Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് പിണറായിക്കും വിജിലൻസ് കോടിയേരിക്കും! പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെത്തുമ്പോൾ വിജിലൻസിന്റെ തലപ്പത്ത് ഹേമചന്ദ്രനും; ജേക്കബ് തോമസിനെ മൂലയ്ക്കിരുത്തിയത് പാർട്ടിക്ക് വേണ്ടി തന്നെ; ഋഷിരാജ് സിംഗിന്റെ മോഹങ്ങളേയും വെട്ടി; ഇനി കാക്കിപ്പട സിപിഎമ്മിന് വിധേയം

പൊലീസ് പിണറായിക്കും വിജിലൻസ് കോടിയേരിക്കും! പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെത്തുമ്പോൾ വിജിലൻസിന്റെ തലപ്പത്ത് ഹേമചന്ദ്രനും; ജേക്കബ് തോമസിനെ മൂലയ്ക്കിരുത്തിയത് പാർട്ടിക്ക് വേണ്ടി തന്നെ; ഋഷിരാജ് സിംഗിന്റെ മോഹങ്ങളേയും വെട്ടി; ഇനി കാക്കിപ്പട സിപിഎമ്മിന് വിധേയം

മറുനാടൻ മലയാളി ബ്യുറോ

തിരുവനന്തപുരം: ടിപി സെൻകുമാർ വിരമിച്ചാലും ഡിജിപി ജേക്കബ് തോമസിന് നിരാശ തന്നെയാകും ഫലം. ജേക്കബ് തോമസിനെ വിജിലൻസിൽ തിരികെ കൊണ്ടു വരാൻ സിപിഎമ്മും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുവദിക്കില്ല. ഐപിഎസുകാരിൽ സീനിയറായ ജേക്കബ് തോമസിന് പൊലീസ് മേധാവിയും ആകാനാകില്ല. ഈ രണ്ട് നിർണ്ണായക പദവിയിലും ഇടതു സർക്കാരിന്റെ കാലത്ത് ഋഷിരാജ് സിംഗും എത്തില്ല. എക്‌സൈസ് കമ്മീഷണറായി തന്നെ ഋഷിരാജ് സിംഗിന് വിരമിക്കേണ്ടി വരുമെന്നാണ് സൂചന. ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയാക്കാനും കോടിയേരിയുടെ വിശ്വസ്തനായ എ ഹേമചന്ദ്രനാകും പുതിയ വിജിലൻസ് ഡയറക്ടറെന്നാണ് സൂചന. പാർട്ടി സെക്രട്ടറിയുടെ ഈ നിർദ്ദേശത്തെ പിണറായിക്ക് മനസ്സില്ലാ മനസോടെ അംഗീകരിക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്.

സെൻകുമാർ പടിയിറങ്ങുമ്പോൾ ജേക്കബ് തോമസിനെ പൊലീസ് മേധാവിയാക്കണമെന്നായിരുന്നു പിണറായിയുടെ ആഗ്രഹം. ഐപിഎസിലെ സീനിയോറിട്ടി പാലിക്കാനായിരുന്നു നീക്കം. എന്നാൽ ഇതിനെ ഐഎസ് ലോബി അട്ടിമറിക്കുകയായിരുന്നു. ഇതിന് സി.പി.എം പിന്തുണയും നൽകി. ഇതോടെ ജേക്കബ് തോമസിനെ പൊലീസ് മേധാവി പോയിട്ട് വിജിലൻസ് ഡയറക്ടർ പോലും അക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഹേമചന്ദ്രന് താക്കോൽ സ്ഥാനം നൽകണമെന്ന് കോടിയേരി നിർദ്ദേശിച്ചു. ഇതിൽ വിട്ടുവീഴ്ചയില്ലെന്നും പറഞ്ഞു. ഇതിന് പിണറായി വഴങ്ങുകയാണെന്നാണ് സൂചന.

നാല് ഡിജിപിമാരാണ് നിലവിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ളത്. സെൻകുമാറും ജേക്കബ് തോമസും ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിംഗും. സെൻകുമാർ വിരമിക്കുമ്പോൾ ഹേമചന്ദ്രന് ഈ പദവി കിട്ടും. ഈ സാഹചര്യമാണ് ഹേമചന്ദ്രന് അനുകൂലമായി കോടിയേരി മാറ്റുന്നത്. നേരത്തെ പൊലീസ് മേധാവിയായി ഹേമചന്ദ്രനെ നിയമിക്കണമെന്ന് പോലും കോടിയേരി ആവശ്യം ഉന്നയിച്ചിരുന്നു.

സുപ്രീംകോടതിവിധിയെത്തുടർന്ന് സെൻകുമാർ പൊലീസ് മേധാവി ആയതോടെയാണ് ബെഹ്റ വിജിലൻസ് ഡയറക്ടറാകുന്നത്. സെൻകുമാർ വിരമിക്കുമ്പോൾ പഴയപദവി തിരിച്ചുനൽകാമെന്ന് സർക്കാർ ബെഹ്റയ്ക്ക് ഉറപ്പുനൽകിയിരുന്നതായി സൂചനകളുണ്ട്. നിയമനം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായേക്കും. ഈ സാഹചര്യത്തിലാണ് സി.പി.എം നിർദ്ദേശങ്ങൾ നൽകുന്നത്. കഴിഞ്ഞമാസം പൊലീസ് ആസ്ഥാനത്ത് സെൻകുമാറും തച്ചങ്കരിയും തമ്മിലുണ്ടായ കശപിശയ്ക്ക് സാക്ഷിയായിരുന്ന ഐ.ജി. ബൽറാംകുമാർ ഉപാധ്യായ അവധികഴിഞ്ഞ് തിരിച്ചെത്തി.

വിജിലൻസ് ആസ്ഥാനത്തെത്തി ബെഹ്റയെ കണ്ടശേഷമാണ് അദ്ദേഹം ജോലിയിൽപ്രവേശിച്ചത്. ബെഹ്റയുടെ മടങ്ങിവരവിന്റെ സൂചനയായി ഈ കൂടിക്കാഴ്ചയും വ്യാഖ്യാനിക്കപ്പെടുന്നു. ഐ.എം.ജി. ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് വിജിലൻസ് തലപ്പത്തേക്ക് തിരിച്ചുവരാതിരിക്കാനും വിജിലൻസ് വേണ്ടത് ചെയ്തിട്ടുണ്ട്. വിജിലൻസിൽ അദ്ദേഹത്തിനെതിരെ ലഭിച്ച പരാതികളിൽ പരിശോധന നടന്നുവരികയാണ്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ പരാമർശങ്ങൾ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിക്കുന്നതാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

ഈ സാഹചര്യം ചൂണ്ടിക്കാട്ടി പൊലീസ് മേധാവിയെ കണ്ടെത്തേണ്ട സമിതി അദ്ദേഹത്തെ ഒഴിവാക്കും. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും അടങ്ങുന്ന സമിതിയാണ് ഈ തീരുമാനം എടുക്കേണ്ടത്. ഇതിൽ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സർക്കാരിന് ഒപ്പമേ നിൽകൂ. അതുകൊണ്ട് തന്നെ ബെഹ്‌റ വീണ്ടും ആ സ്ഥാനത്ത് എത്തും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ബെഹ്‌റ സ്ഥാനമൊഴിഞ്ഞുവെന്നതും ഇതിന് പ്രേരകമായി ഉയർത്തിക്കാട്ടും.

ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായപ്പോൾ ജേക്കബ് തോമസ് അതിനെ അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബെഹ്‌റയുടെ നിയമനത്തെ ജേക്കബ് തോമസിന് കോടതിയിൽ ചോദ്യം ചെയ്യാനും കഴിയില്ല. ഇതും സർക്കാരിന് ജേക്കബ് തോമസിനെ ഒഴിവാക്കാൻ കാരണമായി ചൂണ്ടിക്കാണിക്കാനാകും. വിജിലൻസിൽ കേസുള്ള ജേക്കബ് തോമസിന് ആ വകുപ്പ് നൽകാനും കഴിയില്ല. ഇതാകും സർക്കാരിന്റെ വിശദീകരണം.

യു.ഡി.എഫ്. സർക്കാർ സ്ഥാനക്കയറ്റം നൽകിയ എ. ഹേമചന്ദ്രൻ, എൻ. ശങ്കർറെഡ്ഡി, രാജേഷ് ദിവാൻ, ബി.എസ്. മുഹമ്മദ് യാസിൻ എന്നിവരും ഡി.ജി.പി. പദവിയിലുണ്ട്. കേന്ദ്രസർക്കാരും അക്കൗണ്ടന്റ് ജനറലും അംഗീകരിക്കാത്തതിനെത്തുടർന്ന് ഇവർക്ക് ഇപ്പോഴും എ.ഡി.ജി.പി.യുടെ ശമ്പളമാണ് ലഭിക്കുന്നത്. സെൻകുമാർ വിരമിക്കുമ്പോൾ എ. ഹേമചന്ദ്രൻ ഡി.ജി.പി.യാകും. ഇദ്ദേഹത്തിന് പകരം ആരേയും നിലവിൽ ഡിജിപിയായി ഉയർത്താനും സാധ്യതയില്ല. എജിയുടെ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്. പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ഹേമചന്ദ്രന് വലിയ തിരിച്ചടിയുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ഡിജിപി പദവിയിൽ തരംതാഴ്‌ത്തൽ പോലും ഉണ്ടായി. ഇന്റലിജൻസ് മേധാവിയായിരുന്ന ഹേമചന്ദ്രനെ മാറ്റി ശ്രീലേഖയെ നിയമിക്കുകയും ചെയ്തു. എന്നാൽ കോടിയേരിയുടെ പിന്തുണയോടെ പതിയെ ഹേമചന്ദ്രന് സിപിഎമ്മിന്റെ വിശ്വസ്തരുടെ പട്ടികയിലെത്തി. സി.പി.എം നേതാക്കൾക്കെതിരെ ജേക്കബ് തോമസ് നടത്തിയ വിജിലൻസ് അന്വേഷണങ്ങളും ഇതിന് സാഹചര്യമൊരുക്കി. പാർട്ടിയുടെ വിശ്വസ്തൻ വിജിലൻസിൽ മതിയെന്ന നിലപാടിലേക്ക് കോടിയേരി എത്തി. ഇതിനെ മറ്റ് നേതാക്കളും അംഗീകരിച്ചതോടെ പിണറായിക്ക് വഴങ്ങേണ്ടി വന്നു.

സീനിയോറിട്ടി മാനദണ്ഡം മറികടന്ന് ജേക്കബ് തോമസിന്റെ നിയമനം അട്ടിമറിക്കാനാണ് കളികൾ സജീവമാകുന്നത്. ജേക്കബ് തോമസിനെ അനുനയിപ്പിക്കാനായി മലബാർ സിമന്റ്സിന്റെ എംഡി സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാൽ ഇത് ജേക്കബ് തോമസ് അംഗീകരിച്ചില്ല. ഒപ്പം സിപിഎമ്മിന്റെ വിശ്വസ്ത അനുയായി ആയ ചാക്ക് രാധാകൃഷ്ണനും ഇതിനെ എതിർത്തു. ഇതോടെ മലബാർ സിമന്റ്സിലും നിയമിക്കാൻ പറ്റാത്ത അവസ്ഥയായി.

ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കുന്നതുകൊണ്ടാണ് ജേക്കബ് തോമസിനെ ഒഴിവാക്കാൻ ഗൗരവമുള്ള ഒരു കാരണം തേടുന്നത്. ഇതിന് വേണ്ടിയാണ് വീണ്ടും വിജിലൻസ് അന്വേഷണങ്ങൾ പൊടി തട്ടിയെടുക്കുന്നത്. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചാൽ രണ്ടുവർഷമോ അതിലേറെയോ അന്വേഷണം നീട്ടാം. ഒടുവിൽ കുറ്റവിമുക്തനായാലും നഷ്ടപ്പെട്ടതു തിരിച്ചുകിട്ടുകയുമില്ല. 2007ലെ ഇടതുസർക്കാരിന്റെ കാലത്തും അദ്ദേഹത്തിനു സമാനമായ അനുഭവമുണ്ടായി.

അന്ന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ എം.ഡി. ആയിരുന്ന അദ്ദേഹത്തിനെതിരേ, അഴിമതിയാരോപണത്തിന് അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാരനല്ലെന്നു കണ്ടെങ്കിലും നാലുവർഷം സർവീസിൽ പലവിധ ദോഷവുമുണ്ടായി. ഇതിന് സമാനമായ സാഹചര്യമാണ് വീണ്ടും ഉണ്ടാകുന്നത്. ഇതിനെ കരുതലോടെ നേരിടാനാണ് ജേക്കബ് തോമസിന്റേയും തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP