Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റപ്പെടലിൽ ഖത്തറുകാർ ബുദ്ധിമുട്ടാതിരിക്കാൻ ഇറാന്റെ സഹായം; അവശ്യ ഭക്ഷണ സാധനങ്ങളുമായി ടെഹ്റാനിൽനിന്ന് വിമാനങ്ങളും കപ്പലുകളും ദോഹയിലേക്ക്; പോരായെങ്കിൽ ഇന്ത്യയിൽനിന്നും ശ്രീലങ്കയിൽനിന്നും ഇറക്കുമതി ചെയ്യും; സൗദിയുടെ കലിപ്പിനു കാരണം സാമന്തരാജ്യം പ്രകൃതിവാതകം വിറ്റ് സ്വന്തംകാലിൽ നിൽക്കാൻ തുടങ്ങിയത്

ഒറ്റപ്പെടലിൽ ഖത്തറുകാർ ബുദ്ധിമുട്ടാതിരിക്കാൻ ഇറാന്റെ സഹായം; അവശ്യ ഭക്ഷണ സാധനങ്ങളുമായി ടെഹ്റാനിൽനിന്ന് വിമാനങ്ങളും കപ്പലുകളും ദോഹയിലേക്ക്; പോരായെങ്കിൽ ഇന്ത്യയിൽനിന്നും ശ്രീലങ്കയിൽനിന്നും ഇറക്കുമതി ചെയ്യും; സൗദിയുടെ കലിപ്പിനു കാരണം സാമന്തരാജ്യം പ്രകൃതിവാതകം വിറ്റ് സ്വന്തംകാലിൽ നിൽക്കാൻ തുടങ്ങിയത്

മറുനാടൻ ഡെസ്‌ക്‌

ദോഹ: നയതന്ത്രബന്ധവും ഗതാഗതവും വിച്ഛേദിക്കപ്പെട്ട് അറബ് മേഖലയിൽ പൂർണമായും ഒറ്റപ്പെട്ട ഖത്തറിന് സഹായവുമായി ഇറാൻ. ഭക്ഷണ സാധനങ്ങളുമായി അഞ്ചു വിമാനങ്ങളെയാണ് ഇറാൻ ഭരണകൂടം ഖത്തറിലേക്ക് അയയ്ച്ചത്. ്അവശ്യ ഭക്ഷണസാധനങ്ങളും പഴവർഗങ്ങളുമടക്കം 90 ടൺ ചരക്കാണ് ഓരോ വിമാനത്തിലുമുള്ളത്. എത്രയും വേഗം ഒരു വിമാനം കൂടി അയക്കുമെന്ന് ഇറാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. 350 ടൺ ഭക്ഷണ വസ്തുക്കൾ നിറച്ച മൂന്ന് കപ്പലുകൾ ഖത്തറിലേക്ക് പുറപ്പെടാൻ തയ്യാറാകുന്നതായും ഇറാൻ അറിയിച്ചിട്ടുണ്ട്.

ഭക്ഷണസാധനങ്ങൾക്ക് ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഖത്തർ. ഒറ്റപ്പെടുത്തലിന്റെ ഭാഗമായി സൗദി അതിർത്തി അടച്ചതോടെ ഖത്തർ ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുന്നതായി സൂചനയുണ്ട്. ഖത്തറിന്റെ ഭക്ഷണ ഇറക്കുമതിയിൽ 40 ശതമാനവും സൗദിയുടെ കര അതിർത്തിയിലൂടെയാണ് എത്തിക്കൊണ്ടിരുന്നത്. അതിർത്തി അടച്ചതോടെ ഭക്ഷണസാധനങ്ങളുടെ വരവ് നിലച്ചു. പ്രതിസന്ധി നേരിടാൻ ഖത്തർ ഭരണകൂടം കഴിയാവുന്ന നടപടികൾ സ്വീകരിച്ചിരുന്നു. ഇതും പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് ഇറാൻ ഉടൻ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതെന്നാണു സൂചന.

തീവ്രവാദികളെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചാണ് സൗദി, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തുന്നത്. ഫലസ്തീനിലെ ഹമാസ്, ലബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി വിമതർ, ഈജിപ്തിലടക്കം പ്രവർത്തിക്കുന്ന മുസ്ലിം ബ്രദർഹുഡ് തുടങ്ങിയ സംഘനടകളെ സഹായിച്ചുവെന്നാരോപിച്ചാണ് നയതന്ത്ര ബന്ധം വിച്ഛേദിച്ചതും കര,ജല,വ്യോമ ഗതാഗതകങ്ങൾ അവസാനിപ്പിച്ചതും. അതേസമയം പ്രകൃതിവാതകം വിറ്റ് സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയ ഖത്തറിനെ നിലയ്ക്കു നിർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും വിലയിരുത്തലുണ്ട്. ഇതോടൊപ്പം സൗദിയുടെ ആജന്മശത്രുവായ ഇറാനുമായി ഖത്തറിനുള്ള സഹകരണവും കാരണമായി ചൂണ്ടിക്കാട്ടുന്നു.

ചെറിയ രാജ്യമായ ഖത്തറിൽ 27 ലക്ഷം ആളുകൾ മാത്രമേ വസിക്കുന്നുള്ളൂ. ഇതിൽതന്നെ 88 ശതമാനവും തൊഴിലാവശ്യങ്ങൾക്കായി എത്തിയ വിദേശികളാണ്. വിദേശകളിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യക്കാരും. മൂന്നു ലക്ഷം മലയാളികൾ അടക്കം ആറര ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. ലോകകപ്പ് വേദിയടക്കമുള്ള നിർമ്മാണങ്ങൾക്കായാണ് ഇത്രയധികം വിദേശികൾ ഖത്തറിലെത്തിയിരിക്കുന്നത്. സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങളുടെ അപ്രഖ്യാപിത ഉപരോധനം പ്രവാസികൾക്കും തിരിച്ചടിയായിട്ടുണ്ട്. ഖത്തറിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കു പോകാനോ അവിടെനിന്ന് ഇങ്ങോട്ടു വരാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഖത്തറിന്റെ പ്രധാന വരുമാന മാർഗം പ്രകൃതിവാതകമാണ്. കടലിൽനിന്ന് പ്രകൃതിവാതകം ശേഖരിക്കുന്നതിൽ ഇറാനുമായി സഹകരണമുണ്ട്. താരതമ്യേന ലോകത്തിൽ ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യവും ഖത്തറാണ്. ഇക്കാര്യത്തിൽ റഷ്യ മാത്രമായിരിക്കും ഖത്തറിനു മുന്നിലുണ്ടാവുക. യുഎഇ അടക്കമുള്ള രാജ്യങ്ങൾ പ്രകൃതി വാതകത്തിനായി പ്രധാനമായും ആശ്രയിക്കുന്നതും ഖത്തറിനെയാണ്. പൈപ്പ് ലൈൻ വഴിയാണ് യുഎഇയ്ക്കു പ്രകൃതി വാതകം നല്കുന്നത്. അമീറിന്റെ നേതൃത്വത്തിലുള്ള ചെറു രാജ്യമായ ഖത്തറിനെ സാമന്തരാജ്യത്തെ പോലെയാണ് സൗദി ഭരണകൂടം പരിഗണിക്കുന്നത്. എന്നാൽ പ്രകൃതി വാതകം വിറ്റു സമ്പന്നമായ ഖത്തർ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയത് സൗദിയെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ഇതിനൊപ്പം ഇറാനുമായുള്ള സഹകരണവും സൗദിക്ക് സഹിക്കാവുന്നതിൽ അപ്പുറമാണ്. അതേസമയം ഒറ്റപ്പെടൽ നേരിടുമ്പോഴും യുഎഇയ്ക്കുള്ള പ്രകൃതിവാതകം നിർത്തലാക്കാൻ ഖത്തർ തയാറായിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

സൗദിയുടെ നേതൃത്വത്തിൽ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള നടപടികൾ ഖത്തർ ഭരണകൂടം സ്വീകരിച്ചിരുന്നു. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നാണ് ഭരണകൂടം വ്യക്തമാക്കിയത്. ഭക്ഷ്യക്ഷാമം ഉണ്ടാകുമോയെന്ന ആശങ്ക പരന്ന സാഹചര്യത്തിൽ തന്നെ ഇറാനോട് ഖത്തർ സഹായം അഭ്യർത്ഥിച്ചിരുന്നു. ഇറാൻ നല്കുന്ന ഭക്ഷ്യ വസ്തുക്കൾ പോരാതെ വന്നാൽ ഇന്ത്യയിൽനിന്നും ശ്രീലങ്കയിൽനിന്നും ഇറക്കുമതി ചെയ്യാനും ഖത്തർ തീരുമാനിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിൽ പേർഷ്യൻ കടലിലേക്ക് തള്ളി നിൽക്കുന്ന ഒരു കുഞ്ഞൻ രാജ്യമാണ് ഖത്തർ. വലിപ്പത്തിൽ ചെറുതെങ്കിലും ലോകത്തെ ഏറ്റവും സമ്പന്നരാജ്യങ്ങളൊന്നിലാണ് ഖത്തർ. ആളോഹരി വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം. ലോകപ്രശസ്തമായ ഖത്തർ എയർവെയ്സും, അൽ ജസീറ ചാനലും ഖത്തറിന്റേതാണ്. 2022-ൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളാണ് ഖത്തർ ലോകത്തിനായി കാത്തുവച്ചിരിക്കുന്ന അടുത്ത അത്ഭുതം.

സൗദിയും യുഎഇയും അടക്കമുള്ള അറബ് രാജ്യങ്ങൾ പശ്ചിമേഷ്യയിലെ ഒറ്റയാനായി വളരുന്ന ഖത്തറിനെ തങ്ങളുടെ വരുത്തിയിലാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ചിലർ നിരീക്ഷിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദി സദർശനത്തിന് പിറകേയുണ്ടായ പ്രതിസന്ധിയെ പശ്ചിമേഷ്യയിലെ സമ്പന്നരാഷ്ട്രമായ ഖത്തർ എങ്ങനെ നേരിട്ടും എന്ന കാര്യമാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. കുവൈത്തും തുർക്കിയും അടക്കം പ്രശ്‌നം പരിഹരിക്കുന്നതിനു ശ്രമങ്ങൾ നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP