Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പട്ടയവും കസ്തൂരിരംഗനുമല്ല, പട്ടിണിയാണ് ഇടുക്കിയുടെ യഥാർഥ പ്രശ്‌നം; കാലാവസ്ഥാ വ്യതിയാനത്തിൽ ഏലം, കുരുമുളക് ഉൽപാദനം മൂന്നിലൊന്നായി; ഭക്ഷ്യവിളകളിലും കർഷകർക്ക് തിരിച്ചടി; സാമ്പത്തിക പ്രതിസന്ധിയിൽ നടുവൊടിഞ്ഞ ജനതയെ മറന്ന് അധികൃതരും സംഘടനകളും

പട്ടയവും കസ്തൂരിരംഗനുമല്ല, പട്ടിണിയാണ് ഇടുക്കിയുടെ യഥാർഥ പ്രശ്‌നം; കാലാവസ്ഥാ വ്യതിയാനത്തിൽ ഏലം, കുരുമുളക് ഉൽപാദനം മൂന്നിലൊന്നായി; ഭക്ഷ്യവിളകളിലും കർഷകർക്ക് തിരിച്ചടി; സാമ്പത്തിക പ്രതിസന്ധിയിൽ നടുവൊടിഞ്ഞ ജനതയെ മറന്ന് അധികൃതരും സംഘടനകളും

ഇടുക്കി: ജലദൗർലഭ്യവും കാലാവസ്ഥാമാറ്റവും ഇടുക്കി ജില്ലയുടെ കാർഷിക പ്രൗഢി പടിയിറക്കുന്നു. കാർഷിക മേഖല തകർന്നു തരിപ്പണമാകുന്ന അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ് ഇടുക്കിയിൽ ഉരുത്തിരിയുന്നത്. ഇക്കാര്യത്തിൽ ഫലപ്രദമായ യാതൊരു ഇടപെടലും നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ ബന്ധപ്പെട്ട വകുപ്പുകൾക്കോ കഴിയാതിരിക്കേ കഴുത്തോളം മുങ്ങിയ കടബാധ്യതക്കു മുമ്പിൽ പകച്ചു നിൽക്കുകയാണ് കർഷക സമൂഹം. കോഴക്കണക്കുകളും അഴിമതിയും സ്വജനപക്ഷ നിയമനവുമൊക്കെ ചൂടാറാത്ത വിഭവങ്ങളായി എന്നും മാദ്ധ്യമങ്ങളിൽ നിറയുമ്പോൾ വരാനിരിക്കുന്ന കൊടിയ ദാരിദ്ര്യവും കർഷക ആത്മഹത്യകളും ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ പോയിട്ട് കർഷക ക്ഷേമ സംഘടനകളെന്ന് ഊറ്റം കൊള്ളുന്നവർ പോലും മെനക്കെടുന്നില്ലെന്ന യാഥാർഥ്യം തിരിച്ചറിയാൻ വൈകുകയാണ്. പട്ടയവും കസ്തൂരിരംഗനും ഭൂമി കയ്യേറ്റവുമൊക്കെ വിഷയമാക്കുന്നവർ, അതിനുമപ്പുറം കാർഷിക പ്രതിസന്ധിയിലേക്ക് ശ്രദ്ധ തിരിച്ചില്ലെങ്കിൽ സമഗ്ര മേഖലകളിലും ഇടുക്കിയുടെ മണ്ണ് കണ്ണീരണിയുമെന്നുറപ്പാണ്.

മഴക്കാലം ചതിച്ചതിന്റെ ആഘാതത്തിലാണ് ഇടുക്കിയിലെ കാർഷക മേഖല. ആഗോളതാപനം മുതൽ മഴനിഴൽ പ്രദേശത്തിന്റെ വ്യാപനം വരെ ഇവിടുത്തെ കൃഷിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന തലത്തിൽ മഴയുടെ അളവിൽ 34 ശതമാനം കുറവ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ ഇടവപ്പാതിയുടെ സംഭാവന ശരാശരിക്ക് മുകളിലാണെങ്കിലും മലയോര മേഖലകൾ കരിഞ്ഞുണങ്ങുകയാണ്. പ്രധാന നാണ്യവിളകളായ ഏലവും കുരുമുളകും ഉൽപാദനത്തിൽ മൂന്നിലൊന്നായി കുറഞ്ഞുകഴിഞ്ഞു. കേരളമാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് തുലാമഴയുടെ വരവിനെയാണെങ്കിലും ഇടുക്കിയിലെ കൃഷി ഭൂമികളിൽ നിലവിലെ സ്ഥിതി പരിപാലിക്കാൻ കഴിയുമെന്നതിലുപരി ഉൽപാദന വർധനവിനോ, മറ്റ് പ്രതിസന്ധികൾക്കോ പരിഹാരമുണ്ടാക്കാൻ തുലാവർഷത്തിന് കഴിയില്ലെന്നാണ് വിദഗ്ധാഭിപ്രായം. പോയ വർഷങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കാർഷിക വിളകളിലുണ്ടാക്കിയ പ്രശ്‌നങ്ങൾക്ക് ഹ്രസ്വകാല പരിഹാരം മുമ്പിലില്ല.

ജില്ലയിൽ ഏലക്കാ ഉൽപാദനത്തിൽ 60 ശതമാനവും കുരുമുളക് ഉൽപാദനത്തിൽ 70 ശതമാനവുമാണ് കുറവുണ്ടായിരിക്കുന്നത്. തേയില ഉൽപാദനം പകുതിയോളമായി കുറഞ്ഞു. തന്നാണ്ട് വിളകൾ മിക്കയിടത്തും വരൾച്ചയുടെ പിടിയിൽ കരിഞ്ഞു നശിക്കുകയാണ്. അടിക്കടിയുള്ള കാലാവസ്ഥാ മാറ്റം വിളകളിൽ രോഗബാധ വർധിപ്പിച്ചു. കീടനാശിനികളുടെയും വളങ്ങളുടെയും വില വർധനവും പരിപാലന ചെലവിലെ കുതിപ്പും കർഷകർക്ക് താങ്ങാൻ കഴിയുന്നതിലും അധികമാണ്. സമ്പദ് വ്യവസ്ഥയിൽ പ്രധാനമായ പങ്കു വഹിക്കുന്ന ഏലവും കുരുമുളകും ദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തിയതോടെ ഹൈറേഞ്ചിലാകെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുകയാണ്.

വ്യാപാര, നിർമ്മാണ രംഗങ്ങൾ രംഗങ്ങൾ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. മഴയുടെ കുറവ് ശുദ്ധജല ലഭ്യതയേയും ബാധിച്ചു തുടങ്ങി. കാലവർഷത്തിൽ കിണറുകളിലും കുളങ്ങളിലും കുഴൽക്കിണറുകളിലും സ്വാഭാവികമായി നടക്കേണ്ട റീചാർജിങ് ഉണ്ടാകാത്തതുമൂലം പലയിടങ്ങളിലും കുടിവെള്ളക്ഷാമം തുടങ്ങിക്കഴിഞ്ഞു. ഇനിയും തുലാമഴ എത്താത്തത് ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. തുലാവർഷം ശക്തമായാലും മഴ ഇടവിട്ടുള്ള ദിവസങ്ങളിലായിരിക്കുമെന്നാണ് കാർഷിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശികമായുണ്ടായ പരിസ്ഥിതി നാശം ആഗോളതാപനത്തിനൊപ്പം അന്തരീക്ഷത്തിന്റെ ഈർപ്പാവസ്ഥയെ ബാധിച്ചിട്ടുണ്ട്. മരങ്ങൾ വെട്ടിനശിപ്പിച്ചതും രാസ കീടനാശിനികളുടെ പ്രയോഗങ്ങളും മണ്ണിനും അന്തരീക്ഷത്തിനുമുണ്ടായ ആഘാതം ജില്ലയിൽ തമിഴ്‌നാടിനോട് ചേർന്നു കിടക്കുന്ന മേഖലകളെ മഴനിഴൽ പ്രദേശമായി മാറ്റുകയാണെന്നു പത്തുവർഷം മുമ്പേ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഓസോൺ പാളിയിലുണ്ടായ വിള്ളലുകൾ ചൂട് കൂടുന്നതിന് കാരണമായെന്നു പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം മേധാവി പ്രഫ. മുത്തുസ്വാമി മുരുകൻ പറഞ്ഞു.

കിഴക്കൻ അതിർത്തിമേഖലയിൽ ഗുരുതര നിലയിൽ മഴ കുറയുകയാണ്. ഈ ഭാഗം മഴനിഴൽ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ മഴയിൽ 60 ശതമാനത്തോളം കുറവാണ് ഇക്കുറി ഉണ്ടായത്. കഴിഞ്ഞ വർഷത്തെ ഉണക്കും തുടർന്ന് അനവസരത്തിൽ ഉണ്ടായ മഴയും കാറ്റും ഏലച്ചെടികളുടെ വ്യാപക നാശത്തിന് ഇടയാക്കിയിരുന്നു. ഏലക്കാ ഏറ്റവും കൂടുതൽ ലഭിക്കുന്നത് സീസണിലെ ആദ്യ രണ്ട് വിളവെടുപ്പുകളിലാണ്. എന്നാൽ കാലാവസ്ഥാ മാറ്റത്തിൽ ഇക്കുറി ചെടികളിൽ ശരം പിടിക്കാത്തതിനാൽ രണ്ട് തവണത്തെ വിളവെടുപ്പ് ഉണ്ടായില്ല. മൂന്നാം വിളവെടുപ്പിന്റെ സമയത്താണ് ആദ്യ വിളവെടുപ്പ് മിക്കയിടത്തും നടന്നത്. സമയാസമയങ്ങളിൽ വളങ്ങളും കീടനാശിനികളും നൽകി ജലസേചനം കാര്യക്ഷമമാക്കി നന്നായി പരിപാലിച്ച തോട്ടങ്ങളിൽപോലും വിളവെടുപ്പ് രണ്ടു മാസത്തോളം വൈകിയത് വരാനിരിക്കുന്ന വലിയ ഭവിഷ്യത്തിന്റെ സൂചനയായാണ് കർഷകർ വിലയിരുത്തുന്നത്.

ഇക്കാര്യത്തിൽ കൃത്യവും ശാസ്ത്രീയവുമായ വിശദീകരണം നൽകാൻ സ്‌പൈസസ് ബോർഡിനോ ഏലം ഗവേഷകർക്കോ ഇനിയും സാധിച്ചിട്ടില്ല. വൈകിക്കിട്ടിയ ആദ്യ വിളവെടുപ്പിലെ വൻ ഉൽപാദനക്കുറവും ഏലത്തിന്റെ ഭാവിയെപ്പറ്റി ഇരുത്തി ചിന്തിപ്പിക്കുകയാണ്. വളപ്രയോഗവും കുമ്മായവും നൽകിയ മണ്ണ് മഴ കിട്ടാതെ ഉറച്ചതിനാൽ മണ്ണിൽ കീടങ്ങൾ പെരുകുന്നതായാണ് കാണുന്നത്. വേര്, തട്ട, ചിമ്പ്, ശരം, ഇല എന്നിവ കീടങ്ങളുടെ ആക്രമണത്തിന് വിധേയമാകുകയും ഇതുവഴി ഏലച്ചെടിയുടെ നാശത്തിനും കാരണമാകുന്നു. ചെടികളുടെ ചാറ് ഊറ്റിക്കുടിക്കുന്ന കീടങ്ങളാണ് ഇപ്പോൾ വ്യാപകമായി ഉണ്ടാകുന്നത്. തണ്ടുതുരപ്പന്റെ ആക്രമണവും ശക്തമായതിനാൽ തോട്ടങ്ങളിൽ കീടനാശിനിപ്രയോഗം വർധിപ്പിക്കേണ്ടി വരുന്നത് കർഷകർക്ക് അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. യഥാസമയം കീടനാശിനി പ്രയോഗിച്ചില്ലെങ്കിൽ ഏലച്ചെടികൾ പൂർണമായും നശിക്കുമെന്ന സ്ഥിതിയെ അഭിമുഖീകരിക്കുകയാണ് ഏലം കർഷകർ.

കറുത്ത പൊന്നായ കുരുമുളകിനെ കാലവർഷം കൃഷിയിടത്തിലെ ബാധ്യതയാക്കി. ചെടികളിൽ തിരിയിട്ടെങ്കിലും മണിപിടുത്തം ഉണ്ടായിട്ടില്ല. മണി പിടിച്ചത് മഴക്കുറവുമൂലം അതേപടി നിൽക്കുകയുമാണ്. തുടർച്ചയായുള്ള മഴയിലൂടെ മാത്രമേ കുരുമുളക് ചെടിയിൽ പരാഗണം നടക്കുകയുള്ളൂ. മഴയുടെ തുടർച്ച നഷ്ടപ്പെട്ടതിനാൽ ഇത്തവണ കുരുമുളകുൽപാദനം ഗണ്യമായി കുറയും. മഴ ലഭിക്കാത്തതിനെ തുടർന്ന് ചെടികളിൽ പരാഗണം നടക്കാതെ പുതിയ തിരികൾവന്ന് ചെടികൾ തളിർക്കുകയും ഇലകൾ കൂടുതലായി ഉണ്ടാവുകയും ചെയ്തിരുന്നു. അതിനാൽ തന്നെ മിക്ക ചെടികളിലും കുരുമുളകവള്ളികൾ തിരിയിട്ടിരുന്നില്ല.

കുരുമുളക് തൈകളുടെ വളർച്ച മുരടിപ്പ്, പ്രായമായവയിൽ കീടബാധ എന്നിവയും മഴക്കുറവിന്റെ ഭാഗമായി ഉണ്ടാവും. ഏതാനും മാസങ്ങൾക്കുള്ളിൽ വിളവെടുപ്പ് നടത്തുമ്പോൾ ചെലവിനുള്ള കുരുമുളക് പോലും ലഭിക്കില്ലെന്ന യാഥാർഥ്യമാണ് കർഷകർക്ക് മുമ്പിൽ. ഏറെക്കാലത്തെ വിലക്കുറവിന് ശേഷം ഏതാനും വർഷങ്ങളായി മെച്ചപ്പെട്ട വില കിട്ടിയിരുന്ന കാപ്പിയും നിരാശപ്പെടുത്തുകയാണ്. കാപ്പിയിൽ ഇത്തവണ ചെറിയ പരിപ്പുകൾ മാത്രമേ ലഭിക്കൂവെന്നാണ് കാർഷിക വിദഗ്ദ്ധർ പറയുന്നത്. ഇതോടെ കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭ്യമാകുന്ന നാണ്യവിളകളുടെ ഉത്പാദന മേഖല പാടേ സ്തംഭനത്തിലായിരിക്കുകയാണ്. ചേമ്പ്, കാച്ചിൽ, മരച്ചീനി, പച്ചക്കറി തുടങ്ങിയ ഭക്ഷ്യവിളകളും ഇഞ്ചി, കൊക്കോ മുതലായവയുമെല്ലാം ഉൽപാദനത്തിൽ ഗണ്യമായ അളവിൽ കുറഞ്ഞു. തന്നാണ്ടു വിളകൾക്ക് കാലാവസ്ഥയിലെ ഓരോ ചെറിയ മാറ്റം പോലും നിർണായകമാണ്.

ക്ഷീര കർഷകരും തിരിച്ചടി നേടുകയാണ്. ജലക്ഷാമവും തീറ്റപ്പുല്ലിന്റെ അഭാവവും വലിയ പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. പച്ചപ്പുല്ല് ലഭിക്കാതെ പശുക്കൾക്ക് ദഹനസംബന്ധമായ രോഗങ്ങൾ പിടിപെട്ടുതുടങ്ങി. കാലികൾക്ക് വിയർപ്പ് ഗ്രന്ഥികൾ കുറവായതും കട്ടിയുള്ള തൊലിയും വേനലിലെ ഉയർന്ന ഊർജ ഉൽപാദന നിരക്കും ശരീര താപനില ഉയർത്തുന്നതായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇത് ഫംഗസ് ബാധയ്ക്കും തുടർന്ന് ശരീരം പൊട്ടി പഴുക്കുന്നതിനും കാരണമാകും. പുല്ല് കിട്ടാതായതോടെ കർഷകർ ധാന്യമടങ്ങിയ കട്ടിയുള്ള തീറ്റകളാണ് ഇപ്പോൾ നൽകുന്നത്. ഇത് ദഹനക്കേടിനും പാൽ ഉൽപാദനം കുറയുന്നതിനും വഴിയൊരുക്കും.

ഇത്തരം പ്രശ്‌നങ്ങൾക്ക് ശക്തമായ തുലാമഴ പരിഹാരമാകില്ല. തുലാമഴ കനത്തു പെയ്താലും ഭൂമിയിൽ വെള്ളമിറങ്ങി ഉറവ പൊട്ടില്ല. ഇതോടെ ജില്ലയിൽ വരൾച്ചാക്കെടുതി രൂക്ഷമാകും. കാർഷിക മേഖലയെ പിടിച്ചുലയ്ക്കുന്ന പ്രശ്‌നങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ കർഷകർക്ക് സഹായമെത്തിക്കുകയും ജലസേചന സൗകര്യങ്ങളും രോഗപ്രതിരോധ നടപടികളും ഒരുക്കുകയും വേണം. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കിയില്ലെങ്കിൽ പൊന്നു വിളയിച്ച മണ്ണ് തരിശായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP