Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാണി ലക്ഷ്മീഭായി മീനച്ചിൽ തീരത്ത് പതിനാല് ഏക്കർ സ്ഥലവും തടിയും നൽകി; ആദ്യ ബാച്ചിൽ പഠിച്ചത് 25 വൈദിക വിദ്യാർത്ഥികൾ; ആദ്യ കലാലയം രണ്ടു നൂറ്റാണ്ടുമുമ്പു കോട്ടയത്തു ജന്മം കൊണ്ടതിങ്ങനെ?

റാണി ലക്ഷ്മീഭായി മീനച്ചിൽ തീരത്ത് പതിനാല് ഏക്കർ സ്ഥലവും തടിയും നൽകി; ആദ്യ ബാച്ചിൽ പഠിച്ചത് 25 വൈദിക വിദ്യാർത്ഥികൾ; ആദ്യ കലാലയം രണ്ടു നൂറ്റാണ്ടുമുമ്പു കോട്ടയത്തു ജന്മം കൊണ്ടതിങ്ങനെ?

കോട്ടയം: 1815 മാർച്ചിൽ ആരംഭിച്ച കോട്ടയത്തെ സി എം എസ് കോളേജാണ് ഇന്നു നിലവിലുള്ള ഇന്ത്യയിലെ ആദ്യ കലാലയം. അച്ചടി, ബൈബിൾ വിവർത്തനം, പള്ളിക്കൂടങ്ങൾ എന്നീ രംഗങ്ങളിൽ നടത്തിയ ഇടപെടലിലൂടെ ആധുനിക കേരളത്തിന്റെ നവോത്ഥാനചരിത്രത്തിനു തുടക്കം കുറിച്ച സി എം എസ് മിഷനറിമാരുടെ ഈ മാതൃകാസ്ഥാപനം ഇരുന്നൂറാം പിറന്നാൾ ആഘോഷിക്കുകയാണ്, 2015 മാർച്ച് മാസത്തിൽ. ജാതി, മത, ലിംഗ ഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം എത്തിക്കാൻ മുന്നിൽ നിന്ന സിഎംഎസ് കോളേജ് പഠനമികവിൽ ഇന്ത്യയിലെ തന്നെ മുന്നിൽ നിൽക്കുന്ന കോളേജാണ്.

ഇരുന്നൂറു വയസ്സുതികയുന്ന സി.എം.എസ് കോളേജിന്റെ ചരിത്രവും അതിനെ ചുറ്റിപ്പറ്റിയുള്ള വസ്തു, രേഖാസഞ്ചയവും വിശകലനവും അവലോകനവും കൊണ്ട് സമ്പന്നമാണ് സിഎംഎസ് കോളേജിന്റെ മലയാള വകുപ്പ് അദ്ധ്യക്ഷനായ ബാബുചെറിയാന്റെ 'Towards Moderntiy: The story of the First college in India'എന്ന പുസ്തകം. സി.എം.എസ് കോളേജിന്റെ പ്രിൻസിപ്പലും മഹാപണ്ഡിതനും കൂടിയായ ബഞ്ചമിൻ ബെയ്‌ലിയെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള ബാബു ചെറിയാന്റെ പുസ്തകത്തിലെ വിശദാംശങ്ങൾ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നു.

ധുനികത എന്നത് ചില സ്ഥാപനങ്ങളിലൂടെയാണ് നടപ്പാകുന്നതെന്ന മിഷേൽ ഫൂക്കോയുടെ നിരീക്ഷണം കേരളത്തെ സംബന്ധിച്ചും ശരിയാണ്. കേരളീയാധുനികീകരണത്തിന്റെ അനുഭവലോകങ്ങൾ പാർപ്പുറപ്പിച്ചതും വിവിധങ്ങളായ സ്ഥാപനങ്ങളിൽത്തന്നെയാണ്. അതിൽ പ്രഥമവും പ്രധാനവുമാണ് കോട്ടയം സി. എം.എസ് കോളേജ്. ആധുനികകേരളത്തിന്റെ സാംസ്‌കാരികപുരോഗതി മിഷനറിമാരുടെ അശ്രാന്ത പരിശ്രമങ്ങളുമായി ചേർത്തുവായിക്കാൻ കഴിയും. തെക്ക് ലാറ്റിൻ മിഷൻ സൊസൈറ്റി, മധ്യകേരളത്തിൽ ചർച്ച്മിഷൻ സൊസൈറ്റി, വടക്ക് ബാസൽ മിഷൻ സൊസൈറ്റി എന്നിങ്ങനെ അച്ചടി- ആധുനികതയെ ഉറപ്പിച്ചെടുക്കുന്നതിൽ മിഷനറിമാർ ചെയ്ത പ്രവർത്തനങ്ങൾ നിസ്തുലമാണ്. ജാതി, മത, ലിംഗഭേദമന്യേയുള്ള വിദ്യാഭ്യാസം, ഇംഗ്ലീഷ് വിദ്യാഭ്യാസം, നാട്ടുഭാഷാ വിദ്യാഭ്യാസം, ശാസ്ത്രവിദ്യാഭ്യാസം എന്നിങ്ങനെ പൊതുവിദ്യാഭ്യാസത്തിലൂടെ സാംസ്‌കാരിക ജ്ഞാനനിർമ്മാണ പദ്ധതിക്ക് സ്‌കെച്ചും പ്ലാനും ഒരുക്കിയത് അവരാണ്.

1799-ലാണ് ഇംഗ്ലണ്ടിൽ ചർച്ച് മിഷൻ സൊസൈറ്റി രൂപംകൊള്ളുന്നത്. 1813- ൽ ബ്രിട്ടീഷ് പാർലമെന്റ ്‌സി എം എസിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുവാദം സംബന്ധിച്ച ബില്ല് പാസ്സാക്കി. ഈ വർഷംതന്നെ തിരുവിതാംകൂർ റസിഡന്റായ കേണൽ ജോൺ മൺറോ മദ്രാസിലെ സി. എം. എസ്. കറസ്‌പോണ്ടിങ് കമ്മിറ്റിയിൽ ഒരു കോളേജിന്റെ കാര്യം എഴുതിയറിക്കുകയുണ്ടായി. റാണി ലക്ഷ്മീഭായി കോളേജിനുവേണ്ടി മീനച്ചിലാറിന്റെ തീരത്ത് പതിനാലേക്കർ സ്ഥലവും കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ തടിയും ദാനമായി നൽകി. 1815 മാർച്ചിൽ ഇരുപത്തിയഞ്ച് വൈദിക വിദ്യാർത്ഥികളെ പഠിപ്പിച്ചുകൊണ്ട് കോട്ടയം സി.എം.എസ് കോളേജ് പ്രവർത്തനമാരംഭിച്ചു. ആൺ,പെൺ ഭേദമന്യേ, ജാതി, മതഭേദമന്യേ കേരളം ഒരുമിച്ചിരുന്ന ആദ്യത്തെ പൊതു ഇടം ഈവിധം രൂപപ്പെട്ടു.

തുടർന്നുള്ള കാലത്തും സി.എം.എസ് കോളേജ് തികച്ചും ആധുനികവും വിമോചനപരവുമായ ചരിത്രംതന്നെ എഴുതികൊണ്ടിരുന്നു. ആധുനികവിദ്യാഭ്യാസത്തിനു പുറമേ കോളേജിനെ മുൻനിർത്തി കേണൽ മൺറോ മൂന്നു കാര്യങ്ങളാണ് ഉന്നംവച്ചിരുന്നത്. ഒന്ന്, ബൈബിൾ വിവർത്തനം, രണ്ട്, പള്ളിക്കൂടങ്ങൾ, മൂന്ന്, അച്ചുകൂടങ്ങൾ. ബൈബിൾ വിവർത്തനവും സി. എം. എസ്. അച്ചുകൂടത്തിന്റെ ആരംഭവും കോളേജിന്റെ പ്രിൻസിപ്പലായ ബഞ്ചമിൻ ബെയ്‌ലി യാഥാർത്ഥ്യമാക്കിയപ്പോൾ ഹെന്റി ബേക്കർ പള്ളിക്കൂടങ്ങളെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കി. ഈ പള്ളിക്കൂടങ്ങളാകട്ടെ മലയാളഭാഷയെയും സംസ്‌കാരത്തേയും പുരോഗമനപരമായി വിഭാവനം ചെയ്തവയായിരുന്നു. ബൈബിൾ വിവർത്തനം മലയാള ഗദ്യത്തിന്റെ ആദ്യമാതൃക അവതരിപ്പിക്കുകയും അച്ചുകൂടങ്ങൾ കേരളത്തെ ഇന്നോളം പിന്തുടരുന്ന സാമൂഹ്യാനുഭവങ്ങളെ നിർമ്മിച്ചെടുക്കുകയും ചെയ്തു.

1848 ൽ സി എം എസ് പ്രസിൽനിന്നും പുറത്തുവന്ന ജ്ഞാനനിക്ഷേപമാണ് കേരളത്തിലെ ആദ്യത്തെ പത്രമായി ചില പഠിതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. മാറ്റിവയ്ക്കാവുന്ന അച്ചുകൾ(Movablet ypes) ഉപയോഗിച്ചും വാർത്തയ്ക്ക് ഉള്ളടക്കപരമായിത്തന്നെ മുഖ്യസ്ഥാനം നൽകിയും സാങ്കേതികവും അനുഭവപരവുമായി പത്രം എന്ന ആശയത്തെ കേരളത്തിൽ സാക്ഷാത്കരിച്ചത് ജ്ഞാനനിക്ഷേപമാണ്. ഘാതകവധം, പുല്ലേലികുഞ്ചു എന്നീ മലയാളസാഹിത്യത്തിലെ കീഴാളപ്രമേയമുള്ള ആഖ്യാനപ്രകാരങ്ങൾ വെളിച്ചം കാണുന്നത് ഈ പത്രത്തിലൂടെയാണ്. 1864 -ൽ ഇന്ത്യയിലെ ആദ്യത്തെ കലാലയ ജേണൽ വിദ്യാസംഗ്രഹം പുറത്തുവന്നു. പാശ്ചാത്യസർവകലാശാലാ ജേണലിന്റെ മാതൃകയിലാണ് വിദ്യാസംഗ്രഹവും രൂപകല്പന ചെയ്തിരുന്നത്.

ശാസ്ത്രം, സാഹിത്യം, വിവിധ മതങ്ങളുടെ ആശയങ്ങൾ, വാർത്ത എന്നിങ്ങനെ വിജ്ഞാനവിതരണത്തിൽ സി എം എസിന്റെ ജേണൽ പത്തൊൻപതാം നൂറ്റാണ്ടിൽ വഹിച്ച പങ്ക് ചെറുതല്ല. ആധുനികതയിൽ ജ്ഞാനവിഷയങ്ങളായിത്തീർന്ന വിവിധ വിഷയമാതൃകകളെ വിദ്യാസംഗ്രഹം അവതരിപ്പിക്കുകയും കലാലയ ജേണലുകളുടെ മികച്ച മാതൃകയായിത്തീരുകയും ചെയ്തു The slayer slainഎന്ന കീഴാളപ്രമേയമുള്ള, കേരളത്തിൽ എഴുതപ്പെട്ട ആദ്യനോവൽ പ്രസിദ്ധീകരിക്കുന്നത് ഇവിടെയാണ്.

ഈ മട്ടിൽ പൊതുവിദ്യാഭ്യാസം സാധ്യമാക്കിയ പള്ളിക്കൂടങ്ങൾ, കലാലയ ജേണൽ, മുദ്രണാലയം, പത്രം എന്നിവയിലൂടെ ഒരു ഭാഗത്തും കലാലയത്തിന്റെ പ്രവർത്തനങ്ങളിലൂടെ മറ്റൊരു ഭാഗത്തും സി.എം.എസ് ഉയർത്തിക്കൊണ്ടു വന്ന താല്പര്യങ്ങൾ എല്ലാത്തരം വിവേചനങ്ങൾക്ക് അതീതവും ജനാധിപത്യപരവും പുരോഗമനാത്മകവുമായിരുന്നു. കേരളത്തിലെ ദളിതരുടെയും സ്ത്രീകളുടെയും ജാതി മതങ്ങളുടെയും പ്രശ്‌നങ്ങളെ അഭിസംബോധനചെയ്തവതരിപ്പിച്ച സി.എം.എസ് കോളേജ് കേരളത്തിൽ നടക്കേണ്ടിയിരുന്ന സാമൂഹ്യനവോത്ഥാനത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് വഴിമരുന്നിടുകയായിരുന്നു. എന്നാൽ കേരളീയനവോത്ഥാനത്തിന്റെ മുഖ്യതാല്പര്യങ്ങൾ ഈ വിധം വിമോചനപരമായിരുന്നു എന്ന് കരുതുക വയ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP