Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇൻഷുറൻസ് കമ്പനി നൽകിയ നഷ്ടപരിഹാരത്തുക കോടതിയിലെ ക്ലെരിക്കൽ തകരാറിൽ നഷ്ടമായി; 22 വർഷം മുമ്പു മകൻ മരിച്ച നിർധന ദമ്പതിമാർക്ക് നഷ്ടപരിഹാര തുകയും അന്യമായി; മനസലിഞ്ഞ ജഡ്ജി ശമ്പളത്തിൽനിന്ന് ഒരുലക്ഷം നൽകി

ഇൻഷുറൻസ് കമ്പനി നൽകിയ നഷ്ടപരിഹാരത്തുക കോടതിയിലെ ക്ലെരിക്കൽ തകരാറിൽ നഷ്ടമായി; 22 വർഷം മുമ്പു മകൻ മരിച്ച നിർധന ദമ്പതിമാർക്ക് നഷ്ടപരിഹാര തുകയും അന്യമായി; മനസലിഞ്ഞ ജഡ്ജി ശമ്പളത്തിൽനിന്ന് ഒരുലക്ഷം നൽകി

പാലക്കാട്: 22 വർഷം മുമ്പു വാഹനാപകടത്തിൽ മരിച്ച മകന്റെ ജീവന് ഇൻഷൂറൻസ് കമ്പനി നൽകിയ നഷ്ടപരിഹാരത്തുക കോടതിയിലെ ക്ലെരിക്കൽ തകരാറിൽ നഷ്ടപ്പെട്ട നിർധന ദമ്പതികളെ നിയമം കൈവിട്ടെങ്കിലും ജഡ്ജി മനസ്സലിവ് കാട്ടി. നഷ്ടപ്പെട്ട തുകയ്ക്കായി കേസു നടത്തിയിട്ടു ഫലമില്ലെന്നു ബോധ്യപ്പെട്ട പാലക്കാട് മോട്ടോർ ആക്‌സിഡന്റ് െക്ലയിം ട്രിബ്യൂണൽ ജഡ്ജി എസ്. മനോഹർ കിനി സ്വന്തം ശമ്പളത്തിൽനിന്നും ഒരു ലക്ഷം രൂപ നൽകി മനസ്സാക്ഷിയാണ് ഏറ്റവും വലിയ കോടതിയെന്ന് തെളിയിച്ചു.

മനോഹർ കിനി ജഡ്ജി ആവുന്നതിനും മുമ്പേ നടന്ന സംഭവമായിരുന്നിട്ടും ഓഫീസിൽ സംഭവിച്ച തെറ്റിന് പാവപ്പെട്ടവർ ഇരകളാകേണ്ടിവരുന്നതിലുള്ള മനഃപ്രസായം കൂടി പരിഗണിച്ചാണ് ജഡ്ജി ആരെയും വേദനിപ്പിക്കാതെ മനുഷ്യത്വപരമായ തീരുമാനം നടപ്പാക്കിയത്. പാലക്കാട് പുതുപ്പരിയാരം വാക്കിൽ പറമ്പിൽ സുന്ദരനും ഭാര്യയ്ക്കുമായാണ് ജഡ്ജി ഒരുലക്ഷം രൂപ നൽകിയത്.

1993 മെയ് 10 ന് വാഹനാപകടത്തിൽ സുന്ദരന്റെ ഏഴുവയസുകാരൻ മകൻ ശ്രീകുമാർ മരണപ്പെട്ടു. നഷ്ടപരിഹാരത്തിനായി സുന്ദരനും ഭാര്യയും രണ്ടുമക്കളും ചേർന്ന് ഒ.പി എം.വി 1195/93 ആയി പാലക്കാട് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിൽ കേസ് നൽകി. 1996 ഏപ്രിൽ 16 ന് കേസിൽ 12 ശതമാനം പലിശ സഹിതം 98,700 രൂപ നഷ്ടപരിഹാരവും ചെലവിലേക്ക് 700 രൂപയും വിധിയായി. വിധി സംഖ്യയിൽ 5000 രൂപ വീതം സുന്ദരനും ഭാര്യയ്ക്കും രണ്ടുമക്കൾക്കുമായി നൽകാനും ബാക്കി തുക സുന്ദരന്റെയും ഭാര്യയുടെയും പേരിൽ അഞ്ചുവർഷത്തെ സ്ഥിരനിക്ഷേപമാക്കാനുമാണ് കോടതി കൽപ്പിച്ചത്. ഇതുപ്രകാരം നാഷണൽ ഇൻഷൂറൻസ് കമ്പനി 5000 രൂപ വീതം നാലുപേർക്കും നൽകി പലിശയടക്കം ശേഷിച്ച 90,308 രൂപ സ്ഥിരനിക്ഷേപമാക്കി.

പക്ഷേ, സ്ഥിരനിക്ഷേപത്തിൽ ഒ.പി(എം.വി) നമ്പറിൽ സംഭവിച്ച വീഴ്ചയാണ് സുന്ദരന് തിരിച്ചടിയായത്. സുന്ദരന്റെ കേസിലെ 1195/93 എന്നതിനുപകരം 1105/93 എന്ന നമ്പറിലാണ് തുക നിക്ഷേപിച്ചത്. 1105/93 ഹർജിക്കാരനായ രാമകൃഷ്ണന് ഇതിലും കുറഞ്ഞ തുകയാണ് കോടതി വിധിച്ചിരുന്നത്. എന്നാൽ തന്റെ കേസ് നമ്പറിൽ വന്ന കൂടിയ തുക മൂന്ന് അഭിഭാഷകരുടെ സഹായത്തോടെ രാമകൃഷ്ണൻ മൂന്നുതവണയായി പിൻവലിച്ചെടുത്തു. പിന്നീട് പണത്തിനായി സമീപിച്ചപ്പോഴാണ് സുന്ദരന് അർഹതപ്പെട്ട തുക നഷ്ടപ്പെട്ട വിവരം അറിയുന്നത്. നഷ്ടപ്പെട്ട തുകയ്ക്കായി സുന്ദരൻ അഭിഭാഷകനായ എസ്. രമേഷ് മുഖേന ഹൈക്കോടതിയെ സമീപിച്ചു.

അതിനിടെ പണം പിൻവലിച്ചെടുത്ത രാമകൃഷ്ണൻ മറ്റൊരു വാഹനാപകടത്തിൽ മരിച്ചിരുന്നു. ഈ സംഭവത്തിൽ രാമകൃഷ്ണന്റെ അവകാശികൾ നൽകിയ നഷ്ടപരിഹാര തുകയിൽ 88,868 രൂപ കോടതിയിൽ സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്നത് സുന്ദരന് നൽകാൻ ഹൈക്കോടതി ആദ്യം വിധിച്ചു. ഈ വിധിക്കെതിരെ രാമകൃഷ്ണന്റെ ഭാര്യ ഹൈക്കോടതിയിൽ പുനർഹർജി നൽകി. വിഷയം പരിശോധിച്ച കോടതി പാലക്കാട് ട്രിബ്യൂണലിനോട് രണ്ടുപേരുടെയും വാദങ്ങൾ സ്വീകരിച്ച് വിധി പുറപ്പെടുവിക്കാൻ കൽപ്പിച്ചു. രാമകൃഷ്ണൻ മരിച്ചതിനു ശേഷം ലഭിച്ച പണത്തിൽ സുന്ദരന് അവകാശം ഉന്നയിക്കാനാവില്ലെന്നു പറഞ്ഞുകൊണ്ട് രാമകൃഷ്ണന്റെ ഭാര്യയ്ക്ക് അവകാശപ്പെട്ട പണത്തിൽ സുന്ദരന് അർഹതയില്ലെന്നു വിധിച്ചു. രാമകൃഷ്ണന് യാതൊരു വിധ സ്വത്തുക്കളും ഇല്ലാത്തതിനാൽ തുക വസൂലാക്കാൻ നിയമപ്രകാരമുള്ള എല്ലാ വാതിലുകളും സുന്ദരനു മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടു.

കഴിഞ്ഞ 22 വർഷമായി സ്വന്തം മകന്റെ ജീവനു കിട്ടേണ്ട നഷ്ടപരിഹാരം പോലും കൈവിട്ടുപോയതിന്റെ ദുരിതവുമായി കഴിയുമ്പോഴാണ് സുന്ദരന്റെ കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥ മനസിലാക്കി ജഡ്ജി സ്വന്തം നിലയ്ക്ക് നഷ്ടപരിഹാരം നൽകിയത്. കഴിഞ്ഞ മാർച്ച് 31 ന് കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള വിധി പറഞ്ഞുകൊണ്ടാണ് ജഡ്ജി തന്റെ ശമ്പളത്തിൽനിന്നും ഒരുലക്ഷം രൂപ സുന്ദരന് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP