Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മുടെ മംഗളം പത്രത്തെ കുറിച്ച് ഇനി അറിയാൻ സായിപ്പന്മാർ പോലും ബാക്കിയുണ്ടാവില്ല; കരുത്തുള്ള പുരുഷ ബീജങ്ങളാണ് ആൺ കുഞ്ഞുങ്ങളുടെ പിറവിക്ക് കാരണമെന്ന മംഗളം ലേഖനം വാർത്തയാക്കി ബിബിസി; എറ്റുപിടിച്ച് ലോകമാദ്ധ്യമങ്ങൾ; പത്രത്തെ കളിയാക്കിയുള്ള വാർത്ത ലോകത്ത് ട്രൻഡ് സെറ്റ് ചെയ്യുന്നത്

നമ്മുടെ മംഗളം പത്രത്തെ കുറിച്ച് ഇനി അറിയാൻ സായിപ്പന്മാർ പോലും ബാക്കിയുണ്ടാവില്ല; കരുത്തുള്ള പുരുഷ ബീജങ്ങളാണ് ആൺ കുഞ്ഞുങ്ങളുടെ പിറവിക്ക് കാരണമെന്ന മംഗളം ലേഖനം വാർത്തയാക്കി ബിബിസി; എറ്റുപിടിച്ച് ലോകമാദ്ധ്യമങ്ങൾ; പത്രത്തെ കളിയാക്കിയുള്ള വാർത്ത ലോകത്ത് ട്രൻഡ് സെറ്റ് ചെയ്യുന്നത്

കെ ആർ ഷൈജുമോൻ

ലണ്ടൻ: മംഗളം വാർത്തയ്ക്ക് ഇത്രയും പ്രാധാന്യം കിട്ടുമെന്ന് ആരും കരുതിയതേയില്ല. പല എക്‌സ്‌ക്ലൂസിവുകളുമായി കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച മംഗളം പത്രത്തിലെ വാർത്തകൾ മലയാളത്തിലെ മറ്റ് മാദ്ധ്യമങ്ങൾ പലപ്പോഴും ഏറ്റു പിടിക്കാറുണ്ട്. എന്നാൽ ബിബിസിയും മംഗളത്തിലെ വാർത്തയെ വാർത്തയാക്കുമെന്ന് അരും സ്വപ്‌നത്തിൽ പോലും കരുതികാണില്ല. അതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഏതായാലും കരുത്തുള്ള പുരുഷ ബീജങ്ങളാണ് ആൺ കുഞ്ഞുങ്ങളുടെ പിറവിക്കു കാരണമെന്ന മംഗളം ലേഖനം ആഗോള തലത്തിൽ ചർച്ചയാക്കുകയാണ്. ബിബിസിയാണ് മംഗളത്തിലെ ഈ വാർത്ത ആദ്യം നൽകിയത്. ഇതോടെ എല്ലാവരും ഏറ്റു പിടിച്ചു. വാർത്തയുടെ ആധികാരികതയ്ക്ക് അപ്പുറം ഇങ്ങനെ വാർത്ത ചെയ്യുന്ന പത്രങ്ങളും ലോകത്തുണ്ടെന്ന തരത്തിലാണ് ബിബിസി വാർത്ത നൽകിയത്. സംഭവം കയ്യോടെ പൊക്കി ബിബിസി വാർത്ത നൽകിയതോടെ ഇന്ത്യക്കു അകത്തും പുറത്തും ചെറുതും വലുതുമായ ഒട്ടേറെ മാദ്ധ്യമങ്ങളാണ് ഈ വാർത്ത ഏറ്റെടുത്ത്.

ഇന്ത്യയിൽ ഇന്ത്യൻ എക്സ്‌പ്രസ് അടക്കമുള്ള പത്രങ്ങൾ വൻ പ്രാധാന്യവും മംഗളത്തിന്റെ പേര് എടുത്തു പറഞ്ഞുമാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. എല്ലാ വാർത്തയും മണ്ടത്തരം വിളമ്പിയ ആഘോഷത്തോടെയാണ് വായനക്കാരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നതും. അതിനിടെ ബിബിസി അൽപ്പം കൂടി കടത്തി വെട്ടി തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഈ വാർത്തയെ കുറിച്ചുള്ള വെബ് ലിങ്ക് കൂടി നൽകിയതോടെ നൂറുകണക്കിനാളുകളാണ് കമന്റുകളുമായി എത്തി രംഗം പൊലിപ്പിക്കുന്നതു. രണ്ടു ദിവസം മുൻപ് ബിബിസി നൽകിയ വാർത്ത ഇപ്പോഴും ആളുകൾ തെരഞ്ഞു പിടിച്ചു വായിക്കുന്നു എന്നതാണ് രസകരം.

പൊതുവെ പെൺകുഞ്ഞുങ്ങളോട് അലർജി ഉള്ള രാജ്യം എന്ന നിലയിൽ പാശ്ചാത്യ ലോകത്തു ഇന്ത്യയെ കാണുന്നവർക്കിടയിൽ മംഗളം നടത്തിയ റിപ്പോർട്ടിങ് ആ ധാരണയ്ക്ക് കരുത്തു നൽകാനും കാരണമായിട്ടുണ്ട്. ബിബിസി ആകട്ടെ ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവും ഇല്ലാത്ത റിപ്പോർട്ട് എന്ന് ആദ്യ വരിയിൽ തന്നെ സൂചിപ്പിച്ചാണ് മംഗളത്തിന് പറ്റിയ വിഡ്ഢിത്തം ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതും ഇങ്ങനെ തന്നെയാണ്. ഏതായാലും മംഗളം ആഗോള മാദ്ധ്യമങ്ങളിൽ ചർച്ചയായി എന്നതാണ് ഈ വാർത്തകളുടെ പ്രത്യേകത.

അമ്മ കൂടുതലായി ഭക്ഷണം കഴിക്കുന്നതും ഉറക്കത്തിൽ പടിഞ്ഞാറോട്ടു തിരിഞ്ഞു കിടക്കുന്നതും പെൺകുഞ്ഞു ജനിക്കാൻ കാരണം ആകും എന്ന് കൂടി മംഗളം തട്ടി വിട്ടതോടെ വിഡ്ഢിത്ത വാർത്തയുടെ ആദ്യ പട്ടികയിൽ ഇത് സ്ഥാനം പിടിക്കും എന്നുറപ്പായി. ഇതടക്കം അബദ്ധം നിറഞ്ഞ ആറു സൂത്രപ്പണികളാണ് മംഗളം മലയാളികളെ പഠിപ്പിക്കാൻ തുനിയുന്നതും. വാർത്തയുടെ കൗതുകം ഏറ്റെടുത്ത ആയിരക്കണക്കിനാളുകൾ ഇതിനകം ബിബിസി പേജ് ഫേസ്‌ബുക്കിൽ വൈറലാക്കി കഴിഞ്ഞു.

കുഞ്ഞിന്റെ ലിംഗം നിർണ്ണയിക്കുക പിതാവിന്റെ ബീജത്തിലുള്ള ക്രോമസോം ആണെന്ന ശാസ്ത്ര സത്യം വാർത്തയുടെ ആദ്യ ഭാഗത്തു തന്നെ അവതരിപ്പിച്ചു മാദ്ധ്യമ ലോകം ഇന്നും വായനക്കാരെ വഞ്ചിക്കാൻ തുനിയുന്നതിന്റെ ഓർമ്മപ്പെടുത്താലും ബിബിസി പങ്കു വയ്ക്കുന്നു. ഈ റിപ്പോർട്ട് വഴി ആൺകുഞ്ഞു വേണമെന്ന സാധാരണക്കാരുടെ ആഗ്രഹം കൂടുതൽ ശക്തിപ്പെടുത്താൻ വഴി ഒരുക്കുമെന്ന കുറ്റപ്പെടുത്തലും കൂടി ബിബിസി അടക്കമുള്ള മാദ്ധ്യമങ്ങൾ നൽകുന്നുണ്ട്. മാത്രമല്ല ലണ്ടൻ പോർട്‌ലാന്റ് ആശുപത്രിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ആയ ഡോ. ഷാസിയ മാലിക്കിന്റെ അഭിപ്രായം കൂടി ചേർത്ത് വാർത്തയുടെ പൊള്ളത്തരം പൊളിച്ചടുക്കുകയാണ് ബിബിസി.

കുഞ്ഞു ജനിക്കുമ്പോൾ ലിംഗം നിർണ്ണയിക്കുന്നതിൽ എന്തെങ്കിലും സൂത്ര വിദ്യയ്ക്ക് റോൾ ഉണ്ടോ എന്ന് ഇന്നേവരെ ശാസ്ത്രത്തിനു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഡോ. ഷാസിയ ഉറപ്പിച്ചു പറയുന്നു. ഉറപ്പുള്ള ബീജമാണ് കുഞ്ഞിന്റെ ലിംഗം നിശ്ചയിക്കുന്നത് എന്ന് തറപ്പിച്ചു പറയാൻ തയ്യാറായ മംഗളത്തിന് പറ്റിയ അബദ്ധമാണ് ഈ വാർത്തയെ ലോക ശ്രദ്ധ ക്ഷണിക്കാൻ കാരണമാക്കിയത്.

ബീജത്തിന്റെ കരുത്തും കുഞ്ഞിന്റെ ലിംഗ നിർണ്ണയവും തമ്മിൽ യാതൊരു തരത്തിലും ബന്ധപ്പെടുത്താൻ കഴിയില്ലെന്നും ഡോ ഷാസിയ ബിബിസിയോട് വെളിപ്പെടുത്തുന്നു. പുരുഷ ബീജത്തിലെ ്യ ക്രോമോസോം ആണ് ആൺ കുഞ്ഞിന്റെ പിറവിക്കു കാരണമെന്നു ശാസ്ത്ര ലോകത്തിനു എത്രയോ കാലം മുന്നേ തെളിയിക്കാൻ കഴിഞ്ഞതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ഉള്ളവർക്ക് ഇക്കാര്യങ്ങൾ അറിയവേ ഒരു പത്രത്തിൽ ഇത്തരം വാർത്തകൾ കടന്നു കൂടുന്നതിലെ ഔചിത്യമില്ലായമായാണ് മാദ്ധ്യമ ലോകം ചൂണ്ടിക്കാട്ടുന്നതും ഇത്തരം പ്രവണത ആശാസ്യകരമല്ല എന്നും മംഗളത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടവേ ലോക മാദ്ധ്യമങ്ങൾ ഓർമ്മിപ്പിക്കുന്നു.

വാർത്തകൾ തയ്യാറാക്കുമ്പോൾ തെറ്റുകൾ കടന്നു കൂടാമെങ്കിലും തനി അബദ്ധ ജഡില വാർത്തകൾ നൽകുന്നതിൽ നിന്നും പിന്തിരിയാൻ ശ്രദ്ധ ആവശ്യം ആണെന്നും ബിബിസി അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, വായനക്കാരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗുരുതരമായ കൃത്യ വിലോപവും ഈ വാർത്തയിൽ നിറഞ്ഞിരിക്കുന്നു എന്നതാണ് മാദ്ധ്യമ ലോകത്തിന്റെ ശ്രദ്ധ മംഗളത്തിലേക്കു തിരിയാൻ കാരണമായത്.

മംഗളം തങ്ങളുടെ ആരോഗ്യം പക്തിയിൽ ഇട്ട കുറിപ്പാണു ഇപ്പോൾ ലോക ശ്രദ്ധ ആകർഷിക്കുന്നത്. ഈ പംക്തിയിൽ ഇതുപോലെ വിഡ്ഢിതം നിറഞ്ഞതും വായനക്കാരെ ഉപയോഗിച്ച് നോക്കുവാൻ പ്രേരിപ്പിക്കുന്നതുമായ ഒട്ടേറെ സൂചക വാർത്തകൾ അടിക്കടി പ്രത്യക്ഷപ്പെടരുന്നുമുണ്ട്. മാദ്ധ്യമ ലോകത്തെ ശക്തമായ മത്സരം നേരിടാൻ ത്രാണി ഇല്ലാതാകുമ്പോൾ വായനക്കാരെ പിടിച്ചു നിർത്താൻ നുറുങ്ങു പംക്തികൾ വഴി നടത്തുന്ന ശ്രമമായിട്ടാണ് ഇത്തരം വാർത്തകൾ പാശ്ചാത്യ വാർത്ത ലോകത്തു പരിഗണിക്കപ്പെടുന്നതും.

ഭാഗ്യവശാൽ മലയാള പത്ര പ്രവർത്തന രംഗത്ത് ഇത്തരം വാർത്തകൾ അപൂർവമായേ ഇടം പിടിക്കാറുള്ളൂ. എന്നാൽ അടുത്ത കാലത്തായി മുൻ നിര പത്രങ്ങളും ടെലിവിഷൻ ചാനലുകളും കൗതുക വാർത്തകൾ എന്ന പേരിൽ കയ്യിൽ തടയുന്നതു എന്തും വാർത്തയാക്കി മാറ്റുന്ന പ്രവണതയും ഏറുന്നുണ്ട്. വിഡ്ഢിത്ത വാർത്തയായി പ്രചരിക്കപ്പെട്ടെങ്കിലും കൂടുതൽ ആളുകൾ അറിയാൻ ഇടയായി എന്ന കുതന്ത്രം മുതലെടുത്തു ഇനി മുൻനിരക്കാരും ഈ കുറുക്കു വഴി തേടുമോ എന്ന ആശങ്കയാണ് ഗൗരവത്തോടെ മാദ്ധ്യമ ലോകത്തെ സമീപിക്കുന്നവർക്കു ഇപ്പോൾ ഉള്ളത്.

ഇന്ത്യയിലെ പ്രമുഖ വനിതാ സംഘടനായായ ദി ലേഡീസ് ഫിംഗർ മംഗളം വാർത്ത തർജ്ജമ ചെയ്തു ലോക മാദ്ധ്യമങ്ങളുടെ മുന്നിൽ എത്തിച്ചതോടെയാണ് ഇത് ചർച്ച ആയി മാറിയത്. കുഞ്ഞു ജനിക്കും മുൻപ് ലിംഗ നിർണ്ണയം നടത്തുന്നത് ഇന്ത്യയിൽ നിയമ വിരുദ്ധം ആണെന്നും ഈ വാർത്ത നൽകിയപ്പോൾ ലോക മാദ്ധ്യമ സമൂഹം ഓർമ്മിപ്പിക്കുന്നുമുണ്ട്. ഏഴു വയസ്സിൽ താഴെ ഉള്ള കുഞ്ഞുങ്ങളിൽ 1961 ൽ ആയിരം ആണ് കുഞ്ഞുങ്ങളിൽ 976 പെൺകുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥാനത്തു ഇപ്പോൾ ഈ ആനുപാതം 914 ആയി കുറഞ്ഞിരിക്കുകയാണ് എന്നും ബിബിസി കണ്ടെത്തുന്നു. അതേ സമയം മംഗളത്തെ കളിയാക്കാൻ വേണ്ടി ആണെങ്കിലും ഈ വാർത്ത നൽകാൻ ബിബിസി തയ്യാറാകരുതായിരുന്നു എന്ന കുറ്റപ്പെടുത്തലും ഫേസ്‌ബുക്ക് കമന്റ് കോളത്തിൽ നിറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP