Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു വർഷം ഭരിച്ചപ്പോൾ രണ്ട് കോടിയുടെ സ്വത്ത് 66 കോടിയായി; 750 ജോടി ചെരുപ്പുകളും 28 കിലോ സ്വർണ്ണവും 10050 സാരികളും തെളിവുകളായി; അധികാരം ഒഴിഞ്ഞപ്പോൾ എല്ലാം കടത്തിയത് നിരവധി ലോറികൾ; സുബ്രഹ്മണ്യസ്വാമി വഴി മുടക്കിയപ്പോൾ 26 ദിവസം ജയിലിലായി

അഞ്ചു വർഷം ഭരിച്ചപ്പോൾ രണ്ട് കോടിയുടെ സ്വത്ത് 66 കോടിയായി; 750 ജോടി ചെരുപ്പുകളും 28 കിലോ സ്വർണ്ണവും 10050 സാരികളും തെളിവുകളായി; അധികാരം ഒഴിഞ്ഞപ്പോൾ എല്ലാം കടത്തിയത് നിരവധി ലോറികൾ; സുബ്രഹ്മണ്യസ്വാമി വഴി മുടക്കിയപ്പോൾ 26 ദിവസം ജയിലിലായി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: എംജിആറിന്റെ പിൻഗാമിയായി തമിഴക രാഷ്ട്രീയത്തിലെത്തിയ ജയലളിത നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അനധികൃത സ്വത്ത് സമ്പാദനക്കേസ്. 26 ദിവസം പുരട്ചി തലൈവിയെ ജയിലിലാക്കിയ കേസ്. ഒടുവിൽ അവർ കുറ്റവിമുക്തയായി. അസാധാരണ വാദങ്ങളുമായി കർണ്ണാടക ഹൈക്കോടതി ജയലളിതയെ വെറുതെ വിട്ടപ്പോൾ അനന്ദ നൃത്തം ചവിട്ടയിത് ജയലളിതയെന്ന അമ്മയെ സ്‌നേഹിക്കുന്ന വലിയൊരു ജനതയായിരുന്നു. വീണ്ടും അവരെ അധികാരത്തിലെത്തിച്ച ഈ ജനതയ്ക്ക് താങ്ങാനാവാത്ത ആഘാതമാണ് അമ്മയുടെ വിയോഗം. 

1991ലാണ് ജയലളിതയ്‌ക്കെതിരായ അഴിമതിക്കേസിന്റെ തുടക്കം. ആദ്യമായി ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതും ആ വർഷമാണ്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ജയലളിതയ്ക്ക് ഉണ്ടായിരുന്ന രണ്ടുകോടിയുടെ സ്വത്ത് അഞ്ചുവർഷം കൊണ്ട് 66 കോടിയിലെത്തി. അത്ഭുതകരമായ വളർച്ച. എന്നാൽ ഇത് ചോദ്യം ചെയ്യാൻ ആരും മുതിർന്നില്ല. പക്ഷേ, ജനതാപാർട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമിക്ക് കൈയും കെട്ടി നോക്കിനിൽക്കാൻ ആകുമായിരുന്നില്ല. അനധികൃതമായി സ്വത്തുസമ്പാദിച്ച തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരെ 1996ൽ സുബ്രഹ്മണ്യം സ്വാമി പരാതി നൽകി. കരുണാനിധിയുടെ നേതൃത്വത്തിൽ ഡിഎംകെ അധികാരത്തിൽ എത്തിയതോടെ സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി. കേസിൽ അന്വേഷണം തുടങ്ങാൻ 1997ൽ ജില്ലാകോടതി ഉത്തരവായി.

അന്വേഷണം മുന്നോട്ട് പോകവേ 2001ൽ കുറച്ചു ദിവസം ജയലളിതയ്ക്ക് ജയിൽവാസവും അനുഭവിക്കേണ്ടിയും വന്നു ജയലളിതയ്ക്ക്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ ചെന്നൈ കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ സ്വാധീനിക്കപ്പെടുമെന്ന ഡിഎംകെ നേതാവ് അൻപഴകന്റെ പരാതിയെ തുടർന്നാണ്, കേസ് ബാംഗ്ലൂരിലേക്ക് മാറ്റിയത്. കേസിന്റെ വിചാരണാ വേളയിൽ ജയലളിതയുടെ സാരികളും ചെരുപ്പുകളുടെയം സ്വർണ്ണശേഖരവുമൊക്കെ കോടതിയിൽ തെളിവുകളായി എത്തി. 28 കിലോ സ്വർണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകൾ, 10,500 സാരികൾ എന്നിവയടക്കമാണ് 66 കോടി രൂപയുടെ അനധികൃത സ്വത്ത് ജയലളിത സമ്പാദിച്ചത്. ജയലളിത, തോഴി ശശികല, ദത്തു പുത്രനായിരുന്ന വി എൻ സുധാകരൻ, ശശികലയുടെ സഹോദര ഭാര്യ ഇളവരശി എന്നിവർക്കെതിരായാണ് ആരോപണം ഉയർന്നത്.

വിചാരണാ വേളയിൽ 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ജയലളിത തള്ളിയിരുന്നു. തന്റെ പക്കലുള്ള സ്വർണവും വജ്രവുമെല്ലാം 1991ൽ താൻ ആദ്യമായി മുഖ്യമന്ത്രിയാവുന്നതിന് മുൻപ് വാങ്ങിയതാണെന്ന് ജയലളിത വിചാരണ കോടതിയെ അറിയിച്ചു. സാരികളുടേയും ചെരിപ്പുകളുടേയും വൻ ശേഖരത്തെ കുറിച്ചുള്ള ചോദ്യത്തിന് അതൊന്നും തന്റേതല്ലെന്നായിരുന്നു ജയലളിതയുടെ മറുപടി നൽകിയിരുന്നത്. 2003ൽ ഡിഎംകെ സെക്രട്ടറി കെ അൻപഴകൻ നൽകിയ ഹർജിയിന്മേൽ സുപ്രീംകോടതിയാണ് കേസിന്റെ വിചാരണ ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ ചെന്നൈ കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ സ്വാധീനിക്കപ്പെടുമെന്ന പരാതിയായിരുന്നു കാരണം.

കേസിനായി ആയിരത്തിലേറെ ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി തന്നെ കോടതി തയ്യാറാക്കിയിരുന്നു. 23 വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയായത്. കുറ്റക്കാരിയാണെന്ന് ബംഗളൂരു കോടതി കണ്ടെത്തിയതോടെ പുരട്ചി തലൈവിക്ക് വീണ്ടും ജയിലിലേക്ക് പോകേണ്ടി വന്നു. രാം ജത്മലാനി അടക്കമുള്ളവർ ജയലളിതയ്ക്കായി വാദിക്കാൻ എത്തിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഒടുവിൽ കേസ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിൽ എത്തുകയായിരുന്നു. ഏറ്റവുമൊടുവിലായി ജയലളിതയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി വിധി വന്നപ്പോൾ ആഹ്ലാദാരവങ്ങളോടെയാണ് തമിഴ് ജനത സ്വീകരിച്ചത്. ഒടുവിൽ 2015 മെയ്‌ 11ന് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി. ഇതോടെ വീണ്ടും ജയലളിത മുഖ്യമന്ത്രിയായി.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ അമ്മ തന്നെ എഐഎഡിഎംകെയെ നയിച്ചു. ചരിത്ര വിജയവുമായി വീണ്ടും അധികാരത്തിലേക്ക്. പക്ഷേ ആരോഗ്യം ജയലളിതയെ കൈവിട്ടു. ജയിലിൽ കിടക്കുമ്പോൾ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ പലതും അനുഭവിച്ചിരുന്നു. ഇതാണ് ജയലളിതയെ ശാരീരികമായി തകർത്തത്. ജയിലിൽ നിന്ന് മടങ്ങിയെത്തിയ ജയലളിത പിന്നീട് ഭൂരിഭാഗം സമയവും വീട്ടിലേക്ക് ഒതുങ്ങി കഴിഞ്ഞു. അത്യപൂർവ്വമായി മാത്രമേ സെക്രട്ടറിയേറ്റിലേക്കും ജയലളിത എത്തിയിരുന്നുള്ളൂ. അതിനിടെ അപ്രതീക്ഷിതമായാണ് അമ്മ അപ്പോളോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വിവരം തമിഴ് ജനത അറിഞ്ഞത്. പ്രാർത്ഥനയോടെ അവർ കാത്തിരുന്നു. പക്ഷേ ജയിലിലടയ്ക്കപ്പെട്ടതിനേക്കാൾ വലിയ വേദനയിൽ ആരാധകരെ തള്ളി വിട്ടുകൊണ്ടാണ് പുരട്ചി തലൈവി കളമൊഴിയുന്നത്.

കേസിന്റെ നാൾ വഴികൾ

1996 ജൂൺ 14: കളർ ടിവി അഴിമതി ആരോപിച്ച് ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി ജയലളിക്കെതിരേ ഹർജി ഫയൽ ചെയ്തു. 1996 ജൂൺ 18: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയോട് ജയലളിതക്കെതിരേ എഫ്.ഐ.ആർ. രേഖപ്പെടുത്താൻ ഡി.എം.കെ. സർക്കാർ നിർദ്ദേശിച്ചു.
1996 ജൂൺ 21: പരാതി അന്വേഷിക്കാൻ ലതിക സരണി ഐ.പി.എസിന് ജില്ലാ സെഷൻസ് ജഡ്ജ് നിർദ്ദേശം നൽകി.
1997 ജൂൺ 4: 66.65 കോടിയുടെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു.
1997 ഒകേ്ടാബർ 21: ജയലളിത, വി.കെ. ശശികല, വി.എൻ. സുധാകരൻ, ജെ. ഇളവരശി എന്നിവർക്കെതിരേ കോടതി കുറ്റംചുമത്തി.
2002 നവംബർ 2003 ഫെബ്രുവരി വരെ: 76 സാക്ഷികളെ കോടതി വിളിച്ചുവരുത്തി. എന്നാൽ എല്ലാവരും കൂറുമാറി.


2003 ഫെബ്രുവരി 28: കേസ് തമിഴ്‌നാട്ടിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. നേതാവ് അൻപഴകൻ സുപ്രീം കോടതിയെ സമീപിച്ചു.
2003 നവംബർ 18: ചെന്നൈയിൽ വിചാരണ ശരിയായി നടക്കാൻ സാധ്യതയില്ല എന്നു നിരീക്ഷിച്ച് സുപ്രീം കോടതി വിചാരണ ബംഗളുരുവിലേക്കു മാറ്റി.
2003 ഡിസംബർ മുതൽ 2005 മാർച്ച് വരെ: ബംഗളുരുവിൽ പ്രത്യേക കോടതി സ്ഥാപിച്ചു, ബി.വി. ആചാര്യ സ്‌പെഷൽ പബ്ലിക് പ്ര?സിക്യൂട്ടർ.
2010 ജനുവരി 22: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണ ആരംഭിച്ചു.
2011 ഒകേ്ടാബർ 20, 21, നവംബർ 22, 23: ജയലളിത കോടതിയിൽ ഹാജരായി. ആയിരത്തിൽപ്പരം ചോദ്യങ്ങൾ കോടതി ജയലളിതയോട് ചോദിച്ചു. കേസ് രാഷ്ട്രീയ പകപോക്കലാണെന്നു ജയലളിത.
2012 ഓഗസ്റ്റ് 13: സ്‌പെഷൽ പബ്ലിക് പ്ര?സിക്യൂട്ടറാ(എസ്‌പി.പി)യി ജി. ഭവാനി സിങ്ങിനെ നിയമിച്ചു.
2012 ഓഗസ്റ്റ് 23: ഭവാനിയുടെ നിയമനത്തെ ചോദ്യംചെയ്ത് അൻപഴകൻ ഹൈക്കോടതിയിൽ.
2012 ഓഗസ്റ്റ് 26: ജി. ഭവാനി സിങ്ങിനെ പ്ര?സിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റി.
2012 ഓഗസ്റ്റ്‌സെപ്റ്റംബർ: എസ്‌പി.പി. സ്ഥാനത്തുനിന്ന് മാറ്റിയതിനെ ചോദ്യംചെയ്ത് സിങ് സുപ്രീം കോടതിയിൽ. സിങ്ങിനെ വീണ്ടും എസ്‌പി.പി. സ്ഥാനത്ത് നിയമിച്ചു.
2012 ഓഗസ്റ്റ് 30: പ്രത്യേക കോടതി ജഡ്ജ് ബാലകൃഷ്ണൻ വിരമിച്ചു.


2012 ഒകേ്ടാബർ 29: ജോൺ മൈക്കൽ കൻഹയെ പ്രത്യേക കോടതിയുടെ ജഡ്ജായി ഹൈക്കോടതി നിയമിച്ചു.
2014 ഓഗസ്റ്റ് 28: വിചാരണ അവസാനിച്ചു. വിധി പറയാനായി മാറ്റി കേസ് സെപ്റ്റംബർ 20ലേക്കു മാറ്റി.
2014 സെപ്റ്റംബർ 15: വിധി പ്രസ്താവിക്കുന്ന സ്ഥലം സുരക്ഷാ കാരണങ്ങളാൽ മാറ്റണമെന്ന് ജയലളിത അപേക്ഷ നൽകി.
2014 സെപ്റ്റംബർ 16: ജയലളിതയുടെ അപേക്ഷ അംഗീകരിച്ച പ്രത്യേക കോടതി, വിധി പ്രസ്താവിക്കുന്ന സ്ഥലം ബംഗളുരു സെൻട്രൽ ജയിലിനടുത്തേക്കു മാറ്റി. കേസ് വിധി പറയാനായി സെപ്റ്റംബർ 27ലേക്കും മാറ്റി.
2014 സെപ്റ്റംബർ 27: വരവിൽകവിഞ്ഞ സ്വത്തുസമ്പാദനക്കേസിൽ ബംഗളുരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിൽ വളപ്പിലെ പ്രത്യേക അപ്പീൽ കോടതി ജയലളിതയടക്കം നാലു പേർ നാലുപേർ കുറ്റക്കാരെന്നു കണ്ടെത്തി. ജയലളിതയ്ക്കു നാലു വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു.
2014 സെപ്റ്റംബർ 29: ജാമ്യത്തിനായി ജയലളിത കർണാടക ഹൈക്കോടതിയിൽ.
2014 ഒകേ്ടാബർ 7: ജയയുടെ അപ്പീൽ ഹൈക്കോടതി തള്ളി
2014 ഒകേ്ടാബർ 17: പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു, ജയലളിതയ്ക്ക് ജാമ്യം.
2014 ഒകേ്ടാബർ 18: ജയലളിത ജയിൽമോചിതയായി.
2015 മെയ്‌ 11: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP