Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാരിക്കേഡിന് പകരം വലിയ വടവുമായി പത്തിൽ താഴെ വരുന്ന പൊലിസുകാർ നിരന്ന് നിന്നത് അപകടമുണ്ടാക്കി; സന്നിധാനത്തെ ആശുപത്രിയിൽ സൗകര്യമില്ലാത്തത് വെല്ലുവിളിയായി; മാളികപ്പുറത്തെ ദുരന്തത്തിൽ നിറയുന്നത് പുല്ലുമേടിൽ നിന്ന് പാഠം പഠിച്ചില്ലെന്ന യാഥാർത്ഥ്യം; പരസ്പരം പഴിചാരി പൊലീസും ദേവസ്വവും

ബാരിക്കേഡിന് പകരം വലിയ വടവുമായി പത്തിൽ താഴെ വരുന്ന പൊലിസുകാർ നിരന്ന് നിന്നത് അപകടമുണ്ടാക്കി; സന്നിധാനത്തെ ആശുപത്രിയിൽ സൗകര്യമില്ലാത്തത് വെല്ലുവിളിയായി; മാളികപ്പുറത്തെ ദുരന്തത്തിൽ നിറയുന്നത് പുല്ലുമേടിൽ നിന്ന് പാഠം പഠിച്ചില്ലെന്ന യാഥാർത്ഥ്യം; പരസ്പരം പഴിചാരി പൊലീസും ദേവസ്വവും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മാളികപുറത്തെ ദുരന്തത്തിൽ പൊലീസും ദേവസ്വം ബോർഡും പരസ്പരം പഴിചാരി രംഗത്ത്. ശബരിമലയിൽ സുരക്ഷയൊരുക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കള്ളക്കഥയാണെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ തന്നെ വിശദീകരിക്കുന്നു. പൊലീസ് ഇടപെട്ടതാണ് കൂടുതൽ അപകടങ്ങൾ ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ബാരിക്കേഡുകൾ ശക്തിപ്പെടുത്താൻ എ.ഡി.ജി.പി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയതായും എന്നാൽ നടപടിയുണ്ടായില്ലെന്നും ബെഹ്റ കൂട്ടിച്ചേർത്തു.

എന്നാൽ പൊലീസിനെ വേണ്ടത്ര നിയോഗിക്കാത്തതാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് ദേവസ്വം ബോർഡിന്റെ പക്ഷം. പൊലീസിന്റെ കൈവശമുണ്ടായിരുന്ന വടം വഴുതി വീണതാണ് അപകടത്തിന് കാരണം. അപകടം നടന്ന സ്ഥലത്ത് പത്തിൽ താഴെ പൊലിസുകാർ മാത്രമേ ഉണ്ടായിരുന്നുവുള്ളൂവെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു മാളികപ്പുറത്തിന് തൊട്ട് താഴെകാണുന്ന കുത്തനെയുള്ള ഈ സ്ഥലത്താണ് അപകടം നടന്നതെന്ന് ദേവസ്വം ബോർഡ് പറയുന്നു. ഇതിന് സമാനമായ റിപ്പോർട്ടാണ് സ്‌പെഷ്യൽ ബ്രാഞ്ചും നൽകിയതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി തന്നെ പൊലീസിനെ ന്യായീകരിച്ച് രംഗത്ത് വന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഡിജിപി തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ പുല്ലുമേട് ദുരന്തത്തിൽ നിന്നും ആരും ഒന്നും പഠിച്ചില്ലെന്നതിന് തെളിവാണ് ഇന്നലത്തെ ദുരന്തം. ഭാഗ്യം കൊണ്ട് മാത്രമാണ് വൻദുരന്തം ഒഴിവായത്. മാളികപ്പുറം ക്ഷേത്രത്തിൽ നിന്നും സമീപത്തെ വിരിപ്പന്തലിൽ നിന്നും സന്നിധാനത്തേക്ക് പോകാനിറങ്ങിയ അയ്യപ്പഭക്തരെ തടഞ്ഞ സ്ഥലത്താണ് ദുരന്തമുണ്ടായത്. ബാരിക്കേഡിന് പകരം വലിയ വടം ഉപയോഗിച്ച് പത്തിൽ താഴെ വരുന്ന പൊലിസുകാർ നിരന്ന് നിന്നു. കുത്തനെയുള്ള സ്ഥലമായതിനാൽ കൂട്ടത്തോടെ അയ്യപ്പഭക്തർ ഇറങ്ങി വന്നപ്പാൾ കൈയിൽ നിന്നും വടം വഴുതി.

ആദ്യം ഒരാൾ തലയിടിച്ച് വീണു. പിന്നാലെയെത്തിയവർ കൂട്ടത്തോടെ തെറിച്ച് വീണു. ആയിരക്കണക്കിനാളുകൾ കൂട്ടം കൂടിയ സ്ഥലത്ത് പത്തിൽ താഴെ പൊലിസുകാരെ മാത്രം വിന്യസിച്ചതാണ് അപകടത്തിന്റെ പ്രധാന കാരണം. അപകടത്തിൽപ്പെട്ട അയ്യപ്പന്മാരിൽ ഭൂരിഭാഗം പേർക്കും മതിയായ ചികിത്സ നൽകാനുള്ള സൗകര്യം സന്നിധാനം ആശുപത്രിയിലുണ്ടായിരുന്നില്ല. എക്സേറ യൂണിറ്റും അടിയന്തര ചികിത്സയ്ക്കുള്ള സംവിധാനവും സന്നിധാനം ആശുപത്രിയിലില്ല. ശ്വാസതടസം നേരിട്ട പലരെയും പമ്പയിലേക്കാണ് കൊണ്ടുപോയത്. അതായത് ദുരന്തമുണ്ടായാൽ നേരിടാനൊന്നും സന്നിധാനത്തെ ആശുപത്രിയിൽ ഇല്ല. ചെറിയ അസുഖങ്ങൾക്കുള്ള ചികിൽസ മാത്രമേ സന്നിധാനത്തെ ആശുപത്രിയിൽ ഉള്ളൂവെന്നാണ് ഇന്നലത്തെ ദുരന്തവും വ്യക്തമാക്കുന്നത്.

പൊലീസ് ഇടപെട്ടതാണ് കൂടുതൽ അപകടങ്ങൾ ഒഴിവാക്കിയതെന്നാണ് ഡിജിപിയുടെ നിലപാട്. സന്നിധാന ചുമതലയുള്ള ഐ.ജി ടി. ശ്രീജിത്ത് അപകടത്തെക്കുറിച്ച് അന്വേഷിക്കും. ബാരിക്കേഡ് തകർന്ന് അപകടമുണ്ടായപ്പോൾ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പൊലീസുകാരുടെ സമയോജിത ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചെതെന്ന് സന്നിധാനം ചുമതലയുള്ള ഐ.ജി ടി. ശ്രീജിത്ത് പറഞ്ഞു. ബാരിക്കേഡ് തകർന്ന് ഭക്തർ മറിഞ്ഞു വീണപ്പോൾ ബാക്കിയുള്ളവരെ വടം കെട്ടി നിയന്ത്രിച്ചതായും പരിക്കേറ്റവരെ ആശുപത്രിയെലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന തൊഴാൻ വൻ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. എന്നാൽ ഈ സമയം മാളികപ്പുറത്ത് സാധാരണ അനുഭവപ്പെടുന്നതിന്റെ ഇരട്ടി തിരക്ക് അനുഭവപ്പെടുകയായിരുന്നു. ആ സമയം ഒമ്പത് പൊലീസുകാർ മാത്രമായിരുന്നു അവിടെ ഡ്യുട്ടിയിലുണ്ടായിരുന്നത്. മണ്ഡലപൂജയോടനുബന്ധിച്ച് അഭൂതപൂർവ്വമായ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. അപകടത്തെ തുടർന്ന് പമ്പയിൽ നിന്ന് തന്നെ കർശനമായി നിയന്ത്രിച്ചാണ് ഭക്തരെ കടത്തി വിടുന്നത്. ചെറിയ ചെറിയ ഗ്രൂപ്പുകളായി പമ്പമുതൽ സന്നിധാനം വരെ വടം കെട്ടി നിയന്ത്രിക്കുന്നതായും സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചിതായും അധികൃതർ വ്യക്തമാക്കി.

2011 ജനുവരി 14ന് രാത്രി 8 മണിയോടെ മകരജ്യോതി ദർശനം കഴിഞ്ഞ് മലയിറങ്ങിവന്ന 102 അയ്യപ്പന്മാരുടെ മരണത്തിനിടയാക്കിയ ദുരന്തമാണ് പുല്ലുമേട് ദുരന്തത്തിന് സമാനമായ സാഹചര്യം മാളികപുറത്തും സൃഷ്ടിക്കപ്പെടുമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് ചവിട്ടേറ്റാണ് എല്ലാവരും മരിച്ചത്. ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചതാണ് ഏറെപ്പേരും മരണത്തിനിരയായത്.

മൂന്നു ലക്ഷത്തിലധികം അയ്യപ്പഭക്തർ തിങ്ങിക്കൂടിയ പുല്ലുമേട് മേഖലയിൽ തിരക്ക് നിയന്ത്രിക്കാൻ വിരലിലെണ്ണാവുന്ന പൊലീസുകാരെ ആ സമയം അവിടെയുണ്ടായിരുന്നുവെന്നത് അപകടത്തിന്റെ ആക്കം വർധിപ്പിച്ചു. മാളികപ്പുറത്തും പൊലീസുകാരുടെ കുറവുണ്ടായിരുന്നു. ഇവിടേയും ഭക്തർക്ക് ചവിട്ടേറ്റാണ് പരിക്കുണ്ടായത്. പുല്ലുമേട് ദുരന്തം അന്വേഷിച്ച ജസ്റ്റീസ് ഹരിഹരൻ കമ്മീഷൻ പല നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിരുന്നു. ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നതിന് തെളിവാണ് മാളികപ്പുറത്തെ അപകടവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP