Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ എം എബ്രഹാമിനെ ഇരയാക്കി ജേക്കബ് തോമസിനു പാര പണിയാനുള്ള ഐഎഎസ്-ഐപിഎസ് ലോബിയുടെ നീക്കം പുറത്ത്; സത്യസന്ധതയ്ക്കു പേരു കേട്ട കെ എം എബ്രഹാമിനോടു വൈരാഗ്യം തീർക്കുന്നുവെന്ന ആരോപണത്തിൽ രക്ഷപ്പെടുന്നതു ടോം ജോസിനെ പോലെയുള്ള വിവാദ നായകർ; അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വീട്ടിലെ റെയ്ഡ് വിജിലൻസ് ഡയറക്ടർ അറിയാതെ

കെ എം എബ്രഹാമിനെ ഇരയാക്കി ജേക്കബ് തോമസിനു പാര പണിയാനുള്ള ഐഎഎസ്-ഐപിഎസ് ലോബിയുടെ നീക്കം പുറത്ത്; സത്യസന്ധതയ്ക്കു പേരു കേട്ട കെ എം എബ്രഹാമിനോടു വൈരാഗ്യം തീർക്കുന്നുവെന്ന ആരോപണത്തിൽ രക്ഷപ്പെടുന്നതു ടോം ജോസിനെ പോലെയുള്ള വിവാദ നായകർ; അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വീട്ടിലെ റെയ്ഡ് വിജിലൻസ് ഡയറക്ടർ അറിയാതെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ വീട്ടിലെ പരിശോധന താനറിയാതെന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ തുറന്നുപറച്ചിൽ പുറത്തു കൊണ്ടുവരുന്നത് ഗൂഢാലോചന. സഹാറാ ഉടമ സുബ്രതോ റോയിയെ അഴിക്കുള്ളിലാക്കി ക്ലീൻ ഇമേജിന് പേരെടുത്ത കെഎം എബ്രഹാമിനെ മുൻനിർത്തി നേട്ടമുണ്ടാക്കാനുള്ള ഐഎഎസ് ലോബിയുടെ തന്ത്രമാണ് പൊളിയുന്നത്.

വിജിലൻസ് ടീം ലീഡർ എന്ന നിലയിൽ ആക്ഷേപത്തിന്റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റിദ്ധാരണ നീക്കും, കെ.എം.എബ്രഹാം സഹപ്രവർത്തകനും സുഹൃത്തുമാണ്. പരിശോധന അറിഞ്ഞപ്പോൾ തന്നെ എബ്രഹാമിന്റെ ഭാര്യയെ വിളിക്കാൻ സന്നദ്ധനായെന്നും ജേക്കബ് തോമസ് പറഞ്ഞു കഴിഞ്ഞു. ഇതോടെയാണ് ഗൂഢാലോചനയുടെ മുഖംമൂടി അഴിയുന്നത്.

ധനവകുപ്പിന്റെ ചുമതലയിലുള്ള കെ എം എബ്രഹാമും അഴിമതിക്കാരുടെ പേടി സ്വപ്നമായിരുന്നു. കശുവണ്ടി വികസന കോർപ്പറേഷനിലെ തിരിമറി കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചതും എബ്രഹാമായിരുന്നു. പലവിധത്തിലുള്ള സ്വാധീനങ്ങൾക്കും വഴങ്ങിയില്ല.

ഖജനാവിനെ താങ്ങി നിർത്താൻ പല നടപടികളും എടുത്തു. കശുവണ്ടി വികസന കോർപറേഷനിലെ തീവെട്ടിക്കൊള്ളയിൽ ഇടതു വലതു പങ്കാളിത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണ് തന്റെ റിപ്പോർട്ടിൽ എബ്രഹാം കേരളാ ഹൈക്കോടതിയെ ധരിപ്പിച്ചത്. 2008 മുതൽ 2012 വരെ കോർപറേഷൻ വാങ്ങിയ തോട്ടണ്ടിയുടെ ശരാശരി 95 ശതമാനവും കോട്ടയത്തെ ജെഎംജെ ട്രേഡേഴ്സ് എന്ന ഒറ്റക്കമ്പനിയിൽ നിന്നാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ശത്രുക്കളുണ്ടായിരുന്ന കെഎം എബ്രഹാമിനെ നാണംകെടുത്താനായിരുന്നു വിജിലൻസ് കേസ് എന്നാണ് സൂചന. ഇതിലേക്ക് ജേക്കബ് തോമസിനെ കണക്ട് ചെയ്ത് നേട്ടമുണ്ടാക്കുകയായിരുന്നു മറ്റ് ചില ഉദ്യോഗസ്ഥർ.

ഇതിന് തെളിവാണ് കെഎം എബ്രഹാമിന്റെ വീട്ടിലെ പരിശോധന. ഇത് ജേക്കബ് തോമസ് ബോധപൂർവ്വം ചെയ്തതാണെന്ന് വരുത്തി തീർത്തു. അങ്ങനെ ഭരണത്തെ മുൾമുനയിലാക്കുക. ഇതിനായി ഐഎഎസുകാരെ സർക്കാരിനെതിരെ തിരിച്ചുവിടുകയും ചെയ്തു. എന്നാൽ തുറന്നു പറയാൻ ജേക്കബ് തോമസ് എത്തിയതോടെ പ്രശ്നങ്ങൾക്ക് പുതിയ മുഖം വരികെയാണ്. അതിനിടെ ടോം ജോസ് ഐഎഎസിനെതിരെ ശക്തമായ നടപടിയും സർക്കാർ എടുക്കും. കഴിഞ്ഞ ദിവസത്തെ റെയ്ഡിന്റെ അടിസ്ഥാനത്തിൽ ടോം ജോസിനെ സസ്പെന്റ് ചെയ്യാൻ സാധ്യത ഏറെയാണ്. എന്താണ് റെയ്ഡ് എന്ന് ടോം ജോസിനെ മനസ്സിലാക്കി കൊടുക്കുകയായിരുന്നു വിജിൻസ്. ജേക്കബ് തോമസ് അറിയാതെ ആണെങ്കിൽ പോലും വീട്ടിൽ അളവെടുത്ത് മടങ്ങുകയായിരുന്നു ഉദ്യോഗസ്ഥർ. അത് കീഴ് വഴക്കം പാലിക്കാതെയാണെന്ന് ജേക്കബ് തോമസും സമ്മതിക്കുന്നു. എന്നാൽ ടോം ജോസിനെ വളഞ്ഞിട്ട് പിടിച്ച് എല്ലാ തെളിവും വിജിലൻസ് കൈക്കലാക്കി. ബിനാമിയായ അമേരിക്കൻ പ്രവാസി യുവതിയേയും സംശയ നിഴലിലാക്കി.

കെ എം എബ്രഹാമിനെ മുന്നിൽ നിർത്തിയുള്ള കളിയാണ് ഇതോടെ പൊളിയുന്നത്. ടോം ജോസ്, പോൾ ആന്റണി, ഷെയ്ക് പരീത് എന്നിവരാണ് കെഎം എബ്രാഹാമിനെ പ്രകോപിപ്പിച്ച് ജേക്കബ് തോമസിനെ വെട്ടാൻ ശ്രമിച്ചത്. വിജിൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റേണ്ടത് ഇവരുടെ ആവശ്യമായിരുന്നു. ഇതിനൊപ്പം വിജിലൻസ് കേസ് നേരിടുന്ന ചില ഐപിഎസുകാരും കൂടി. അഡീഷണൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നളിനി നെറ്റോ ഇക്കാര്യങ്ങൾ മനസ്സിലാക്കി. ഇത് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ജേക്കബ് തോമസിനൊപ്പം കെ എം എബ്രഹാമിനേയും സംരക്ഷിക്കുന്ന തരത്തിൽ മുഖ്യമന്ത്രി രംഗത്ത് വന്നത്. കെ എം എബ്രഹാമും ജേക്കബ് തോമസും തമ്മിലെ തെറ്റിധാരണകൾ പരിഹരിക്കാനും ആവശ്യമായത് ചെയ്തു കഴിഞ്ഞു. എന്നാൽ ഐഎഎസുകാർക്കിടയിൽ ഭിന്നതുയുണ്ടാക്കിയവരെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ തന്നെയാണ് തീരുമാനം.

നിലവിൽ തൊഴിൽവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഐഎഎസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമാണ് ടോം ജോസ്. കെഎംഎംഎല്ലിൽ മഗ്നീഷ്യം സൾഫേറ്റ് വാങ്ങിയതിൽ ക്രമേക്കേട്, അനധികൃത സ്വത്ത് സമ്പാദ്യം എന്നിവയിൽ വിജിലൻസ് അന്വേഷണം നേരിടുന്നുണ്ടായിരുന്നു. ഇത് ജേക്കബ് തോമസ് കടുപ്പിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നിലവിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ പോൾ ആന്റണിയും മലബാർ സിമന്റസ് അഴിമതി കേസിൽ കരിനിഴലിലാണ്. മുൻ എംഡി പത്മകുമാറിന് അറസ്റ്റിന് ശേഷവും സംരക്ഷണ കവചം ഒരുക്കുന്നുവെന്ന പരാതിയും ഉണ്ട്. പത്മകുമാർ നിരപരാധിയാണെന്നും വിജിലൻസിന്റെ അന്വേഷണ ഫയൽ തനിക്ക് കാണണമെന്നുമായിരുന്നു ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറി നളിനി നെറ്റോയോട് ഇദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ കേസിനെക്കുറിച്ച് വിശദീകരിക്കാൻ കഴിയില്ലെന്നായിരുന്നു നളിനി നെറ്റോയുടെ വിശദീകരണം. ഇതോടെ അന്വേഷണം തന്റെ നേരെയും വരുമെന്ന് അദ്ദേഹം ഭയന്നു.

നിലവിലെ പോർട്ട് ഡയറക്ടർ ഷെയ്ക് പരീതും ജേക്കബ് തോമസിന്റെ ശത്രുവാണ്. ജേക്കബ് തോമസിനെതിരെയുള്ള പ്രധാന ആരോപണങ്ങൾ അടങ്ങിയ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് ശരിവച്ചു. ഇതിനെ തുടർന്നാണ് ജേക്കബ് തോമസ് രാജിസന്നദ്ധത പ്രകടിപ്പിച്ചത്.
ഷെയ്ഖ് പരീതിനെതിരെ നിലവിൽ രണ്ടു വിജിലൻസ് കേസുകളാണുള്ളത്. കാസർകോട് ചിത്താരിപ്പുഴ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടതാണ് ഒന്ന്. ഇതിൽ സർക്കാരിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2008ൽ ഷെയ്ഖ് പരീത് ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ ചീഫ് എൻജിനീയറായിരിക്കെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. രണ്ടാമത്തേത് മെട്രൊ നിർമ്മാണത്തിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കാൻ നളന്ദ എന്ന ബാറിന് അനുമതി നൽകി. 2014 കാലഘട്ടത്തിൽ എറണാകുളം ജില്ലാ കളക്ടറായിരുന്ന ഷെയ്ഖ് പരീത് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമിയിൽ നാലുമാസത്തോളം അനധികൃതമായി ബാർ പ്രവർത്തിച്ചിരുന്നു. ഈ കേസുകളിലും ജേക്കബ് തോമസ് കടുത്ത നിലപാട് എടുത്തു. ഇതോടെയാണ് കെ എം എബ്രഹാമിനെ മുൻനിർത്തിയുള്ള കളികൾക്ക് അരങ്ങൊരുങ്ങുന്നത്. ഇതിന് സൈബർ ഡോം അഴിമതിയിൽ കുടുങ്ങിയ ചില ഐപിഎസുകാരും കൂട്ടുകാരായി.

ഇതോടെ സമർത്ഥമായ കരുനീക്കം തുടങ്ങി. വിജിലൻസിൽ ഇപ്പോഴും പൊലീസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഉന്നതരുടെ അടുപ്പക്കാരുണ്ട്. ഇതിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് കെഎം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് വരെ കാര്യങ്ങളെത്തിച്ചു. എല്ലാം ജേക്കബ് തോമസിന്റെ തന്നിഷ്ടമാണെന്ന് വരുത്തുകയും ചെയ്തു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസ് കോടതി ഇദ്ദേഹത്തിനെതിരെ പ്രാഥമിക പരിശോധനയ്ക്ക് ഉത്തരവിട്ടു. നവംബർ ഏഴിന് എബ്രഹാമിനെതിരെയുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ഇതിനുള്ള നടപടികൾ മാത്രമാണ് നടന്നത്. മുംബൈയിലെ കോഹിനൂർ ഫേസ് 3 അപ്പാർട്ട്മെന്റിൽ 1.10 കോടി വിലവരുന്ന ആഡംബര ഫ്‌ളാറ്റിനും (പ്രതിമാസം 84,000 രൂപ) തിരുവനന്തപുരം തൈക്കാടിലെ മില്ലേനിയം അപ്പാർട്ട്മെന്റിലെ ഫ്‌ളാറ്റിനും വായ്പ തിരിച്ചടവുള്ളതായി ചീഫ് സെക്രട്ടറിക്ക് കെ.എം. എബ്രഹാം വർഷം തോറും നൽകുന്ന സ്വത്ത് വിവര പട്ടികയിൽ വ്യക്തമാക്കിയിരുന്നു. ഇത്രയും വായ്പാ തിരിച്ചടാൽ പ്രതിദിന ചെലവിനായി തുക അവശേഷിക്കില്ലെന്ന് വ്യക്തമാക്കി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് വിജിലൻസ് കോടതി നടപടി.

ഇത് ജേക്കബ് തോമസിന്റെ നീക്കമായി ചിത്രീകരിച്ചു. ജോമോൻ പുത്തൻപുരയ്ക്കൽ ജേക്കബ് തോമസിന്റെ ആളാണെന്ന് പോലും വിശ്വസിപ്പിച്ചു. ഇതിനിടെയിൽ മറഞ്ഞു നിന്നത് കശുവണ്ടി വികസന കോർപ്പറേഷനിൽ അഴിമതിക്ക് പിടിവീണ രാഷ്ട്രീയ നേതൃത്വമായിരുന്നു. ഇവരും ജേക്കബ് തോമസിനേയും കെഎം എബ്രഹാമിനേയും ഒരുമിച്ച് പുറത്താക്കാൻ കരുക്കൾ നീക്കി. ആദ്യ ഘട്ടത്തിൽ വിജയിച്ചുവെങ്കിലും എല്ലാം മറനീക്കി പുറത്തുവരികയാണ്. കെ എം എബ്രഹാമിനെ സുഹൃത്തായി വിശേഷിപ്പിച്ച് റെയ്ഡിലെ കാര്യങ്ങൾ തുറന്നു പറഞ്ഞ് ജേക്കബ് തോമസ് നേരിട്ടെത്തിയത് ഈ സാഹചര്യത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP