇന്ത്യയെ പോലുള്ള വലിയ രാജ്യത്ത് ജനാധിപത്യ പ്രക്രിയയിൽ അതിന്റെ ഭാഗമായിത്തീരുകയാണ് മുസ്ലിംങ്ങൾ ചെയ്യേണ്ടതെന്നും പറഞ്ഞു തുടങ്ങുന്ന അദ്ദേഹം മുസ്ലിംലീഗിലേക്കും സിഎച്ചിലേക്കും എത്തുകയായിരുന്നു. ഇന്ത്യയിൽ മുസ്ലിംങ്ങൾക്ക് രാഷ്ട്രീയ പരമായുണ്ടായ പോരായ്മ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ടു വന്ന മുസ്ലിം രാഷ്ട്രീയ കക്ഷികളാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ' സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രവർത്തന ഫലമായി കേരളത്തിൽ ഞാൻ നിരീക്ഷിച്ച കാര്യം വിദ്യാഭ്യാസപരമായി പുറകോട്ട് പോയി എന്നാണ്. കാരണം പഠിക്കാത്ത മുൻഷിമാർക്ക് സർട്ടിഫിക്കറ്റ് കൊടുത്ത് അറബി, ഉറുദു ഭാഷകൾ സ്‌കൂളിൽ പഠിപ്പിക്കാൻ തുടങ്ങി. ഇന്നും പരിശോധിച്ചാൽ അറിയാം അറബി, ഉറുദു പഠിപ്പിക്കുന്ന സ്ഥലങ്ങളിൽ അവർക്ക് അറബിയും ഉറുദുമറിയില്ല., പക്ഷേ ഈ കുട്ടികൾക്കായിരിക്കും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുക. പഠിക്കാതെ മാർക്ക് കൊടുക്കുകയും, പഠിച്ചില്ലെങ്കിലും മതി ജോലി കിട്ടും എന്ന ചിന്താഗതിയിൽ നിന്ന് വിദ്യാഭ്യാസത്തിൽ നിന്നും പുറകോട്ടു പോകാൻ കാരണമായിത്തീർന്നു.'- ഹക്കീം അസ്ഹരി അഭമിഖത്തിൽ പറഞ്ഞു.

ലീഗ് കേരളത്തിൽ പഴയ കാലം മുതൽ ഉള്ള പാർട്ടിയാണ്. എന്നാൽ മുസ്ലിംങ്ങളുടെ പുരോഗതിയും വിദ്യാഭ്യാസ മുന്നേറ്റവും ഉണ്ടാകുന്നത് സമസ്തയിലൂടെയും ഇവിടത്തെ പണ്ഡിതന്മാരിലൂടെയും ആണെന്ന് അദ്ദേഹം പറയുന്നതോടൊപ്പം മുസ്ലിംലീഗ് കൊണ്ട് ഒരു നേട്ടവും ഉണ്ടായിട്ടില്ലയെന്ന് പറയുന്നില്ലെന്നും എത്രയോ വലിയ നേട്ടങ്ങൾ കിട്ടുമായിരുന്നെന്നും ദർശന ടിവിയുടെ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. സുന്നി ഐക്യം യാഥാർത്ഥ്യമാകണമെന്നും അതിനുള്ള ശ്രമങ്ങൾ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അഭിമുഖത്തിൽ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. മുസ്ലിംലീഗിനോട് സുന്നികൾക്ക് ശത്രുതയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് മുജാഹിദ് വിഭാഗത്തിന്റെ താൽപര്യമാണ്. എപി സുന്നികൾക്ക് ലീഗിനോട് ഒരു എതിർപ്പുമില്ല. മതത്തിന്റെ പ്രതിനിധികളായി ലീഗിനെ കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗിലെ മുജാഹിദുകൾ സുന്നികൾ ഐക്യപ്പെടുന്നതിന് എതിരാണ്. ഇതാണ് ഐക്യശ്രമങ്ങൾ പൊളിയുന്നത്. കേരളത്തിൽ മുജാഹിദ് ഭിന്നിച്ചു നിന്നപ്പോൾ ലീഗ് നേതാക്കൾ ഔദ്യോഗികമായി രംഗത്ത് വന്ന് പ്രവർത്തിച്ചിരുന്നല്ലോ... എന്ത്കൊണ്ട് സുന്നികളെ യോജിപ്പിക്കുന്നതിന് ലീഗ് ശ്രമിക്കുന്നില്ലെന്നും ഹക്കീം അസ്ഹരി ചോദിക്കുന്നു. ഈ കാര്യം ചെയ്യാൻ സാധിക്കുക മുസ്ലിംലീഗിനാണെന്നും ലീഗ് ആത്മാർത്ഥമായി മുന്നോട്ടു വരികയാണെങ്കിൽ സുന്നികൾ യോജിക്കുമെന്നും ഹക്കീംം അസ്ഹരി അഭിമുഖത്തിലൂടെ പറഞ്ഞു.

എന്നാൽ ദർശന ടിവി രണ്ട് ഭാഗങ്ങളായി പുറത്തുവിട്ട അഭിമുഖം ഒരു വിഭാഗം ലീഗ് നേതാക്കളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ കൂടുതൽ അഭിപ്രായയ വ്യത്യാസങ്ങൾക്ക് ഇടയാക്കിയേക്കും. ദർശനയോടും സമസ്ത നേതാക്കളോടും ലീഗ് നേതൃത്വത്തിൽ ചിലർ പ്രതിഷേധം അറിയിച്ചിട്ടുമുണ്ട്. എന്നാൽ ചാനൽ പൊതു വേദിയാണെന്നും സുന്നി ഐക്യം പോലുള്ള നിലപാടുകളെ സ്വാഗതം ചെയ്യുകയുമാണ് വേണ്ടതെന്നാണ് സമസ്ത ഇകെ വിഭാഗം നേതാക്കൾക്കളുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP