Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടടി നീളവും നാലടിയിൽ താഴെ മാത്രം വീതിയുമുള്ള ആ ഒറ്റമുറിയിലാണ് അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങിയിരുന്ന ആ കുടുംബം കഴിഞ്ഞിരുന്നത്; ചുറ്റും 250 ഓളം കാർഷിക തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾ; ബസ്സില്ലാത്തതിനാൽ എറണാകുളത്തേക്ക് പോയത് പച്ചക്കറി വണ്ടിയിൽ; എന്നിട്ടും വട്ടവടക്കാർ പറയുന്നു അവൻ അവരുടെ സ്വപ്നമായിരുന്നെന്ന്; അഭിമന്യുവിന്റെ ഗ്രാമത്തിലെത്തിയ മറുനാടൻ ലേഖകൻ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ചകളും വാക്കുകളും

എട്ടടി നീളവും നാലടിയിൽ താഴെ മാത്രം വീതിയുമുള്ള ആ ഒറ്റമുറിയിലാണ് അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങിയിരുന്ന ആ കുടുംബം കഴിഞ്ഞിരുന്നത്; ചുറ്റും 250 ഓളം കാർഷിക തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾ; ബസ്സില്ലാത്തതിനാൽ എറണാകുളത്തേക്ക് പോയത് പച്ചക്കറി വണ്ടിയിൽ; എന്നിട്ടും വട്ടവടക്കാർ പറയുന്നു അവൻ അവരുടെ സ്വപ്നമായിരുന്നെന്ന്; അഭിമന്യുവിന്റെ ഗ്രാമത്തിലെത്തിയ മറുനാടൻ ലേഖകൻ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ചകളും വാക്കുകളും

അർജുൻ സി വനജ്

കൊച്ചി: ശോകമൂകമായി മാറിയ വട്ടവടയെന്ന കാർഷിക ഗ്രാമത്തിന് ഇപ്പോഴും അഭിമന്യുവിന്റെ വിടവാങ്ങൽ വിശ്വസിക്കാനായിട്ടില്ല. അഭിമന്യു കോളേജിൽ പോയിരിക്കുകയാണെന്ന് പലരും മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഈ ഗ്രാമവും ബന്ധുക്കളും ഇപ്പോൾ ദിവസങ്ങൾ തള്ളി നീക്കുന്നത്. ഇടയ്ക്കിടെ അഭിമന്യുവിനെക്കുറിച്ചുള്ള ഓർമ്മകൾ ഓർത്തെടുത്ത് അമ്മ വിങ്ങിപ്പൊട്ടും. വീട്ടിലെത്തുന്നവരൊടൊക്കെ, അവനെക്കുറിച്ചുള്ള കഥകൾ പറഞ്ഞ് അച്ഛനും സഹോദരനും സമയം ചിലവഴിക്കും. അവന്റെ ബുക്കുകളും, ചിത്രങ്ങളും നോക്കി ഇടയ്ക്ക് കണ്ണ് നിറയുന്ന സഹോദരിയെയാണ് ആ ഒറ്റമുറി വീട്ടിൽ മറുനാടൻ വാർത്ത സംഘം കണ്ടത്. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വീട്ടിലേക്ക് ആശ്വാസവാക്കുകളുമായി ദിവസവും മന്ത്രിമാർ മുതൽ സാധാരണക്കാർ വരെയുള്ള നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.

മൂന്നാറിൽ നിന്ന 42 കിലോ മീറ്റർ സഞ്ചരിച്ച് ഞാറാഴ്ച ഉച്ചയോടെ, വട്ടവടയിലെത്തിയ ഞങ്ങളെ അഭിമന്യുവിന്റെ വീട്ടിലെത്തിക്കുന്നത് പ്രദേശത്തെ തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന ഓട്ടോ ഡ്രൈവറാണ്. മൂന്ന് കിലോ മീറ്റർ യാത്രയിൽ, അഭിമന്യുവിനെ അഗ്നിക്ക് സമർപ്പിച്ച വിജനമായ പ്രദേശവും പിന്നിട്ട് ഇടുങ്ങിയ, കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ, അവനെക്കുറിച്ചുള്ള ഓർമ്മകളും പങ്കുവെച്ച് ആ ഓട്ടോ ഡ്രൈവർ വിടിന് മുന്നിൽ എത്തിച്ചു. 250 ഓളം കാർഷിക തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾ. ഭൂരിഭാഗവും ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള വീടുകൾ. വീടിന് സമീപമുള്ള റോഡിൽ നിന്ന് നാല് സ്റ്റെപ്പുകൾ ഇറങ്ങി, മുന്നോട്ട് നടക്കുമ്പോൾ, കാണാം അഭിമന്യുവിന്റെ ആ ഒറ്റമുറി വീട്. വീട്ടിലേക്കുള്ള വഴികളിലും, വീടിന്റെ ഭിത്തിയിലും, തമിഴിലും മലയാളത്തിലും അഭിമന്യുവിന്റെ ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ കാണാം.

വീടിന്റെ മുന്നിലേക്ക എത്തുന്തോറും ചിരിച്ചുകണ്ട് നിൽക്കുന്ന അഭിമന്യുവിന്റെ ചിത്രങ്ങളും, കവിതകളുമൊക്കെയാണ് ഓർമ്മയിൽ ആദ്യം ഓടിയെത്തുക. ഞങ്ങളെത്തുമ്പോൾ, അഭിമന്യുവിന് ഒപ്പം കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അർജുന്റെ അച്ഛനും മഹാരാജാസിലെ ഏതാനം വിദ്യാർത്ഥികളും ആ വീടിനുള്ളിലുണ്ടായിരുന്നു. കരഞ്ഞ് വാടി തളർന്നിരിക്കുന്ന അഭിമന്യുവിന്റൈ അമ്മയെ, ആശ്വസിപ്പിക്കാൻ പാട് പെടുകയാണ് ബന്ധുക്കളും നാട്ടുകാരും. അവർ ആരോടും സംസാരിക്കുന്നില്ല.ഏകദേശം എട്ടടി നീളവും നാലടിയിൽ താഴെ മാത്രം വീതിയുമുള്ള ആ ഒറ്റമുറിയിൽ തന്നെയാണ്, അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങിയിരുന്ന ആ കുടുംബം കഴിഞ്ഞിരുന്നത്. അതിനുള്ളിൽ തന്നെയാണ് ഭക്ഷണം പാചകം ചെയ്യാനുള്ള അടുപ്പും, എല്ലാവരും കിടക്കുന്നതുമൊക്കെ. വീടിനുള്ളിൽ ഒരാൽക്ക് മാത്രം കിടക്കാൻ കഴിയുന്ന ഒരു കട്ടിലുണ്ട്. അതിലാണ് വീട്ടിലെത്തുന്നവർ ഇരിക്കുന്നത്. ബാക്കിയുള്ളവർ അടുപ്പ് തറയിൽ ഇരിക്കും.

അഭിമന്യുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ആ അച്ഛന്റെ വാക്കുകളിടറുകയാണ്. മറയൂരിലും കോവില്ലൂരിലുമായാണ് അവനെ പഠിപ്പിച്ചത്. പിന്നീട് മഹാരാജാസിൽ ചേർത്തു. ഇടയ്ക്കിടയക്ക് മാത്രമേ വീട്ടിലേക്ക് വരുകയുള്ളായിരുന്നു. കോളേജിൽ ഞാറാഴ്ചകളിലും മറ്റും അവൻ പ്രസംഗത്തിനായി( സംഘടനാ പ്രവർത്തനം) പോകുമായിരുന്നു. ഒരു ദിവസം വീട്ടിൽ വന്നു. ഞായറാഴ്ച കോവില്ലൂരിൽ ഒരു പരിപാടിയുണ്ട്. അത് കഴിഞ്ഞ് അന്ന് കോളേജിൽ പോകുമെന്നായിരുന്നു പറഞ്ഞത്. ഞാറാഴ്ച ഞാൻ പെരുമ്പാവൂർ പോയതായിരുന്നു. രാവിലെ വീട്ടിൽ നിന്ന് ഭക്ഷണവും കഴിച്ച് കോവില്ലൂരിൽ പോയതായിരുന്നു.

പ്രസംഗവും(ഡിവൈഎഫ്ഐ സമ്മേളനത്തിൽ) കഴിഞ്ഞ് അഞ്ച് മണിയോടെയാണ് അവനിവിടെ നിന്ന് പോയത്. ഇത്രയും പറഞ്ഞുകൊണ്ട് അച്ഛന്റെ വാക്കുകൾ ഇടറുന്നതാണ് പിന്നീട് കണ്ടത്. അടുത്ത മാസമാണ് സഹോദരിയുടെ വിവാഹം. പെരുമ്പാവൂരിൽ കിറ്റക്‌സ് കമ്പനിയിയിൽ ജോലി നോക്കുകയാണ് ഇവർ.

സഹോദരൻ വട്ടവടയിൽ തന്നെ കൂലിപ്പണിയാണ്. അഭിമന്യുവിനെക്കുറിച്ചുള്ള ഓർമ്മകൾ മറുനാടൻ മലയാളിയുമായി സഹോദരനും പങ്കുവെച്ചു. മുന്നരയോടെ പാർട്ടി പരിപാടി കഴിഞ്ഞെത്തിയ, അഭിമന്യു കോളേജിലേക്ക് പോകണമെന്നാണ് പറഞ്ഞത്. ഒരു മുന്നൂറ് രൂപ സംഘടിപ്പിച്ച് തരുമോയെന്നായിരുന്നു അവൻ ചോദിച്ചത്. നാട്ടിലെ ചെരുപ്പ് കടയിൽ നിന്ന് അഞ്ഞൂറ് രൂപ വാങ്ങിച്ച് കൊടുത്തു. നാലരയ്്ക്ക് മൂന്നാറിലേക്കുള്ള കെ.എസ്.ആർ.ടി.സി ഇല്ലാത്തതിനാൽ, വട്ടവട ബസ് സറ്റ്ാന്റിൽ നിന്ന് എറണാകുളത്തേക്ക് പച്ചക്കറിയുമായി പോകുന്ന വണ്ടിയിൽ കയറി പോയി. പതിനൊന്ന് മണിയാകുമ്പോൾ വിളിച്ചു.

 

എറണാകുളത്ത് എത്തിയെന്നും, ഹോസ്റ്റലിലേക്ക് നടന്ന് പോയിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ( ഈ സമയം അമ്മ വീണ്ടും വിങ്ങിപ്പൊട്ടി) പിന്നെ രാത്രി രണ്ടരയോടെ ഒരു കോൾ വന്നു. അഭി്‌ക്കൊരു ആക്‌സിഡന്റ് പറ്റി നിങ്ങൾ വരണമെന്ന് പറഞ്ഞു. പുലർച്ചെ ആശുപത്രിയിൽ എത്തിയപ്പോഴാണ് അവൻ മരിച്ച വിവരം പറയുന്നത്. ജ്യേഷ്ഠൻ സങ്കടം ഉള്ളിൽ കടിച്ചമർത്തി പറഞ്ഞു നിർത്തി.

ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്താണ്, കണ്ണൂരിൽ നിന്നുള്ള മൂന്ന് സഖാക്കൾ, വീട്ടുകാർക്ക് സമർപ്പിക്കാൻ, അഭിയുടെ വലിയൊരി ചിത്രവുമായി അവിടെയെത്തിയത്. വീട്ടിൽ നിൽക്കുന്നവരെ പരിചയപ്പെട്ടപ്പോൾ, കണ്ണൂരിൽ നിന്നും മലപ്പുറത്തും നിന്നും തിരുവനന്തപുരത്ത് നിന്നടക്കം ആളുകൾ ആ വീട്ടുമുറ്റത്ത് ഉണ്ട്. പലർക്കും ആ കുടുംബത്തെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അറിയാതെ, മാറി നിൽക്കുന്നു. വീടിന് പുറത്തായി കണ്ണെത്തുന്ന ദൂരത്തെ ഭിത്തിൽയിൽ അരിവാൾ ചുറ്റിക നക്ഷത്രം വരച്ച് വെച്ചിട്ടുണ്ട്.

കൊറ്റക്കാമ്പൂരിൽ, സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും അടക്കം വിവിധ പ്രസ്ഥാനങ്ങളുടെ കൊടികൾ ആകാശത്തിൽ ഉയർന്ന് പാറുന്നുണ്ട്. വീട്ടിൽ നിന്ന് ഏകദേശം അരകിലോമീറ്റർ മാറി, പഞ്ചായത്തിന്റെ സ്ഥലത്താണ്, അഭിമന്യുവിനായി ചിതയൊരുക്കിയത്. വീട്ടിൽ ആശ്വാസവാക്കുകളുമായി എത്തുന്നവരെല്ലാം, അവിടെ പോയി, അഭിമന്യുവിന് അഭിവാദ്യമർപ്പിച്ചാണ് മടങ്ങുന്നത്. എരിഞ്ഞടങ്ങിയ ചിതയ്ക്ക് സമീപത്തായി അവന്റെ പ്രസ്ഥാനത്തിന്റെയടക്കം നിരവധി റീത്തുകൾ കൂടിക്കിടക്കുന്നുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP