Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികളുടെ പഠിപ്പു മുടങ്ങാതെ സെൻസസ് പൂർത്തിയാക്കാൻ ഇറങ്ങിയ ഹേമലത ടീച്ചർക്കു വിരമിക്കാൻ മൂന്നുമാസം മാത്രമുള്ളപ്പോൾ ദാരുണാന്ത്യം; ഭർത്താവുമായി ട്രാക്ക് മുറിച്ചുകടക്കവേ വളവു കടന്നുവന്ന ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു

കുട്ടികളുടെ പഠിപ്പു മുടങ്ങാതെ സെൻസസ് പൂർത്തിയാക്കാൻ ഇറങ്ങിയ ഹേമലത ടീച്ചർക്കു വിരമിക്കാൻ മൂന്നുമാസം മാത്രമുള്ളപ്പോൾ ദാരുണാന്ത്യം; ഭർത്താവുമായി ട്രാക്ക് മുറിച്ചുകടക്കവേ വളവു കടന്നുവന്ന ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു

രഞ്ജിത് ബാബു

കണ്ണൂർ: വിദ്യാർത്ഥികളുടെ പ്രിയങ്കരിയായ ഹേമലത ടീച്ചറുടെ വിയോഗം താങ്ങാനാവാതെ നാടു തേങ്ങുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ പേര് ചേർക്കൽ പൂർത്തിയാക്കാൻ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പാപ്പിനിശ്ശേരി എൽ.പി. സ്‌ക്കൂൾ അദ്ധ്യാപിക എ.വി. ഹേമലത ഇന്നലെ ട്രെയിനിടിച്ച് മരണമടയുകയായിരുന്നു.

പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികൾക്കൊപ്പമുണ്ടാകണമെന്ന നിർബന്ധമാണ് ഹേമലതയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായത്. ഈ മാസം മുപ്പതിന് മുമ്പ് ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ പേര് ചേർക്കൽ പൂർത്തിയാക്കണം. അതിന് അവർ കണ്ട മാർഗം അവധിദിവസമായ ഞായറാഴ്ച രാവിലെതന്നെ സെൻസസ്സെടുക്കുവാൻ ഇറങ്ങുക എന്നതായിരുന്നു. 

ഏക മകൻ വിനയിനെ വീട്ടിലാക്കി ഭർത്താവ് നാരായണനൊപ്പം അതിരാവിലെതന്നെ രേഖകളുമായി ഹേമലത സെൻസസ്സ് പ്രവർത്തനമാരംഭിച്ചു. പരീക്ഷാ കാലത്ത് സ്‌ക്കൂളിലെ കുട്ടികൾക്കൊപ്പമുണ്ടാകാനും മുപ്പതാം തീയ്യതിക്ക് മുമ്പ് സെൻസസ്സ് പൂർത്തിയാക്കാനും കുടുംബകാര്യങ്ങൾ മാറ്റി വച്ച് രംഗത്തിറങ്ങുകയായിരുന്നു ഹേമലത. പാപ്പിനിശ്ശേരിയിലെ ഒരു ഭാഗത്തെ സെൻസസ്സ് പൂർത്തിയാക്കി എതിർഭാഗത്തെ ഏതാനും വീടുകളിൽക്കൂടി വിവരശേഖരണത്തിന് പോകാൻ റയിൽവേ ട്രാക്ക് മുറിച്ചുകടക്കണമായിരുന്നു. ട്രാക്കിനു മുന്നിലെ വളവും കാടും കാരണം ട്രെയിൻ കടന്നുവന്നത് ഇരുവരും അറിയാൻ താമസിച്ചു. ട്രാക്കിൽ നിന്നും ഓടിമാറാൻ ശ്രമിക്കവേ ഹേമലതയെ ട്രെയിനിടിച്ച് തെറിപ്പിച്ചു. ഭർത്താവ് നാരായണൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ഡിസംബർ ഒമ്പതിന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ, അധ്യയനം തടസ്സപ്പെടുത്താതെ ഡിസംബർ പത്തൊമ്പതുമുതൽ 30 വരെ കണക്കെടുപ്പ് നടത്താനാണ് സെൻസസ്സിന് നിയോഗിക്കപ്പെട്ടവർക്കുള്ള നിർദ്ദേശം. ഈ നിർദ്ദേശം കർശനമായി പാലിച്ചതുമൂലമാണ് ഹേമലതക്ക് ദുരന്തം വന്നുഭവിച്ചത്. ഓരോ വീട്ടിലും ഒരു മണിക്കൂർ സമയമെടുത്താൽപ്പോലും വിവരങ്ങൾ പൂർണ്ണമായും ലഭ്യമാകാത്ത അവസ്ഥയാണ്.

പുതിയ വിവരശേഖരണത്തിന് ഇന്നു കാലഹരണപ്പെട്ട റേഷൻ കാർഡിലെ വിവരങ്ങളാണ് ലഭിക്കുന്നത്. പുതിയ കാർഡ് നൽകാത്തതിന്റെ അപാകതകൾ ഏറെയാണ്. ആധാർ വിവരങ്ങൾ പോലും പൂർണ്ണമായും ലഭിക്കാത്ത അവസ്ഥയാണ് അതിനാൽത്തന്നെ പഴയ രജിസ്റ്ററിലെ തെറ്റുകൾ തിരുത്തി പൂർത്തിയാക്കാൻ കഴിയുന്നില്ല. വിവരശേഖരണത്തിന് പോകുന്നവർക്ക് മതിയായ ക്ലാസ്സും നൽകിയിട്ടില്ല. അതിനാൽ സെൻസസ്സിന് നിയോഗിക്കപ്പെട്ടവർ വേവലാതിയോടും വിഷമത്തോടും കൂടിയാണ് ഈ പ്രവൃത്തികൾ ഏറ്റെടുക്കുന്നത്. ഇങ്ങനെ ധൃതി പിടിച്ച് ചെയ്യേണ്ടുന്ന ജോലിയായതിനാൽ സ്വന്തം സുരക്ഷക്ക് പിഴവ് സംഭവിക്കുന്നു. പാപ്പിനിശ്ശേരിയിലെ അദ്ധ്യാപികയായ ഹേമലത ടീച്ചർക്ക് സംഭവിച്ച ദുരന്തത്തിന്നും ഉത്തരവാദികൾ പരോക്ഷമായി മേലധികാരികൾതന്നെ.

ഈ അദ്ധ്യയന വർഷം അവസാനം വിരമിക്കാനിരിക്കേയാണ് ഹേമലത ടീച്ചറെ മരണം വേട്ടയാടിയത്. കുട്ടികൾക്ക് കഥ പറഞ്ഞും മഞ്ചാടി പെറുക്കിച്ചും അമ്മയെപ്പോലെ സ്‌നേഹം നൽകുന്ന ഹേമലത ടീച്ചർ ഇനി വരില്ലെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ. കരഞ്ഞു കലങ്ങിയ കണ്ണൂകളുമായി അദ്ധ്യാപകർക്കൊപ്പം പ്രിയപ്പെട്ട ടീച്ചർക്ക് അന്തിമോപചാരമർപ്പിക്കാൻ അരോളി വീട്ടിലേക്ക് ഒരു പിടി പൂക്കളുമായി കുട്ടികളെത്തിയത് തേങ്ങലോടെയാണ് നാട്ടുകാർ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP