Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശാന്തിയെന്ന സീമയെ മലയാള സിനിമയിലെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തി; സംവിധായകൻ- നടി കെമിസ്ട്രി തുടർച്ചയായി ഹിറ്റുകൾ തീർത്തപ്പോൾ പ്രണയം വളർന്നു; വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉടനെ വേണമെന്ന് ആദ്യം പറഞ്ഞത് സീമ; ജയന്റെ അനുഗ്രഹാശിസ്സുകളോടെ വിവാഹം; ഐ വി ശശി സീമയെ സ്വന്തമാക്കിയപ്പോൾ കേരളം കണ്ടത് മാതൃകാ താരദാമ്പത്യത്തെ

ശാന്തിയെന്ന സീമയെ മലയാള സിനിമയിലെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തി; സംവിധായകൻ- നടി കെമിസ്ട്രി തുടർച്ചയായി ഹിറ്റുകൾ തീർത്തപ്പോൾ പ്രണയം വളർന്നു; വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉടനെ വേണമെന്ന് ആദ്യം പറഞ്ഞത് സീമ; ജയന്റെ അനുഗ്രഹാശിസ്സുകളോടെ വിവാഹം; ഐ വി ശശി സീമയെ സ്വന്തമാക്കിയപ്പോൾ കേരളം കണ്ടത് മാതൃകാ താരദാമ്പത്യത്തെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിൽ താരദാമ്പത്യത്തിലെ വാഴ്‌ച്ചയും വീഴ്‌ച്ചയും മലയാളികൾ കണ്ടിട്ടുണ്ട്. ഇത്തരക്കാർക്കിടയിൽ വ്യത്യസ്തരായിരുന്നു ഐ വി ശശിയും സീമയും. സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായിരുന്നു ഇവർ. ഈ ദാമ്പത്യത്തിനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്റെ വിയോഗത്തോടെ അവസാനമാകുന്നത്. പ്രായവ്യത്യാസങ്ങൾക്കിടയിലെ പ്രണയമായിരുന്നു ഐ വി ശശിയും സീമയും തമ്മിൽ. ഈ പ്രണയം വളർന്ന് വിവാഹത്തിൽ കലാശിക്കുകയും മാതൃകാ ദമ്പതികളായി ഇവർ തുടരുകയും ചെയ്തു.

ശാന്തിയെ പേരിൽ അറിയപ്പെട്ട കൊച്ചു പെൺകുട്ടിയെ മലയാള സിനിമ കണ്ട ഏറ്റവും ശ്രദ്ധേയ നടിമാരിൽ ഒരാളായ സീമയാക്കി മാറ്റിയത് ഐവി ശശിയായിരുന്നു. അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെയാണ് സീമ- ഐവി ശശിയും പ്രണയത്തിലാകുന്നത്. അതിരാത്രം, മൃഗയ, ഇൻസ്പെകർ ബൽറാം, അവരുടെ രാവുകൾ, ഇതാ ഇവിടെ വരെ, ദേവാസുരം, അടിയൊഴുക്കുകൾ തുടങ്ങി ഒരുപിടി സിനിമകൾ അണിയിച്ചൊരുക്കിയിട്ടുണ്ട് ഐ.വി ശശി . ഏകദേശം 150 -ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

മലയാളത്തിലെ മാതൃകാ താരദമ്പതികൾ എന്ന പേര് നേടിയവരായിരുന്നു, ഐവി ശശിയും സീമയും. സിനിമയെ വെല്ലുന്ന ബന്ധമാണ് ഈ താരജോഡികൾ തമ്മിൽ നിലനിന്നിരുന്നത്. തന്റെ പതിനാറാം വയസ്സിലാണ് സീമ സിനിമാ ലോകത്ത് എത്തുന്നത്. ഐവി ശശി സംവിധാനം ചെയ്ത അവരുടെ രാവുകൾ എന്ന എ പടത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു ആ തുടക്കം. ഇന്നും സീമ അറിയപ്പെടുന്നത് ആ ചിത്രത്തിലൂടെയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനും നായികയും തമ്മിൽ പ്രണയത്തിലായി. ഷൂട്ടിങ് തീർന്ന് സിനിമ റിലീസ് ചെയ്യുമ്പോഴേക്കും ഐ വി ശശി തന്റെ പ്രണയം സീമയെ അറിയിച്ചിരുന്നു.

ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച, പത്രപ്രവർത്തകൻ സക്കീർ ഹുസൈൻ എഴുതിയ, തിരയും കാലവും എന്ന പുസ്തകത്തിൽ സീമയുമായി തന്റെ പ്രണയം മൊട്ടിട്ടതിനെക്കുറിച്ച് ഐവി ശശി മനസുതുറന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു ..'അവളുടെ രാവുകളിലെ ചിത്രീകരണ സമയത്ത് നിന്നെ എനിക്കിഷ്ടമാണെന്നു പറഞ്ഞ് പ്രണയത്തിലേക്കു പ്രവേശിക്കുകയല്ല, പ്രണയം ഞങ്ങൾക്കിടയിൽ അറിയാതെ സംഭവിക്കുകയായിരുന്നു. സീമയിലെ നടിയെ കണ്ടെത്തിയ പോലെ ഒരു പ്രണയിനിയെ കൂടി കണ്ടെത്തുകയായിരുന്നു. മനസ്സിൽ പ്രണയം നിറഞ്ഞപ്പോൾ അക്കാര്യം ആദ്യമായി അറിയിച്ചത് കമൽഹാസനെയായിരുന്നു. 'നന്നായി ശാന്തി നല്ല കുട്ടിയാണ്' എന്നായിരുന്നു അവന്റെ പ്രതികരണം. പിന്നീട് സിനിമയിലെ പലരും ഈ പ്രണയത്തെക്കുറിച്ച് അറിഞ്ഞു. ജയൻ, രജനീകാന്ത്, മധുസാർ, സോമൻ, സുകുമാരൻ.... എല്ലാവരും ഞങ്ങളുടെ സ്നേഹത്തെ പിന്തുണച്ചു.'

സീമയാണു വിവാഹം കഴിക്കാമെന്ന് ആദ്യം പറയുന്നത്. ''ശശിയേട്ടൻ എന്നെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉടനെ വേണം. അല്ലെങ്കിൽ എന്നെ മറന്നേക്കണം''.. സീമയുടെ വാക്കുകൾ ഞാൻ ഉൾക്കൊണ്ടു. 1980 ഓഗസ്റ്റ് 29. ചെന്നൈയിലെ മാങ്കോട് ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഒരു സഹോദരനെ പോലെ എല്ലാം നോക്കി നടത്തിയത് ജയനാണ്. വിവാഹം കഴിഞ്ഞ് മൂന്നാംനാൾ ഞങ്ങൾ രണ്ടുപേരും സിനിമയിലെ തിരക്കിലേക്കു പോയി'.

പ്രണയത്തിനൊപ്പം മലയാള സിനിമയിൽ സീമയും വളർന്നു. അവരുടെ രാവുകൾ മലയാളത്തിന്റെ ചരിത്രമായി. 1974 മുതൽ ഇങ്ങോട്ട് സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും സീമ നിറ സാന്നിധ്യമായി വളരുകയും ചെയ്തു. സിനിമാലോകത്ത് സീമ വളരുന്നതിനൊപ്പം ഐവി ശശിയുമായുള്ള പ്രണയവും വളർന്നു. എന്നും തന്റെ ഇഷ്ടനായിക സീമയാണെന്നാണ് ഐവി ശശി പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇരുവർക്കിടയിലെ പ്രണയം അടുത്ത സുഹൃത്തുക്കൾക്ക് അറിയാമെങ്കിലും വിവാഹത്തിലെത്തുമെന്ന് പലരും കരുതിയില്ല.

മുപ്പതോളം സിനിമകളിൽ ഐവി ശശി സീമയെ നായികയാക്കി എന്നതും ചരിത്രം. 1980 ലാണ് ഐവി ശശിയുടെയും സീമയുടെയും വിവാഹം നടന്നത്. വിവാഹ ശേഷം സീമയും ഐവി ശശിയും ചെന്നൈയിലേക്ക് താമസം മാറി. മക്കളായ അനുവിന്റെയും അനിയുടെയും വിദ്യാഭ്യാസമൊക്കെ അവിടെയായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത സീമ പിന്നീട് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തിരിച്ചെത്തിയത്.

ഇടയ്ക്കിടെ ടെലിവിഷൻ ഷോകളിലും ഇവർ മുഖംകാട്ടിയിരുന്നു. അന്നൊക്കെ പഴയ പ്രണയകാലത്തെ കുറിച്ച് ഐവി ശശി വാചാലനായിരുന്നു. തങ്ങൾ പരിചയപ്പെട്ടത് ഒരു ഉടക്കോടെയാണെന്ന് സീമ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അന്ന് സീമ ഐ വി ശശിയ കുറിച്ച് സീമയുടെ വാക്കുകൾ ഇങ്ങനെയാണ്:

ഞങ്ങൾ പരിചയപ്പെട്ടതു മുതൽ ഉടക്കാണ്. അന്ന് നായികമാർ അടക്കം എല്ലാവർക്കും സംവിധായകനെ വലിയ പേടിയായാണ്. എനിക്ക് ആരെയും കൂസാത്ത പ്രകൃതവും. ചോപ്ര മാസ്റ്ററുടെ ട്രെയിനിങ്ങാണത്. സംവിധായകനാണെങ്കിൽ പോലും പേരുവിളിച്ചാലേ നോക്കാവൂ എന്നാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്. 'ഡീ' എന്നോ മറ്റോ വിളിച്ചാൽ നോക്കില്ല. ഭയങ്കര നർത്തകി ആണെന്നൊരു അഹങ്കാരവും എനിക്കുണ്ടായിരുന്നു. 'ഈ മനോഹര തീര'ത്തിന്റെ സെറ്റിൽ വെച്ച് ശശിയേട്ടൻ എന്നെ കൈ ഞൊടിച്ചു വിളിച്ചു ഞാൻ നോക്കിയില്ല. ഒടുവിൽ പേരു വിളിച്ചപ്പോൾ ഞാൻ നോക്കി. നീ എന്താണ് വിളിച്ചിട്ടു മൈൻഡ് ചെയ്യാതിരുന്നതെന്ന് ചോദിച്ചപ്പോൾ ഞാൻ ദേഷ്യപ്പെട്ടു. 'കൈ ഞൊടിച്ച് വിളിക്കാൻ ഞാൻ പട്ടിയൊന്നും അല്ല'. ' നീ വല്ല്യ വായാടിയാണല്ലോ' എന്ന് പറഞ്ഞ് അദ്ദേഹം പോയി.

ശശിയേട്ടൻ എന്നോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടില്ല. എന്നെ വലിയ നടിയാക്കാൻ ആഗ്രഹമുണ്ടെന്ന് തോന്നിയിട്ടുണ്ട്. മറ്റ് നായികമാരോടില്ലാത്ത എന്തോ ഒരു പ്രത്യേകത എന്നോടുണ്ട് എന്നും ആ ധൈര്യത്തിലാണ് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അപ്പോൾ വിവാഹം നടന്നില്ലെങ്കിൽ പിന്നെ 32 വയസ്സ് കഴിയുമെന്ന് ആരോ അമ്മയെ പേടിപ്പിച്ചിരുന്നു. വിവാഹാലോചന മുറുകിയപ്പോഴാണ് അദ്ദേഹത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വായാടിപ്പെണ്ണിനെ ഭാര്യയാക്കേണ്ടി വരുമെന്ന് ശശിയേട്ടൻ ഒരിക്കലും വിചാരിച്ചു കാണില്ല. - സീമ പറഞ്ഞു.

കേരളം കണ്ട ഏറ്റവും മികച്ച മാതൃകാ ദമ്പതികളായിരുന്നു ഇവരുവരും. ഐ വി ശശിയുടെ വിയോഗത്തോടെ ആ താരദാമ്പത്യമാണ് പൊലിഞ്ഞിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP