Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'നിങ്ങളുടെ ആവശ്യങ്ങൾ ഇതുവരെ പറഞ്ഞില്ലല്ലോ, ഇപ്പോൾ ഇവരല്ലേ പറഞ്ഞത്, അതുനടത്തിയിട്ടു മതി നിങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കുന്നത്'; നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ച പിണറായി വിജയൻ ആശുപത്രി മാനേജ്‌മെന്റുകളെ വിലക്കിയത് ഒറ്റ വാക്കുകൊണ്ട്; കേരള മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കുതന്നെയെന്ന് ജാസ്മിൻ ഷാ പറഞ്ഞതു വെറുതെയല്ല!

'നിങ്ങളുടെ ആവശ്യങ്ങൾ ഇതുവരെ പറഞ്ഞില്ലല്ലോ, ഇപ്പോൾ ഇവരല്ലേ പറഞ്ഞത്, അതുനടത്തിയിട്ടു മതി നിങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കുന്നത്'; നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ച പിണറായി വിജയൻ ആശുപത്രി മാനേജ്‌മെന്റുകളെ വിലക്കിയത് ഒറ്റ വാക്കുകൊണ്ട്; കേരള മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കുതന്നെയെന്ന് ജാസ്മിൻ ഷാ പറഞ്ഞതു വെറുതെയല്ല!

തിരുവനന്തപുരം: ജൂലൈ 20നായിരുന്നു അത്, കേരള ജനത ഉറ്റുനോക്കിയ സ്വകാര്യ നഴ്‌സുമാരുടെ സമരം സംസ്ഥാന സർക്കാർ പരിഹരിച്ച ദിവസം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. നഴ്‌സുമാരുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയായി സർക്കാർ നിശ്ചയിച്ചതു മാത്രമേ പുറംലോകമറിഞ്ഞുള്ളു. ഇതേ ആവശ്യമുന്നയിച്ച സ്വകാര്യ ആശുപത്രി ഉടമകൾ സമീപിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി മാധ്യമങ്ങൾ പുറത്തുവിട്ടില്ല. അതുകൊണ്ടു പുറംലോകം അറിഞ്ഞുമില്ല.

ഒരു മാസത്തിലേറെയായി സമരം ചെയ്ത നഴ്‌സ് സംഘടനകളുമായും വിവിധ ട്രേഡ് യൂണിയൻ സംഘടനകളുമായും അവസാന ഘട്ടത്തിലാണ് മുഖ്യമന്ത്രി ചർച്ചയ്ക്കു സന്നദ്ധനായത്. തൊഴിൽ മന്ത്രിയും ആരോഗ്യമന്ത്രിയും വിളിച്ചുചേർത്ത ചർച്ചയിലെ തീരുമാനങ്ങൾ നഴ്‌സസ് അസോസിയേഷൻ അംഗീകരിച്ചിരുന്നില്ല. പിന്നീട് അവർ സമരം ശക്തമാക്കി. ആശുപത്രികൾ ബഹിഷ്‌കരിച്ച് സെക്രട്ടറിയറ്റിനുമുന്നിൽ അനിശ്ചിതകാലസമരം തുടങ്ങുമെന്നു പ്രഖ്യാപിച്ചശേഷമാണ് മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചത്.

മുഖ്യമന്ത്രി വിളിച്ച ചർച്ച പരാജയപ്പെട്ടാൽ 21 മുതൽ ആശുപത്രികൾ സ്തംഭിപ്പിച്ച് സമരം നടത്തുമെന്നായിരുന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ, ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ എന്നിവയുടെ പ്രഖ്യാപനം. ഇതിനെ നേരിടാൻ 21 മുതൽ ആശുപത്രികൾ അടച്ചിടുമെന്ന സമ്മർദ്ദതന്ത്രവുമായി മാനേജ്‌മെന്റുകൾ രംഗത്തെത്തി.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി കെ കെ ശൈലജ, നിയമ മന്ത്രി എ കെ ബാലൻ, തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ, യുഎൻഎ സംസ്ഥാന പ്രസിഡന്റ് എം ജാസ്മിൻ ഷാ, ഐഎൻഎ പ്രസിഡന്റ് ലിബിൻ തോമസ് എന്നിവരുടെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും മുമ്പിൽവച്ച് ആശുപത്രി അധികൃതർ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി.

നഴ്‌സുമാർക്കു മാത്രമല്ല, തങ്ങൾക്കും ആവശ്യങ്ങളുണ്ടെന്നു പറഞ്ഞ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാഴ്‌ത്താനായിരുന്നു ആശുപത്രി മാനേജ്‌മെന്റുകളുടെ നീക്കം. പക്ഷേ അവരുടെ ആവശ്യം അറിഞ്ഞപ്പോൾതന്നെ മുഖ്യമന്ത്രി അവസാന വാക്കു പറഞ്ഞു. 'നിങ്ങളുടെ ആവശ്യങ്ങൾ ഇതുവരെ പറഞ്ഞില്ലല്ലോ, ഇപ്പോൾ ഇവരല്ലേ പറഞ്ഞത്. അതുനടത്തിയിട്ടുമതി നിങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കുന്നത്'. പിന്നെ കിംസ്, മിംസ് ഉൾപ്പെടെയുള്ള വൻകിട മുതലാളിമാർക്കുപോലും എതിരഭിപ്രായമുണ്ടായില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത നഴ്‌സസ് അസോസിയേഷൻ ജീവനക്കാർതന്നെ പറയുന്നു.

മുഖ്യമന്ത്രിയുടെ തീരുമാനം അനുസരിച്ച് അമ്പതുകിടക്കകളിൽ താഴെയുള്ള ആശുപത്രികളിൽ 20,000 രൂപ ശമ്പളം. അമ്പതുകിടക്കകളിൽ കൂടുതലുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പുനർനിർണയിക്കാൻ സർക്കാർ നാലംഗ ഉദ്യോഗസ്ഥസമിതിയെ നിയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിച്ച് സമരം പിൻവലിച്ച യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷായുടെ ഫേസ്‌ബുക്ക് പോസ്റ്റ്തന്നെ പിണറായി വിജയന്റെ ഉറച്ച തീരുമാനത്തിന്റെ തെളിവ്...' കേരള മുഖ്യമന്ത്രീ നിങ്ങൾക്ക് ഇരട്ടച്ചങ്ക് തന്നെയാണ്..ലവ് യു ആൾ....' എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. തൊട്ടടുത്ത പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നിൽക്കുന്ന ചിത്രവും ജാസ്മിൻഷാ ഷെയർ ചെയ്തു.

അതിനുശേഷം ആശുപത്രി അധികൃതർ രംഗത്തുവന്നിട്ടുപോലുമില്ല. പക്ഷേ, മുഖ്യമന്ത്രി പറഞ്ഞ് ഉറപ്പിച്ച ശമ്പളം അടുത്ത മാസം മുതൽ ലഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നറിയിച്ച് നഴ്‌സുമാരുടെ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP