Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ടെലിവിഷനുകൾ... സംഗീതം.... മുലയുട്ടാൻ മുറികൾ..... എപ്പോഴും വൃത്തിയാക്കുന്ന ടോയിലറ്റുകൾ.... ആവശ്യത്തിന് ബെഡുകൾ...... സർക്കാർ ആശുപത്രികൾക്ക് പുതിയ രൂപവും ഭാവവും നൽകാനുറച്ച് ആരോഗ്യമന്ത്രി; സ്വകാര്യ ആശുപത്രി മുതലാളിമാരെ കണ്ടം വഴി ഓടിക്കാൻ പദ്ധതി തയ്യാറാക്കി സർക്കാർ

ടെലിവിഷനുകൾ... സംഗീതം.... മുലയുട്ടാൻ മുറികൾ..... എപ്പോഴും വൃത്തിയാക്കുന്ന ടോയിലറ്റുകൾ.... ആവശ്യത്തിന് ബെഡുകൾ...... സർക്കാർ ആശുപത്രികൾക്ക് പുതിയ രൂപവും ഭാവവും നൽകാനുറച്ച് ആരോഗ്യമന്ത്രി; സ്വകാര്യ ആശുപത്രി മുതലാളിമാരെ കണ്ടം വഴി ഓടിക്കാൻ പദ്ധതി തയ്യാറാക്കി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കരണം ഏറെ ചർച്ചയായിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിലേക്ക് ആളെ എത്തിക്കുന്ന തരത്തിലെ ഇടപെടൽ. ഇതിന് കൈയടിയും കിട്ടി. സർക്കാർ സ്‌കൂളുകളിൽ എത്തിയ കുട്ടികളുടെ എണ്ണം കൂടി. തളിപ്പറമ്പിലെ സ്‌കൂളിലെ അഡ്‌മിഷൻ ഹൈക്കോടതിയിൽ പോലും ചർച്ചയായി. ഇനി ആരോഗ്യ രംഗത്തെ ശുദ്ധീകരിക്കലാണ്. സ്വകാര്യമേഖലയുടെ കടന്നു കയറ്റമാണ് സർക്കാർ ആശുപത്രികളെ തളർത്തിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സർക്കാർ ആശുപത്രികൾ രോഗക്കിടക്കിയിലായി. വൃത്തിയും വെടുപ്പിനുമൊപ്പം എല്ലാ സൗകര്യങ്ങളും ഒരുക്കി പുതിയ ആരോഗ്യ കേരളത്തെ പൊതുമേഖലയിൽ കെട്ടിപ്പെടുക്കാനാണ് പിണറായി സർക്കാരിന്റെ ശ്രമം. ഇതിനുള്ള തീവ്ര യജ്ഞം ആരോഗ്യമന്ത്രി ശൈലജ ടീച്ചർ തുടങ്ങിയതോടെ സ്വകാര്യ മുതലാളിമാരുടെ ചങ്കിടിപ്പും കൂടി.

സ്വകര്യങ്ങൾ ഇല്ലാത്തതാണ് സർക്കാർ ആശുപത്രിയിൽ നിന്ന് രോഗികളെ അകറ്റുന്നത്. ഇതിൽ കാലോചിത മാറ്റമാണ് ആരോഗ്യമന്ത്രി ലക്ഷ്യമിടുന്നത്. രോഗികൾക്കു പരിപാടികൾ കണ്ടാസ്വദിക്കാൻ ടെലിവിഷൻ അടക്കമുള്ളവ സർക്കാർ ആശുപത്രിയിൽ സജ്ജമാക്കും. വേദനയിലും ആശ്വാസമേകാൻ സംഗീതമെന്ന ആശയമാണ് ഇതിന് കാരണം. താലൂക്ക് ആശുപത്രികളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണു 'ആർദ്രം' മിഷന്റെ ഭാഗമായി ഏകീകൃത രൂപം നൽകുന്നതിനുള്ള പദ്ധതിയിൽ വൻ അടിസ്ഥാന സൗകര്യങ്ങളാകും ഒരുക്കുക. അതായത് താലൂക്ക് ആശുപത്രികളെ ജനങ്ങളിലേക്ക് അടുപ്പിക്കാനാണ് നീക്കം. ഇതിലൂടെ ആരോഗ്യ മേഖലയിലെ സ്വകാര്യ കുത്തകകളെ പാഠം പഠിപ്പിക്കാനാണ് നീക്കം. സർക്കാർ ആശുപത്രിയിൽ രോഗികൾ എത്തുമ്പോൾ സ്വകാര്യ മേഖലയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. മാന്യമായ ചികിൽസാ ഫീസുകൾ അവരും ഈടാക്കി തുടങ്ങും. ഇതാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം.

കുഞ്ഞുങ്ങളെ മുലയൂട്ടാൻ പ്രത്യേക മുറി. സ്‌പെഷ്യൽറ്റി ക്ലിനിക്കുകൾ. ജീവനക്കാർക്കു ദുരന്തനിവാരണ പരിശീലനം-ഇങ്ങനെ താലൂക് ആശുപത്രിയുടെ ഗുണവും നിലവാരവും ഉയർത്താനാണ് ആർദ്രം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രൂപത്തിലും സംവിധാനത്തിലും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളെ ഒരേ രീതിയിലാക്കും. ഡോക്ടർമാരും ജീവനക്കാരും രോഗികളോടു സൗഹൃദത്തോടെയും അനുകമ്പയോടെയും ഇടപെടണം. പാർക്കിങ് സ്ഥലം, റാംപ് എന്നിവ സ്ഥാപിക്കണം. സ്‌പെഷ്യൽറ്റി സേവനങ്ങൾ, ഡോക്ടർമാർ, ഒപി സമയം എന്നിവ വ്യക്തമാക്കുന്ന ബോർഡ് ഇംഗ്ലിഷിലും മലയാളത്തിലും വയ്ക്കണം. രോഗികൾ കാത്തിരിക്കുന്ന സ്ഥലത്ത് വായനയ്ക്കായി പ്രസിദ്ധീകരണങ്ങൾ വരുത്തണം. ഒപി വിഭാഗത്തിൽ ചായ, കാപ്പി വെൻഡിങ് യന്ത്രങ്ങളും കുടിവെള്ള സൗകര്യവും ഒരുക്കണം. എല്ലായിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.-ഇങ്ങനെ നീളുന്നു മാർഗ്ഗ നിർദ്ദേശങ്ങൾ.

ഒന്നാമത്തെ റഫറൽ പോയിന്റായി താലൂക്ക് ആശുപത്രികളെ മാറ്റാൻ കൂടുതൽ സ്‌പെഷ്യൽറ്റി സേവനങ്ങളും ഒരുക്കണമെന്നാണ് നിർദ്ദേശം. ആവശ്യമെങ്കിൽ ജെറിയാട്രിക്, പാലിയേറ്റിവ് ക്ലിനിക്കുകളും തുടങ്ങാം. എല്ലായിടത്തും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കണം. സ്‌പെഷ്യൽറ്റി ഒപി രാവിലെ എട്ടു മുതൽ ഒന്നുവരെ. ഞായർ അവധി. ജനറൽ ഒപി ഉച്ചയ്ക്ക് ഒന്നു മുതൽ ആറുവരെ. അങ്ങനെ രാവിലെ മുഴുവൻ ഒപി പ്രവർത്തിക്കുന്ന സംവിധാനമാകും ഒരുക്കുക. ഞായറാഴ്ചകളിൽ രാവിലെ എട്ടു മുതൽ ഒന്നുവരെയാകും ഒപി. താലൂക്ക് ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ദുരന്തനിവാരണ പരിശീലനം നിർബന്ധമായും നൽകണം.

ഐപി വാർഡുകളിൽ കൂട്ടിരിപ്പുകാർക്കായി ഡോർമിറ്ററി സംവിധാനം ഒരുക്കണം. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കഴിക്കാൻ പ്രത്യേക ഹാൾ ക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ഈ സൗകര്യവർദ്ധനവിലൂടെ സർക്കാർ ആശുപത്രിയിലേക്ക് കൂടുതൽ രോഗികളെ എത്തിക്കാനാണ് ശ്രമം. ഇത് വിജയിച്ചാൽ കേരളത്തിലെ ആരോഗ്യ രംഗം പുതിയ നിലവാരത്തിലേക്ക് ഉയരും. കേരളത്തിന്റെ ആരോഗ്യ മോജൽ വീണ്ടും ചർച്ചയാവുകയും ചെയ്യും. ദേശീയ ആരോഗ്യ രംഗത്ത് മറ്റുസംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്താണ് ഇപ്പോഴും. ലോകബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളത്തിന് അഭിമാനാർഹമായ നേട്ടം. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം 76.55 മുതൽ 80.00 സ്‌കോർ നേടിയാണ് കേരളം നേട്ടം കൈവരിച്ചത്.

ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി വരികയാണ്. സംസ്ഥാനത്തെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയിരുന്നു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, താലൂക്ക്, ജില്ലാ, ജനറൽ എന്നീ ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ വിപുലപ്പെടുത്തി. ഇതോടൊപ്പം താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ട്രോമകെയർ സംവിധാനം നടപ്പിലാക്കി വരികയാണ്. മെഡിക്കൽ കോളേജുകളിൽ സമഗ്ര ട്രോമകെയർ സംവിധാനമാണൊരുക്കുന്നത്. ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിക്കായി നിരവധി പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് നടത്തിയിരുന്നു.

ആരോഗ്യ മേഖലയിൽ 4,000ലധികം തസ്തികകളാണ് സൃഷ്ടിച്ചത്. പകർച്ചവ്യാധി പ്രതിരോധത്തിന് ജാഗ്രത എന്ന പേരിൽ പദ്ധതി തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏകോപനത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. ഇങ്ങനെ പൊതുജനാരോഗ്യം മുൻനിർത്തി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ആരോഗ്യ വകുപ്പിന് കിട്ടിയ അംഗീകാരമായിരുന്നു നീതി ആയോഗിന്റെ പട്ടികയിലെ ഒന്നാം സ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP