Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുരുന്നുകൾക്ക് മരണക്കിണറായി പടുതാക്കുളങ്ങളും വെള്ളക്കെട്ടുകളും; ഇടുക്കിയിൽ മൂന്നാഴ്ചക്കുള്ളിൽ വെള്ളത്തിൽ വീണ് പൊലിഞ്ഞത് ഒന്നര വയസുകാരായ രണ്ടു കുട്ടികൾ; ഒന്നര വർഷത്തിനിടെ മരിച്ചത് 20 കുട്ടികൾ; സുരക്ഷയുറപ്പിക്കാൻ ഇനിയെങ്കിലും നിയമമുണ്ടാകുമോ?

കുരുന്നുകൾക്ക് മരണക്കിണറായി പടുതാക്കുളങ്ങളും വെള്ളക്കെട്ടുകളും; ഇടുക്കിയിൽ മൂന്നാഴ്ചക്കുള്ളിൽ വെള്ളത്തിൽ വീണ് പൊലിഞ്ഞത് ഒന്നര വയസുകാരായ രണ്ടു കുട്ടികൾ; ഒന്നര വർഷത്തിനിടെ മരിച്ചത് 20 കുട്ടികൾ; സുരക്ഷയുറപ്പിക്കാൻ ഇനിയെങ്കിലും നിയമമുണ്ടാകുമോ?

ഇടുക്കി: അധികമാരും ഗൗനിക്കാത്ത അപകടക്കെണിയായി നൂറുകണക്കിന് ജലസ്രോതസ്സുകളാണ് നമുക്ക് ചുറ്റും. വലിയ ജലാശയങ്ങളും മറ്റും എക്കാലവും അപായഭീഷണി ഉയർത്തുന്നതാണെന്ന വസ്തുത വിസ്മരിക്കാനാവില്ല. എന്നാൽ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന സ്വകാര്യ ജലസംഭരണികളുടെ കാര്യത്തിൽ ആർക്കാണ് ഉത്തരവാദിത്തം? ചുറ്റുമതിലില്ലാത്ത കിണർ, പടുതാക്കുളം, പാറമടകളിലെ വെള്ളക്കെട്ടുകൾ തുടങ്ങിയവയൊക്കെ കുരുന്നുകളുടെ ജീവനെടുക്കുമ്പോൾ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരെങ്കിലും തയാറാകുമോ? കുരുന്നുകളുടെ മുങ്ങിമരണങ്ങളെ ഒറ്റപ്പെട്ട സംഭവമായി സമൂഹവും അധികാരികളും കാണുമ്പോൾ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത് കുറഞ്ഞപക്ഷം ഇടുക്കി ജില്ലയിലെങ്കിലും ഉണങ്ങാത്ത കണ്ണീരാകുകയാണ്. ഏതാണ്ട് ഒന്നര വർഷക്കാലത്തിനിടെ ഇരുപതോളം കുട്ടികളാണ് ഇടുക്കിയിൽ മുതിർന്നവരുടെ അശ്രദ്ധമൂലം മുങ്ങി മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ രണ്ടു കുരുന്നുകളുടെ ജീവൻ പൊലിഞ്ഞെങ്കിലും ഇതേക്കുറിച്ചു ഗൗരവമായ ചിന്തയുണ്ടാകുന്നില്ല.

കളിക്കുന്നതിനിടെ വീടിനുസമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് കട്ടപ്പനയ്ക്കടുത്ത് പുളിയന്മലയിൽ ശനിയാഴ്ച ഒന്നര വയസുകാരി ദാരുണമായി മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. പുളിയന്മല കണിച്ചാട്ട് സെൽവം - സെൽവി ദമ്പതികളുടെ മകൾ സൗമ്യയാണ് മരിച്ചത്. തോട്ടം തൊഴിലാളികളായ ദമ്പതികൾ പണിക്കുപോയിരുന്ന സമയത്ത് സമീപത്തെ കുട്ടികളുമായി കളിച്ചുകൊണ്ടിരുന്ന സൗമ്യയെ കാണാതാവുകയായിരുന്നു. ഇതിനിടെ ചുറ്റുമതിലില്ലാത്ത കിണറിന്റെ മുകളിലെ വല കാണാതിരുന്നതിനെതുടർന്നു സംശയം തോന്നി നോക്കിയപ്പോഴാണ് സൗമ്യയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

കളിച്ചുകൊണ്ടിരിക്കേ വീടിന് മുന്നിലുള്ള താമരക്കുളത്തിൽ വീണ് ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് എടയ്ക്കാട് പാലയിൽ ഏബിൾ - ഷീബ ദമ്പതികളുടെ ഒന്നര വയസുള്ള മകൻ ക്രിസ്‌പോസ് മരിച്ചത് കഴിഞ്ഞ മാസം 14-നായിരുന്നു. കുട്ടിക്കൊപ്പം മുറ്റത്തുണ്ടായിരുന്ന പിതാവ് ഭക്ഷണമെടുക്കാൻ വീടിനുള്ളിലേക്കുപോയി അഞ്ചു മിനിട്ടിനുള്ളിൽ തിരികെയെത്തിയപ്പോഴേക്കും ക്രിസ്‌പോസിനെ കാണാനുണ്ടായിരുന്നില്ല. തിരച്ചലിൽ മുറ്റത്തോട് ചേർന്നുള്ള ചെറുകുളത്തിൽ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ രണ്ടു കുരുന്നുകളുടെയും മരണങ്ങൾ ഒറ്റപ്പെട്ടവയാണെങ്കിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതാണ് കാണുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 14-ന് നെടുങ്കണ്ടത്തിനടുത്ത് മാവടിയിൽ വീടിന്റെ മുന്നിലെ കുളത്തിൽ വീണ് രണ്ടും നാലും വയസുള്ള സഹോദരങ്ങൾ മുങ്ങിമരിച്ചത് നാടിനെയാകെ നടുക്കിയതാണ്. വീടിനുചുറ്റും ഓടിക്കളിക്കുകയായിരുന്ന ആന്മരിയ (അനുമോൾ-നാല്), ഇമ്മാനുവേൽ (അപ്പു- രണ്ട്) അന്ന് മരിച്ചത്. കുടിയിരുപ്പിൽ സുനിൽ- റെനിന ദമ്പതികളുടെ മക്കളായിരുന്നു ദുരന്തത്തിലേക്ക് മുങ്ങിത്താണത്. സുനിൽ കൂലിപ്പണിക്കു പോയിരുന്നു. റെനീന വീടിന്റെ പിന്നിൽ തുണിയലക്കുകയായിരുന്നു. കുട്ടികളെ കാണാതായതിനെ തുടർന്ന് മാതാവ് നിലവിളിച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളുടെ ജീവനില്ലാത്ത ശരീരം കുളത്തിൽനിന്നും കണ്ടെടുത്തത്.

2015 ഓഗസ്റ്റ് 12-ന് കട്ടപ്പനയ്ക്കടുത്ത് വെള്ളിലാംകണ്ടം കിഴക്കേ മാട്ടുക്കട്ട ഇല്ലത്തുപാലം അരിമറ്റത്ത് അജീഷ്-സിനി ദമ്പതികളുടെ ഇളയ മകൻ എഡ്വിനെന്ന രണ്ടര വയസുകാരൻ വീടിനോടു ചേർന്നുള്ള ചെറിയ കുളത്തിൽ വീണു മരിച്ചു. നാലുവയസുകാരനായ ജ്യേഷ്ഠൻ എഡ്രിനുമൊത്ത് മുറ്റത്ത് ഓടിക്കളിച്ചുകൊണ്ടിരുന്ന എഡ്വിനെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിൽ കുളത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.

ഇതിനു പത്ത് ദിവസം മുമ്പ് ഓഗസ്റ്റ് രണ്ടിനാണ് നാടിനെയാകെ സങ്കടക്കടലിലാക്കി നെടുങ്കണ്ടം തൂക്കുപാലത്തിനടുത്ത് പുഷ്പക്കണ്ടത്ത് ചെക്ക് ഡാമിനായി പണിത കുഴിയിലെ വെള്ളക്കെട്ടിൽവീണ് സഹോദങ്ങൾ മരിച്ചത്. അണക്കരമെട്ട് അറയ്ക്കൽ വിനോദിന്റെ മക്കളായ അഭിമന്യു(14)വും അനന്യ(ഏഴ്)യുമാണ് കുളിക്കുന്നതിനിടെ വെള്ളത്തിൽ ആഴ്ന്നുപോയി മരണത്തെ പുൽകിയത്. രക്ഷിതാക്കൾ വീട്ടിലില്ലാതിരുന്ന നേരത്താണ് വീടിനടുത്തുള്ള വെള്ളക്കെട്ടിൽ ഇവർ കുളിക്കാനിറങ്ങിയത്.

ആറുമാസം പ്രായമുള്ള ഇളയ മകൻ പ്രണിതിനെ ഒക്കത്തുവച്ചും മൂത്ത മകൻ രണ്ടര വയസുള്ള പ്രണവിനെ ഒപ്പം നിർത്തിയും വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ സൂര്യനെല്ലി ഹാരിസൻ പ്ലാന്റേഷൻ സെന്റർ ഡിവിഷനിൽ താമസിക്കുന്ന മുത്തുസെൽവിക്കു രണ്ട് കുട്ടികളേയും നഷ്ടമായത് 2015 ജൂലൈ 20-നാണ്. പ്രധാനപാതവിട്ടു കുറുക്കുവഴിയിലൂടെ പോകവെ ചെക്ക് ഡാമിൽ കാൽവഴുതി വീണ പ്രണവിനെ രക്ഷിക്കാൻ രണ്ടാമതൊന്ന് ആലോചിക്കാതെ ഒക്കത്തിരുന്ന മകനുമായി മുത്തുസെൽവി വെള്ളത്തിലേയ്ക്കു ചാടിയെങ്കിലും മൂവരും വെള്ളത്തിലാണ്ടുപോയി. ഓടിയെത്തിയ നാട്ടുകാർ അമ്മയെ രക്ഷപെടുത്തി. ചേതനയറ്റ നിലയിലാണ് കുരുന്നു സഹോദരങ്ങളെ മുങ്ങിയെടുക്കാനായത്.

രാജാക്കാട് എൻ.ആർ സിറ്റി കനകക്കുന്ന് പ്ലാക്കുന്നേൽ സുനിലിന്റെ മകൾ രേഷ്മ(12) വീടിനുടുത്തുള്ള കുളത്തിൽനിന്നു വെള്ളമെടുക്കുന്നതിനിടെ കാൽവഴുതിവീണ് മരിച്ചത് 2015 ജൂലൈ 13-നാണ്. ചുമട്ടുതൊഴിലാളിയായ അച്ഛൻ സുനിലിനും കൂലിപ്പണിക്കാരിയായ അമ്മ മായയ്ക്കും കൈത്താങ്ങായ ഏഴാം ക്ലാസുകാരി സഹോദരങ്ങൾക്കൊപ്പം വെള്ളം കോരിയെടുക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.

അടിമാലി കല്ലാർ പാറയിൽ ഷിജുവിന്റെ മകൻ ജിഷ്ണുവെന്ന രണ്ടര വയസുകാരൻ വീടിനു സമീപത്തെ നിറഞ്ഞൊഴുകുന്ന തോട്ടിൽ വീണ് അകാലമൃത്യു വരിച്ചത് 2015 ജൂൺ 25-ന്. കൂലിപ്പണിക്കാരനായ ഷിജു പണിക്കായി പുറത്തും ഭാര്യ സീത വിറക് ശേഖരിക്കാനും പോയ സമയത്ത് ഇവരുടെ ആറ് മാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയുമായി ജിഷ്ണുവിന്റെ സഹോദരൻ പുറത്തുപോയി. കട്ടിലിൽ ഇരുന്നു കളിക്കുകയായിരുന്നു ജിഷ്ണു. അൽപനേരം കഴിഞ്ഞ് കുട്ടിയെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിൽ കാൽ വാഴവള്ളിയിൽ കുരുങ്ങി തോട്ടിലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ ജിഷ്ണുവിനെ കണ്ടെത്തി.

കഴിഞ്ഞ വർഷം മെയ്‌ 16-ന് വാഗമണിൽ വിനോദസഞ്ചാരത്തിനെത്തിയ സൺഡേ സ്‌കൂൾ കുട്ടികളുടെ സംഘത്തിലെ രണ്ട് പേർ മൊട്ടക്കുന്നിനു സമീപത്തെ ചെക്ക് ഡാമിൽ കാൽവഴുതി വീണ് മരിച്ചത് കേരളമാകെ ശ്രദ്ധിച്ച ദുരന്തങ്ങളിലൊന്നായിരുന്നു. ചങ്ങനാശേരി നാലുകോടി ഭഗവതിപ്പറമ്പിൽ വെട്ടിയാട് ജെയിംസിന്റെ മകൻ മാത്യു (14), നാലുകോടി തുണ്ടിപ്പറമ്പിൽ ജോസഫിന്റെ മകൻ ഷോൺ സുബി ആന്റണി (13) എന്നിവരാണ് മരിച്ചത്. വേണ്ടത്ര സുരക്ഷയൊരുക്കാതെ കുട്ടികളെ ഡാമിൽ പ്രവേശിപ്പിച്ചതാണ് അപകടത്തിനിരയാക്കിയത്. ചങ്ങനാശേരി സെന്റ് തോമസ് പള്ളിയിൽനിന്നുള്ള സംഘമാണ് അറിയാത്ത അപകടത്തിൽ ചെന്നുപെട്ടത്.

മുത്തച്ഛന്റെ കൺമുമ്പിൽ രണ്ടര വയസുകാരൻ തൊടിയിലെ കുളത്തിൽ വീണ് മരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ്. നത്തുകല്ല് കൊങ്ങിണിപ്പടവ് സ്വദേശിയും റെയിൽവേ പൊലിസ് ഉദ്യോഗസ്ഥനുമായ പുല്ലാട്ട് സാബുവിന്റെ മകൻ ഷാലിൻ (അച്ചു) ആണ് വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കുളത്തിൽ മുങ്ങിമരിച്ചത്. 12 അടിയോളം ആഴമുള്ള കുളത്തിൽ വീണ ഷാലിൻ ചേറിൽ പുതഞ്ഞുപോയത് രക്ഷാശ്രമം വിഫലമാക്കി. വീട്ടിൽ മുത്തച്ഛനൊപ്പം കിടക്കുകയായിരുന്ന ഷാലിൻ എണീറ്റ് കളിക്കാനായി മുറ്റത്തേക്കിറങ്ങിയതിനു പിന്നാലെ മുത്തച്ഛനും ചെന്നെങ്കിലും കുട്ടി വെള്ളത്തിൽ വീണിരുന്നു. ഓടിയെത്തിയ പിതാവ് കുളത്തിൽ ചാടി പരതിയെങ്കിലും ഷാലിൻ വീട്ടുകാരെ വിട്ടകന്നു കഴിഞ്ഞിരുന്നു. ഇത്തരം അറിയപ്പെട്ട ദുരന്തങ്ങൾപോലെ നിരവധി കുരുന്നുകളുടെ ജീവൻ ഉൾഗ്രാമങ്ങളിൽ വിട്ടകന്നത് പുറത്തറിയാതെ പോയവയുമുണ്ട്.

കുരുന്നുകളുടെ ജീവിക്കാനുള്ള മൗലികാവകാശം നിഷേധിച്ചതിന് ഉത്തരം പറയേണ്ടത് അധികാരികളും പൊതുസമൂഹവുമാണെന്ന വാദം പലയിടത്തും ഉയർന്നെങ്കിലും ഗൗരവമായ ചർച്ചയോ, ഭാവിയിലെ ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പരിഹാരനടപടികളോ ഇനിയും ഉണ്ടായിട്ടില്ല. കുട്ടികളേക്കാൾ അധികമാണ് മുങ്ങി മരിച്ച മുതിർന്നവരുടെ എണ്ണമെങ്കിലും അതിലേറെയും അപകട സാധ്യത അവഗണിച്ചു മരണത്തെ വിലയ്ക്ക് വാങ്ങിയവരാണ്. നീന്തൽ വശമില്ലാത്തതും ജലശേഖരങ്ങൾ സുരക്ഷയൊരുക്കാതെ സംരക്ഷിക്കുന്നതും പ്രധാന കാരണങ്ങളാണ്. കുട്ടികളെ പ്രത്യേകിച്ച്, പിഞ്ചുകുഞ്ഞുങ്ങളെ ഇത്തരം അപകടസാധ്യതാ മേഖലകളിൽ നിന്ന് അകറ്റി നിർത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണെന്നതിൽ രണ്ടുപക്ഷമില്ല. സ്വകാര്യ ജലശേഖരങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന നിയമം നടപ്പാക്കിയാൽ ദുരന്തങ്ങളുടെ എണ്ണം കുറയ്ക്കാനാകുമെന്നതിൽ തർക്കമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP