Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുശീലാ ഭട്ടിനെ ഒഴിവാക്കിയത് വെറുതെയല്ല; അഡീഷണൽ എജിയും മുങ്ങിയതോടെ ഹാരിസണിനെതിരായി കോടതിയിൽ ഹാജരാകുന്നത് ഹാരിസണിന് വേണ്ടി കേസ് വാദിച്ച വക്കീൽ; സർക്കാർ ഭൂമി കൈയേറിയ ഹാരിസൺ മുതലാളിയെ കാക്കാൻ സർക്കാർ ഒരുക്കുന്ന വഴികൾ ഇങ്ങനെ

സുശീലാ ഭട്ടിനെ ഒഴിവാക്കിയത് വെറുതെയല്ല; അഡീഷണൽ എജിയും മുങ്ങിയതോടെ ഹാരിസണിനെതിരായി കോടതിയിൽ ഹാജരാകുന്നത് ഹാരിസണിന് വേണ്ടി കേസ് വാദിച്ച വക്കീൽ; സർക്കാർ ഭൂമി കൈയേറിയ ഹാരിസൺ മുതലാളിയെ കാക്കാൻ സർക്കാർ ഒരുക്കുന്ന വഴികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹാരിസൺ കേസിൽ തെളിവുകളെല്ലാം സർക്കാരിന്റെ കൈവശമുണ്ട്. അതുകൊണ്ട് തന്നെ കോടതി ഉത്തരവിലൂടെ മാത്രമേ മുതലാളിക്ക് ഭൂമി സ്വന്തമാക്കാൻ കഴിയൂ. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഹാരിസണിനെതിരെ ശക്തമായ നിലപാടുകളെടുത്തു. അങ്ങനെ സുശീലാ ഭട്ട് കേരളത്തിന്റെ അഭിഭാഷകയായി. ഇതോടെ കേസുകളെല്ലാം കേരളം ജയിക്കാൻ തുടങ്ങി. എല്ലാ ഭൂമിയും നഷ്ടമാകുമെന്ന ഭയം ഹാരിസണു വരികെയും ചെയ്തു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴും വിവാദം ഭയന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സുശീലാ ഭട്ടിനെ മാറ്റിയില്ല. എന്നാൽ പിണറായി സർക്കാരിൽ സിപിഐയ്ക്കാണ് റവന്യൂ വകുപ്പ്. ആദ്യം തന്നെ ഹാരിസൺ കേസിൽ നിന്ന് ഇടത് പക്ഷം നേരത്തെ നിയമിച്ച അഭിഭാഷകെ മാറ്റി.

പകരം അഡീഷണൽ എജിയായ രഞ്ജിത് തമ്പാൻ എത്തി. ഹാരിസണിന്റെ സ്വന്തം ആളാണ് രഞ്ജിത്ത് എന്ന് ആക്ഷേപം ഉയർന്നതോടെ അദ്ദേഹം കേസിൽ നിന്ന് പിന്മാറി. ഇപ്പോഴിതാ സ്‌റ്റേറ്റ് അറ്റോർണിയായ കെ വി സോഹനെ ഹാരിസൺ കേസ് അഡ്വക്കേറ്റ് ജനറൽ ഏൽപ്പിക്കുമെന്നാണ് സൂചന. എന്നാൽ ഹൈക്കോടതി അഭിഭാഷകനായ സോഹനും ഹാരിസണുമായി ബന്ധമുണ്ട്. ഹാരിസണിന് വേണ്ടി സോഹനും കേസുകളിൽ ഹാജരായിട്ടുണ്ട്. അത്തരത്തിൽ ഒരാൾ സർക്കാർ കേസ് വാദിച്ചാൽ എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം. അങ്ങനെ തെളിവുകളെല്ലാം കൈയിലുള്ള കേസ് കൈവിട്ട് കളിക്കാൻ അഭിഭാഷകരെ മാറ്റി പരീക്ഷിക്കുകയാണ് റവന്യൂവകുപ്പ്. തന്നെ പുറത്താക്കുമ്പോൾ സുശീലാ ഭട്ട് ഉന്നയിച്ച ഗൂഢാലോചനാ തിയറിയിലേക്ക തന്നെയാണ് ഇത് വരിൽ ചൂണ്ടുന്നതും.


സംസ്ഥാനത്ത് 75,000 ഏക്കർ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസൺ മലയാളം ലിമിറ്റഡ് വിദേശ കമ്പനിയുടെ ബിനാമി കമ്പനിയെന്ന് വ്യക്തമായിരുന്നു ബിനാമി പേരിൽ സർക്കാർ തോട്ടഭൂമി കൈക്കലാക്കിയ ഹാരിസൺന്റെ നടപടികളെ പറ്റി സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്ന് സർക്കാരിന് സ്‌പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം ശുപാർശ നൽകുകയും ചെയ്തു. ഇതിനിടെയാണ് കോടതിയിൽ കേസ് വാദിക്കുന്നതിലെ തട്ടിപ്പ് പുറത്താകുന്നത്. ഹാരിസൺ ഇന്ത്യൻ കമ്പനിയാണെന്ന വാദം പൊളിച്ചടുക്കുന്ന വ്യക്തമായ രേഖകൾ സഹിതമാണ് എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ട്. ഫെറ നിയമത്തിന്റെയും ബിനാമി ട്രാൻസാക്ഷൻ (പ്രൊഹിബിഷൻ) ആക്ടിന്റെയും നഗ്‌നമായ ലംഘനമാണ് കമ്പനി നടത്തിയിട്ടുള്ളതെന്നും ഇതിനുപിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പത്തനംതിട്ട കോടതിയിലെ കേസിലാണ് സോഹർ ഹാരിസണ് വേണ്ടി ഹാജരായത്. ഹാരിസൺ ഭൂമി സ്വകാര്യവ്യക്തിയുടേതെന്നായിരുന്നു വാദം. തോട്ടം മേഖലയിൽ കമ്പനികൾ ഏഴ് ലക്ഷം ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് സർക്കാർ കണ്ടെത്തൽ. പത്തനംതിട്ട കോടതിയിൽ ഉണ്ടായിരുന്ന 2989/11 നമ്പർ കേസിലാണ് സോഹൻ ഹാജരായത്. ഇത് സോഹനും സമ്മതിക്കുന്നുണ്ട്. അതിൽ അനുകൂല ഇടക്കാല വിധിയുണ്ടായെന്നാണ് സോഹൻ പറയുന്നതും. അന്തിമ വിധി വന്നിട്ടുമില്ല. ഹാരിസൺ കേസിൽ ഭാവിയിൽ ഹാജരാകാനുള്ള സാധ്യത സോഹൻ തള്ളിക്കളയുന്നുമില്ല. ഇങ്ങനെ സ്‌റ്റേറ്റ് അറ്റോർണി സർക്കാരിനായി വാദിക്കാനെത്തിയാൽ എങ്ങനെ സംസ്ഥാന താൽപ്പര്യം സംരക്ഷിക്കുമെന്നാണ് ഉയരുന്ന ചോദ്യം.

ഹാരിസൺ കേസിൽ സർക്കാരിനു വേണ്ടി ഹാജരാകുന്നതിൽ നിന്നും അഡീഷണൽ എജി അഡ്വക്കേറ്റ് രഞ്ജിത് തമ്പാൻ ഒഴിവായിയിരുന്നു. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ തന്നെ ഒഴിവാക്കണമെന്നാവിശ്യപ്പെട്ട് രഞ്ജിത് തമ്പാൻ കത്തു നൽകുകയായിരുന്നു. സിപിഐ നേതാവായിരുന്നു മീനാക്ഷി തമ്പാന്റെ മകനാണ് രഞ്ജിത്ത് തമ്പാൻ. ഹാരിസണിനുവേണ്ടി നേരത്തെ കേസ് വാദിച്ചിരുന്നൊരാൾ കൂടിയായിരുന്നു രഞ്ജിത്ത് തമ്പാൻ. ഹിരസണൺ ഭൂമി കേസിൽ സർക്കാർ അഭിഭാഷകയായിരുന്ന സുശീലാ ഭട്ടിനെ മാറ്റിയാണ് പകരം രഞ്ജിത്തിനെ നിയോഗിച്ചത്. സുശീലാ ഭട്ടിനെ മാറ്റിയതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ഹാരിസണുമായി ചേർന്ന് സർക്കാർ ഒത്തുകളിക്കുകയായിരുന്നുവെന്ന ആക്ഷേപം നിയമസഭയിലും പുറത്തുമായി പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നിരുന്നു.

രഞ്ജിത്ത് തമ്പാൻ ഒഴിഞ്ഞതിനു പകരം സ്റ്റേറ്റ് അറ്റോർണി അഡ്വ. കെ വി സോഹൻ പകരം കേസ് വാദിക്കുമെന്നാണ് അറിയുന്നത്. സ്‌പെഷ്യൽ ഓഫീസുമായി ബന്ധപ്പെട്ട കേസുകളെല്ലാം സോഹൻ വാദിക്കുമെന്നാണ് അറിയുന്നത്. സ്‌പെഷ്യൽ ഓഫിസസുമായി ബന്ധപ്പെട്ട കേസും ഇദ്ദേഹം വാദിക്കും. അങ്ങനെ സോഹനെത്തിയാൽ ഇത് പുതിയ വിവാദങ്ങൾക്ക് വഴിക്കുകയും ചെയ്യും. നേരത്തെ സുശീലാ ഭട്ടിനെ മാറ്റിയത് വലിയ വിവാദമായിരുന്നു. സുശീല ഭട്ടിനെ മാറ്റിയ നടപടിയെ ന്യായീകരിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ രംഗത്തെത്തുകയും ചെയ്തു. സുശീല ഭട്ടിനെ മാറ്റിയത് സംസ്ഥാന സർക്കാറാണ്. ഭട്ട് ഹാജരായില്ലെങ്കിലും സർക്കാർ കേസ് ജയിക്കുമെന്നും സർക്കാർ മാറുമ്പോൾ പ്ലീഡർമാർ സ്വയം മാറാറുണ്ടെന്നും മന്ത്രി പറഞ്ഞു.

തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത് വനം മാഫിയയെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായി സുശീല ഭട്ട് സ്ഥലം മാറ്റത്തിനെതിരെ പ്രതികരിച്ചിരുന്നു. തന്നെ മാറ്റാൻ മുൻപും പലതവണ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ സ്വാധീനിക്കാൻ ശ്രമം നടന്നിരുന്നതായും സുശീല ഭട്ട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നു. റവന്യൂ,വനം വകുപ്പുകളിൽ ഒറ്റക്കേസ് പോലും തോൽക്കാതിരുന്നിട്ടും സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ പത്തു വർഷത്തോളമായി ഹാജരായിരുന്ന സുശീല ഭട്ടിനെ മാറ്റിയത് ചർച്ചയായിരുന്നു. ഹാരിസൺ,കരുണ എസ്റ്റേറ്റ് തുടങ്ങിയ സുപ്രധാന കേസുകളിൽ ഹാജരായിരുന്ന സുശീല ഭട്ടിനെ മാറ്റിയത് ഭൂമികേസുകളിൽ സർക്കാരിന് ദോഷം ചെയ്യുമെന്ന് ആക്ഷേപം ഉയർന്നിരുന്നു.

ഇടതുപക്ഷ സർക്കാർ നിയമിച്ച അഭിഭാഷകയായ സുശീല ഭട്ടിനെ യുഡിഎഫ് സർക്കാർ നിലനിർത്തുകയായിരുന്നു. ഇക്കാലയളവിലാണ് ഒരു ലക്ഷത്തോളം ഏക്കർ പാട്ട ഭൂമി സർക്കാരിന് തിരിച്ചു പിടിക്കാനായത്. ടാറ്റയുടെ ഭൂമിക്കേസിലും ഹാജരായത് സുശീല ഭട്ടായിരുന്നു. ഹാരിസൺ കേസ് അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് സുശീല ഭട്ടിനെ മാറ്റിയത്. തന്നെ ഗവൺമെന്റ് പ്ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിൽ ദുരൂഹതയുണ്ടെന്ന് സുശീല ഭട്ടും ആരോപിച്ചിരുന്നു. പതിനാല് വർഷത്തോളമായി റവന്യുകേസുകളിൽ ഗവ.പ്ലീഡർ ആയി പ്രവർത്തിച്ചുവരികയായിരുന്നു അഡ്വ.സുശീല ഭട്ട്. മാറിമാറിവന്ന എൽ.ഡി.എഫ് യു.ഡി.എഫ് സർക്കാരുകൾ സുശീല ഭട്ടിന്റെ സേവനം തുടരുകയായിരുന്നു.

1921ൽ രൂപീകരിച്ച മലയാളം പ്ലാന്റേഷൻ (യുകെ) ലിമിറ്റഡ് ആണ് തങ്ങളുടെ പൂർവ കമ്പനിയെന്നും 1978ൽ ഇന്ത്യൻ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത മലയാളം പ്ലാന്റേഷൻസ് (ഇന്ത്യ) കമ്പനിക്ക് ആസ്തിവകകൾ കൈമാറ്റം ചെയ്തുവെന്നുമാണ ് ഹാരിസൺസ് പറയുന്നത്. മറ്റൊരു ട്രേഡിങ് കമ്പനിയായ ഹാരിസൺസ് ആൻഡ് ക്രോസ്ഫീൽഡ് (ഇന്ത്യ) ലിമിറ്റഡ് (മുൻപ് ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത കമ്പനി) മായി ഹൈക്കോടതി അംഗീകാരത്തോടെ മലയാളം പ്ലാന്റേഷൻ (ഇന്ത്യ) ലിമിറ്റഡ് ലയിക്കുകയും 1984ൽ ഹാരിസൺ മലയാളം ലിമിറ്റഡ് രൂപീകൃതമാവുകയും ചെയ്തുവത്രേ. എന്നാൽ 1977ൽ രൂപീകൃതമായ മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്‌സ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബിനാമി കമ്പിയായാണ് ഹാരിസൺ പ്രവർത്തിക്കുന്നതെന്നാണ് ഇപ്പോൾ രാജമാണിക്യം കണ്ടെത്തിയിക്കുന്നത്.

മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്‌സ്) ലിമിറ്റഡ് എന്ന വിദേശ കമ്പനി 2014ൽ ഇംഗ്ലണ്ടിൽ സമർപ്പിച്ച വാർഷിക റിട്ടേൺ കണക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആസ്തികളിൽ ഹാരിസണിന്റെ കൈവശമുള്ള കേരളത്തിലെ 75,000 ഏക്കർ തോട്ടഭൂമിയും ഉൾപ്പെടുന്നു. 1977ൽ രജിസ്റ്റർ ചെയ്ത കമ്പനിയെ നിയന്ത്രിക്കുന്ന മുഖ്യകമ്പനി ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ചാനൽ ഐലന്റ് ദ്വീപിൽ രജിസ്റ്റർ ചെയ്ത ആമ്പിൾടൗൺ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്നതാണ്. ആന്റണി ഗിന്നസ് എന്ന വിദേശിയുടെ നിയന്ത്രണത്തിലാണ് കമ്പനി. മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്‌സ്) ലിമിറ്റഡ് സൂചിപ്പിച്ചിരിക്കുന്ന ആസ്തിവകകളിൽ കേരളത്തിലെ ഹാരിസൺ ഭൂമിക്കു പുറമെ ഇന്ത്യൻ വ്യവസായി സഞ്ജയ് ഗോയങ്ക ഡയറക്ടറായ സെന്റിനെൽ ടീ ആൻഡ് എക്‌സ്പോർട്സ് ലിമിറ്റഡിന്റെ ആസ്തികളും പെടുന്നു. മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്‌സ്) എന്ന വിദേശ കമ്പനിയിലെ ഏക ഇന്ത്യൻ ഡയറക്ടറായിരുന്ന ഗോയങ്ക ഇപ്പോൾ ഡയറക്ടർ ബോർഡിലുമില്ല. വിദേശകമ്പനികൾക്ക് ഫെറ നിയമപ്രകാരം ഇന്ത്യയിൽ പ്രവർത്തിക്കാനാവില്ല.

കേരളത്തിലെ തോട്ടഭൂമി ആസ്തിയായി ഇംഗ്ലണ്ടിൽ വർഷാവർഷം കണക്ക് കാണിക്കുന്ന വിദേശ കമ്പനിയുടെ ബിനാമി കമ്പനിയാണ് ഹാരിസൺ എന്നതിലേക്കാണ് രേഖകൾ വിരൽ ചൂണ്ടുന്നത്. 1977ൽ രൂപീകൃതമായ മലയാളം പ്ലാന്റേഷൻ (ഹോൾഡിങ്‌സ്) ലിമിറ്റഡിന് മറ്റു പേരുകളുള്ളതായി ബ്രിട്ടനിലെ കമ്പനീസ് ഹൗസ് രേഖകളിലുമില്ല. ഇത്രയുംകാലം ഇന്ത്യൻ കോടതികളിലും റവന്യൂ അധികൃതർക്കും മുമ്പാകെ തങ്ങൾ വിദേശകമ്പനിയല്ല, ഇന്ത്യൻ കമ്പനിയാണ് എന്ന് ഹാരിസൺ ഉയർത്തിയ വാദഗതികൾക്ക് തിരിച്ചടി നൽകുന്ന വിശദമായ തെളിവുകളടക്കമാണ് ഹാരിസൺ സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യം സിബിഐ അന്വേഷണമാവശ്യപ്പെട്ട് സർക്കാരിനു മുമ്പാകെ ശുപാർശ സമർപ്പിച്ചിട്ടുള്ളത്. ഇതിനിടെയാണ് കോടതിയിൽ കേസ് തോറ്റ് കൊടുത്ത് ഹാരിസണെ ജയിക്കാൻ അനുവദിക്കുന്ന തന്ത്രം നടപ്പാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP