Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ സ്വാധീനമുള്ളവർ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല; ഇരകൾക്ക് പ്രതികൾ നൽകിയത് ലക്ഷങ്ങൾ; വിചാരണ കഴിഞ്ഞയുടൻ ഇരകളെ ലണ്ടനിലേക്കും ദുബായിലേക്കും കടത്തി; യുഡിഎഫ് ഭരണം വന്നതോടെ നിക്ഷ്പക്ഷ അന്വേഷണം ഇല്ലാതായി; പ്രശാന്ത്ഭൂഷൻ അടക്കമുള്ളവരുടെ പിന്തുണയോടെ ഐസ്‌ക്രീം കേസിൽ വീണ്ടും നിയമപോരാട്ടത്തിന് വി എസ്; ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ചങ്കിടിപ്പ്

രാഷ്ട്രീയ സ്വാധീനമുള്ളവർ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല; ഇരകൾക്ക് പ്രതികൾ നൽകിയത് ലക്ഷങ്ങൾ; വിചാരണ കഴിഞ്ഞയുടൻ ഇരകളെ ലണ്ടനിലേക്കും ദുബായിലേക്കും കടത്തി; യുഡിഎഫ് ഭരണം വന്നതോടെ നിക്ഷ്പക്ഷ അന്വേഷണം ഇല്ലാതായി; പ്രശാന്ത്ഭൂഷൻ അടക്കമുള്ളവരുടെ പിന്തുണയോടെ ഐസ്‌ക്രീം കേസിൽ വീണ്ടും നിയമപോരാട്ടത്തിന് വി എസ്; ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ചങ്കിടിപ്പ്

കെ വി നിരഞ്ജൻ

കോഴിക്കോട്. ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ നടപടികൾ അവസാനിപ്പിച്ച മജിസ്ട്രേറ്റ് കോടതിക്കെതിരെ മുന്മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ വീണ്ടും കോടതിയെ സമീപിക്കുമ്പോൾ മുസ്ലീലീഗിനും പാർട്ടി നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും ചങ്കിടിപ്പ്. പ്രശാന്ത് ഭൂഷൺ അടക്കമുള്ള രാജ്യത്തെ മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചിച്ച് കേസിന്റെ നിയമസാധുത പഠിച്ചാണ് വി എസ് വീണ്ടും രംഗത്തിറങ്ങുന്നത്.

കേസ് അട്ടിമറിക്കാൻ മുസ്ലീലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ബന്ധു കെ.എ. റഊഫിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കോഴിക്കോട് ടൗൺ പൊലീസ് 2011ൽ രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ അവസാനിപ്പിച്ച് 2017 ഡിസംബർ 23ന് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെയാണ് ഹരജി. ഹരജി സ്വീകരിച്ച ഹൈക്കോടതി എതിർകക്ഷികളോട് വിശദീകരണം തേടിയിട്ടുണ്ട്.

കേസിൽ വി എസ് ഉന്നയിക്കുന്ന പ്രധാന വസ്തുതകൾ ഇവയാണ്.രാഷ്ട്രീയ സ്വാധീനമുള്ളവർ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല. കേസ് അട്ടിമറിക്കാൻ ഇരകൾക്ക് ലക്ഷങ്ങളാണ് പ്രതികൾ നൽകിയത്. വിചാരണ കഴിഞ്ഞയുടൻ ഇരകളെ ലണ്ടനിലേക്കും ദുബൈയിലേക്കും കടത്തുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ജെ.എഫ്്സിഎം കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് വിഎസിന്റെ ഹരജിയിലെ ആവശ്യം. കേസ് അവസാനിപ്പിക്കുന്നതായുള്ള റിപ്പോർട്ട് അംഗീകരിക്കാൻ അനുവദിക്കരുതെന്നും വി എസ് ഹരജിയിൽ ആവശ്യപ്പെടുന്നു.

2011 ജനുവരി 28ന് വാർത്താസമ്മേളനത്തിൽ റഊഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്. കേസിൽനിന്ന് രക്ഷപ്പെടാൻ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ പോലും സ്വാധീനിച്ചതായുള്ള വെളിപ്പെടുത്തലിനെ തുടർന്ന് കുഞ്ഞാലിക്കുട്ടിയെ ഒന്നും റഊഫിനെ രണ്ടും പ്രതികളാക്കി കോഴിക്കോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വി എസ് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഇത്. ഇതിനിടെ യു.ഡി.എഫ് ഭരണം വന്നതോടെ നിഷ്പക്ഷ അന്വേഷണം ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടി അച്യുതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചു.

പ്രത്യേക സംഘത്തിന്റ അന്വേഷണം കാര്യക്ഷമമല്ലെന്നും സർക്കാറിന്റെ ഇടപെടലുണ്ടാകുന്നുവെന്നും ആരോപിച്ച് നൽകിയ ഹരജി കോടതി തള്ളുകയും ചെയ്തു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആ ഹരജിയും തള്ളി. ഹരജിക്കാരന്റെ വാദത്തിൽ ന്യായമായ നിലപാട് സ്വീകരിക്കണമെന്നും ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ സ്വാധീനിക്കരുതെന്നും വ്യക്തമാക്കി വിഷയം മജിസ്ട്രേറ്റ് കോടതിക്ക് സുപ്രീംകോടതി തിരിച്ചയച്ചു. എന്നാൽ, മജിസ്ട്രേറ്റ് കോടതി ഇതു പരിഗണിക്കാതെ തെറ്റായ നിഗമനത്തിലെത്തിയെന്നും അന്വേഷണം അവസാനിപ്പിച്ച് പൊലീസ് നൽകിയ റിപ്പോർട്ട് അംഗീകരിച്ച് വിധി പറഞ്ഞെന്നും വി.എസിന്റെ ഹരജിയിൽ പറയുന്നു.

സുപ്രീം കോടതി വിധി മജിസ്ട്രേറ്റ് കോടതി ദുർവാഖ്യാനം ചെത്തുവെന്നാണ് വി എസ് ഹരജിയിൽ ആരോപിക്കുന്നത്.ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ സ്വാധീനിക്കരുതെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമായി ഉണ്ടെങ്കിലും മുൻവിധിയോടെയാണ് മജിസ്ട്രേറ്റ് കോടതി പ്രവർത്തിച്ചതെന്നും വി എസ് ഹരജിയിൽ ആരോപിക്കുന്നു.പ്രതികൾ്ക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെ നിലപാടും നിർണ്ണായകമായിരിക്കയാണ്.

സിപിഎമ്മിലെ ഔദ്യേഗിക വിഭാഗം ഒത്തുകളിച്ചതിനെ തുടർന്നാണ് ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിക്കപ്പെട്ടതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായ പി ശശി മുൻകൈയുടത്താണ് ഒന്നാംഘട്ട ഐസ്‌ക്രീം പാർലർ കേസ് ഒതുക്കിയതെന്ന് മാധ്യമങ്ങൾ വിമർശിച്ചിരുന്നു. അതിനുശേഷമാണ് ഈ കേസ് എങ്ങനെയാണ് അട്ടിമറിച്ചതെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റഊഫ് പരസ്യമായി വാർത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തുന്നത്.സാക്ഷികൾക്കും പ്രോസിക്യൂട്ടർമാർക്കുമടക്കം ലക്ഷങ്ങൾ നൽകിയും മതനേതാക്കളെവരെ പണം കൊടുത്ത് സ്വാധീനിച്ചുമെന്നുമാണ് റഊഫ് വെളിപ്പെടുത്തിയത്.

1997ൽ കോഴിക്കോട് ബീച്ച് റോഡിൽ ശ്രീദേവി എന്ന സ്ത്രീ നടത്തിയ ഐസ്‌ക്രീം പാർലറിന്റെയും തൊട്ടടുത്തുള്ള ബ്യൂട്ടിപാർലിന്റെയും മറവിൽ രാഷ്ട്രീയത്തിലെ ഉന്നതർക്കുവേണ്ടി പെൺവാണിഭം നടത്തുന്നെ വാർത്തയോടെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഐസ്‌ക്രീംപാർലർ കേസിന്റെ തുടക്കം.അന്ന് 17വയസ്സുമാത്രമുള്ള തന്നെ മുസ്ലീലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചെന്ന് റജീനതന്നെ ചാനലുകൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.തുടർന്ന ലക്ഷങ്ങൾ റെജീനക്കും മറ്റ് ഇരകളായ റജുല ബിന്ദു തുടങ്ങിയവർക്ക് നൽകിയും കേസ് ഒതുക്കിത്തീർത്തുവെന്നാണ് വർഷങ്ങൾക്കുശേഷം റഊഫ് ആരോപിച്ചത്.

ഒരുകാലത്ത് സരിതാ നായരേക്കാൾ കുപ്രസിദ്ധയായ റജീനയെ കേസിനുശേഷം ആരും കണ്ടിട്ടില്ല. ഇവരെ രാക്കുരാമാനം ഗൾഫിലേക്ക് കടത്തിയതായാണ് പറയുന്നത്.മറ്റു രണ്ട് പ്രതികളെ ലണ്ടനിലേക്ക് കടത്തിയെന്നതും വി എസ് ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP