Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സധൈര്യം മഴയോട് പൊരുതി മലപ്പുറം; സൈന്യത്തിനൊപ്പം യുവാക്കളും രക്ഷാപ്രവർത്തനത്തിനായി കൈകോർക്കുന്നു; തിരൂർകാട് പള്ളിക്കെട്ടിടം തകർന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മണ്ണിടിച്ചിൽ രൂക്ഷമായ സ്ഥലങ്ങളിൽ പതറാതെ അഗ്നി ശമന സേനയുടെ രക്ഷാ ദൗത്യം തുടരുന്നു

സധൈര്യം മഴയോട് പൊരുതി മലപ്പുറം; സൈന്യത്തിനൊപ്പം യുവാക്കളും രക്ഷാപ്രവർത്തനത്തിനായി കൈകോർക്കുന്നു; തിരൂർകാട് പള്ളിക്കെട്ടിടം തകർന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മണ്ണിടിച്ചിൽ രൂക്ഷമായ സ്ഥലങ്ങളിൽ പതറാതെ അഗ്നി ശമന സേനയുടെ രക്ഷാ ദൗത്യം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: സംസ്ഥാനത്ത് ശക്തമായി മഴ തുടരുന്ന അവസ്ഥയിലും പതറാതെ പൊരുതുകയാണ് മലപ്പുറം. ജില്ലയുടെ മിക്കയിടങ്ങളിലും വീടുകളിൽ മരം വീണ് നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ മിക്കതും വെള്ളത്തിനടിയിലാണ്. വെള്ളം കയറി മണിക്കുറുകൾ പിന്നിട്ടടിട്ടും രക്ഷാപ്രവർത്തനം തുടരുകയാണ്. മിക്ക പ്രദേശത്തും യുവാക്കളുടെ കൂട്ടായ്മ അഗ്നി ശമന സേനയോടൊപ്പം നിന്നും രക്ഷാപ്രവർത്തനത്തിന് കൂടെ നിൽക്കുന്നുണ്ട്. സംസ്ഥാന പാതയിലുൾപ്പടെ വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
എടപ്പാൾ വട്ടംകുളം കാന്തള്ളൂർ കണ്ടത്ത് പുത്തൻവീട്ടിൽ മുണ്ടക്കുട്ടിയുടെ വീട് മരം വീണു പൂർണമായും തകർന്നു. സംസ്ഥാനപാതയിലെ കണ്ടനകം, കാളാച്ചാൽ പാടം എന്നിവിടങ്ങളിൽ വയലുകൾ നിറഞ്ഞ് റോഡ് മുങ്ങി. വെള്ളക്കെട്ടുമൂലം തൃശൂർ-കോഴിക്കോട് റൂട്ടിലെ പല ബസുകളും സർവീസ് നിർത്തിവച്ചു. ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രത്തിലെ തേവർ ക്ഷേത്രത്തിൽ പകുതിയോളം വെള്ളം ഉയർന്നു. സമീപത്തെ രണ്ടു കുളങ്ങളും നിറഞ്ഞൊഴുകി.

എടപ്പാൾ ടൗണിലെ പല വ്യാപാര സ്ഥാപനങ്ങൾക്കും അവധി നൽകി. പൊന്നാനി മേഖലയിൽ വെള്ളക്കെട്ട് ഉയർന്നതിനാൽ പല കുടുംബങ്ങളും എടപ്പാൾ വെങ്ങിനിക്കര വള്ളത്തോൾ കോളജിലേക്കു മാറി.മാണൂർ നടക്കാവ്-കാലടി റോഡിൽ ഇൻഡസ്ട്രിയൽ കെട്ടിടത്തിന്റെ നൂറു മീറ്ററോളം ഉയരമുള്ള മുകൾ ഭാഗത്തെ വഴി ഭാഗികമായി തകർന്ന് ഇരുനിലകെട്ടിടത്തിനു മുകളിൽ പതിച്ചു. രാവിലെ ഏഴോടെയാണ് നാലകത്ത് അബൂബക്കറിന്റെ ഉടമസ്ഥതയിലെ കെട്ടിടം തകർന്നത്. ഇരുപതോളം വീടുകളിലേക്കുള്ള വഴിയാണിത്. ഇതോടെ ഈ മേഖലയിലുള്ളവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മാണൂരിനും നടക്കാവിനും ഇടയിൽ ഭാരതീയ വിദ്യാഭവന്റെ മുൻവശത്തെ കൂറ്റൻ മതിൽ ഇടിഞ്ഞ് താഴെയുള്ള മാർബിൾ കടയുടെ പിറകുവശത്തേക്ക് വീണു. 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കാടഞ്ചേരി കളരിക്കൽപടി വേലായുധന്റെ വീട്ടിൽ തൊട്ടടുത്ത മതിൽ ഇടിഞ്ഞുവീണു. ഭിത്തിയും ജനലുകളും മറ്റും തകർന്നു. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ചങ്ങരംകുളം മേഖല പൂർണമായും ഒറ്റപ്പെട്ടു.

കടവല്ലൂർ പാടത്തും സ്രായിക്കടവത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചാലിശ്ശേരി, ചെറവല്ലൂർ മഴുപ്പുറം, മൂക്കുതല മഠത്തിപാടം, പന്താവൂർ കക്കിടിക്കൽ റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. വളയംകുളം മാങ്കുളത്ത്‌നിന്ന് 60 കുടുംബങ്ങളെയും ചെറവല്ലൂർ തുരുത്തിലെ 13 കുടുംബങ്ങളെയും കൂരിക്കാടിലെ 11 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറിയതിനെ തുടർന്ന് വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളിൽ ആയിരത്തോളം കുടുംബങ്ങൾ പെരുവഴിയിൽ. മുന്നൂറോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപിലേക്ക് മാറി. അയിരൂർ, തെക്കൻ തിയ്യം, കോടത്തൂർ, പെരുമ്പടപ്പ്, പാലപ്പെട്ടി, പുതിയിരുത്തി മേഖലകളിലെ 200 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.വെളിയങ്കോട് പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയും കിഴക്കൻ മേഖലയും ഒറ്റപ്പെട്ട അവസ്ഥയിലാണ്. 274 പേരാണ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താമസം മാറിയത്. കനാലിന് സമീപത്തെ ശ്രിലങ്കൻ കോളനി, ഗ്രാമം ലക്ഷം വീട്. പഴഞ്ഞി തീരമേഖലയായ പത്തുമുറി, തണ്ണിത്തുറ, കോളിനോടേ ചേർന്നുള്ള നരണിപ്പുഴ, പത്തിരം ദ്വീപ്എന്നിവിടങ്ങളിൽ വെള്ളം കയറി. 60 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ്, മാരമുറ്റം, പത്തായി, കുണ്ടുകടവ് മേഖലയിലെ 250 വീടുകളിലാണ് വെള്ളം കയറിയത്.


പൊന്നാനി-ഗുരുവായൂർ സംസ്ഥാനപാതയിലും പാലപ്പെട്ടി-പാറപ്പാതയിലും റോഡിലെ വെള്ളക്കെട്ടിനെ തുടർന്ന് ബസുകൾ സർവീസ് നിർത്തിവച്ചു. പൊന്നാനി-ഗുരുവായൂർ പാതയിലെ നയരങ്ങാടി, താഴത്തേൽപടി, കുമ്മിപ്പാലം എന്നിവിടങ്ങളിൽ ശക്തമായ മഴയിൽ വെള്ളം കയറുകയായിരുന്നു. കുട്ടാടൻ പാടം കവിഞ്ഞൊഴുകിയതോടെ അയിരൂർ കല്ലറ പാലത്തിന് സമീപം വെള്ളക്കെട്ട് ഉണ്ടായതോടെ പാലപ്പെട്ടിയിൽനിന്ന് പാറയിലേക്ക് വരുന്ന പ്രധാന റോഡ് വെള്ളത്തിനിടയിലായി. പൊന്നാനി-കുന്നംകുളം റൂട്ടിലും ബസുകൾ സർവീസ് നടത്തിയില്ല.ഭാരതപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് കുറ്റിപ്പുറത്തെയും തവനൂരിലെയും പുഴയോര പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കുറ്റിപ്പുറം ബസ് സ്റ്റാൻഡിലേക്കും പരിസര പ്രദേശങ്ങളിലേക്കും അഴുക്കുചാലിലൂടെ വെള്ളം ഇരച്ചുകയറി.

കുറ്റിപ്പുറം-പേരശ്ശനൂർ പാതയിലെ എടച്ചലത്ത് അരക്കിലോമീറ്ററോളം ഭാഗം റോഡ് മുങ്ങി. ഇതുവഴിയുള്ള ഗതാഗതം നിലച്ചു. സമീപത്തെ ഫാമുകളിൽ ജോലിചെയ്തിരുന്നവരെ തോണികളിലാണ് രക്ഷപ്പെടുത്തിയത്. പ്രദേശത്തെ ഒട്ടേറെ വീടുകളിലേക്കും വെള്ളം കയറി. കടലുണ്ടിപ്പുഴയും സമീപത്തെ തോടുകളും കരകവിഞ്ഞതോടെ മിക്കയിടത്തും നാശനഷ്ടം. കൃഷിയിടങ്ങൾ വെള്ളത്തിലായി. തെന്നല വില്ലേജിനു കീഴിലെ വാളക്കുളം, തിരുത്തി, പെരുമ്പുഴ ഭാഗങ്ങളിലെ 40 വീടുകളിൽ വെള്ളം കയറി. കൃഷിനാശവുമുണ്ട്. എടരിക്കോട് പഞ്ചായത്തിൽ പുതുപറമ്പ്, മഞ്ഞാമാട്, ചെട്ടിയാർപടി, അമ്പലവട്ടം, ചെറുശോല ഭാഗങ്ങളിലായി 81 വീടുകളിൽ വെള്ളം കയറി. കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാർപ്പിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.സുബൈർ തങ്ങൾ അറിയിച്ചു.

പെരുമണ്ണക്ലാരി പഞ്ചായത്തിലെ കുറുകത്താണിയിൽ മതിൽ ഇടിഞ്ഞുവീണതിനെ തുടർന്ന് രണ്ടു വീടുകൾക്ക് ഭാഗികമായി കേടുപറ്റി. കിഴക്കിനകത്ത് ഭാഗത്ത് ഒട്ടേറെ വീടുകളിൽ വെള്ളം കയറി. പെരുമണ്ണക്ലാരി ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വെള്ളംകയറി. സമീപത്തെ റോഡിലും വെള്ളക്കെട്ടാണ്. ഏഴു കുടുംബങ്ങളെ സമീപത്തെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.എ.ജബ്ബാർ അറിയിച്ചു. തെന്നല അപ്ലയിൽ തെങ്ങ് വീണ് വീടിനു ഭാഗികമായി കേടുപറ്റി. രണ്ടു പേർക്കു നിസ്സാര പരുക്കേറ്റു. ചെറവന്നൂർ അത്താണിക്കലിലെ തട്ടാൻതൊടി ആസാദിന്റെ വീടിനോടു ചേർന്ന മതിൽ ഇടിഞ്ഞുവീണു. റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് കടുങ്ങാത്തുകുണ്ട് -തിരൂർ റോഡിൽ മീശപ്പടി മുതൽ പയ്ചനങ്ങാടി വരെ ഗതാഗതം തടസ്സപ്പെട്ടു. തെക്കത്തിൽപാറ ചക്കാലക്കൽ കറപ്പൻകുട്ടിയുടെ കിണർ ഇടിഞ്ഞുതാഴ്ന്നു. പൊന്മുണ്ടം ജുമാമസ്ജിദിനു സമീപത്തെ പ്ലാവ് റോഡിലേക്കു വീണ് ഗതാഗതം മുടങ്ങി. വൈദ്യുതിക്കാലും തകർന്നു. കുളങ്ങരയിൽ റോഡും ട്രാൻസ്‌ഫോമറും വെള്ളത്തിലാണ്.

പുറത്തൂർ, മംഗലം, തൃപ്രങ്ങോട്, വെട്ടം എന്നിവിടങ്ങളിലെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. തിരുനാവായയിൽ കുറ്റിപ്പുറം റോഡിൽ ഗതാഗതം നിലച്ചു. തൃപ്രങ്ങോട് ചെറിയപറപ്പൂർ നദീനഗർ കോളനി പൂർണമായും വെള്ളത്തിനടിയിലായി. മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. ചമ്രവട്ടംപാതയിൽ ആലിങ്ങലിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. തിരൂർ ഇരിങ്ങാവൂർ റോഡിലും വെള്ളം കയറി ദിശയറിയാതെ വാഹനങ്ങൾ കുടുങ്ങി. തിരൂർ-പൊന്നാനി പുഴ കരകവിഞ്ഞതിനെ തുടർന്ന് ഒട്ടേറെ കൃഷിനാശവും സംഭവിച്ചു. കനോലി കനാൽ വഴി വെള്ളം ശക്തിയിൽ ഒഴുകിയെത്തി നാശനഷ്ടമുണ്ടായി. ഭാരതപ്പുഴയോരത്തെ തിരുനാവായ,തൃപ്രങ്ങോട്, ചമ്രവട്ടം, പുറത്തൂർ ഭാഗങ്ങളിലെ അനധികൃത കയ്യേറ്റങ്ങളെല്ലാം പുഴയിൽ ലയിച്ചു. തിരൂർ- പൊന്നാനി പുഴയോരത്ത് ബണ്ടുകൾ കെട്ടി ചെളിനിറച്ച്‌നികത്തിയ ഏക്കറുകളോളം സ്ഥലം ഒലിച്ചുപോയി. വെള്ളം പൊങ്ങി റോഡ് കാണാതായതോടെ ചമ്രവട്ടംപാതിയിലും പുറത്തൂർ, കാവിലക്കാട്, ഇരിങ്ങാവൂർ എന്നിവിടങ്ങളിൽ അപകടം. തിരൂരിൽ ആരാധനാലയങ്ങളിലെ ചടങ്ങുകളും വിവിധ പരിപാടികളും ഒഴിവാക്കി. ഇന്നലെ പുറത്തൂരിൽ വെള്ളം കയറിയതിനെ തുടർന്ന് പുതിയ വീട്ടിലേക്ക് താമസം മാറ്റൽ ചടങ്ങ് ഒഴിവാക്കി ഭക്ഷണത്തിനായി കൊണ്ടുവന്ന സാധനങ്ങൾ ദുരിതാശ്വാസ ക്യാംപിലേക്കു നൽകി. പുറത്തൂർ മുനമ്പത്ത് ബിജുവിന്റെ വീട്ടിലാണ് വെള്ളം കയറിയത്.

തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ ഇന്നു നടക്കേണ്ട ഋഗ്വേദ ലക്ഷാർച്ചന മാറ്റിവച്ചു. ചമ്രവട്ടം അയ്യപ്പക്ഷേത്രം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ചടങ്ങുകൾ എല്ലാം മാറ്റി. തിരുനാവായ നവാമുകുന്ദ ക്ഷേത്രക്കടവിലെ ബലിതർപ്പണ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. തിരുനാവായ, പുറത്തൂർ ഭാഗങ്ങളിൽ വെള്ളപ്പൊക്കം. തീരദേശത്തെ 50 റോഡുകൾ വെള്ളത്തിൽ. പുറത്തൂർ ബസ് സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങി. നിർമ്മാണം തുടങ്ങിയ ചമ്രവട്ടംപാതയിലെ കോൺക്രീറ്റ് ഒലിച്ചുപോയി. ചമ്രവട്ടം പ്രോജക്ട് ഓഫിസ് കെട്ടിടത്തിലെ ദുരിതാശ്വാസ ക്യാംപിലും വെള്ളം കയറി. ഇന്നലെ രാത്രിയോടെ നുറോളം കുടുംബങ്ങളെ പൊന്നാനി എവി ഹൈസ്‌കൂളിലെ ക്യാംപിലേക്ക് മാറ്റി. ഉച്ചയ്ക്ക് ശേഷം ഭാരതപ്പുഴയിൽനിന്ന് വൻതോതിൽ വെള്ളം തീരഭാഗങ്ങളിലേക്ക് ഇരച്ചുകയറുകയായിരുന്നു. ചമ്രവട്ടം പാലം വഴിയുള്ള എറണാകുളം-കോഴിക്കോട് റൂട്ടിൽ ഗതാഗതം നിലച്ചു. നരിപ്പറമ്പിലും കരിമ്പനയിലും പുഴയിൽനിന്ന് വെള്ളം ശക്തമായ ഒഴുക്കോടെ ഇരച്ചുകയറുകയാണ്. താനൂർ മേഖലയിൽ ഇരുന്നൂറ്റൻപതോളം വീടുകളിൽ വെള്ളംകയറി. മൂന്നു ക്യാപുകൾ തുറന്നു.

മുക്കോല നടുവട്ടിത്തോട് കരകവിഞ്ഞ് ഐഎച്ച്ഡിപി, അംബേദ്കർ കോളനികൾ മുഴുവൻ വെള്ളത്തിൽമുങ്ങി. 53 കുടുംബങ്ങളെ പരിയാപുരം ജിഎൽപി സ്‌കൂൾ ക്യാംപിലേക്ക് മാറ്റി. താനൂരിൽ കടലാക്രമണം അതിശക്തമായി. തീരത്തെ നൂറുകണക്കിന് വീടുകൾക്ക് ചുറ്റും വെള്ളം തളംകെട്ടി. രണ്ടു ദിവസവും രാവലെ കടൽ ഉൾവലിഞ്ഞതും പരിഭ്രാന്തി പരത്തി. കനോലി കനാൽ നിറഞ്ഞൊഴുകുകയാണ്. തീരത്തുള്ളവർ ബന്ധുവീടുകളിലേക്കും ക്യാംപുകളിലേക്കും മാറി. താനാളൂരിൽ പാലക്കറ്റയാഴി നിറഞ്ഞൊഴുകിയതോടെ ദേവധാർ ഹൈസ്‌കൂളിൽ ക്യാംപ് ആരംഭിച്ചു. നിറമരുതൂരിൽ 300ന് അടുത്ത് വീടുകൾക്ക് നാശം നേരിട്ടു. ഒട്ടേറെ കുടുംബങ്ങൾ കോരങ്ങത്ത് എൽപി സ്‌കൂൾ ക്യാംപിലാണ്. ഒഴൂരിൽ വെള്ളംകയറി റോഡ് തന്നെ പൊളിച്ചുമാറ്റേണ്ടി വന്നു. കതിർക്കുളങ്ങരയിൽ 40 വീട്ടുകാരെ മാറ്റി. ഒഴൂരിൽ മരംവീണ് ഗതാഗതവും താറുമാറായി. ആൽബസാറിൽ വെള്ളം തളംകെട്ടിയത് ആശങ്ക പരത്തി. ചീരാൻകടപ്പുറത്ത് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ക്യാംപുകൾ വി.അബ്ദുറഹിമാൻ എംഎൽഎ സന്ദർശിച്ചു. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് അധികൃതരും അംഗങ്ങളും ക്യാംപുകളിലെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP