Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീംകോടതി വിധി ചില പാറമടകൾക്കു മാത്രമോ ബാധകം? പരിസ്ഥിതി ആഘാത പഠനം നടത്താതെ പ്രവർത്തിക്കരുതെന്ന ഉത്തരവ് ചിലർക്കു മാത്രം; ഭൂരിഭാഗം പാറമടകളും ഇപ്പോഴും തുറന്നു തന്നെ പ്രവർത്തിക്കുന്നു: മൗനാനുവാദവുമായി മൈനിങ് ആൻഡ് ജിയോളജി വകുപ്പും

സുപ്രീംകോടതി വിധി ചില പാറമടകൾക്കു മാത്രമോ ബാധകം? പരിസ്ഥിതി ആഘാത പഠനം നടത്താതെ പ്രവർത്തിക്കരുതെന്ന ഉത്തരവ് ചിലർക്കു മാത്രം; ഭൂരിഭാഗം പാറമടകളും ഇപ്പോഴും തുറന്നു തന്നെ പ്രവർത്തിക്കുന്നു: മൗനാനുവാദവുമായി മൈനിങ് ആൻഡ് ജിയോളജി വകുപ്പും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അങ്ങനെ ആ വിധിയും കേരളം മറികടന്നു. പരിസ്ഥിതി ആഘാത പഠനം നടത്തി സർട്ടിഫിക്കറ്റ് സമ്പാദിക്കാത്ത ഒരു പാറമടയും രാജ്യത്തു പ്രവർത്തിക്കരുതെന്ന സുപ്രീംകോടതിയുടെ വിധിയും സംസ്ഥാനത്ത് കാറ്റിൽ പറത്തി. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കാൻ മുകളിൽനിന്ന് നിർദ്ദേശമൊന്നും വന്നിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അതേ സമയം തന്നെ, ചില പാറമടകൾ ഈ  ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൂട്ടുകയും ചെയ്തിട്ടുണ്ടെന്നതാണ് രസകരം.

റവന്യൂ വകുപ്പിനുമേൽ ഉന്നത സ്വാധീനമുള്ള പാറമടകൾക്ക് ഖനനം നടത്താൻ രഹസ്യ അനുമതി നൽകിയിരിക്കുന്നുവെന്നാണ് ആരോപണം. സുപ്രീംകോടതി വിധി അനുസരിച്ച് രാജ്യത്ത് പരിസ്ഥിതി അനുമതി പാറമടകൾക്ക് നിർബന്ധമാക്കിയിരിക്കുകയാണ്. 2016-ൽ ഹരിയാനാ സർക്കാരും ദീപക് കുമാറുമായുള്ള കേസിലാണ് രാജ്യത്തെ എല്ലാ പാറമടകൾക്കും പരിസ്ഥിതി ആഘാത പഠനം സുപ്രീം കോടതി നിർബന്ധമാക്കിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി പുതുക്കാൻ ഉദ്ദേശിക്കുന്നവർ പരിസ്ഥിതി ആഘാത പഠനം നിർബന്ധമായും നടത്തണമെന്ന് മൈനിങ്, ജിയോളജി വകുപ്പ് നിർദ്ദേശിച്ചിട്ടുള്ളത്. ഡിസംബർ ആറു മുതൽ ഇത് പ്രാബല്യത്തിലായി. എന്നാൽ പരിസ്ഥിതി ആഘാത പഠനം നടത്താത്ത പാറമടകളെ ഖനനത്തിൽ നിന്നും ഇനിയും അധികൃതർ വിലക്കിയിട്ടില്ല. സർക്കാർ ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. എല്ലാ പാറമടകളുടെയും പ്രവർത്തനം സ്തംഭിപ്പിച്ചാൽ തുടർന്നു വരുന്ന വികസന പ്രവർത്തനങ്ങൾക്ക് അത് തടസമാകുമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോൾ മൗനാനുവാദം സർക്കാർ നൽകിയിട്ടുള്ളതെന്ന് ആക്ഷേപമുണ്ട്.

പത്തനംതിട്ട ജില്ലയിൽ പരിസ്ഥിതി അനുമതിയില്ലാത്ത ചിറ്റാറിലെ ഡെൽറ്റാ അഗ്രിഗേറ്റ്‌സ് ആൻഡ് സാൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനം ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. പരിസ്ഥിതി അനുമതിയില്ലാത്ത മറ്റു ക്വാറികൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ടെന്നാണ് ചിലർ വ്യാഖ്യാനിക്കുന്നത്. സുപ്രീംകോടതിയുടെ വിധി കഴിഞ്ഞ ഡിസംബർ മൂന്നിനു വന്നതോടെ പരിസ്ഥിതി അനുമതിയില്ലാത്ത ഒരു ക്വാറിക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ കഴിയില്ല.

ഇത് നിർമ്മാണ മേഖലയെ ഏറെ പ്രതികൂലമായി ബാധിക്കുന്നുവെന്നത് വാസ്തവമാണ്. സുപ്രീംകോടതി വിധി വന്നതോടെ കഴിഞ്ഞ 26 മുതൽ ഓൾ കേരളാ ക്വാറി ഓണേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സമരം നടന്നു വരുകയാണ്. ഇത് നിർമ്മാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാനും ഇടവരുത്തിയെന്ന് പാറമട ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

പത്തനംതിട്ട ജില്ലയിൽ 63 ക്വാറികൾക്കാണ് ലൈസൻസുള്ളത്. ഇത്രയും ക്വാറികൾക്ക് ദീർഘകാല ലൈസൻസുമുണ്ടെന്നാണ് കണക്ക്. 45 ക്വാറികൾക്ക് ഹ്രസ്വകാല ലൈസൻസുണ്ട്. എന്നാൽ പരിസ്ഥിതി അനുമതിയുള്ളത് 21 എണ്ണത്തിനു മാത്രം. സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിച്ച് ഒരു ക്വാറി പോലും അടച്ചിട്ടിട്ടില്ല. അടച്ചിടാൻ ജില്ലാ ഭരണകൂടം നിർദ്ദേശിക്കുക മാത്രമാണ് ചെയ്തത്. പരിസ്ഥിതി അനുമതിക്കുള്ള ചട്ടങ്ങളിൽ ഇളവു വേണമെന്നാണ് ഓൾ കേരളാ ക്വാറി ഓണേഴ്‌സ് അസോസിയേഷന്റെ ആവശ്യം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും സംസ്ഥാന സർക്കാർ തന്നെ സുപ്രീം കോടതിയെ ഇക്കാര്യത്തിനായി സമീപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP