Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞ സർക്കാരിലെ ഒരു മന്ത്രിക്ക് ജില്ലകളിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിച്ചിരുന്നത് മാസം അഞ്ചുലക്ഷംവീതം; തൊഴിലാളികളുടെ ഇഎസ്‌ഐയും പിഎഫും ഒഴിവാക്കാൻ ബിൽഡർമാരിൽ നിന്ന് തലയെണ്ണി പടി വാങ്ങി ലേബർ വകുപ്പും; കാണേണ്ടതുപോലെ കാണുന്നതുകൊണ്ട് തൊഴിലാളികളുടെ ക്ഷേമത്തിന് വിരുദ്ധമായ ഈ ഇടപാടുകൾ കണ്ടില്ലെന്ന് നടിച്ച് തൊഴിലാളി നേതാക്കൾ; കെട്ടിട നിർമ്മാണ മേഖലയിലെ പടിക്കണക്കുകൾ ഇങ്ങനെ

കഴിഞ്ഞ സർക്കാരിലെ ഒരു മന്ത്രിക്ക് ജില്ലകളിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിച്ചിരുന്നത് മാസം അഞ്ചുലക്ഷംവീതം; തൊഴിലാളികളുടെ ഇഎസ്‌ഐയും പിഎഫും ഒഴിവാക്കാൻ ബിൽഡർമാരിൽ നിന്ന് തലയെണ്ണി പടി വാങ്ങി ലേബർ വകുപ്പും; കാണേണ്ടതുപോലെ കാണുന്നതുകൊണ്ട് തൊഴിലാളികളുടെ ക്ഷേമത്തിന് വിരുദ്ധമായ ഈ ഇടപാടുകൾ കണ്ടില്ലെന്ന് നടിച്ച് തൊഴിലാളി നേതാക്കൾ; കെട്ടിട നിർമ്മാണ മേഖലയിലെ പടിക്കണക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെട്ടിട നിർമ്മാണ കമ്പനിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ കൊച്ചിയിൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണർ ഉൾപ്പെടെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഈ മേഖലയിൽ വൻകിട ബിൽഡർമാരും ലേബർ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തുന്ന് വൻ കോഴ ഇടപാടുകളുടെ വിവരങ്ങൾ പുറത്തുവരുന്നു. 

തൊഴിലാളി ക്ഷേമത്തിന്റെ കാവലാൾ ആയിരിക്കേണ്ട ലേബർ വകുപ്പ് അതിന് ശ്രമിക്കാതെ ബിൽഡർമാർക്ക് ലാഭമുണ്ടാക്കാൻ തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്ന സ്ഥിതി കേരളത്തിൽ വ്യാപകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മന്ത്രിതലം മുതൽ താഴോട്ട് നീളുന്ന വൻ ശൃംഖലയാണ് പടി ഇടപാടെന്ന് കണ്ടതോടെ സിബിഐ എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നുവെന്നാണ് സൂചന. കഴിഞ്ഞ സർക്കാരിലെ ഒരുമന്ത്രിക്ക് ജില്ലകളിൽ നിന്ന് അഞ്ചുലക്ഷം വീതം ഉദ്യോഗസ്ഥർ മാസപ്പടി നൽകണമായിരുന്നുവെന്നാണ് വിവരം. 

കാലങ്ങളായി നടക്കുന്ന ഈ പടി ഇടപാടിനെ പറ്റി അറിയാമെങ്കിലും ഒരു തൊഴിലാളി സംഘടനയും ഇതുവരെ ഈ ഇടപാടുകൾ ചെറുക്കാൻ രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിർമ്മാണമേഖലയിൽ കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണെന്നതിനാലാണ് അവരും ഇത് കണ്ടില്ലെന്ന് നടിക്കുന്നതെന്നാണ് സൂചന. മാത്രമല്ല, സംഘടനയ്ക്ക് സംഭാവന സ്വീകരിക്കുന്നതിനാലും നേതാക്കന്മാരെ കാണേണ്ടതുപോലെ കാണുന്നതിനാലുമാണ് അവരും ബിൽഡർമാരും ലേബർ ഉദ്യോഗസ്ഥരും നടത്തുന്ന തട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവർക്ക് പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ഒഴിവാക്കാനും ബാങ്ക് അക്കൗണ്ട്, ചെക്ക് വഴിയുള്ള കൂലിവിതരണം നിർബന്ധിക്കാതിരിക്കാനും പ്രമുഖ ബിൽഡർമാർ ഒരുലക്ഷം മുതൽ മാസപ്പടി നൽകുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണർ എ.കെ. പ്രതാപിനെ കൂടാതെ, അസി. ലേബർ കമ്മിഷണർ ഡി.എസ്. യാദവ്, ലേബർ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ സിപി സുനിൽകുമാർ, കെകെ ബിൽഡേഴ്‌സ് എച്ച് ആർ മാനേജർ പികെ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്ടെ പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുമ്പോഴാണ് സിബിഐയിലെ അഴിമതി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് നടത്തിയത്. ആദ്യ രണ്ടു പ്രതികൾക്ക് കാൽലക്ഷം വീതവും മൂന്നാമന് ആയിരം രൂപയുമാണ് കൈക്കൂലിയുമായി നൽകിയതെന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.

കറൻസി നിരോധനത്തിന് പിന്നാലെ ഡിസംബറിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി കൂടുതൽ പടിവാങ്ങാനുള്ള അവസരമായി ഉപയോഗിക്കുകയാണ് ലേബർ ഓഫീസർമാർ. തൊഴിലാളികൾക്ക് ചെക്ക്, ബാങ്ക് അക്കൗണ്ട് വഴിയേ കൂലി നൽകാവൂ എന്നും ഇതിനൊപ്പം തൊഴിലാളികൾക്ക് മിനിമം കൂലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും ആണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്.

ഇത് ഉദ്യോഗസ്ഥർ അഴിമതിക്ക് ഉപാധിയാക്കി. ഫ്‌ളാറ്റുകളിലെയും ബഹുനില കെട്ടിടങ്ങളിലെയും നിർമ്മാണത്തൊഴിലാളികളുടെ കണക്ക് രഹസ്യമായി ശേഖരിച്ചശേഷം തൊഴിലാളികളുടെ തലയെണ്ണിയാണ് കോഴവാങ്ങുന്നത്. ഒരു തൊഴിലാളിക്ക് പ്രതിമാസം ആയിരം രൂപ എന്നതാണ് കോഴയുടെ അടിസ്ഥാന നിരക്ക്. നൂറുകണക്കിന് തൊഴിലാളികളുള്ള ഫ്‌ലാറ്റു നിർമ്മാതാക്കൾ് പ്രതിമാസം അഞ്ചു ലക്ഷം ശരാശരി പടി നൽകുന്നു. ബിൽഡർമാർ ഏറെയുള്ള, വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതലായും നടക്കുന്ന കൊച്ചിയിലും തൃശൂരിലും പടിയുടെ നിരക്ക് ഇതിലും കൂടുതലാണ്.

നിർമ്മാണം തുടങ്ങിയതു മുതൽ ഏതെങ്കിലും ദിവസം പത്തിലധികം തൊഴിലാളികൾ ജോലി ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവർക്കും ഇ.എസ്.ഐ രജിസ്‌ട്രേഷനെടുത്ത് വിഹിതം അടയ്ക്കണമെന്നാണ് ചട്ടം. ഇത് മറികടക്കാനാണ് ഫ്‌ലാറ്റുകളുടെ ഒന്നാംനിലയുടെ കോൺക്രീറ്റ് നടത്തുന്ന ദിവസം ലേബർവകുപ്പ് ഉദ്യോഗസ്ഥരെത്തി തൊഴിലാളികളുടെ തലയെണ്ണാൻ ചിത്രമെടുക്കും. പിന്നീട് ഇതുകാട്ടിയാണ് പണപ്പിരിവ്. ഇരുപതിലധികം തൊഴിലാളികളുണ്ടെങ്കിൽ എല്ലാവർക്കും പ്രോവിഡന്റ് ഫണ്ട് അടയ്ക്കണം.

തൊഴിലാളിയുടെ വിഹിതവും ചേർത്ത് തൊഴിലുടമയാണ് വിഹിതം അടയ്‌ക്കേണ്ടത്. കൃത്യസമയത്ത് പടി കിട്ടിയാൽ പൂർണമായോ ഭാഗികമായോ ഇ.എസ്.ഐ, പി.എഫ് രജിസ്‌ട്രേഷൻ ഒഴിവാക്കും. ഇരുനൂറ് തൊഴിലാളികളുണ്ടെങ്കിൽ പത്തുപേർക്ക് രജിസ്‌ട്രേഷനെടുത്താൽ മതി. പേരിന് 5000 രൂപ പിഴയീടാക്കും. പക്ഷേ തൊഴിലാളികളുടെ തലയെണ്ണി കോഴയെത്തിച്ചില്ലെങ്കിൽ കളിമാറും. നിർമ്മാണഘട്ടത്തിൽ ആപത്തിൽപെടുമ്പോഴും മറ്റും തൊഴിലാളിക്ക് ക്ഷേമത്തിനായി കിട്ടേണ്ട പണംപോലും കിട്ടാത്ത സാഹചര്യമാണ് ഇതോടെ ഉണ്ടാവുന്നത്.

വേതനം പൂർണമായി കൊടുത്തുതീർത്തെന്നും തൊഴിലാളികൾക്ക് പരാതിയില്ലെന്നും ലേബർ ചീഫ് കമ്മിഷണർ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ കരാറുകാർക്ക് പണംകിട്ടൂ. ഇതിന് മിനിമം പടി ഒരുലക്ഷം രൂപയാണ്. ഓണത്തിനും ക്രിസ്മസിനും ദീപാവലിക്കുമെല്ലാം ബിൽഡർമാർക്ക് ഉദ്യോഗസ്ഥരുടെ വിളിയെത്തും. മാസാമാസം പടി എത്തിയില്ലെങ്കിൽ ഏമാന്മാർ വിരട്ടുമായി രംഗത്തിറങ്ങും. സൈറ്റുകളിലും കരാറുകാരുടെ ഓഫീസുകളിലും പരിശോധനയാണ് ആദ്യഘട്ടം.

തൊഴിൽ നിയമങ്ങൾ പാലിക്കാത്തതിന് കരാറുകാരനും കെട്ടിടനിർമ്മാതാവിനുമെതിരെ കേസെടുക്കും. കരാറുകാരനെയും ബിൽഡറെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും വൻകിട ഫ്‌ലാറ്റുകളുടെയടക്കം നിർമ്മാണപ്രവർത്തനം തടഞ്ഞ് സ്റ്റോപ്പ് മെമോ നൽകിയുമാണ് പടിക്ക് കളമൊരുക്കുന്നത്. തൊഴിലാളിയൊന്നിന് 5000 മുതൽ 10,000 വരെ പിഴയീടാക്കും. പടി കൃത്യമായി കിട്ടിയാൽ ഇതെല്ലാം ഒഴിവാക്കി കാര്യങ്ങൾ വെടിപ്പാക്കി നടത്തിക്കൊടുക്കും.

പത്ത് തൊഴിലാളിയുള്ള ബിൽഡർ വർഷത്തിൽ 300 ദിവസം പണിയെടുപ്പിക്കുമ്പോൾ 3000 തൊഴിൽദിനങ്ങളാവും. ഒരുതൊഴിലാളിക്ക് 60 രൂപ വീതം ഇ.എസ്.ഐ, പി.എഫ് വിഹിതം അടയ്ക്കുമ്പോൾ 1.80 ലക്ഷം രൂപയാവും. നൂറും ഇരുനൂറും തൊഴിലാളികളുമുള്ള ബിൽഡർമാർക്ക് കോടികളാണ് വിഹിതം അടയ്‌ക്കേണ്ടത്. ഇതൊഴിവാക്കി കൊടുത്തുകൊണ്ടാണ് മുൻകാലങ്ങളിൽ മേൽത്തട്ടുമുതൽ താഴേത്തട്ടുവരെ പടി ഇടപാട് സ്വതന്ത്രമായി നടന്നുവന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP