Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറന്മുളയിൽ കരയ്ക്കുനിന്ന് വിത്തെറിഞ്ഞ മാത്യു ടി. തോമസ് മുണ്ടും മടക്കിക്കുത്തി മുട്ടറ്റം മലിനജലത്തിലിറങ്ങി; കക്കൂസ് മാലിന്യം വരെ നിറഞ്ഞ തോട്ടിൽ കൈയിട്ടുവാരി തോമസ് ഐസക്കും; പത്തനംതിട്ടയിൽ ഹരിതകേരളത്തിന് തുടക്കം കുറിച്ചത് ഇങ്ങനെ

ആറന്മുളയിൽ കരയ്ക്കുനിന്ന് വിത്തെറിഞ്ഞ മാത്യു ടി. തോമസ് മുണ്ടും മടക്കിക്കുത്തി മുട്ടറ്റം മലിനജലത്തിലിറങ്ങി; കക്കൂസ് മാലിന്യം വരെ നിറഞ്ഞ തോട്ടിൽ കൈയിട്ടുവാരി തോമസ് ഐസക്കും; പത്തനംതിട്ടയിൽ ഹരിതകേരളത്തിന് തുടക്കം കുറിച്ചത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കരയ്ക്ക് തട്ടുണ്ടാക്കി പരവതാനി വിരിച്ച് ആറന്മുള പുഞ്ചയിലേക്ക് വിത്തെറിഞ്ഞവരുടെ കൂട്ടത്തിൽ മന്ത്രി മാത്യു ടി. തോമസുമുണ്ടായിരുന്നു. അന്ന് അതിന്റെ പേരിൽ ഒരു പാട് പഴിയും മന്ത്രിമാർക്ക് കേൾക്കേണ്ടി വന്നു.

എന്നാൽ, ഹരിതകേരളം പദ്ധതി തുടങ്ങിയ ഇന്നലെ മാത്യു ടി.യെ കണ്ടത് മറ്റൊരു രൂപത്തിലായിരുന്നു. മുണ്ടും മടക്കികുത്തി മുട്ടറ്റം മലിനജലത്തിൽ നിന്ന് ചെളികോരുന്നു. ഒപ്പം കൈയിട്ടു വാരാൻ ധനമന്ത്രി തോമസ് ഐസക്കും. ഇരുവരും ശുദ്ധീകരിക്കാൻ ഇറങ്ങിയ തോടാകട്ടെ പത്തനംതിട്ട നഗരത്തിലെ ഏറ്റവും വൃത്തികെട്ടതും. ഹോട്ടലിൽ പാത്രം കഴുകുന്ന വെള്ളം മുതൽ കക്കൂസ് മാലിന്യം വരെ ഒഴുകുന്ന തോടാണിത്. വെറും ഷോ എന്ന് പറഞ്ഞ് ഇതിനെ തള്ളിക്കയാൻ വരട്ടെ. മന്ത്രിമാർ കാട്ടിയത് മികച്ച മാതൃക തന്നെ. അല്ലെങ്കിൽ, പദ്ധതിയുടെ ഉദ്ഘാടനം നടത്താൻ ഈ തോട് തന്നെ തിരഞ്ഞെടുക്കുകയില്ലായിരുന്നു.

മുണ്ടു മടക്കിക്കുത്തി, മൺവെട്ടിയും കുട്ടയുമായി ആദ്യം വെള്ളത്തിൽ ഇറങ്ങിയത് ജലവിഭവ മന്ത്രി മാത്യു ടി. തോമസായിരുന്നു. പിന്നാലെ ധനമന്ത്രി ഡോ. തോമസ് ഐസക്കും ചെളിയും ചവറും നിറഞ്ഞ തോട്ടിലിറങ്ങി. മുട്ടൊപ്പം വെള്ളത്തിൽ നിന്ന് വെട്ടിവാരിയപ്പോൾ കണ്ടത് പ്ലാസ്റ്റിക് ചവറിന്റെ കൂമ്പാരം. കൈ കൊണ്ട് തന്നെ ചവർ നീക്കി മന്ത്രിമാർ മാതൃക കാട്ടിയതോടെ പത്തനംതിട്ട ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിക്ക് തുടക്കമായി.

നഗരം ചുറ്റി ഒഴുകുന്ന തച്ചൻപടി-കണ്ണൻകര നീർച്ചാലിൽ നിന്നായിരുന്നു മന്ത്രിമാർ മാലിന്യം നീക്കിയത്. തുടർന്ന് ജില്ലയിലെ എല്ലാ വാർഡുകളിലും ഹരിതകേരളത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾക്ക് ആരംഭമായി. നഗരസഭയുടെ നേതൃത്വത്തിൽ നീർച്ചാലിന്റെ ശുചീകരണ പ്രവർത്തനം തുടരുകയാണ്. തോട് ശുചിയാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാൻ മന്ത്രി മാത്യു ടി. തോമസ് ഇറിഗേഷൻ വിഭാഗത്തിന് നിർദ്ദേശം നൽകി.

പരിസര ശുചീകരണത്തിൽ ജനങ്ങളുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. കക്കൂസ് മാലിന്യം വീട്ടിൽ തന്നെ സംസ്‌കരിക്കുന്ന മലയാളി അടുക്കള മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്നു. വീട്ടുവളപ്പിൽ തന്നെ പച്ചക്കറി നട്ടു വളർത്തണമെന്ന ചിന്തയും നമുക്കുണ്ടാവണം. ജലം പാഴാക്കുന്നതിനും നിയന്ത്രണം വേണം. അതുകൊണ്ടാണ് ബഹുജന പങ്കാളിത്തത്തോടെ ഹരിതകേരളം പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. കേരളത്തിലെ എല്ലാ വാർഡുകളും ഒരു വികസന പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുകയാണ്. ലക്ഷക്കണക്കിന് ജനങ്ങൾ ഇതിൽ പങ്കാളികളാവുന്നു. ഒരു ദിവസത്തെ പരിപാടി കൊണ്ട് അവസാനിപ്പിക്കേണ്ട ഒന്നല്ലെന്നും ലക്ഷ്യം നേടിയ ശേഷം മാത്രമേ പ്രവൃത്തി അവസാനിപ്പിക്കാവൂയെന്നും മന്ത്രി പറഞ്ഞു.

വരൾച്ചയുടെ പടിവാതിലിൽ നിൽക്കുന്ന സാഹചര്യത്തിൽ ജലസുരക്ഷയുടെ വലിയ സന്ദേശമായ ഹരിതകേരളം പദ്ധതിയെ ജനങ്ങൾ ഏറ്റെടുക്കണമെന്ന് ചടങ്ങിൽ സംബന്ധിച്ച മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ശുചിത്വശീലം വളർത്താൻ ഉറവിട മാലിന്യ സംസ്‌കരണം പ്രോത്‌സാഹിപ്പിക്കണം. ഹരിതാഭമായ കേരളത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. ജലസുരക്ഷ, മാലിന്യസംസ്‌കരണം, കൃഷി എന്നിവ ഉൾപ്പെടുത്തിയാണ് ഹരിതകേരളം പദ്ധതി രൂപപ്പെടുത്തിയിരിക്കുതെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP