Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോർട്ടികോർപ്പിന്റെ വിപണി ഇടപെടൽ ഇനി നടക്കില്ല; കർഷകരുടെ ആത്മമിത്രമാകേണ്ട സ്ഥാപനവും പൂട്ടിയ കമ്പനിയുടെ പട്ടികയിൽ; ചെയർമാൻ വിനയൻ അടക്കമുള്ള ഡയറക്ടർമാർക്കും അയോഗ്യത; സംസ്ഥാനത്തിന്റെ പുനപരിശോധിക്കൽ അപേക്ഷ നിരസിച്ചാൽ ഹോർട്ടികോർപ്പിന്റെ കഥ കഴിയും

ഹോർട്ടികോർപ്പിന്റെ വിപണി ഇടപെടൽ ഇനി നടക്കില്ല; കർഷകരുടെ ആത്മമിത്രമാകേണ്ട സ്ഥാപനവും പൂട്ടിയ കമ്പനിയുടെ പട്ടികയിൽ; ചെയർമാൻ വിനയൻ അടക്കമുള്ള ഡയറക്ടർമാർക്കും അയോഗ്യത; സംസ്ഥാനത്തിന്റെ പുനപരിശോധിക്കൽ അപേക്ഷ നിരസിച്ചാൽ ഹോർട്ടികോർപ്പിന്റെ കഥ കഴിയും

കൊച്ചി: കർഷക ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഹോർട്ട് കോർപ്പിന്റെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. കള്ളപ്പണത്തിനെതിരായി കേന്ദ്രസർക്കാർ സ്വീകരിച്ച കടുത്ത നടപടികളുടെ ഭാഗമായി ഹോർട്ടികോർപ്പിനേയും പൂട്ടിയ കമ്പനിയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കള്ളപ്പണത്തിനും നിയമവിരുദ്ധമായ കച്ചവടരീതികൾക്കുമെതിരായ നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ഇത്ര കർശനമായി നടപടി എടുത്തിരിക്കുന്നത്. ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ടും കൃത്യമായി നൽകാത്ത കമ്പനികളെ പൂട്ടിപ്പോയതും കടലാസ് കമ്പനികളുടെയും പട്ടികയിൽ ഉൾപ്പെടുത്തിയാണ് നടപടിയെടുത്തിരിക്കുന്നത്.

ഈ പട്ടികയിൽ ഹോർട്ടികോർപ്പും ഉണ്ട്. വിനയൻ അടക്കമുള്ള കമ്പനി ഡയറക്ടർമാരും ഇതോടെ അയോഗ്യരായി. ഇതേ പ്രശ്നമാണ് നോർക്ക റൂട്സിനും ബാധകമായത്. എന്നാൽ സാധാരണക്കാരുമായി നേരിട്ട് ഇടപാട് നടത്തുന്ന ഹോർട്ടി കോർപ്പിന് വലിയ തിരിച്ചടിയാണ് ഇത്. പച്ചക്കറി വിപണിയിലെ ഇടപെടലുകളെ പോലും ബാധിക്കും. അയോഗ്യരായതോടെ വിനയൻ അടക്കം ഹോർട്ടികോർപ്പിന്റെ അഞ്ച് ഡയറക്ടർമാർക്കും മറ്റു സ്ഥാപനങ്ങളുടെ ഡയറക്ടർ സ്ഥാനം അടുത്ത അഞ്ച് വർഷത്തേക്ക് വഹിക്കാൻ സാധിക്കില്ല. കൊച്ചി റീജിയനു കീഴിൽ പ്രവർത്തിക്കുന്ന 1200-ഓളം കമ്പനികളെ കേന്ദ്രസർക്കാർ പൂട്ടിയ കമ്പനികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ ഡയറക്ടർക്കെല്ലാം അഞ്ച് വർഷത്തെ അയോഗ്യത ബാധകമാണ്. കമ്പനി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ കൃത്യമായി വിവരങ്ങൾ കേന്ദ്രസർക്കാരിന് നൽകേണ്ടതുണ്ട്. ഇതിൽ വീഴ്ച വന്നതാണ് നടപടിക്ക് കാരണമായിരിക്കുന്നത്.

ഇല്ലാത്ത കമ്പനികളുണ്ടാക്കി വൻതോതിൽ കള്ളപ്പണം വെളുപ്പിക്കുന്നതായി കേന്ദ്രസർക്കാർ നേരത്തെ കണ്ടെത്തിയിരുന്നു. ഇങ്ങനെയുള്ള വ്യാജകമ്പനികൾ സാധാരണ വാർഷിക കണക്കുകൾ കേന്ദ്രസർക്കാരിന് സമർപ്പിക്കാറുമില്ല. ഹോർട്ടി കോർപ്പും നോർക്ക റൂട്ട്സും അവരുടെ വരവുചെലവ് കണക്കുകളും മറ്റു വിവരങ്ങളും സമയബന്ധിതമായി കേന്ദ്രസർക്കാരിന് നൽകിയിരുന്നില്ല. ഇതാണ് ഈ സ്ഥാപനങ്ങൾക്ക് നേരെ നടപടി വരാൻ കാരണമായതെന്നാണ് സൂചന. ഹോർട്ടി കോർപ്പും നോർക്കാ റൂട്സും സംസ്ഥാന സർക്കാർ സ്ഥാപനമാണെന്നും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിനെതിരെ നടപടി എടുത്തത് പുനപരിശോധക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ പൊതുമേഖലയെ താങ്ങിനിർത്തുന്നതിൽ വലിയ പങ്കാണ്് ഹോർട്ടികോർപ്പിന്റേത്. കഴിഞ്ഞ ഓണത്തിനു പോലും വിലക്കയറ്റത്തിൽ നിന്ന് പച്ചക്കറി വില പിടിച്ചു നിർത്തിയത് ഹോർട്ടി കോർപ്പിന്റെ ഇടപെടലായിരുന്നു. മാറി മാറി വരുന്ന സർക്കാരുകൾ രാഷ്ട്രീയക്കളിക്കുള്ള ഇടമായാണ് ഹോർട്ടി കോർപ്പിനെ കാണുന്നത്. കോടികളുടെ വാങ്ങലും വില്പനയും ഓരോ മാസവും നടക്കുന്നതിനാൽ അഴിമതി തേടി വരുന്നവർക്ക് ഇതൊരു അക്ഷയപാത്രമായി മാറിയിരുന്നു.

ചട്ടപ്രകാരം നോർക്ക റൂട്ട്സിന്റെ ചെയർമാൻ കേരള മുഖ്യമന്ത്രിയാണ്. നോർക്കയുടെ വെബ്സൈറ്റിൽ പക്ഷേ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയാണ് അടുത്തിടെ വരെ ചെയർമാനായി കാണിച്ചിരുന്നത്. വെബ്സൈറ്റ് കൃത്യമായി നവീകരിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വിവരം കൃത്യമായി അപ്ഡേറ്റ് ചെയ്തിരുന്നുവെങ്കിൽ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടി അയോഗ്യരുടെ പട്ടികയിൽ വരുമായിരുന്നു. കള്ളപ്പണം പൂഴ്‌ത്തിവയ്ക്കുന്നതിനും, സാമ്പത്തിക തിരിമറികൾ നടത്തുന്നതിനും വേണ്ടി കൃത്രിമമായി ഉണ്ടാക്കുന്ന കടലാസു കമ്പനികളെ ഷെൽ കമ്പനിയെന്നാണ് വിളിക്കുന്നത്. തീർത്തും അനധികൃതമാണ് ഇടപാടുകൾ. ഇത്തരത്തിലൊരു കമ്പനി ഉണ്ടാകില്ല. എന്നാൽ നികുതി വെട്ടിപ്പിനായി കടലാസ് കമ്പനികളുടെ ബാങ്ക് അക്കൗണ്ടിലൂടെ ഇടപാടുകൾ മുറയ്ക്ക് നടക്കും. ഇത്തരം ഒന്നരലക്ഷം കമ്പനി ഡയറക്ടർമാരെയാണ് കേന്ദ്രം കണ്ടെത്തിയത്. രാജ്യത്തിന് അപമാനമാണ് ഷെൽ കമ്പനിയും അതിന്റെ ഡയറക്ടർമാരുമെന്നും വിശദീകരിച്ചാണ് പട്ടിക പുറത്തുവിട്ടത്.

നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഷെൽ കമ്പനികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2.09 ലക്ഷം ഷെൽ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് കേന്ദ്ര സർക്കാർ നേരത്തെ നടപടി തുടങ്ങിയിരുന്നു. ഈ കമ്പനികളുടെ ഡയരക്ടർമാരായ 1.06 ലക്ഷം പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്കും കേന്ദ്രം ഒരുങ്ങുകയാണ്. രണ്ടു ലക്ഷം കമ്പനികളെ ഒഴിവാക്കിയ ശേഷവും രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ട 11 ലക്ഷം കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയിലും ഷെൽ കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടൽ.

ഷെൽ കമ്പനികൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി തുടങ്ങിയതോടെ ഇത്തരം കമ്പനികളുടെ വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കിയ ഓഡിറ്റർമാരും കുടുങ്ങും. കണക്കുകളിൽ കൃത്രിമം കണ്ടിട്ടും ഇത് കേന്ദ്ര സർക്കാറിനെയോ ബന്ധപ്പെട്ട ഏജൻസികളേയോ അറിയിക്കാത്തതിനാണ് ഇവർക്കെതിരെ നടപടി ആലോചിക്കുന്നത്. ഷെൽ കമ്പനികളുടെ ഡയരക്ടർമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതന് കേന്ദ്ര സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. ഇത്തരം കമ്പനികളുടെ അക്കൗണ്ടുകളിലൂടേയോ, ഷെൽ കമ്പനി ഡയരക്ടർമാർ ഒപ്പുവെച്ച ചെക്ക് ഉൾപ്പെടെയേുള്ള രേഖകൾ വഴിയോ സാമ്പത്തിക ഇടപാടുകൾ അനുവദിക്കരുതെന്ന് ബാങ്കുകൾക്ക് സർക്കാർ കഴിഞ്ഞ നിർദ്ദേശം നൽകിയിരുന്നു. ഇതിനു പുറമെയാണ് സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ചുമതലപ്പെട്ട ഓഡിറ്റർമാർക്കെതിരെയും നടപടി ആലോചിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP