Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്ങന്നൂരിൽ മുങ്ങിക്കൊണ്ടിരിക്കുന്നത് ഇരുപതിനായിരം വീടുകൾ; ജീവന്റെ തുരുത്ത് തേടി വള്ളത്തിൽ കയറി പരിശോധിച്ച് നാട്ടുകാർ; ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം കണ്ട് ദുരിതം തുടങ്ങിയിരിക്കുന്നതേയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് നിശബ്ദമായി സഹിച്ചത് കുട്ടനാടുകാർ; മഹാപ്രളയത്തിൽ നിന്നും ആലപ്പുഴ ജില്ലയ്ക്കും ശാപമോക്ഷമില്ല

ചെങ്ങന്നൂരിൽ മുങ്ങിക്കൊണ്ടിരിക്കുന്നത് ഇരുപതിനായിരം വീടുകൾ; ജീവന്റെ തുരുത്ത് തേടി വള്ളത്തിൽ കയറി പരിശോധിച്ച് നാട്ടുകാർ; ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം കണ്ട് ദുരിതം തുടങ്ങിയിരിക്കുന്നതേയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് നിശബ്ദമായി സഹിച്ചത് കുട്ടനാടുകാർ; മഹാപ്രളയത്തിൽ നിന്നും ആലപ്പുഴ ജില്ലയ്ക്കും ശാപമോക്ഷമില്ല

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: മഴ കലിതുള്ളി പെയ്യുമ്പോൾ മഹാപ്രളയത്തിൽ വലയുകയാണ് ആലപ്പുഴ ജില്ല. സംസ്ഥാനത്തിനായി അന്നമൊരുക്കുന്ന കുട്ടനാട് ചരിത്രത്തിൽ കാണാത്ത വിധമുള്ള പ്രളയത്തിന് സാക്ഷിയാകുകയാണ്. മിക്ക പ്രദേശങ്ങളിൽ നിന്നും ആളുകൾ ഒഴിഞ്ഞു പോയിരിക്കുന്നു. വീടിന്റെ മേൽക്കൂരയല്ലാതെ മറ്റൊന്നും കാണാൻ സാധിക്കാത്ത അവസ്ഥയാണ്.ഡാമുകൾ തുറന്ന് വിട്ടതോടെ പ്രളയ ഭീഷണി ഏറെ നേരിടുന്ന പ്രദേശം കൂടിയായി മാറിയിരിക്കുകയാണ് കുട്ടനാട്. മഴ കനത്തതിനെ തുടർന്ന് പമ്പ, മണിമല എന്നീ നദികളിലൂടെ കിഴക്കൻ വെള്ളം നിറഞ്ഞൊഴുകിയത് കുട്ടനാടിനെ മുക്കിയിരിക്കുകയാണ്. എ.സി റോഡ് വെള്ളത്തിനടിയിലായതോടെ ജനങ്ങൾക്ക് യാത്രയും ദുരിതത്തിലായിരിക്കുകയാണ്.

ആലപ്പുഴ ജില്ല തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. കൈനകരി, മുട്ടാർ, പുളിങ്കുന്ന് പഞ്ചായത്തുകളുൾപ്പെടെ വെള്ളം കയറുന്ന പഞ്ചായത്തുകളിൽ നിന്നു ജനങ്ങളോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്. ആലപ്പുഴ-ചങ്ങനാശേരി റോഡ് (എസി) പൂർണമായും വെള്ളത്തിലായി. ഉയരമുള്ള പാലങ്ങൾ മാത്രമാണ് ഈ പാതയിൽ വെള്ളക്കെട്ടിലാകാതെയുള്ളത്. മറ്റ് ഇടറോഡുകളും പൂർണമായി വെള്ളത്തിലാണ്.പ്രളയം ദുരിതം വിതച്ചിരിക്കുന്ന ചെങ്ങന്നൂരിൽ 20,000ൽ അധികം വീടുകൾ മുങ്ങിയ നിലയിലാണെന്നാണ് വിവരം. 

ബോട്ടിൽ ശരണം പ്രാപിച്ച് നൂറുകണക്കിനാളുകൾ, ദുരിതാശ്വാസ ക്യാമ്പിലും ദുരിതം !

കുട്ടനാടിനു പുറത്തേക്കു പോകാൻ ബോട്ട് സൗകര്യം ലഭിക്കാതെ നൂറുകണക്കിനാളുകൾ ബോട്ട് ജെട്ടികളിൽ കാത്തു നിൽപ്പാണ്. പുറംലോകവുമായി കുട്ടനാടിന്റെ ഏക ബന്ധം ജലഗതാഗത വകുപ്പിന്റെ ബോട്ട് ആണ്. പരിധിയിലധികം യാത്രക്കാരുമായാണു ബോട്ടുകൾ സഞ്ചരിക്കുന്നത്. കിട്ടുന്ന ബോട്ടിൽ കയറി ആലപ്പുഴയിലേക്കോ ചങ്ങനാശേരിയിലേക്കോ പലായനം ചെയ്യുകയാണു കുട്ടനാട്ടുകാർ. കിടങ്ങറയിൽ താഴ്ന്നു കിടക്കുന്ന കെസി പാലം ബോട്ടുകളുടെ സഞ്ചാരത്തിനു തടസ്സമാകുന്നുണ്ട്.

പലയിടത്തും ജനങ്ങൾ ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കി പൊതുവായ പാചകപ്പുരകളിലാണു ഭക്ഷണം പാകം ചെയ്യുന്നത്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തു പാചകപ്പുരകൾ തയാറാക്കിയ ബോട്ട് ജെട്ടികളിൽ ഇപ്പോൾ വെള്ളം നിറഞ്ഞു. പലയിടത്തും പാചകത്തിനാവശ്യമായ വിറകോ പാചകവാതകമോ ഇല്ല. ചിലയിടങ്ങളിൽ ശുദ്ധജലം കിട്ടാത്തതിനാൽ മഴവെള്ളവും ആറ്റിലെ വെള്ളവുമാണു പാചകത്തിനുപയോഗിക്കുന്നത്.


പ്രളയത്തിൽ വിറങ്ങലിച്ച് ചെങ്ങന്നൂർ

പമ്പയാറ് അഞ്ചു കിലോമീറ്ററോളം വിസ്തൃതിയിൽ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ചെങ്ങന്നൂർ താലൂക്കിൽ 18,000-ൽ അധികം ആളുകൾ വീടുകളിൽ കുടുങ്ങിക്കിടക്കുന്നു. രണ്ടുനില വീടുകളുടെ മുകൾ നിലയിലും ഒന്നാംനിലയിടെ മട്ടുപ്പാവിലും ഉയർന്ന സ്ഥലങ്ങളിലുമായാണ് ആളുകൾ പ്രാണഭീതിയോടെ കഴിയുന്നത്. ആറിനോട് ചേർന്നുള്ള ഭാഗങ്ങളിലാണ് സ്ഥിതി അതിരൂക്ഷമായത്. കരകവിഞ്ഞൊഴുകുന്ന ആറ്് ചെങ്ങന്നൂർ നഗരം അക്ഷരാർഥത്തിൽ മുക്കിക്കളഞ്ഞു. എം.സി. റോഡിൽ വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഗതാഗതം തടസപ്പെട്ടു. നഗരത്തിലെ കടകളിലെല്ലാം വെള്ളം കയറി. റെയിൽവേ സ്റ്റേഷനിൽനിന്നും പുറത്തിറങ്ങാൻ കഴിയുന്നില്ല. ഇനിയും വെള്ളം ഉയർന്നാൽ വലിയ ദുരന്തമുണ്ടാകുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.

പമ്പായറിന്റെ തീരത്തെ 50,000-ൽ അധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇവരിൽ മുപ്പതിനായിരത്തിൽ അധികം പേരെയും വ്യാഴാഴ്ച വൈകുന്നേരത്തോടെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. കൊല്ലം മുതൽ ആലപ്പുഴ വരെയുള്ള തീരദേശത്തെ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ട് നിൽക്കുന്നത്.ലോറിയിലും മറ്റുമായി ബോട്ടുകൾ ചെങ്ങന്നൂരിൽ എത്തിക്കുകയാണ്. വ്യാഴാഴ്ചരാത്രി വൈകിയും രക്ഷാ പ്രവർത്തകരുടെ പ്രവാഹമാണ്. ഇവർ നാട്ടുകാർക്കൊപ്പം ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മംഗലം, വാഴാർമംഗലം, വന്മഴി, ഇടനാട്, കോടിയാട്ടുകര, തിരുവൻവണ്ടൂർ, ബുധനൂർ, പാണ്ടനാട്, മാന്നാർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആളുകൾ കുടുങ്ങിയിട്ടുണ്ട്.

പ്രധാനറോഡുകളും നാട്ടുവഴികളുമെല്ലാം വെള്ളത്തിലാണ്. പമ്പയാറിന്റെ വടക്കേക്കരയിലെ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണ്. രക്ഷാബോട്ടുകൾക്ക് ആറ്ുകടക്കാൻ കഴിയുന്നില്ല. ആറ്റിൽ അത്രയ്ക്ക് ശക്തമായ ഒഴുക്കാണ്. പമ്പയാറ്റിലെ ഇടനാട് പാലത്തിലും വെള്ളംകയറി. ഇതോടെയാണ് വടക്കേകരയിലുള്ള ഗ്രാമങ്ങൾ ഒറ്റപ്പെട്ടുപോയത്. കൂടുതൽ ആളുകൾ വീടുകളിൽ കുടുങ്ങിക്കിടക്കുന്നത് ഈ പ്രദേശങ്ങളിലാണ്.ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെ മുങ്ങിയ നിലയിലാണ്. ഇതിനാൽ ബുധനാഴ്ച രാത്രിതന്നെ വൈദ്യുതി മുടങ്ങി. ഇതോടെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ പോലും കഴിയുന്നില്ല. ഒരുസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നവർ കൂട്ടത്തിൽ ഒരാളുടെ ഫോൺ മാത്രം ഉപയോഗിച്ചാണ് പുറം ലോകവുമായി ബന്ധപ്പെടുന്നത്.

വീടുകളിൽ അകപ്പെട്ടവരുടെ ബന്ധുക്കൾ വ്യാഴാഴ്ച പുലർച്ചേ മുതൽ ചെങ്ങന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ തടിച്ചുകൂടി നിൽക്കുകയാണ്- തങ്ങളുടെ പ്രിയപ്പെട്ടവരെ കരയെത്തിക്കണമെന്ന അപേക്ഷയോടെ. അഗ്‌നിരക്ഷാ സേനയുടെയും നാവിക സേനയുടെയും ബോട്ടുകൾ മാത്രമായിരുന്നു ആദ്യഘട്ടത്തിലുണ്ടായിരുന്നത്. കൂടുതൽ അപകടകരമായ സാഹചര്യമുള്ള സ്ഥലങ്ങളിലേക്ക് മാത്രമാണ് ഇവ വിട്ടത്. ഇതോടെ പലരും അധികൃതർക്ക് മുന്നിൽ പൊട്ടിക്കരയുകയായിരുന്നു.

മത്സ്യത്തൊഴിലാളികൾ ഫൈബർ ബോട്ടുകളുമായി വന്നതോടൊയാണ് പ്രതിസന്ധിക്ക് അൽപ്പമെങ്കിലും പരിഹാരമായത്. വീടുകളിലും ഉയരമുള്ള പ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്നവരിൽ ഫോണിലും ബന്ധുക്കൾ വഴിയും പഞ്ചായത്ത് അംഗങ്ങൾ മുഖേനേയും റവന്യൂ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടവരുടെ കണക്ക് മാത്രമാണ് അധികൃതർക്കുള്ളത്. ഒറ്റപ്പെട്ട കോളനികളിലും മറ്റ് പ്രദേശങ്ങളിലുമായി പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത ധാരാളം പേരുണ്ട്.

ചെങ്ങന്നൂർ- കോഴഞ്ചേരി റോഡിലെ സബ് സ്റ്റേഷന് സമീപം, ബി.എസ്.എൻ.എൽ. എക്സ്ചേഞ്ചിന് സമീപം, എം.സി. റോഡിലെ മുണ്ടൻകാവ് തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് ഉൾപ്രദേശങ്ങളിലേക്ക് രക്ഷാബോട്ടുകൾ പോയത്. നൂറുകണക്കിന് ആളുകളാണ് ഇവിടെ തങ്ങളുടെ പ്രിയപ്പെട്ടവർ രക്ഷപ്പെട്ടെത്തുമെന്ന പ്രതീക്ഷയോടെ രാവിലെമുതൽ കാത്തുനിന്നത്. കരയെത്തുന്നവരെ ഉടനെ ദുരിതാശ്വാസ ക്യാമ്പുകളിലെക്കോ ബന്ധുവീടുകളിലേക്കോ മാറ്റുകയായിരുന്നു. റോഡിലെല്ലാം വെള്ളമായതിനാൽ ടിപ്പർ ലോറികളിലും നാഷണൽ പെർമിറ്റ് ലോറികളിലുമായാണ് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP