Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നിത്തല ഡിജിപിയാക്കിയ നാല് പേരും ഇനി എഡിജിപിമാർ; ഹേമചന്ദ്രനേയും ശങ്കർ റെഡ്ഡിയേയും തരംതാഴ്‌ത്തിയേ പറ്റൂവെന്ന ഉറച്ച നിലപാടിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം; നാല് ഐജിമാർക്കും പണി കിട്ടി; നഷ്ടമാകുന്നത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്നോണം കിട്ടിയ പദവികൾ

ചെന്നിത്തല ഡിജിപിയാക്കിയ നാല് പേരും ഇനി എഡിജിപിമാർ; ഹേമചന്ദ്രനേയും ശങ്കർ റെഡ്ഡിയേയും തരംതാഴ്‌ത്തിയേ പറ്റൂവെന്ന ഉറച്ച നിലപാടിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം; നാല് ഐജിമാർക്കും പണി കിട്ടി; നഷ്ടമാകുന്നത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്നോണം കിട്ടിയ പദവികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് സേനയിലെ നാല് ഡി.ജി.പിമാരുടെയും നാല് ഐ.ജിമാരുടെയും സ്ഥാനം നഷ്ടമാകും. നാലു ഡി.ജി.പി. തസ്തിക വെട്ടിക്കുറയ്ക്കാനും നാല് ഐ.ജി. തസ്തിക വേണ്ടെന്നുവയ്ക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടെ എ. ഹേമചന്ദ്രൻ (ഇന്റലിജൻസ്), എൻ. ശങ്കർ റെഡ്ഡി (മുൻ വിജിലൻസ് ഡയറക്ടർ), മുഹമ്മദ് യാസിൻ (തീരദേശ പൊലീസ്), രാജേഷ് ദിവാൻ (പരിശീലന വിഭാഗം) ഡിജിപി പദവി നഷ്ടമാകും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടുപ്പക്കാരെ ഡിജിപമാരാക്കാനായി ഉണ്ടാക്കിയതാണ് ഈ തസ്തികകൾ. അതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. വെട്ടിക്കുറയ്ക്കുന്ന ഐ.ജി. തസ്തികകൾ ഇവയാണ്: ഐ.ജി. മനുഷ്യാവകാശ കമ്മിഷൻ, ഐ.ജി. കമ്യൂണിറ്റി പൊലീസിങ്, ഐ.ജി. ലോകായുക്ത, ഐ.ജി. ജൻഡർ ജസ്റ്റിസ്.

മുൻ സർക്കാരിന്റെ കാലത്ത് അധികമായി സൃഷ്ടിച്ച നാല് ഡി.ജി.പി. തസ്തികകൾ നിലനിർത്തണമെന്ന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ നിർദ്ദേശം തള്ളിക്കൊണ്ടാണു കേന്ദ്രത്തിന്റെ അന്ത്യശാസനം. ഉടൻ പൊലീസ് തലപ്പത്തെ തസ്തികകളിൽ അഴിച്ചുപണി നടത്താനാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം ഐ.പി.എസ്. തസ്തികകളുടെ എണ്ണം 163ൽ നിന്ന് 172 ആയി ഉയർത്താനും ഒരു എ.ഡി.ജി.പി. തസ്തിക കൂടി സൃഷ്ടിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഡി.ജി.പിമാരുടെ രണ്ട് കേഡർ തസ്തികകളും രണ്ട് നോൺ കേഡർ തസ്തികളുമേ ആകാവൂ എന്ന ചട്ടമാണു നിലവിലുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. വിധേയത്വമുള്ള ഉദ്യോഗസ്ഥർക്ക് ഇഷ്ടാനുസരണം അനുവദിക്കാനുള്ളതല്ല ഡി.ജി.പി. റാങ്കിലുള്ള കസേരയെന്നു ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ കേന്ദ്രം മുന്നറിയിപ്പു നൽകി.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പുതുതായി നാലു ഡി.ജി.പി. തസ്തിക സൃഷ്ടിച്ചത് വിവാദമായിരുന്നു. വ്യവസ്ഥകൾ മറികടന്നുള്ള നിയമനമായതിനാൽ നാലുപേർക്കു ഡി.ജി.പി. റാങ്കിൽ ശമ്പളം നൽകാനാകില്ലെന്ന് അക്കൗണ്ടന്റ് ജനറൽ അറിയിച്ചിരുന്നു. എന്നാൽ, തങ്ങൾക്ക് ഉയർന്ന ശമ്പളം വേണ്ടെന്നും പദവി മതിയെന്നുമാണു ഉയർന്ന ഉദ്യോഗസ്ഥർ തീരുമാനമെടുത്തത്. നാലു ഡി.ജി.പി. തസ്തികകൾ അധികമായി സൃഷ്ടിച്ചതിനെതിരേ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. പിന്നീട് വന്ന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദും ഈ ഫയലിന്മേൽ തീരുമാനമെടുക്കാൻ മുതിർന്നില്ല. .

എ. ഹേമചന്ദ്രൻ (ഇന്റലിജൻസ്), എൻ. ശങ്കർ റെഡ്ഡി (മുൻ വിജിലൻസ് ഡയറക്ടർ), മുഹമ്മദ് യാസിൻ (തീരദേശ പൊലീസ്), രാജേഷ് ദിവാൻ (പരിശീലന വിഭാഗം) എന്നിവരെ ഡിജിപിയായി നിലനിർത്തുന്നതിനോട് മുഖ്യമന്ത്രി പിണറായി വിജയനും താൽപ്പര്യക്കുറവുണ്ടായിരുന്നു. ഡിജിപി തസ്തികയിൽ നിന്ന് തരം താഴ്‌ത്തി ഡയറക്ടർ പൊലീസ് എന്ന തസ്തികയിലേക്ക് മാറ്റാൻ നീക്കം നടത്തി. എന്നാൽ അതും കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. കേരളത്തിന് നാല് ഡി ജി പി തസ്തികയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. രണ്ട് കേഡർ തസ്തികയും രണ്ട് എക്‌സ് കേഡർ തസ്തികയുമാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയെ കൂടാതെ പൊലീസ് കൺസ്ട്രക്ക്ഷൻ കോർപ്പറേഷൻ ചെയർമാൻ ടി പി സെൻകുമാർ, വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്, എക്‌സ്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് എന്നിവരാണ് മറ്റ് ഡി ജി പിമാർ.

ഡി ജി പിമാരുടെ കേഡർ തസ്തിക ആറായി ഉയർത്തണമെന്ന് കേരളം കഴിഞ്ഞ കേഡർ റിവ്യൂ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല. ഇതിനിടെ പ്രമോഷൻ നൽകിയവരെ പൊലീസ് ഡയറക്ടർമാർ എന്ന തസ്തികയിൽ നിയമിക്കാനും ശ്രമിച്ചു. ഇതും കേന്ദ്രം അംഗീകരിച്ചില്ല. ഇതോടെയാണ് ഇവരെ എഡിജിപിമാരായി നിയമിക്കേണ്ട സാഹചര്യം ഉണ്ടായത്. എ.ഡി.ജി.പിമാരായിരുന്ന എൻ. ശങ്കർ റെഡ്ഡി (മുൻ വിജിലൻസ് ഡയറക്ടർ), എ. ഹേമചന്ദ്രൻ (മുൻ ഇന്റലിജൻസ് മേധാവി), മുഹമ്മദ് യാസിൻ (തീരസുരക്ഷാ പൊലീസ് മേധാവി), രാജേഷ് ദിവാൻ (പരിശീലനവിഭാഗം മേധാവി) എന്നിവരെയാണു വിവാദതീരുമാനത്തിലൂടെ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഡി.ജി.പിമാരാക്കിയത്. എന്നാൽ, പിണറായി സർക്കാർ സ്ഥാനമേറ്റതോടെ പൊലീസ് തലപ്പത്ത് അടിമുടി അഴിച്ചുപണി നടത്തിയതിന്റെ ഭാഗമായി ഇവരിൽ മൂന്നുപേർക്കു സ്ഥാനചലനം ഉണ്ടായി. ശങ്കർ റെഡ്ഡിയെ ഫയർഫോഴ്‌സിലും ഹേമചന്ദ്രനെ സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലും രാജേഷ് ദിവാനെ പൊലീസ് ആസ്ഥാനത്തും മാറ്റിനിയമിക്കാൻ തീരുമാനിച്ചു. എന്നാൽ നാലും പേരും എതിർപ്പുമായെത്തി.

എ.ഡി.ജി.പി. റാങ്കുള്ള പദവികൾ സ്വീകരിക്കാൻ ഇവർ വിസമ്മതിച്ചു. അല്ലാത്തപക്ഷം, ഈ പദവികൾ ഡി.ജി.പി. റാങ്കിലേക്ക് ഉയർത്തണമെന്ന നിബന്ധന സർക്കാരിനു മുന്നിൽവച്ചു. ഇവരുടെ സ്ഥാനക്കയറ്റംതന്നെ നിയമവിരുദ്ധമാണെന്നിരിക്കേ എ.ഡി.ജി.പി. തസ്തികയിലുള്ള ശമ്പളമേ നൽകാൻ പറ്റൂവെന്ന് അക്കൗണ്ടന്റ് ജനറൽ നിലപാടെടുത്തു. ഇക്കാര്യം ചീഫ് സെക്രട്ടറിയേയും ആഭ്യന്തര സെക്രട്ടറിയേയും എ.ജി. അറിയിച്ചു. ഇതോടെ ഉമ്മൻ ചാണ്ടിയുടെ കാലത്തെ അനധികൃത പ്രമോഷന് പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. ഇതു പ്രകാരം കേന്ദ്രനിയമം മറികടക്കാൻ എ.ഡി.ജി.പിക്കും ഡി.ജി.പിക്കും മധ്യേ പുതിയൊരു തസ്തികതന്നെ സർക്കാർ സൃഷ്ടിച്ചു. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എന്നതിന് താഴെ ഡയറക്ടർ ഓഫ് പൊലീസ് എന്ന തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. എന്നാൽ ഇതിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എതിർത്തു. ഇതോടെ ഈ നീക്കം പാളുകയായിരുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡി.ജി.പിമാരായ ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്, ജേക്കബ് തോമസ് എന്നിവരെ മറികടന്ന് എ.ഡി.ജി.പി: ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നാലുപേർക്കും ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു. ജേക്കബ് തോമസിനെ ഡി.ജി.പിയായി ഉയർത്തിയതിനൊപ്പം പാറ്റൂർ ഭൂമിയിടപാട് കേസിന്റെ അന്വേഷണത്തിൽനിന്നു മാറ്റി പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷനിൽ നിയമിച്ച് ഒതുക്കുകയും ചെയ്തു. ഋഷിരാജിനും ബെഹ്‌റയ്ക്കും അർഹമായ ശമ്പളംതന്നെ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായി. ഭരണത്തുടർച്ചയുണ്ടായാൽ ടി.പി. സെൻകുമാറിന്റെ പിൻഗാമിയായി ഹേമചന്ദ്രനെ സംസ്ഥാന പൊലീസ് മേധാവിയാക്കാനുമായിരുന്നു നീക്കം. ഇതാണ് പൊളിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP