Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്ത ഭൂമി മന്ത്രിയായി കഴിഞ്ഞപ്പോൾ മടക്കി കിട്ടുമായിട്ടും വേണ്ടെന്ന് വച്ച് ഉള്ളതെല്ലാം സർക്കാരിന് നൽകി വാടക വീട്ടിൽ കഴിഞ്ഞ് മരിച്ച നടരാജ പിള്ളയുടെ ഭൂമി; സർക്കാർ ട്രസ്റ്റിന് മൂന്ന് വർഷത്തേക്ക് പാട്ടത്തിന് കൊടുത്ത ഭൂമി ലക്ഷ്മി നായരുടെ കുടുംബത്തിന് പതിച്ചു നൽകിയത് കരുണാകരൻ; 12 ഏക്കർ സർക്കാർ ഭൂമി സെലിബ്രിറ്റി ഷെഫിന്റെ കയ്യിൽ എത്തിയത് ഇങ്ങനെ

ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്ത ഭൂമി മന്ത്രിയായി കഴിഞ്ഞപ്പോൾ മടക്കി കിട്ടുമായിട്ടും വേണ്ടെന്ന് വച്ച് ഉള്ളതെല്ലാം സർക്കാരിന് നൽകി വാടക വീട്ടിൽ കഴിഞ്ഞ് മരിച്ച നടരാജ പിള്ളയുടെ ഭൂമി; സർക്കാർ ട്രസ്റ്റിന് മൂന്ന് വർഷത്തേക്ക് പാട്ടത്തിന് കൊടുത്ത ഭൂമി ലക്ഷ്മി നായരുടെ കുടുംബത്തിന് പതിച്ചു നൽകിയത് കരുണാകരൻ; 12 ഏക്കർ സർക്കാർ ഭൂമി സെലിബ്രിറ്റി ഷെഫിന്റെ കയ്യിൽ എത്തിയത് ഇങ്ങനെ

മറുനാടന് മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും മാനേജ്‌മെന്റിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് ആണ് തിരുവനന്തപുരം ലോ കോളേജിൽ വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. എന്നാൽ അത് വളർന്നുവളർന്ന് രാഷ്ട്രീയ കക്ഷികൾ വരെ ഏറ്റെടുക്കുന്ന സ്ഥിതിയിലേക്കെത്തിയതോടെ വിഷയം വളർന്നു. വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയോടെ വിഷയം ലോ അക്കാഡമിയിലെ വിദ്യാർത്ഥി പീഡനത്തിൽ നിന്ന് മാറി അക്കാഡമി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശത്തിലേക്കു വരെ വന്നെത്തി.

വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യത്തിലുപരി ലോ അക്കാഡമി ഉടമകളായ ലക്ഷ്മി നായരുടെ കുടുംബം കൈവശംവച്ചിരിക്കുന്ന ഭൂമി അവർക്ക് അവകാശപ്പെട്ടതല്ലെന്നും സർക്കാർ അത് തിരിച്ചുപിടിക്കണമെന്നുമുള്ള ആവശ്യത്തിലേക്ക് കാര്യങ്ങൾ വളർന്നതോടെ ഇത് ആരുടെ ഭൂമിയാണെന്ന വിഷയം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായെത്തിയ സിപിഐ, ബിജെപി, കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികളും വിഎസും ഈ ആവശ്യത്തിലൂന്നിയാണ് നിലകൊള്ളുന്നത്.

സ്വന്തം കയ്യിൽ നിന്ന് നഷ്ടപ്പെട്ട ഭൂമി മന്ത്രിയായിട്ടും തിരിച്ചുപിടിക്കാൻ ശ്രമിക്കാതെ, ഒടുവിൽ അവസാനകാലത്ത് വാടക വീട്ടിൽ കിടന്ന് മരിച്ച മുൻ മന്ത്രി നടരാജ പിള്ളയുടെ ഭൂമിയാണ് ഇന്ന് ലോ അക്കാഡമിയുടെ പേരിൽ കുടുംബസ്വത്തായി നിലനിൽക്കുന്നത്. പ്രശസ്ത തമിഴ് പണ്ഡിതനും പ്രഗൽഭനായ അദ്ധ്യാപകനുമായിരുന്ന മനോമണിയം സുന്ദരനാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രൊഫസർ പി സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലായിരുന്നു ഒരു കാലത്തു ലോ അക്കാദമിയിരിക്കുന്ന 11 ഏക്കർ 41 സെന്റ് സ്ഥലം.(തിരുനെൽവേലി മനോമണിയം സുന്ദരനാർ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ പേരിലാണ് സ്ഥാപിച്ചത്.)

അദ്ദേഹത്തിന്റെ മരണ ശേഷമാണ് ഏക മകനും കോൺഗ്രസ്സ് നേതാവുമായ പി എസ് നടരാജ പിള്ളയുടെ പേരിലേക്ക് ഭൂമി വന്നു ചേർന്നത്. രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വൈരാഗ്യം തീർക്കാൻ ബ്രിട്ടീഷ് ഭരണകാലത്ത് അദ്ദേഹത്തിന്റെ ഭൂമി സർക്കാർ കണ്ടുകെട്ടി. സർ സിപിയുടെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ കണ്ടുകെട്ടൽ ഉണ്ടായതെന്നതും ചരിത്രം.

സ്വത്വന്ത്ര്യം കിട്ടിയ ശേഷം ഭൂമി വേണമെങ്കിൽ തിരിച്ചുപിടിക്കാൻ നടരാജ പിള്ളയ്ക്ക് അവസരം വന്നു. പട്ടം താണു പിള്ളയുടെ നേതൃത്വത്തിലുള്ള തിരുകൊച്ചി മന്ത്രിസഭയിൽ 1954-55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. അന്ന് ആ ഭൂമി തിരിച്ചു നൽകാൻ സർക്കാർ ആലോചിച്ചപ്പോൾ അത് വേണ്ടായെന്നാണ് നടരാജ പിള്ള പറഞ്ഞു. അത് മാത്രമല്ല, തന്റെ അച്ഛന്റെ പേരിൽ സ്ഥാപിച്ച സുന്ദര വിലാസം സ്‌കൂൾ പോലും അദ്ദേഹം സർക്കാരിന് വിട്ടു കൊടുത്തു.

ആ സ്‌കൂളാണ് ഇന്ന് ലോ അക്കാദമിക്ക് അടുത്തു സ്ഥിതി ചെയ്യുന്ന പി എസ് നടരാജ പിള്ള മെമോറിയൽ ഗവർമെന്റ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ. 1962 ൽ തിരുവനന്തപുരത്തു നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടരാജ പിള്ള എം പിയായിരിക്കുമ്പോഴാണ് 1966ൽ മരണമടഞ്ഞത്. അന്ന് സ്വന്തം പേരിൽ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വാടക വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

നടരാജ പിള്ളയ്ക്ക് പേരൂർക്കടയിൽ രണ്ട് ഏക്കർ ഭൂമിയും കൊട്ടിയമ്പലം അടക്കമുള്ള പഴയ നാലുകെട്ട് (ഓല കെട്ടിടം) ഉണ്ടായിരുന്നു. പേരൂർക്കടയിൽ (ജംഗ്ഷനിൽ) കിട്ടുമായിരുന്ന 20 ഓളം ഏക്കർ ഭൂമി സ്‌കൂളിനും ലോ അക്കാദമിക്കുമായി നൽകുകയായിരുന്നു. അന്നത്തെ സർക്കാർ ഈ സ്‌നേഹത്തിന് പകരമായി നടരാജ പിള്ളയുടെ പൂർണ്ണകായ പ്രതിമ സ്‌ക്കൂൾ അങ്കണത്തിൽ സ്ഥാപിക്കുമെന്ന് പിൽക്കാലത്ത് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ മുഖം മാത്രം പ്രതിമ രൂപത്തിൽ സ്‌ക്കൂളിന്റെ ഒരു മൂലയിൽ സ്ഥാപിച്ചു. പിൽക്കാലത്ത് കുടുംബ പ്രതാപം ക്ഷയിച്ചു. അദ്ദേഹത്തിന്റെ വീട് ഇടിച്ചു നിരത്തപ്പെട്ടു. ഇപ്പോൾ അവിടെ ഫർണിച്ചർ കടയാണ്.

1968 ലാണ് ഈ ഭൂമി ലോ അക്കാദമിക്ക് മൂന്ന് വർഷത്തേക്ക് പാട്ടത്തിനു നൽകിയത്. അന്ന് കൃഷി മന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായർ മണലൂർ എം എൽ എയായിരുന്ന എൻ ഐ ദേവസ്സിക്കുട്ടിക്ക് നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞത് ഗവർണർ ചീഫ് പേട്രണും മുഖ്യമന്ത്രി പേട്രണും റവന്യൂ മന്ത്രി കെ ആർ ഗൗരി, വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ, ഹൈക്കോടതി ജഡ്ജിമാർ എന്നിവർ അംഗംങ്ങളുമായ ഒരു ട്രസ്റ്റിനാണ് ഭൂമി കൈമാറുന്നത് എന്നാണ്. എന്തുകൊണ്ട് റവന്യു മന്ത്രി മറുപടി പറയേണ്ട ചോദ്യത്തിന് കൃഷി മന്ത്രി മറുപടി കൊടുത്തവെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു.

അത്തരത്തിൽ സർക്കാരിന്റെ കൂടി പങ്കാളിത്തമുണ്ടായിരുന്ന, ഹൈക്കോടതി ജഡ്ജിമാർ കൂടി ഉൾപ്പെട്ട ഒരു ട്രസ്റ്റിന് നൽകിയ ഭൂമി കാലക്രമേണ ഒരു കുടുംബത്തിന്റെ കൈവശസ്വത്തായി മാറുകയായിരുന്നു. മാറിമാറി വന്ന സർക്കാരുകൾക്കെല്ലാം ഇതിൽ ഉത്തരവാദിത്തമുണ്ട്. ഒരു പൊതു ട്രസ്റ്റായി വിശാല ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ട ലോ അക്കാഡമി ട്രസ്റ്റ് പിന്നീട് സിപിഐ നേതാവായ നരായണൻ നായരുടെ കടുംബത്തിന് കൂടുതൽ പ്രാതിനിധ്യമുള്ള ഒന്നായി മാറി.1971നു പട്ടക്കാലവധി കഴിഞ്ഞ ഭൂമി 1976ൽ മുപ്പത് വർഷത്തേക്ക് പാട്ടക്കാലാവധി ദീർഘിപ്പിച്ചു കൊടുത്തു. പിന്നീട് കെ കരുണാകൻ മുഖ്യമന്ത്രിയായിരിക്കെയാണ് 1985ൽ അസൈൻ ചെയ്ത് ഈ ഭൂമി ട്രസ്റ്റിന് സ്വന്തമാക്കി കൊടുക്കുന്നത്.

ഇതിന് മുമ്പ് 1972ൽ ഡയറക്റ്റ് പേയ്‌മെന്റ് എഗ്രിമെന്റിൽ അന്ന് നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പ് വച്ച് എയിഡഡ് ആയി മാറിയപ്പോൾ ആ എഗ്രിമെന്റിൽ നിന്നും ലോ അക്കാദമി വിട്ടു നിന്നുവെന്നതും ഇതിന് അവർക്ക് അനുമതി നൽകിയതെങ്ങനെയന്നതും ഇപ്പോഴും രഹസ്യമാണ്. ഇത്തരത്തിൽ എയ്ഡഡ് ആയി മാറിയ സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കെല്ലാം സർക്കാർ ഭൂമി അസൈൻ ചെയ്ത് നൽകിയിട്ടുണ്ട്. പക്ഷേ, എയ്ഡഡ് ആവാൻ വിസമ്മതിച്ച ലോ അക്കാഡമിക്ക് ആ ഭൂമി ഒരു കുടുംബ സ്വത്താക്കാൻ അവസരമൊരുക്കി കൊടുക്കുകയായിരുന്നു ഉണ്ടായത്.

ഇത്തരത്തിൽ കേരളത്തിൽ ഭൂമി അസൈൻ ചെയ്തു നൽക്കപ്പെട്ടിട്ടുള്ള ഏക അൺഎയിഡഡ് വിദ്യാഭ്യാസ സ്ഥാപനം ലോ അക്കാദമിയാണ്. കേരള സർവകലാശാല നിയമപ്രകാരം സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും രജിസ്റ്റർ ചെയ്തു വോട്ടവകാശം കിട്ടാൻ യോഗ്യത സർക്കാർ കോളേജിലെയും എയിഡഡ് കോളേജിലെയും അദ്ധ്യാപകർക്കും എയിഡഡ് കോളേജിലെ മാനേജർമാർക്കും മാത്രമാണ്. കേരള സർവകലാശാലയുടെ കീഴിലെ അൺഎയിഡഡ് കോളേജിലെ അദ്ധ്യാപകർക്കും മാനേജർമാർക്കും ആ അവകാശമില്ല. എന്നാൽ ലോ അക്കാദമിയിലെ മാനേജരും ചില അദ്ധ്യാപകരും സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും വോട്ടർമാർ ആണ്. ലോ അക്കാദമിയിലെ എല്ലാ അദ്ധ്യാപകർക്കും വോട്ടവകാശമില്ല ചിലർക്ക് മാത്രമേ അതുള്ളൂ എന്നതും ശ്രദ്ധേയമാണ്.

സുന്ദരം പിള്ളയുടെ മകൻ നടരാജപിള്ള വേണ്ടെന്നുവച്ച് സർക്കാരിന് നല്ലകാര്യങ്ങൾക്കായി വിട്ടുകൊടുത്ത ഭൂമി ഇത്തരത്തിൽ ഒരു കുടുംബസ്വത്തായി മാറ്റിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേരളം ഇതുവരെ മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികൾക്ക് ഒഴിഞ്ഞുമാറാനാവില്ല. അക്കാഡമിയുടെ കുടുംബസ്വത്തായി ദശാബ്ദങ്ങൾ കഴിഞ്ഞാണ് ഇപ്പോൾ വിദ്യാർത്ഥി സമരം ഉണ്ടായതിന് പിന്നാലെ ഭൂമി പ്രശ്‌നമുയർത്തി ഭരണപക്ഷത്തുള്ള സിപിഐയും പ്രതിപക്ഷത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസും ബിജെപിയുമെല്ലാം സമരത്തിന് എത്തിയത്. മുമ്പ് താൻ മുഖ്യമന്ത്രിയായി ഭരിച്ചപ്പോൾ ഈ പ്രശ്‌നത്തിൽ ഇടപെടാതിരുന്ന വി എസ് ഇപ്പോൾ ഭൂമി ഏറ്റെടുക്കണമെന്ന് പറഞ്ഞ് നിലകൊള്ളുന്നു. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് നോക്കുന്നവരെ നേരിടാൻ സർക്കാരും നേതൃത്വം നൽകുന്ന സിപിഎമ്മും എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി ശ്രദ്ധേയം.

വിവരങ്ങൾക്ക് കടപ്പാട്: സാബ്‌ളു തോമസ്, ഡെക്കാൺ ക്രോണിക്കിൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP