Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈക്കോടതി വിധി വരുമ്പോൾ തന്നെ രാജി ഉറപ്പിച്ചു; കോടതി വിധിയുടെ സാങ്കേതികത ചൂണ്ടികാട്ടി പിടിച്ചു നിൽക്കാൻ അവസാന ശ്രമം നടത്തി; മാദ്ധ്യമങ്ങളും കോൺഗ്രസും മുറിവിൽ കൂട്ടിയപ്പോൾ രാജിയല്ലാതെ വഴിയൊന്നുമില്ലാതായി; ജോസഫിനെ രാജിവെപ്പിക്കാനുള്ള ശ്രമവും പാളിയപ്പോൾ രാജി; 30 മണിക്കൂർ നീണ്ട നീക്കങ്ങൾ അവസാനിച്ചത് ഇങ്ങനെ

ഹൈക്കോടതി വിധി വരുമ്പോൾ തന്നെ രാജി ഉറപ്പിച്ചു; കോടതി വിധിയുടെ സാങ്കേതികത ചൂണ്ടികാട്ടി പിടിച്ചു നിൽക്കാൻ അവസാന ശ്രമം നടത്തി; മാദ്ധ്യമങ്ങളും കോൺഗ്രസും മുറിവിൽ കൂട്ടിയപ്പോൾ രാജിയല്ലാതെ വഴിയൊന്നുമില്ലാതായി; ജോസഫിനെ രാജിവെപ്പിക്കാനുള്ള ശ്രമവും പാളിയപ്പോൾ രാജി; 30 മണിക്കൂർ നീണ്ട നീക്കങ്ങൾ അവസാനിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാണം കെട്ട പടിയിറക്കമാണ് കെഎം മാണിയുടേത്. പാർട്ടി ചെയർമാന്റെ രാജിയിൽ ഒപ്പം നിൽക്കാൻ പിജെ ജോസഫ് പോലുമില്ല. അങ്ങനെ അഭിമാനക്ഷതവുമായാണ് പാലായിലെ മാണിക്യത്തിന്റെ രാജി. രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി നേരിട്ട ആരോപണ വെല്ലുവിളിയെ അതിജീവിക്കുന്നതിൽ എല്ലാ അർത്ഥത്തിലും പരാജയമായി. ബാർ കോഴ വിവാദം ഉയർന്നത് മുതൽ മാണിയുടെ രാജി ഇന്ന്, നാളെ എന്ന് ഏവരും കരുതി. തലയെടുപ്പോടെ പടിയിറങ്ങാൻ അവസരം ഏറെയായിരുന്നു. ഒടുവിൽ എല്ലാവരുടേയും സമ്മർദ്ദത്തിലൂടെ പുറത്തു പോക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ പാല പിടിക്കാനായത് മാത്രമാണ് മാണിയുടെ ഏകെ ആശ്വാസം.

ബാർ കോഴക്കേസിലെ തുടരന്വേഷണ വിധിക്കെതിരെ വിജിലൻസ് നൽകിയ പുനഃപരിശോധനാ ഹർജി തള്ളി ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ കെ എം മാണിക്ക് വലിയ തിരിച്ചടി തന്നെയെന്ന് നിരീക്ഷണങ്ങളും ചർച്ചകളുമാണ് മാണിയെ രാജിക്ക് നിർബന്ധിതനാക്കിയത്. സീസറിന്റെ ഭാര്യയെ കുറിച്ച് ജസ്റ്റീസ് കമാൽപാഷ നടത്തിയത് മാണിയെ മാത്രം ലക്ഷ്യമിട്ടുള്ള നിഗമനങ്ങളാണ്. അന്വേഷണം തുടരുമ്പോൾ മാണി അധികാരത്തിൽ തുടരുന്നതിന്റെ ധാർമികതയാണ് ജസ്റ്റീസ് ഉയർത്തിയത്. തന്റെ ഭാഗം വ്യക്തമാക്കാനാണ് കോടതി വിധിക്ക് ശേഷം ചില പരമാർശങ്ങൾ ജസ്റ്റീസ് കോടതി മുറിയിൽ വ്യക്തമാക്കിയതും. അതുകൊണ്ട് തന്നെ മാണിക്ക് ധനമന്ത്രിയായി തുടരാൻ ധാർമികമായി കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇതിനെ അതിജീവിക്കാനുള്ള സാങ്കേതികത ഉയർത്തിയുള്ള മാണിയുടെ വാദങ്ങൾ അദ്ദേഹത്തിന് പ്രതിച്ഛായ നഷ്ടം മാത്രമേ ഉണ്ടാക്കൂ. ഇത് തിരിച്ചറിഞ്ഞാണ് ശക്തമായ സമരത്തിന് പ്രതിപക്ഷം കോപ്പ് കൂട്ടിയതും. ഈ സാഹചര്യത്തിലാണ് മാണിയുടെ പടിയിറക്കം.

മന്ത്രിപദത്തിൽ കടിച്ചു തൂങ്ങാൻ മാണി പത്തൊൻപതാമത്തെ(അടവുകൾ 18 എന്നാണ് കണക്കെങ്കിലും)അടവും പയറ്റി നോക്കിയെന്ന ആരോപണമാണ് മാണിക്കെതിരെ ഇപ്പോൾ ഉയരുന്നത്്. എല്ലാവരും കൈവിട്ടപ്പോൾ രാജിയും. അവസാന മണിക്കൂറുകളിൽ പോലും പിടിച്ചു നിൽക്കാൻ മാണി ശ്രമിച്ചു. ചീഫ് വിപ്പ് സ്ഥാനമൊഴിയാൻ തോമസ് ഉണ്ണിയാടൻ തയ്യാറായത് മാത്രമാണ് ആശ്വാസം. ബാർ കോഴ ആരോപണം ഉയർന്നപ്പോൾ തന്നെ മാണി രാജിവയ്ക്കുമെന്ന് കരുതിയവരുണ്ട്. ബാർ ഉടമകളിൽ ഭിന്നതയുണ്ടാക്കി ആരോപണത്തെ പൂമാലയാക്കാനായിരുന്നു ശ്രമം. ഇതിനിടെയിൽ മാണിയുടെ രാജിക്കായി പ്രതിപക്ഷം തെരുവിലിറങ്ങി. ക്വക്ക് വെരിഫിക്കേഷൻ റിപ്പോർട്ടിന് ശേഷം അന്വേഷണത്തിലേക്ക് കടന്നപ്പോഴും രാജി വയ്ക്കണമെന്ന മുറവിളി ഉയർന്നു. എന്നാൽ മാണി മാത്രം കുലുങ്ങിയില്ല. മന്ത്രിസഭയുടെ ഭൂരിപക്ഷക്കുറവ് ഉയർത്തി മാണി കളിച്ചപ്പോൾ ആർക്കും രാജി ആവശ്യപ്പെടാൻ ധൈര്യമുണ്ടായില്ല. ധാർമികതയും മറ്റും പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞെങ്കിലും മാണിയുടെ മുഖത്ത് നോക്കി ആരും ഒന്നും പറഞ്ഞില്ല. അതുകൊണ്ട് തന്നെ കുലക്കമില്ലാതെ തുടർന്നു. ബജറ്റ് അവതരണവും പ്രതിപക്ഷ പ്രതിഷേധവുമെല്ലാം ചർച്ച ചെയ്തു. ബജറ്റ് അവതരിപ്പിച്ച ശേഷം അഭിമാനമുയർത്തി മാണി പിടയിറങ്ങുമെന്ന് കോൺഗ്രസുകാർ പോലും കരുതി.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മാണിയുടെ രാജി അദ്ദേഹത്തിന്റെ മനസാക്ഷിക്ക് വിടുന്നുവെന്ന പരാമർശം ഹൈക്കോടതി ജസ്്റ്റീസ് കമാൽ പാഷ നടത്തിയത്. ഈ ഹൈക്കോടതി വിധി വന്നപ്പോൾ തന്നെ രാജി വയ്‌ക്കേണ്ടി വരുമെന്ന് മാണി മനസ്സിൽ കണ്ടിരുന്നു. ഇതുകൊണ്ടാണ് ഹൈക്കോടതിപരാമർശം പ്രതികൂലമായെന്ന വാർത്തകൾ പടർന്നതോടെ ധനമന്ത്രി കെഎം മാണിയെ ഫോണിൽ കൂടി കിട്ടാത്ത അവസ്ഥയായത്. മാണിയെ തേടി ചാനലുകൾ നെട്ടോട്ടമോടി. ഇതിനിടെയിൽ തന്നെ മാണിയെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് നേതാക്കള്ള്! രംഗത്ത് വന്നു. കോൺഗ്രസ് ഹൈക്കമാണ്ട് പോലും രാജി ആവശ്യപ്പെടുന്ന സാഹചര്യം. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആഞ്ഞടിച്ചു. ഘടകകക്ഷികളും സജീവമായി രംഗത്തു വന്നു. ഇതിനിടെയിലാണ് വിധിപ്പകർപ്പിന്റെ ആദ്യ സൂചനകൾ മാണിക്ക് കിട്ടിയത്. അഭിഭാഷകർ തന്നെയാണ് എല്ലാം വിശദീകരിച്ചത്. ഇതോടെ വീണ്ടും മാണി മാദ്ധ്യമങ്ങളുടെ മുന്നിലെത്തി. മകളുടെ വീട്ടിൽ വച്ച് ഗൂഢാലോചനയെന്ന തിയറി അവതരിപ്പിച്ചു.

അപ്പോഴും രാജി വേണമെങ്കിൽ ആവാം എന്നായിരുന്നു മനസ്സ്. പാലയിലേക്കുള്ള യാത്രയ്ക്കിടെയാണ് കോടതി വിധിയുടെ പകർപ്പ് കിട്ടുന്നത്. ഇതോടെ മാണി സട കുടഞ്ഞ് എഴുന്നേറ്റു. പ്രതിരോധം തീർത്ത് ശക്തനാവാനുള്ള എല്ലാം കോടതി വിധിയിലുണ്ടെന്ന് മാണി മനസ്സിൽ കണ്ടു. ആ കണക്ക് കൂട്ടലിനൊപ്പം കേരളാ കോൺഗ്രസിലെ പിജെ ജോസഫ് എന്ന സഹപ്രവർത്തകനെ പോലും കിട്ടിയില്ല. കോഴ വാങ്ങിയെന്ന് പൊതുസമൂഹത്തിലെ ചർച്ചയ്ക്ക് അപ്പുറം സാങ്കേതികമായി കോടതി വിധിയിൽ രാജി ഒഴിവാക്കാനുള്ള വസ്തുതകൾ ഉണ്ടെന്ന മാണി വിലയിരുത്തലുകൾ ജോസഫ് ഗ്രൂപ്പ് പോലും തള്ളി. ഇതോടെ രാജി അനിവാര്യതയായി. അപ്പോഴും അവസാന മണിക്കൂർ വരെ മാണി പൊരുതി.

കോടതി വിധിയുടെ പകർപ്പ് കിട്ടിയതോടെ മാണി പലതും ഉറപ്പിച്ചു. അതിനാൽ തൃപ്പുണ്ണിത്തുറയിലെ മകളുടെ വീട്ടിൽ നിന്നുള്ള മാണിയുടെ യാത്രയുടെ റൂട്ട് തന്നെ മാറ്റി. ഇന്നലെ രാത്രി ഏഴേമുക്കാലോടെ പാലാ ബിഷപ് മാർ കല്ലറങ്ങാട്ടിലിനെ സന്ദർശിച്ച മാണി പത്തുമിനുട്ട് ചർച്ച നടത്തി മടങ്ങി. തുടർന്ന് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണിൽ വിളിച്ചശേഷം പെരുന്നയിലെ എൻ.എസ്.എസ്. ആസ്ഥാനത്തേക്കു പുറപ്പെട്ടു. എന്നാൽ മാദ്ധ്യമങ്ങൾ നിറഞ്ഞതിനാൽ യാത്ര ഒഴിവാക്കി. എന്നാലും കോടതി വിധിയെ കുറിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ എല്ലാം ബോധിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലുകളിൽ സംശയവും ഉയർത്തി. വിധിപകർപ്പിന്റെ കോപ്പി എല്ലാവർക്കും എത്തിക്കുകയും ചെയ്തു. കോടതി വിധിയിൽ തനിക്കെതിരെ ഒന്നുമില്ലെന്നും വിശദീകരിക്കുകയും ചെയ്തു. യാത്രയിൽ ഉടനീളം നേതാക്കളുമായി ചർച്ച ചെയ്തു. വിധി പകർപ്പ് കിട്ടയതോടെ യാത്ര തിരുവനന്തപുരത്തേക്കുമായി.

പിന്നെ ഇന്നലെ രാത്രിമുതൽ തിരുവനന്തപുരത്തേക്കായി ഏവരുടേയും ശ്രദ്ധ. അഞ്ച് എംഎൽഎമാരുടെ പിന്തുണയുള്ള മാണി പലതും ചെയ്യുമെന്ന് കരുതി. തോമസ് ഉണ്ണിയാടനും സിഎഫ് തോമസും ജയരാജും റോഷി അഗസ്റ്റിനും ഉറച്ചു നിന്നതോടെ പലതും കണക്ക് കൂട്ടി. എന്നാൽ ഒന്നിനും പിജെ ജോസഫ് വഴങ്ങിയില്ല. രാവിലെ യുഡിഎഫ് യോഗത്തിന് പോവതെയും മാണി കളിച്ചു. മുഖ്യമന്ത്രിയിൽ സമ്മർദ്ദം ശക്തമാക്കി. അഞ്ച് എംഎൽഎ മാരുടെ പിന്തുണക്കാര്യം ഉയർത്തി വിലപേശി. എന്നാൽ ബാർ കോഴയിൽപ്പെട്ട മാണിയെ ഇടതുപക്ഷം കൊള്ളില്ലെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. സ്റ്റിയറിങ് കമ്മറ്റിയിൽ നടന്ന ചർച്ചകളിൽ ജോസഫ് വിഭാഗം മാണിയെ കൈവിട്ടു എന്ന് കൂടി അറിഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് എല്ലാം മനസ്സിലായി. ഒടുവിൽ യുഡിഎഫിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് രാജി പ്രഖ്യാപനം. ഇടതു പക്ഷവും വലതു പക്ഷവുമില്ലെങ്കിൽ നിയമസഭയിലേക്ക് ജയിച്ചു കയറാനാവില്ലെന്ന ഒപ്പമുള്ളവരുടെ നിർദ്ദേശം അംഗീകരിക്കാൻ മാണിയും നിർബന്ധമായി.

തന്നെ ചതിച്ചു വീഴ്‌ത്തിയാതാണെന്ന് മാണിക്ക് അറിയാം. ഒടുവിൽ പിജെ ജോസഫവും കൈവിട്ടു. ഇത് മാണിയെ മുറിവേറ്റ സിംഹത്തെ പോലെയാക്കിയിട്ടുണ്ട്. ഹൈക്കോടതി വിധി വന്ന ശേഷം തന്നെ തള്ളിപ്പറഞ്ഞവരിൽ ഏറെയും കോൺഗ്രസുകാരാണ്. മുഖ്യമന്ത്രിയിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല. മുസ്ലിം ലീഗും ആർഎസ്‌പിയും എല്ലാം തള്ളിപ്പറഞ്ഞു. ഇതിലുള്ള വേദനയുമുണ്ട്. എങ്കിലും മാണി 30 മണിക്കൂർ പിടിച്ചു നിന്നു. പ്രതീക്ഷിച്ചവരൊന്നും തുണച്ചില്ല. അതുകൊണ്ട് തന്നെ ഇനിയെന്ത് തീരുമാനവും മാണിക്ക് എടുക്കാം. അതിനുള്ള സമയത്തിനായി മാണി കാത്തിരിക്കാം. സാങ്കേതികതയിൽ ഊന്നി രാജി വയ്ക്കാത്ത മാണി കൂടുതൽ കരുത്തനാണ്. മന്ത്രിസഭയിലെ ആർക്കെങ്കിലുമെതിരെ സമാനമായ ആരോപണമുയർന്നാൽ പാലായിലെ സിംഹം സടകുടഞ്ഞെഴുന്നേൽക്കും. നിർണ്ണായക ഘട്ടത്തിൽ കൈവിട്ട പിജെ ജോസഫ് ഗ്രൂപ്പിനേയും മാണി നോട്ടമിടുമെന്ന് ഉറപ്പ്. അടുത്ത സാധ്യതയിൽ തന്നെ തന്നെ കുത്തിയവർക്ക് മാണി പണികൊടുക്കുമെന്ന് ഉറപ്പ്. സോളാർ കേസിൽ കമ്മീഷൻ നിഗമനങ്ങൾക്ക് കാത്തിരിക്കുകയാണ്രേത മാണി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP