Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കേരള നിർഭയക്ക്' ലോകമെങ്ങും അശ്രുപൂജയുമായി മാദ്ധ്യമ ലോകം; ബ്രിട്ടനിലും അമേരിക്കയിലും കാനഡയിലും ഗൾഫിലുമൊക്കെ ജിഷയുടെ ദുരന്തം വാർത്തയായി; സ്ത്രീകൾക്ക് മൂത്രപ്പുര ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാടിനെ പരിഹസിച്ചു ലോകം; കേരള ടൂറിസത്തിനും വമ്പൻ തിരിച്ചടി

'കേരള നിർഭയക്ക്' ലോകമെങ്ങും അശ്രുപൂജയുമായി മാദ്ധ്യമ ലോകം; ബ്രിട്ടനിലും അമേരിക്കയിലും കാനഡയിലും ഗൾഫിലുമൊക്കെ ജിഷയുടെ ദുരന്തം വാർത്തയായി; സ്ത്രീകൾക്ക് മൂത്രപ്പുര ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാടിനെ പരിഹസിച്ചു ലോകം; കേരള ടൂറിസത്തിനും വമ്പൻ തിരിച്ചടി

പ്രത്യേക ലേഖകൻ

ലണ്ടൻ: കൊടുംവേനൽ ചൂടിൽ ഉരുകി ഒലിക്കുന്ന കേരളത്തിൽ തീക്കാറ്റായി പടരുകയാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷ (29) അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. കൊടും ക്രൂരത നടന്നു നാല് ദിവസത്തോളം പുറംലോകം സംഭവത്തെ പറ്റി അറിയാതിരുന്നിട്ടും സോഷ്യൽ മീഡിയ വഴി ആരോ കൊളുത്തിയ പ്രതിഷേധത്തിന്റെ ചെറു ദീപജ്ജ്വാല ആളിപ്പടരുന്ന അഗ്‌നി ആയി തിങ്കളാഴ്ച കേരള ജനത ഏറ്റെടുത്തതിനു അഭിവാദ്യം അർപ്പിച്ച് ഇന്നലെ ലോകം മുഴുവൻ മാദ്ധ്യമ ലോകം പിന്തുണയുമായി എത്തി. എല്ലാ മാദ്ധ്യമങ്ങളും നാല് വർഷം മുൻപ് നടന്ന ഡൽഹി നിർഭയ കേസിന്റെ ഓർമ്മയിലാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്. വിദേശ മാദ്ധ്യമങ്ങൾ പലതും 'കേരള നിർഭയ' എന്ന പേരിട്ടാണ് പെരുമ്പാവൂരിലെ പെൺകുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

മാദ്ധ്യമ വാർത്തകളെ തുടർന്ന് ട്വിറ്റർ, ഫേസ്‌ബുക്ക് മാദ്ധ്യമങ്ങളിലും പ്രതിഷേധം ആളിക്കത്തുകയാണ്. പൊലീസിന്റെ നിസംഗതയ്ക്ക് എതിരെ സമൂഹ മനസാക്ഷി ഉണരുന്നത് കണ്ടതോടെ സക്രിയമായ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത സംഭവമാണ് ഇന്നലെ ലോക മാദ്ധ്യമങ്ങളിൽ പലതിലും തലക്കെട്ടായി മാറിയത്. ഒട്ടു മിക്ക വിദേശ മാദ്ധ്യമങ്ങളും വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസിന്റെ വാർത്തകളും ചിത്രങ്ങളും ആണ് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും ബ്രിട്ടനിലെ ടെലിഗ്രാഫ് പോലുള്ള പത്രങ്ങൾ സ്വന്തം ലേഖകരെ നിയോഗിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പലവട്ടം വാർത്തകൾ അപ്‌ഡേറ്റ് ചെയ്തു ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ

അനേകായിരം മൈലുകൾ അകലെ നടന്ന ഒരു ദുരന്ത സംഭവം ആയിട്ടും ലൈവ് റിപ്പോർട്ട് നല്കിയാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങളായ ടെലിഗ്രാഫും ഡെയ്‌ലി മെയിലും പെരുമ്പാവൂർ മാനഭംഗ കൊല വായനക്കാരിൽ എത്തിച്ചത്. സാധാരണ നിലയ്ക്ക് ഇത്തരം വാർത്തകൾ ഇന്ത്യയിൽ നിന്നും ലഭിക്കുമ്പോൾ അൽപ്പം പെരുപ്പിച്ചുകാട്ടി പ്രസിദ്ധീകരിക്കുന്ന ഡെയ്‌ലി മെയിൽ ഇന്നലെ വളരെ മിതമായ നിലയിലാണ് റിപ്പോർട്ട് നല്കിയത്.

എങ്കിലും മൂന്ന് തവണ വാർത്തയ്ക്ക് അപ്‌ഡേഷൻ നൽകാന് ശ്രദ്ധകാട്ടി. ആദ്യം ദുരന്തം റിപ്പോർട്ട് ചെയ്ത പത്രം പിന്നീട് സംശയകരമായ വിധം രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ ആയതും ഒടുവിൽ മൂന്നാമനേയും പിടികൂടിയതും തത്സമയം വായനക്കാരിൽ എത്തിച്ചു. അസോസിയേറ്റ് പ്രസിനെ ആശ്രയിച്ചു തയ്യാറാക്കിയ റിപ്പോർട്ടിനൊപ്പം പെരുമ്പാവൂരിൽ നിന്നുള്ള പ്രധിഷേധ ചിത്രവും വാർത്തയ്ക്ക് ഒപ്പം നൽകാൻ തയ്യാറായി. സംഭവത്തിന് ഡൽഹി മാനഭംഗ കൊലപാതകവും ആയുള്ള സാമ്യതയും ഡെയ്‌ലി മെയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം ദളിത് യുവതി എന്ന് ഒർമ്മിപ്പിക്കും വിധം ''തൊട്ടുകൂടായ്മ '' ഉള്ള യുവതി മനഭംഗത്തിന് ഇരയായി എന്നാണ് ടെലിഗ്രാഫ് തലക്കെട്ട് നൽകിയത്. മാത്രമല്ല സ്വന്തം റിപ്പോർട്ടറുടെ ഭാഷയിൽ വിശദമായ വാർത്തയാണ് പത്രം നൽകിയിരിക്കുന്നത്. 'ഇന്ത്യ ഷോക്ക് ആഫ്ടർ റേപ് ആൻഡ് മർഡർ ഓഫ് ഫീമൈൽ അൺ ടച്ചബിൾ' എന്ന തലക്കെട്ടിലാണ് ടെലിഗ്രാഫ് ദുരന്തത്തിന്റെ വ്യാപ്തി വായനക്കാരിൽ എത്തിക്കുന്നത്.

കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ടൂറിസ്റ്റുകളെ ആകർഷക്കാൻ മിക്കപ്പോഴും സചിത്ര വാർത്തകൾ കൂടി നൽകുന്ന പത്രം ആയതിനാൽ ടെലിഗ്രാഫ് വാർത്ത കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ തിരിച്ചടിയാകും. ഡൽഹി സംഭവത്തെ തുടർന്ന് ടൂറിസ്റ്റുകൾ മറ്റിടങ്ങൾ തേടിയത് പോലെ കേരളത്തിന്റെ ടൂറിസം വരുമാനം കുറയ്ക്കാനും ടെലിഗ്രാഫ് നൽകിയ വാർത്തയ്ക്കു സാധിക്കും എന്നതാണ് ശ്രദ്ധേയം. ഇന്ത്യയിൽ വർദ്ധിക്കുന്ന സ്ത്രീ പീഡനത്തെ കുറിച്ചുള്ള വാർത്തയിലേക്കും ലിങ്കും ടെലിഗ്രാഫ് നൽകിയിട്ടുണ്ട്.

മാത്രമല്ല, സംഭവശേഷം പൊലീസ് നിഷ്‌ക്രിയമായത് അടക്കം എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയാണ് ടെലിഗ്രാഫ് ലേഖകന്റെ വാർത്ത നൽകിയിരിക്കുന്നത്. കൂട്ടത്തിൽ ട്വിറ്റരിൽ ലോകമെങ്ങും നിന്നും ആളുകൾ നടത്തിയ പ്രധിഷേധ സ്വരത്തിന്റെ ഇമേജുകളും വാർത്തയോടൊപ്പം ചേർത്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ദുൽഖർ സൽമാന്റെ ട്വീറ്റും പ്രത്യേകം എടുത്തു നൽകാൻ ടെലിഗ്രാഫ് തയ്യാറായി. കേരളത്തിലെ പുരുഷന്മാരിൽ നിന്ന് സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലേ എന്ന ചോദ്യമാണ് ദുൽഖർ നടത്തുന്നത്.

കടുത്ത ദുഃഖവുമായി പ്രത്യക്ഷപ്പെടുന്ന ട്വീറ്റുകളും ടെലിഗ്രാഫ് വാർത്തയോടൊപ്പം നൽകി ജനവികാരത്തിന്റെ തീവ്രത വായനക്കാരോട് പങ്കു വയ്ക്കുന്നുണ്ട്. സ്ത്രീ പക്ഷത്തു നിന്ന് പ്രവർത്തിക്കുന്ന പ്രമുഖരുടെ അഭിപ്രായം കൂടി ചേർത്താണ് ഈ വാർത്ത. സംഭവം മാദ്ധ്യമങ്ങൾ ഏറ്റെടുക്കും വരെ സർക്കാർ നിഷ്‌ക്രിയമായതായി ഡൽഹിയിൽ നിന്നും സെന്റർ ഫോർ സോഷ്യൽ റിസർച്ച് ഡയറക്ടർ രഞ്ജന കുമാരിയുടെ വാക്കുകൾ കൂടി റിപ്പോർട്ടിൽ ചേർത്ത് ടെലിഗ്രാഫ് സ്ത്രീ ക്ഷേമ കാര്യങ്ങളിൽ കേരള സർക്കാരിന്റെ നിസ്സംഗതയിലേക്ക് കൂടി വിരൽ ചൂണ്ടിയത്.

അമേരിക്കയിൽ ശബ്ദം ഉയർത്തിയത് വാഷിങ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസും

ലോകത്തിനൊപ്പം പെരുമ്പാവൂർ മാനഭംഗത്തിന്റെ ക്രൂരത അമേരിക്കൻ ജനതയിൽ എത്തിക്കാൻ മുന്നിൽ നിന്നത് രണ്ടു പ്രമുഖ മാദ്ധ്യമങ്ങളാണ്. ഇരു പത്രങ്ങളും ഏജൻസി വാർത്തയുടെ ചുവടു പിടിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ അസോസിയേറ്റ് പ്രസ് നൽകിയ വിവരങ്ങൾ കൂടാതെ പിടിഐ നൽകിയ വിശദാംശങ്ങൽ കൂടി ചേർത്തിട്ടുണ്ട്. കുറ്റകൃത്യത്തിനു ശിക്ഷ വർധിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല, ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ സാമൂഹിക വിദ്യാഭ്യാസം ശക്തമാക്കണം എന്ന നിരീക്ഷണവും പത്രം നടത്തുന്നു. പൊതു സ്ഥലത്ത് കേരളത്തിൽ സ്ത്രീകൾക്കായി മൂത്രപ്പുര പോലും ഇല്ലാത്ത കാര്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു സമാനമായ വാർത്ത തന്നെയാണ് ന്യൂയോർക്ക് ടൈംസും നൽകിയത്.

ഗൾഫിലും കാനഡയിലും പ്രധാന വാർത്തയായി

സാധാരണ ഇത്തരം സംഭവങ്ങൾക്ക് കിട്ടാത്ത പ്രാധാന്യം ഗൾഫിലും കാനഡ പോലുള്ള രാജ്യങ്ങളിലും പോലും ലഭിച്ചത് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും വെളിപ്പെടുത്തുന്നതാണ്. പ്രതിയെ പിടികൂടാൻ പൊലീസ് നടത്തുന്ന ശ്രമത്തിന് പ്രാധാന്യം നല്കിയാണ് ഗൾഫ് ടൈംസ് വാർത്ത നൽകിയിരിക്കുന്നത്. ചെറിയ വാർത്ത ആയാണ് നൽകിയിരിക്കുന്നതെങ്കിലും പെട്ടെന്ന് ശ്രദ്ധ കിട്ടും വിധം ഉള്ള ലേഔട്ട് തയാറാക്കിയാണ് വാർത്ത നല്കിയത് എന്നതും പ്രധാനമാണ്. ഒന്നര മണിക്കൂറിനകം രണ്ടു വട്ടം വാർത്ത അപ്‌ഡേറ്റ് ചെയ്യാൻ കനേഡിയൻ എഡിഷനിൽ ദി ഗ്ലോബ് ആൻഡ് മെയിൽ തയ്യാറായി. സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കാൻ മൊബൈൽ ഫോണുകളിൽ പാനിക് ബട്ടൻ ആവശ്യം ആണെന്ന റിപ്പോർട്ടിന്റെ ലിങ്ക് കൂടി ചേർത്താണ് പത്രം വാർത്ത തയ്യാറാക്കിയത്.



ഇന്നലെ വൈകുന്നേരമായതോടെ ഇന്ത്യൻ ദേശീയ മാദ്ധ്യമങ്ങൾ സംഭവം രാഷ്ട്രീയവൽക്കരിക്കപ്പെടുക ആണെന്നും തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയം ആകുക ആണെന്നും ചൂണ്ടിക്കാട്ടി രംഗത്ത് വന്നതോടെ വരും ദിവസങ്ങളിലും മാദ്ധ്യമങ്ങളിൽ നിറയുക ജസ്റ്റിസ് ഫോർ ജിഷ എന്ന മുദ്രാവാക്യം മുഴക്കി ഉണരുന്ന കേരളവും അനുബന്ധ സംഭവങ്ങളും ആയിരിക്കും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP