Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിവേഗ റെയിൽ പദ്ധതി വീണ്ടും ചർച്ചയാകുന്നു; 86 ശതമാനം ആളുകൾ പദ്ധതിയെ പിന്തുണച്ചുവെന്ന് സീ ഫോറിന്റെ സർവേ ഫലം! ഇലക്ഷൻ സർവേകൾ മാത്രം നടത്തി പരിചയമുള്ള സീ ഫോറിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് പ്രതിരോധ സമിതി

അതിവേഗ റെയിൽ പദ്ധതി വീണ്ടും ചർച്ചയാകുന്നു; 86 ശതമാനം ആളുകൾ പദ്ധതിയെ പിന്തുണച്ചുവെന്ന് സീ ഫോറിന്റെ സർവേ ഫലം! ഇലക്ഷൻ സർവേകൾ മാത്രം നടത്തി പരിചയമുള്ള സീ ഫോറിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് പ്രതിരോധ സമിതി

കെ വി നിരഞ്ജൻ

കോഴിക്കോട്: കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി വീണ്ടു ചർച്ചയാവുകയാണ്. പദ്ധതിയെ ഭൂരിഭാഗം ആളുകളും പിന്തുണക്കുന്നുവെന്ന് കാട്ടിയുള്ള സീ ഫോർ സ്ഥാപനത്തിന്റെ സർവേ ഫലം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുറത്ത് വന്നത്. അതിവേഗ റെയിൽപ്പാതയെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം എന്താണെന്ന് മനസ്സിലാക്കാനാണ് കേരള ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ പൊതുജനങ്ങൾക്കിടയിൽ സർവേ നടത്തിയത്.

ഹരിയാനയിലെ ഗുർഗോൺ കേന്ദ്രമായി പ്രവർത്തിക്കുന്ന സീ ഫോർ എന്ന സ്ഥാപനമാണ് കോർപ്പറേഷന് വേണ്ടി സർവേ നടത്തിയത്.റെയിൽപ്പാത കടന്നു പോകുന്ന 11 ജില്ലകളിലെ 110 നിയോജക മണ്ഡലങ്ങളിലായിട്ടാണ് സർവേ നടത്തിയത്. വോട്ടർ പട്ടികയിൽ നിന്ന് റാൻഡം സാംബ്‌ളിങ്ങ് രീതി അനുസരിച്ച് തെരഞ്ഞെടുത്ത പതിമൂവായിരത്തിലധികം വോട്ടർമാരെ നേരിൽ കണ്ടാണ് സർവേ നടത്തിയതെന്നാണ് സ്ഥാപനം അവകാശപ്പെടുന്നു. ഇതിൽ 86 ശതമാനം ആളുകൾ പദ്ധതിയെ അനുകൂലിച്ചുവെന്നും ഇവർ വ്യക്തമാക്കുന്നു. 2016 നവംബർ 23 മുതൽ 2017 ജനുവരി 14 വരെയാണ് സർവേ നടത്തിയത്. പ്രായപൂർത്തിയായ 13447 പേരിൽ നിന്നാണ് വിവര ശേഖരണം നടത്തിയത്. നിലവിൽ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും മാത്രം അഭിപ്രായ സർവേ നടത്തുന്ന സ്ഥാപനമാണ് സി ഫോർ.

ഈ സ്ഥാപനം നടത്തിയ സർവേയുടെ ശാസ്ത്രീയ അടിത്തറ ചോദ്യം ചെയ്തുകൊണ്ട് അതിവേഗ റെയിൽ പ്രതിരോധ സമിതി രംഗത്ത് വന്നിരിക്കുകയാണ്. ആധികാരിക സർവേ എന്ന് അവകാശപ്പെടുന്ന ഈ സർവേ സംബന്ധിച്ച വിവരങ്ങളൊന്നും കെ എസ് എച്ച് ആർ സിയുടെ വെബ് സൈറ്റിൽ ലഭ്യമല്ല. ഡി എം ആർ സി വിശദമായ പ്രോജക്ട് റിപ്പോർട്ട് കേരള സർക്കാറിന് സമർപ്പിച്ചതിന് ശേഷം ഇത്തരമൊരു സർവ്വേ എന്തിനാണെന്നത് അവ്യക്തമാണ്. ഡി പി ആറിന്റെ സംഗ്രഹ രൂപം മാത്രമാണ് ഇതുവരെ പുറത്ത് വിട്ടിട്ടുള്ളതെന്നുമാണ് പ്രതിരോധ സമിതി ഭാരവാഹികൾ വ്യക്തമാക്കുന്നത്.

അതിവേഗ പാതയിൽ നിർദ്ദിഷ്ട സ്റ്റേഷനുകളിലായി പ്രഖ്യാപിച്ച 11 സ്റ്റേഷനുകളിലും ബുള്ളറ്റ് ട്രെയിൻ നിർത്തിയാൽ ശരാശരി വേഗം 200 കിലോമീറ്റർ താഴയെ വരൂ എന്ന കാര്യമോ, നിലവിലുള്ള റെയിൽ സംവിധാനം മെച്ചപ്പെടുത്തി ഓട്ടോമെറ്റിക് സിഗ്‌നൽ സംവിധാനം ഉൾപ്പെടെ പ്രാവർത്തികമാക്കിയാൽ 140 കി.മീ വേഗത്തിൽ വണ്ടി ഓടിക്കാൻ സാധിക്കും എന്ന കാര്യമോ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷനോ സീ ഫോർ എന്ന സ്ഥാപനമോ ജനങ്ങളെ അറിയിച്ചിട്ടില്ല. ഒന്നര ലക്ഷം കോടി ചെലവഴിച്ച് ഒൻപത് വർഷം കൊണ്ട് പൂർത്തീകരിക്കുന്ന ഈ പദ്ധതി കേരളത്തിന്റെ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് പഠനം നടത്തുകയോ ജനങ്ങളുടെ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല.

ലോകത്തിലെ ഭൂരിപക്ഷം അതിവേഗ തീവണ്ടിപ്പാതകളും നഷ്ടമാണെന്നും ഇവിടെയും അത് സംഭവിച്ചാൽ സ്റ്റേറ്റിന്റെ നികുതിപ്പണത്തിൽ നിന്ന് വായ്പ തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന കാര്യവും മറച്ചു വച്ചിരിക്കുന്നു. മൂന്നരക്കൊടിയോളം ആളുകളെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന ഒരു കാര്യത്തെ സംബന്ധിച്ച് പതിമൂവ്വായിരത്തോളം പേരിൽ നിന്ന് അഭിപ്രായം തേടി അതിൽ 86 ശതമാനം പേർ അനുകൂലിക്കുന്നു എന്നുള്ളതുകണ്ട് ഈ പദ്ധതിയെ ഭൂരിഭാഗം ജനങ്ങളും അംഗീകരിക്കുന്നു വരുത്തിത്തീർക്കാനുള്ള ശ്രമം പരിഹാസ്യവും പാഴ് വേലയുമാണെന്നും ഇവർ വ്യക്തമാക്കുന്നു.

സി ഫോർ സർവേക്കായി തെരഞ്ഞെടുത്ത ആളുകളെക്കുറിച്ച് സംശയമുണ്ട്. പദ്ധതിയെക്കുറിച്ച് ആളുകളോട് വ്യക്തമായി പറഞ്ഞിട്ടുണ്ടോ എന്ന കാര്യവും സംശയമാണെന്ന് പ്രതിരോധ സമിതി വ്യക്തമാക്കുന്നു. ഏകദേശം 800 ഹെക്ടർ ഭൂമി പദ്ധതിക്കായി ഏറ്റടെുക്കേണ്ടിവരുമെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. തിരുവനന്തപുരം മുതൽ ഏറണാകുളംവരെ 2000 ൽ പരം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നും സർക്കാർ കണക്കാക്കുന്നു. ജനങ്ങൾ തിങ്ങി താമസിക്കുന്ന വടക്കൻ കേരളത്തിൽ ഇതിന്റെ എത്രയോ ഇരട്ടി കുടുംബങ്ങളേയാവും കുടിയൊഴിപ്പിക്കേണ്ടിവരിക.

എന്നാൽ ഏറ്റവും ചുരിങ്ങിയത് 15000 ഏക്കർ സ്ഥലമെങ്കിലും പദ്ധതിക്കായി ഏറ്റടെുക്കേണ്ടിവരുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്. ഒരു ഏക്കറിൽ അഞ്ച് കുടുംബങ്ങൾ എന്ന നിലയിൽ കണക്കാക്കിയാൽ ഏറ്റവും ചുരുങ്ങിയത് 65,000 കുടുംബങ്ങളേയാവും ഒഴിപ്പിക്കേണ്ടിവരിക. അതിവേഗ റെയിൽപ്പാതയിലെ യാത്രാ നിരക്കും സാധാരണക്കാരന് താങ്ങാൻ കഴിയാത്ത തരത്തിലായിരിക്കും. ഇത് ഇന്നത്തെ ഒന്നാം ക്‌ളാസ് തീവണ്ടി നിരക്കിന്റെ മൂന്നും നാലും ഇരട്ടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴത്തെ കണക്കുപ്രകാരം തിരുവനന്തപുരം മുതൽ ഏറണാകുളംവരെയുള്ള യാത്രയ്ക്ക് ഒരാൾ രണ്ടായിരം രൂപയിലേറെ ചെലവഴിക്കേണ്ടിവരും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സഞ്ചരിക്കണമെങ്കിൽ നാലായിരം രൂപ നൽകേണ്ടി വരും.

പദ്ധതി ലാഭകരമാകാൻ ദിനം പ്രതി 34,000ത്തോളം പേർ വണ്ടിയിൽ യാത്ര ചെയ്യം. ഇത്രയും വലിയ തുക കൊടുത്ത് ഇത്രയധികം ആളുകൾ വണ്ടിയിൽ സഞ്ചരിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഈ തീവണ്ടിയിൽ ഫസ്റ്റ് ക്‌ളാസ്/ സെക്കൻഡ് ക്‌ളാസ് യാത്രാ സൗകര്യം ഉണ്ടായിരിക്കില്ല. പകരം വിമാന സർവ്വീസിലേതുപോലെ ബിസിനസ് ക്‌ളാസ്, എക്കണോമി ക്‌ളാസ് എന്നിങ്ങനെയായിരിക്കും തരം തിരിവ്. ഫലത്തിൽ വിമാന ടിക്കറ്റിനോളം തുക ഒരു എക്കണോമി ക്‌ളാസ് യാത്രക്കാരൻ നൽകേണ്ടിവരുമെന്ന് ചുരുക്കം. 30 കോടിയോളം രൂപയാണ് സാധ്യതാ പഠനത്തിനായി ഇതുവരെ ചെലവഴിച്ചിട്ടുള്ളതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

ഭൂരിപക്ഷം ജനങ്ങളും അനുകൂലിക്കുന്ന പദ്ധതിയാണ് അതിവേഗ റെയിൽ എന്ന വിധത്തിൽ പുറത്തുവന്ന സർവേ തട്ടിപ്പും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പ്രതിരോധ സമിതി സംസ്ഥാന ചെയർമാൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. സർവേയുടെ ആധികാരികതയെ കുറിച്ച് അതിവേഗ റെയിൽ കോർപറേഷന്റെ വെബ്‌സൈറ്റിൽപോലും ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ പ്രതിഷേധം കാരണം പാതിവഴിയിൽ നിർത്തിവച്ച പദ്ധതി പൊടിതട്ടിയെടുക്കുന്നുവെന്നാണ് സർവേ പുറത്തുവിട്ടതിലൂടെ മനസ്സിലാവുന്നത്.

സംസ്ഥാന സർക്കാറിനെ വൻ സാമ്പത്തിക കെണിയിലേക്ക് തള്ളിവിടുന്ന പദ്ധതിയാണ് അതിവേഗ റെയിൽ. നൂറുകണക്കിന് കുടുംബങ്ങളെ കുടിയിറക്കി നടപ്പാക്കുന്ന പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് ജനപ്രതിനിധികൾപോലും സമ്മതിക്കുന്നു. പദ്ധതി ഉപേക്ഷിക്കുമെന്നും നിലവിലെ റെയിൽവേ സംവിധാനം ഉപയോഗപ്പെടുത്തി അതിവേഗ ട്രെയിൻ നടപ്പാക്കുമെന്നുമാണ് ഇടതുമുന്നണിയുടെ പ്രകടന പത്രികയിലുള്ളത്. സർക്കാർ വ്യക്തമായ അഭിപ്രായമൊന്നും പറയാതെ ഉദ്യോഗസ്ഥ തലത്തിൽ സർവേ പോലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത് ഗൗരവതരമായ കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP