Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്കിന് കുറവില്ല; ജലനിരപ്പ് 2393.16 അടിയിൽ എത്തിയതോടെ ഡാമിന്റെ ഷട്ടർ തുറക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു; രണ്ടടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും; ഇടുക്കി, എറണാകുളം ജില്ലകളിലായി ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും; ജാഗ്രതയോടെ ജില്ലാ ഭരണകൂടങ്ങൾ; നെഞ്ചിടിപ്പോടെ കഴിയുന്നത് ചെറുതോണി പുഴയോരം കൈയേറിയവർ അടക്കം പതിനായിരങ്ങൾ

ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്കിന് കുറവില്ല; ജലനിരപ്പ് 2393.16 അടിയിൽ എത്തിയതോടെ ഡാമിന്റെ ഷട്ടർ തുറക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു; രണ്ടടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും; ഇടുക്കി, എറണാകുളം ജില്ലകളിലായി ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും; ജാഗ്രതയോടെ ജില്ലാ ഭരണകൂടങ്ങൾ; നെഞ്ചിടിപ്പോടെ കഴിയുന്നത് ചെറുതോണി പുഴയോരം കൈയേറിയവർ അടക്കം പതിനായിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: ഇടുക്കി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് കൂടിയതോടെ ഡാം തുറക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 2393.16 അടിയായി ഉയർന്നുണ്ട്. ഈ ജലനിരപ്പ് രണ്ടടി കൂടി വർദ്ധിച്ചാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. 2400 അടിയിൽ എത്തുന്നതോടെ ഡാം തുറക്കാനാണ് അധികാരികളുടെ ആലോചന. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലാ കലക്ടർ അടിയന്തര യോഗം വിളിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാൽ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ഏകദേശം ഉറപ്പായ സാഹചര്യമാണുള്ളത്.

ഇങ്ങനെ ജലനിരപ്പ് ഉയർന്ന് ഷട്ടർ തുറക്കുന്നതോടെ ചെറുതോണി പുഴയോരം കൈയേറിയവർ അടക്കമുള്ളവർക്ക് കനത്ത പ്രഹരമായി മാറും. ഇടുക്കിക്ക് പുറമേ എറണാകുളം ജില്ലയെയും ഷട്ടർ തുറക്കുന്നത് ബാധിക്കും. പെരിയാർ നിറഞ്ഞൊഴുകുന്ന സാഹചര്യത്തിൽ അണക്കെട്ടു തുറക്കുകകൂടി ചെയ്യുന്നത് താണ പ്രദേശങ്ങളിൽ വെള്ളക്കെട്ടിനിടയാക്കും. അണക്കെട്ട് തുറക്കുമ്പോൾ വെള്ളം ഒഴുകിപ്പോകേണ്ട പ്രദേശങ്ങൾ പലതും ഇന്ന് ആൾത്താമസമുള്ള മേഖലയാണ്. അണക്കെട്ടിലെ ജലനിരപ്പ് ഒമ്പത് അടികൂടി ഉയർന്നാൽ ചെറുതോണിയിലെ ഷട്ടറുകൾ തുറക്കേണ്ടിവരുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. ജലനിരപ്പുയരുന്ന സാഹചര്യത്തിൽ വൈദ്യുതിമന്ത്രി എംഎം മണി അണക്കെട്ട് സന്ദർശിച്ചു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് മൂന്നിനോ നാലിനോ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുമെന്നാണു സൂചന. അങ്ങനെയെങ്കിൽ 26 വർഷത്തിനു ശേഷം ഇതാദ്യമായിട്ടായിരിക്കും ഷട്ടറുകൾ ഉയർത്തുക. മുൻപ് 1992ൽ ആണ് ഇടുക്കി അണക്കെട്ട് തുറന്നത്. അതിനുശേഷം തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ജലനിരപ്പ് ഇത്രയും ഉയരുന്നത് ആദ്യമാണ്. ഈ സീസണിൽ ഇടുക്കിയിൽ 192.3 സെന്റിമീറ്റർ മഴ ലഭിച്ചു. ദീർഘകാല ശരാശരിയെ അപേക്ഷിച്ച് 49% കൂടുതലാണിത്.

മഴ തുടരുകയും നീരൊഴുക്കു വർധിക്കുകയും ചെയ്താൽ ഒരാഴ്ചയ്ക്കുള്ളിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുമെന്നു മന്ത്രി എം.എം.മണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജലനിരപ്പ് 2400 അടിയിലെത്തുമ്പോൾ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനായിരുന്നു കെഎസ്ഇബിയുടെ തീരുമാനം. ജലനിരപ്പ് 2395 അടിയിലെത്തുമ്പോൾ കെഎസ്ഇബി രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശം (ഓറഞ്ച് അലർട്) നൽകും. ഇതിനു രണ്ടടി കൂടിയേ വേണ്ടൂ. ആദ്യ ജാഗ്രതാ നിർദ്ദേശം വ്യാഴാഴ്ച നൽകിയിരുന്നു. സംഭരണശേഷിയുടെ 87 ശതമാനത്തിലേറെ വെള്ളം ഇപ്പോൾ അണക്കെട്ടിലുണ്ട്. കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിൽ ഇടുക്കി ഡാമിൽ 2319.08 അടി വെള്ളമാണ് ഉണ്ടായിരുന്നത്.

മുല്ലപ്പെരിയാറിലെ വെള്ളം സ്പിൽവേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 2400 അടിയിലെത്തുന്നതിനു മുമ്പ് അണക്കെട്ട് ക്രമേണ തുറന്നുവിട്ട് അപകടസാധ്യത ഒഴിവാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ സുരക്ഷാ മുൻകരുതലുകൾ ഏകോപിപ്പിക്കും. നേരത്തെ തന്നെ റവന്യൂ, ഇറിഗേഷൻ, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് അണക്കെട്ടിന്റെ താഴെ ഭാഗത്ത് സർവേ നടത്തിയിരുന്നു.

പെരിയാറിന്റെ താഴെ ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജോയ്‌സ് ജോർജ് എം പി, ജില്ലയിൽനിന്നുള്ള മറ്റ് എം എൽ എമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയ്ക്കു കുറവുണ്ട്. 59 ദശലക്ഷത്തിലേറെ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തി. മൂലമറ്റം പവർഹൗസിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം 14.58 ദശലക്ഷം യൂണിറ്റായിരുന്നു. ഡാം തുറന്നാൽ ഉണ്ടാകുന്ന സ്ഥിതിഗതികൾ വിലയിരുത്താൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതലസംഘം യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഡാം തുറന്നാൽ വെള്ളം ഒഴുകിപ്പോകുന്ന പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. എറണാകുളം, ഇടുക്കി ജില്ലാ കലക്ടർമാരോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശവും നൽകിയിട്ടുണ്ട്.

ചെറുതോണി, ഇടുക്കി ആർച്ച് ഡാം, കുളമാവ് ഡാം എന്നിവയാണ് ഇടുക്കി സംഭരണിയുടെ പരിധിയിലുള്ളത്. ഇതിൽ ചെറുതോണിയിൽനിന്ന് മാത്രമാണ് വെള്ളം തുറന്നുവിടാനാവുക. ചെറുതോണി പുഴയിലൂടെ രണ്ട് കിലോമീറ്റർ ഒഴുകി വെള്ളക്കയം ഭാഗത്ത് പെരിയാറിൽ ചേരും. ഇടുക്കി, എറണാകുളം ജില്ലകളിലേക്കാണ് വെള്ളമെത്തുക. 120 കിലോമീറ്റർ ദൂരത്തിൽ പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം നൽകാൻ ഡാം സുരക്ഷാവിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ രണ്ടു ജില്ലാകളക്ടർമാർക്കും വ്യാഴാഴ്ച അറിയിച്ചിരുന്നു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ അണക്കെട്ടിലെ ജലനിരപ്പ് 2391.25 അടിയിലെത്തിയിരുന്നു. 2403 അടിയാണ് സംഭരണ ശേഷിയെങ്കിലും 2400-ൽ എത്തിയാൽ വെള്ളം പെരിയാറിലേക്കൊഴുക്കേണ്ടിവരും. 1991 ഒക്ടോബറിലാണ് ഡാം അവസാനമായി തുറന്നത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും പ്രതിദിനം 50 ദശലക്ഷം യൂണിറ്റിന് മുകളിൽ വൈദ്യുതിക്കായുള്ള വെള്ളമാണ് ഒഴുകിയെത്തുന്നത്. മൂലമറ്റം പവർ ഹൗസിൽ ഇപ്പോൾ സാധ്യമായ പരമാവധി ഉൽപാദന ശേഷി 14.4 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. അഞ്ച് ജനറേറ്ററുകൾ 24 മണിക്കൂർ പ്രവർത്തിപ്പിച്ചാണ് ഉൽപാദനം നടത്തുന്നത്. എന്നാൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പവർ ഹൗസിന്റെ ശേഷിയുടെ നാലിരട്ടിയാണെന്നതിനാൽ അണക്കെട്ടിൽ ജലനിരപ്പ് വർധിക്കുന്ന സാഹചര്യമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP