Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിൻവലിച്ച പണം സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കെല്ലാം ചകര; ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കിട്ടാനില്ല; ചെലവാക്കാനാവാത്ത നോട്ടുകളുമായി വടക്കേ ഇന്ത്യക്കാരും കേരളത്തിലേക്ക്; നഴ്‌സിങ് വിദ്യാർത്ഥിനികൾക്ക് 20,000 രൂപ വീതം നൽകി ആശുപത്രി മുതലാളിയുടെ കള്ളപ്പണം വെളുപ്പിക്കൽ

പിൻവലിച്ച പണം സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കെല്ലാം ചകര; ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കിട്ടാനില്ല; ചെലവാക്കാനാവാത്ത നോട്ടുകളുമായി വടക്കേ ഇന്ത്യക്കാരും കേരളത്തിലേക്ക്; നഴ്‌സിങ് വിദ്യാർത്ഥിനികൾക്ക് 20,000 രൂപ വീതം നൽകി ആശുപത്രി മുതലാളിയുടെ കള്ളപ്പണം വെളുപ്പിക്കൽ

ആലപ്പുഴ: കറൻസി നിരോധനത്തിന് പിന്നാലെ അതിൽനിന്ന് നേട്ടംകൊയ്യാനുള്ള ശ്രമങ്ങളും ഓരോ മേഖലയിലും സജീവമാകുന്നതായി സൂചനകൾ. പിൻവലിച്ച പണം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുതന്നെ കച്ചവടം തുടരുകയാണ് നിരവധി സ്ഥാപനങ്ങളെന്നാണ് പുതിയ റിപ്പോർട്ടുകൾ. പഴയ നോട്ടുകൾ ഉപയോഗിച്ച് ഉറവിടം കാണിക്കാതെ തന്നെ രണ്ടര ലക്ഷം രൂപവരെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിന് കഴിയുമെന്നതിനാലാണ് പല വ്യാപാരികളും പഴയ നോട്ടുകൾ സ്വീകരിക്കാൻ തയ്യാറാകുന്നത്. ഇതിന്റെ മറവിൽ കള്ളപ്പണവും ഒഴുക്കുന്നതായാണ് വിവരം. കള്ളപ്പണം വെളുപ്പിക്കാൻ ഇത്തരത്തിൽ പലരും പുതുവഴികൾ തേടുമ്പോൾ ഒരു ആശുപത്രി മുതലാളി നഴ്‌സിങ് വിദ്യാർത്ഥിനികൾക്ക് പണം നൽകി ഇതിന് ശ്രമിച്ചതായ റിപ്പോർട്ടും പുറത്തുവരുന്നു.

വിനോദ സഞ്ചാര മേഖലയിൽ കള്ളപ്പണമൊഴുക്കിന്റെ പ്രതിഫലനം ഏറെ പ്രകടമാണ്. നോട്ടുകൾ പിൻവലിക്കപ്പെട്ടപ്പോൾ കൈവശമുള്ള കറൻസികൾ ചെലവാക്കാൻ ടൂറുകൾ സംഘടിപ്പിക്കാനും മറ്റും സ്ഥാപനങ്ങളും കുടുംബങ്ങളും ഈ സാഹചര്യം തിരഞ്ഞെടുക്കുകയാണ്. വാണിജ്യരംഗത്ത് പഴയ നോട്ടുകൾ എടുക്കാൻ സർക്കാർ സ്ഥാപനങ്ങൾപോലും വിമുഖത കാട്ടുമ്പോൾ ഹൗസ് ബോട്ട് ഓപ്പറേറ്റേഴസ് ഒരുമടിയും കാണിക്കാതെ എല്ലാനോട്ടുകളും സ്വീകരിക്കുകയാണ്. ഇതോടെ ആലപ്പുഴയിലും മറ്റും ഹൗസ് ബോട്ടുകൾ കിട്ടാത്ത സാഹചര്യമാണിപ്പോൾ.

കേരളത്തിലെ മാത്രമല്ല, ഉത്തരേന്ത്യയിൽ നിന്നും മറ്റും സഞ്ചാരികളുടെ ഒഴുക്കാണ്. റെയിൽവെ സ്‌റ്റേഷനിലും മറ്റും പഴയ നോട്ടുകൾ സ്വീകരിക്കുമെന്നതിനാൽ എസിയും ഫസ്റ്റ് കഌസും തന്നെ ബുക്കുചെയ്ത് നൂറുകണക്കിനുപേർ യാത്രചെയ്യാൻ ഈ സമയം തിരഞ്ഞെടുത്തിരിക്കുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ വരവിൽ പെട്ടെന്ന് വർധനവുണ്ടായിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൈവശമുള്ള അധികം പണത്തിൽ കുറച്ചെങ്കിലും ഇങ്ങനെ ആഘോഷിച്ചു തീർക്കാമെന്ന ചിന്തയിലാണ് പലരുടേയും വരവ്.

അതിനാൽത്തന്നെ ഈ ചാകരക്കാലത്ത് അസാധുവാക്കപ്പെട്ട കറൻസി സ്വീകരിക്കാതിരിക്കുന്നത് മണ്ടത്തരമാണെന്ന തിരിച്ചറിഞ്ഞാണ് ഹൗസ്‌ബോട്ടുകാർ ഈ പണം സ്വീകരിക്കാൻ തയ്യാറായത്. ഹോംസ്‌റ്റേകളിലും മറ്റും ഇതേ സ്ഥിതിയാണ് പലരും നിരോധിക്കപ്പെട്ട പണം സ്വീകരിച്ചുതന്നെ അതിഥികളെ സ്വീകരിക്കുന്നു. ദിവസം ഒന്നോരണ്ടോ പേർക്ക് താമസമൊരുക്കിയാലും കൈവശമെത്തുന്ന ആയിരങ്ങൾ ബാങ്കിൽ നിന്ന് മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണവർ.

ഉത്തരേന്ത്യയിൽനിന്ന് കൂടുതൽ സഞ്ചാരികളെത്തുന്നത് ആലപ്പുഴയിലേക്കാണ്. എങ്ങനെയും പണം അടിച്ചു തീർക്കുകയെന്നതാണ് വരുന്ന സഞ്ചാരികളിലേറെപ്പേരുടെയും ലക്ഷ്യം. നോട്ടുകൾ പിൻവലിച്ചതിന്റെ പിറ്റേദിവസം ആയിരവും അഞ്ഞൂറുമെടുക്കാൻ ഹൗസ് ബോട്ടുകാർ ആദ്യമൊന്ന് അറച്ചെങ്കിലും പിന്നീട് നയം മാറ്റി. അതാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇതുപോലെ തന്നെ സംസ്ഥാനത്തിനകത്ത് വടക്കൻ ജില്ലകളിൽനിന്നും നിരവധി സഞ്ചാരികൾ എത്തുന്നു. രണ്ടും മൂന്നും ദിവസം ഹൗസ് ബോട്ടിൽ തങ്ങാനുള്ള തയ്യാറെടുപ്പിലാണ് മിക്കവരും വരുന്നത്.

ഇങ്ങനെ ലക്ഷങ്ങൾ കുറഞ്ഞ ദിവസത്തിൽ ചെലവഴിച്ച് മടങ്ങാനാണ് പരിപാടി. അതേസമയം പതിവു പോലെയാണ് വിദേശ സഞ്ചാരികളുടെ വരവ്. വരുംദിവസങ്ങളിലും സഞ്ചാരികൾ ഏറെ എത്താൻ സാധ്യതയുണ്ടെന്നാണ് വിനോദ സഞ്ചാര മേഖലയുടെ കണക്കുകൂട്ടൽ. പത്തംഗ സംഘത്തിൽനിന്ന് യാത്ര കഴിയുമ്പോൾ 30,000 രൂപയെങ്കിലും വാങ്ങേണ്ടി വരും. യാത്രയ്ക്കുശേഷം സഞ്ചാരികൾ മടങ്ങിയാൽ ഈ പണം വാങ്ങുക പ്രയാസമാണ്. അതിനാൽ സഞ്ചാരികളുടെ കൈവശമുള്ള നോട്ടുകൾ ഏതായാലും വാങ്ങുമെന്ന് ഒരു ഹൗസ് ബോട്ട് ഉടമ വ്യക്തമാക്കി.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഏറ്റവും കൂടിയ ബുക്കിങ് വന്നതോടെയാണ് ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കിട്ടാതായത്. അതേസമയം ഇവരുടെ ചില്ലറ ആവശ്യങ്ങൾക്കായി കറൻസി ഇല്ലാത്തത് പ്രശ്‌നവുമാകുന്നുണ്ട്. വിദേശ സഞ്ചാരികൾ നാട്ടുകാർക്കൊപ്പം രൂപ മാറാൻ എ.ടി.എമ്മിൽ ക്യൂ നില്ക്കുന്നതും പുതിയ കാഴ്ചയായി. ഹോട്ടൽ, ടാക്‌സി ബില്ലുകൾ കൊടുക്കുന്നതിനാണ് അവർ പ്രധാനമായും നോട്ടുകൾ മാറിയെടുക്കുന്നത്. അതേസമയം കാർഡുപയോഗിച്ച് ബില്ലുകൾ നൽകാൻ സംവിധാനമുള്ളിടങ്ങളിൽ വിനോദസഞ്ചാരികൾ ഇടിച്ചുകയറുകയും ചെയ്യുന്നുണ്ട്.

തൃശൂരിലാണ് കള്ളപ്പണം വെളുപ്പിക്കാൻ നഴ്‌സിങ് വിദ്യാർത്ഥികളെ ഉപയോഗിച്ചതായി കണ്ടെത്തിയത്. നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും നഗരത്തിലെ ഒരു സ്ഥാപനം ഇരുപതിനായിരം രൂപനൽകി അക്കൗണ്ടിൽ ഇടാൻ ആവശ്യപ്പെട്ടതായാണ് വാർത്ത. ഇതിന് പ്രത്യുപകാരമായി ഫീസിൽ പത്തുശതമാനം ഇളവു നൽകുമെന്നാണ് വാഗ്ദാനം്. പണം എടുത്തു നൽകിയാൽ മതിയെന്നു പറഞ്ഞ് സാവകാശവും നൽകുന്നുണ്ട്. നൂറുകണക്കിന് വിദ്യാർത്ഥികളുടെ അക്കൗണ്ടിലൂടെ ഇങ്ങനെ വൻതുകകൾ ഘട്ടംഘട്ടമായി മാറ്റിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ ഇക്കാര്യത്തിൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് അധികൃതർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP