Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മികച്ച ഭരണത്തിന് കേരളത്തിനുള്ള ഇന്ത്യാ ടുഡെ ദേശീയ പുരസ്‌കാരം പിണറായി വിജയൻ ഏറ്റുവാങ്ങി; കേരളത്തിലെ ജനങ്ങളാണ് നേട്ടത്തിനു കാരണക്കാരെന്ന് മുഖ്യമന്ത്രി; സ്ത്രീപങ്കാളിത്തം, അധികാരവികേന്ദ്രീകരണം, ഇ- സേവനം, വിദ്യാഭ്യാസം, ശുചിത്വം, സാക്ഷരത തുടങ്ങി മെട്രോയും നടപ്പാക്കാനുദ്ദേശിക്കുന്ന ചെലവു രഹിത അപകട ചികിത്സ സൗകര്യവും വരെയുള്ള നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായിയുടെ പ്രസംഗം

മികച്ച ഭരണത്തിന് കേരളത്തിനുള്ള ഇന്ത്യാ ടുഡെ ദേശീയ പുരസ്‌കാരം പിണറായി വിജയൻ ഏറ്റുവാങ്ങി; കേരളത്തിലെ ജനങ്ങളാണ് നേട്ടത്തിനു കാരണക്കാരെന്ന് മുഖ്യമന്ത്രി; സ്ത്രീപങ്കാളിത്തം, അധികാരവികേന്ദ്രീകരണം, ഇ- സേവനം, വിദ്യാഭ്യാസം, ശുചിത്വം, സാക്ഷരത തുടങ്ങി മെട്രോയും നടപ്പാക്കാനുദ്ദേശിക്കുന്ന ചെലവു രഹിത അപകട ചികിത്സ സൗകര്യവും വരെയുള്ള നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായിയുടെ പ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭരണരംഗത്തെ നേട്ടങ്ങൾക്ക് കേരളത്തിന് ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്‌കാരം ഡൽഹിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പി്ണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിൻ ഗഡ്കരി നിന്ന് ഏറ്റുവാങ്ങി.

വികസനവഴിയിൽ നവകേരള സൃഷ്ടിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങളാണ് അതിന്റെ നേട്ടത്തിനു കാരണക്കാർ. ലോകത്തിലെ തന്നെ ഏറ്റവും കഴിവുറ്റ ഈ ജനതയ്ക്കു സമഭാവനയുടെ, സമത്വത്തിന്റെ പാത വെട്ടിത്തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസർക്കാർ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉയർന്ന സ്ത്രീ പ്രാതിനിധ്യം, അധികാര വികേന്ദ്രീകരണം, മികച്ച ഇ-സേവനങ്ങൾ, ഏറ്റവും മികച്ച ഡിജിറ്റൽ സേവനങ്ങൾ, നാലു ലക്ഷത്തിൽപരം ആളുകൾക്ക് വീട്, ആർദ്രം മിഷൻ, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം തുടങ്ങിയവയാണു കേരളത്തിനു ബഹുമതിക്ക് വഴിയൊരുക്കിയ നേട്ടങ്ങളുടെ പട്ടികയിലുള്ളത്. മൊത്തത്തിലുള്ള പ്രവർത്തനത്തിന് ഹിമാചൽ പ്രദേശിനാണ് ബിഗ് സ്റ്റേറ്റ് പുരസ്‌കാരം.

എല്ലാവർക്കും വിദ്യാഭ്യാസം, ഭവനം, ആരോഗ്യം, ഭക്ഷണം, ആധുനിക വിനിമയ സൗകര്യങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്നതിനൊപ്പം കഴിവുകളും അവസരങ്ങളും പ്രയോജനപ്പെടുത്തി മുന്നേറ്റങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. പൊതുസേവനങ്ങളുടെ ഏറ്റവും ഉയർന്ന നിലവാരം ജനങ്ങൾക്ക് ഉറപ്പുവരുത്തും. വികസനത്തിന്റെ രാഷ്ട്രീയം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാണു കേരളം. എല്ലാക്കാലത്തും എല്ലാരംഗത്തും കേരളം ഉയർന്ന നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഉയർന്ന ജീവിത നിലവാരം, സ്ത്രീ പുരുഷ അനുപാതം, ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് തുടങ്ങിയവ മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്വ ബോധത്തോടെയുള്ള ഒരു ദൈനംദിന ഭരണ സംവിധാനമാണ് സർക്കാർ പിന്തുടരുന്നത്. അടിസ്ഥാനപരമായ സമീപനമെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഒരുവർഷം മുമ്പ് ആരംഭിച്ച നവകേരള കർമ പദ്ധതി. പൊതു വിദ്യാഭ്യാസം, എല്ലാവർക്കും ഭവനം, ആരോഗ്യം, ഹരിതാഭമായ കേരളം തുടങ്ങിയവ ഇതിന്റെ കർമ മേഖലകളാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും ഉയർന്ന വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവുമാണ് ലക്ഷ്യമാക്കുന്നതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും. മാലിന്യ നിർമ്മാർജനത്തിലൂടെ കേരള ജനതയ്ക്ക് സുരക്ഷിതമായ ഒരു പരിസ്ഥിതിയാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. നദികളും ജലസ്രോതസുകളും സംരക്ഷിക്കുന്നതിനു നവകേരള കർമ പദ്ധതിയിലൂടെ പരിപാടികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

48 മണിക്കൂർ ചെലവു രഹിത അപകട ചികിത്സ സൗകര്യം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണു കേരളമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അഴിമതി തടയുന്നതിൽ ഒരു വിട്ടുവീഴ്ചയക്കും തയാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ നീതിന്യായ സംവിധാനവും മാധ്യമങ്ങളും ഉയർന്ന ജാഗ്രതയാണ് പ്രകടിപ്പിച്ചുവരുന്നത്. അഴിമതിക്കു സ്വയം വിധേയരാവരാണ് ഇപ്പോൾ സർക്കാരിനെ ഭയപ്പെടുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും മികച്ച സുരക്ഷ ഉറപ്പു വരുത്തുന്നതിന് പൊലീസ് സംവിധാനം കുറ്റമറ്റതാക്കിക്കൊണ്ടിരിക്കുകയാണ്. ഐഎഎസുപോലെ ഇന്ത്യൻ ടെക്നോളജിക്കൽ സർവീസസ് ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിനോദസഞ്ചാരത്തിൽ ആയുർവേദത്തിനു പ്രാധാന്യം നൽകിയുള്ള പുതിയ സംസ്‌കാരത്തിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാരുമായി ചേർന്ന് ശാസ്ത്രീയ ആയുർവേദ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ, കുടുംബശ്രീ, മാനവശേഷിവികസനം, തൊഴിലവസരങ്ങൾ, ശാസ്ത്ര ഗവേഷണം, കാർഷിക മുന്നേറ്റം തുടങ്ങിയ രംഗങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മുഖ്യമന്ത്രി ഓരോന്നായി വിശദീകരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനു നൽകിയ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു. നിലവിൽ മൂന്നു വിമാനത്താവങ്ങളാണുള്ളത്. കണ്ണൂർ വിമാനത്താവളം പൂർത്തിയായി വരുകയാണ്. ശബരിമലയിൽ പുതിയ വിമാനത്താവളത്തിന് പദ്ധതി തയാറായി വരുകയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ റെയിൽപാത ഇരട്ടിപ്പിക്കലിനു പച്ചക്കൊടി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP