Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരിയാർ ദിശമാറി ഒഴുകിയപ്പോൾ കുഞ്ഞുണ്ണിക്കര തകർന്നടിഞ്ഞു; പെരിയാറിന്റെ തീരത്ത് 25 അടിയിലേറെ ആഴത്തിൽ രണ്ടര ഏക്കറിലേറെ ഭൂമി ഒഴുകിപ്പോയി; ഉടുമ്പൻ ചോലയിൽ മണ്ണിടിച്ചിലിനൊപ്പം ഭൂമിയും വിണ്ടു കീറുന്നു; രണ്ടാൾ താഴ്‌ച്ചയിൽ ഭൂമി ഇരുന്നു പോയെന്നും സൂചന; മഴക്കെടുതിക്ക് ശേഷവും പുറത്ത് വരുന്നത് ദുരിതത്തിന്റെ വിവരങ്ങൾ

പെരിയാർ ദിശമാറി ഒഴുകിയപ്പോൾ കുഞ്ഞുണ്ണിക്കര തകർന്നടിഞ്ഞു; പെരിയാറിന്റെ തീരത്ത് 25 അടിയിലേറെ ആഴത്തിൽ രണ്ടര ഏക്കറിലേറെ ഭൂമി ഒഴുകിപ്പോയി; ഉടുമ്പൻ ചോലയിൽ മണ്ണിടിച്ചിലിനൊപ്പം ഭൂമിയും വിണ്ടു കീറുന്നു; രണ്ടാൾ താഴ്‌ച്ചയിൽ ഭൂമി ഇരുന്നു പോയെന്നും സൂചന; മഴക്കെടുതിക്ക് ശേഷവും പുറത്ത് വരുന്നത് ദുരിതത്തിന്റെ വിവരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിൽ കനത്ത മഴയ്ക്ക് ശമനം വന്നെങ്കിലും തുടർച്ചയായി ദുരിതങ്ങൾ വേട്ടയാടുന്ന കഥയാണ് പുറത്ത് വരുന്നത്. കൊച്ചിയിലെ കുഞ്ഞുണ്ണിക്കരയെന്ന പ്രദേശം പെരിയാർ ദിശ മാറി ഒഴുകിയതിനെ തുടർന്ന് തകർന്നടിഞ്ഞിരുന്നു. ഈ ഭാഗത്തെ മിക്ക വീടുകൾക്കും നാശനഷ്ടമുണ്ടാകുകയും വൻ മരങ്ങൾ കടപുഴകുകയും ചെയ്തിരുന്നു. വലിയ മരത്തടികളും പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങളും ഇവിടെ കുമിഞ്ഞു കൂടി. ഈ ഭാഗത്ത് 25 അടിയിലേറെ ആഴത്തിലാണ് രണ്ടര ഏക്കർ സ്ഥലത്തെ മണ്ണ് ഒഴുകിപ്പോയത്. ഇതിന തുടർന്ന് വലിയ ഗർത്തങ്ങളാണ് ഇവിടെ രൂപപ്പെട്ടത്. മുൻപ് ഇവിടെയുണ്ടായിരുന്ന ചന്തക്കകടവ് നിലവടി റോഡിന്റെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
ഈ റോഡിന്റെ മറ്റുള്ള ഭാഗങ്ങളെല്ലാം കനത്ത ഒഴുക്കിൽ എവിടെയോ പോയി മറഞ്ഞു. ശേഷിച്ച റോഡിന്റെ അവശിഷ്ടമാണിത്. മാർത്താണ്ഡവർമ പാലം ഭാഗത്തുനിന്ന് കായലിലേക്ക് ഒഴുകുന്ന പെരിയാർ കുഞ്ഞുണ്ണിക്കരയുടെ തീരത്തൂടെ വളഞ്ഞ് ഒഴുകിയിരുന്നു.

പ്രദേശം 12 അടിയോളം ഉയരത്തിലുമായിരുന്നു. ഈ മണ്ണ് ആദ്യമേ ഒലിച്ചുപോയി. ഇതിന്റെ കൂടെ വൻ ഗർത്തങ്ങൾ സൃഷ്ടിച്ചാണ് ബാക്കിയുള്ള മണ്ണ് ഒലിച്ചുപോയത്. ഒഴുക്കിലും വെള്ളത്തിലും പെട്ട് പ്രദേശം മൂന്നു ദിവസത്തോളം ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു. നേവിക്കു പോലും സഹായത്തിനായി ഈ നാട്ടുകാരെ തേടിയെത്താനായില്ല. അത്തരം അപകടകരമായ സ്ഥിതിയിലൂടെയാണ് മൂന്നുദിവസം കുഞ്ഞുണ്ണിക്കര കടന്നുപോയത്. വൻ ഒഴുക്കിൽ കുഞ്ഞുണ്ണിക്കരയിലെ വീടുകളുടെയെല്ലാം അടിത്തറയ്ക്ക് കാര്യമായ തകരാർ വന്നിട്ടുണ്ട്. വൻ മരങ്ങളുടെ ഒരു കൂട്ടം ഒഴുക്കിന് തടസ്സമായി പെരിയാറിന്റെ തീരത്ത് കിടന്നതുകൊണ്ട് മാത്രമാണ് ഈ പ്രദേശത്തെ വീടുകൾ നിലംപതിക്കാതെ നിന്നത്. എന്നാൽ വീട്ടിനകത്തെ സർവ സാധനങ്ങളും വെള്ളം കയറി നശിച്ചു.

രണ്ടര ഏക്കറോളം ഭാഗത്തുനിന്ന് കുത്തിയൊലിച്ചു പോയ പ്രദേശത്തെ മണ്ണും ചെളിയും കുഞ്ഞുണ്ണിക്കരയിലെ മറ്റ് പ്രദേശങ്ങളിലേക്ക് തന്നെ എത്തി. ഇതോടെ കുഞ്ഞുണ്ണിക്കരയിലേക്കുള്ള റോഡിലൂടെയുള്ള ഗതാഗതവും ദുരിതമായി മാറി. മുട്ടറ്റം ചെളിയാണ് പല ഭാഗത്തുമുള്ളത്. ചെളി മാറ്റനായി ജെ.സി.ബി. കിട്ടാനുമില്ല. വീട്ടുപരിസരം മുഴുവൻ ചെളിയിൽ നിറഞ്ഞ് കിടക്കുകയാണ്. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കുഞ്ഞുണ്ണിക്കരയിൽ 14-നു തന്നെ നാലുഭാഗത്തു നിന്നും വെള്ളം ഉയർന്നിരുന്നു. ഇതിനോടൊപ്പമാണ് അപ്രതീക്ഷിതമായി പെരിയാറിന്റെ ദിശ മാറിയുള്ള കുത്തൊഴുക്ക്. പെരിയാറിന്റെ കരയിൽ എത്രയും വേഗം ശക്തമായ ഭിത്തി കെട്ടണം, അല്ലെങ്കിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ കുഞ്ഞുണ്ണിക്കര എന്ന പ്രദേശം ഇനിയൊരു ഒഴുക്കുണ്ടായാൽ നാമാവശേഷമാകുമെന്ന് വാർഡ് മെമ്പർ ഷുഹൈബ് പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഉടുമ്പൻചോല രാജാക്കാട് പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലും ഭൂമി വിണ്ടു കീറലും സംഭവിക്കുന്നുവെന്ന് വാർത്തകൾ പുറത്ത് വരുന്നത്. ഇത് കൂടാതെ രണ്ടാൾ താഴ്‌ച്ചയിൽ ഭൂമി ഇരുന്ന് പോയ സംഭവമുണ്ടായെന്നും പ്രദേശ വാസികൾ പറയുന്നു. ഈ ഭാഗത്ത് നിന്നും നിരവധി പേർ താമസിക്കുന്ന വീടുവിട്ട് ക്യാമ്പുകളിലേക്ക് താമസം മാറ്റി. തൊടുപുഴയിൽനിന്ന് മൈനിങ് ആൻഡ് ജിയോളജി സംഘം പ്രദേശങ്ങളിലെത്തി സ്ഥിതിഗതി വിലയിരുത്തി. മുമ്പെങ്ങുമില്ലാത്തവിധം ശബ്ദത്തോടെ ഭൂമി പൊട്ടിയത് പഠനവിധേയമാക്കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു.

റോഡ് പിളർന്നുമാറിയത് സംബന്ധിച്ച് ജിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിലെ വിദഗ്ധരെക്കൊണ്ട് പഠനം നടത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാവടി, ഉടുമ്പൻചോല, ചെമ്മണ്ണാർ അടക്കമുള്ള സ്ഥലങ്ങളിൽ കിലോമീറ്റർ കണക്കിന് പ്രദേശങ്ങളാണ് വിണ്ടുകീറി വീടുകൾ നിലംപൊത്തിയത്. സേനാപതി ഗ്രാമപ്പഞ്ചായത്തിലെ വിവിധ മേഖലകളിൽ കിലോമീറ്ററോളം ദൂരത്തിലാണ് ഭൂമി കീറിയത്. സേനാപതി, കുളകോഴിച്ചാൽ മേഖലകളിലാണ് വ്യാപകമായി ഈ പ്രതിഭാസം. പല വീടുകളും അപകടാവസ്ഥയിലാണ്.

സംഭവത്തെ തുടർന്ന് കേളംകുഴിയിൽ മേഴ്സി ബേബി, അരമ്പിള്ളി ജോസ്, സാജു അരീക്കാട്ട് എന്നീ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇഞ്ചപ്ലാക്കൽ സിബി, ജോർജ് എന്നിവരുടെ വീടുകളും അപകടാവസ്ഥയിലായി. സേനാപതിയിലെ ശ്രീധരവിലാസം മധുസൂദനൻനായരുടെ ഏലത്തോട്ടത്തിൽ കിലോമീറ്ററോളം ഭൂമി വിള്ളൽവീണ് ഒരടി അകന്നിട്ടുണ്ട്. ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP