Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യ ബസുകളുടെ വക്കീൽ ജഡ്ജിയായപ്പോൾ വിധികൾ ഏറെയും മുതലാളികൾക്ക് വേണ്ടി; റിട്ടയർ ചെയ്തപ്പോഴും ബസുകാരുടെ വക്കാലത്ത്: ബസ് ചാർജ്ജ് കുറയാത്തതിന്റെ കാരണം ജസ്റ്റിസ് രാമചന്ദ്രന്റെയോ? ആക്ഷേപം ശക്തം

സ്വകാര്യ ബസുകളുടെ വക്കീൽ ജഡ്ജിയായപ്പോൾ വിധികൾ ഏറെയും മുതലാളികൾക്ക് വേണ്ടി; റിട്ടയർ ചെയ്തപ്പോഴും ബസുകാരുടെ വക്കാലത്ത്: ബസ് ചാർജ്ജ് കുറയാത്തതിന്റെ കാരണം ജസ്റ്റിസ് രാമചന്ദ്രന്റെയോ? ആക്ഷേപം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെ മുന്നിൽ വരുന്ന തെളിവുകളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ജഡ്ജിമാർ വിധികൾ പുറപ്പെടുവിക്കാറുള്ളത് എന്നാണ് പൊതുവിൽ പറയാറ്. എന്നാൽ ഇതിന് അപ്പുറത്തേക്ക് ജഡ്ജിമാരുടെ വ്യക്തിതാൽപ്പര്യങ്ങളും കോടതിവിധിയെ സ്വാധീനിക്കാറുണ്ടെന്നത് പരസ്യമായ ആക്ഷേപം തന്നെയാണ്. അടുത്തകാലത്ത് വന്ന പല കോടതി വിധികൾ പുറത്തുവരുമ്പോഴും പല വിധത്തിലുള്ള ആക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഡീസൽവില താഴ്ന്ന നിരക്കിൽ എത്തിയിട്ടും യാത്രാനിരക്ക് കുറയ്ക്കാൻ തയ്യാറാകാതെ സ്വകാര്യ ബസ് ഉടമകളുടെയും ഗതാഗത വകുപ്പിന്റെയും നിലപാടിൽ ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നുണ്ട്. എന്നാൽ ചാർജ്ജ് കുറയ്ക്കാതിരിക്കാൻ തിരുവഞ്ചൂർ കാരണമായി ചൂണ്ടിക്കാട്ടുന്നത് റിട്ട. ജസ്റ്റിസ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ റിപ്പോർട്ടിനെയാണ്. ബസ് ഉടമകൾക്ക് തീർത്തും അനുകൂലമാണ് ഈ റിപ്പോർട്ടെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നതാണ്.

വക്കീലായിരുന്ന വേളയിൽ സ്വകാര്യ ബസ് ഉടമകളുടെ വക്കീലായിരുന്നു രാമചന്ദ്രൻ. ഇദ്ദേഹം ജസ്റ്റിസായിരുന്ന വേളയിൽ പുറപ്പെടുവിച്ച വിധികളാകട്ടെ ബസ് ഉടമകളെ സഹായിക്കുന്നതായിരുന്നു എന്നായിരുന്നു ആക്ഷേപം. ഹൈക്കോടതിയിൽ നിന്നും റിട്ടയർ ചെയ്ത വേളയിൽ ഇദ്ദേഹത്തെയായിരുന്നു ബസ് - ഗതാഗത മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനുള്ള കമ്മിറ്റി ചെയർമാനായി നിയോഗിച്ചത്. ഇദ്ദേഹം നൽകിയ റിപ്പോർട്ടുകളാണ് കെഎസ്ആർടിസിയുടെ നിലനിൽപ്പിനെ പോലും അപകടത്തിലാക്കുന്നതെന്ന വിധത്തിലേക്ക് എത്തിച്ചതെന്നായിരുന്നു ആക്ഷേപം.

ഫെയർ സ്റ്റേജിലെ അപാകതകൾ പരിഹരിക്കുന്നതടക്കം ബസ് ഗതാഗത മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനുള്ള ഒരു ഉപദേശക സമിതിയായിട്ടാണ് അന്നത്തെ എൽഡിഫ് സർക്കാർ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാമചന്ദ്രന്റെ നേതൃത്വത്തിൽ ഗതാഗത കമ്മീഷണർ സെക്രട്ടറിയുമായി ഒരു കമ്മറ്റി രൂപീകരിച്ചത്. അപകടങ്ങൾ കുറക്കാനായി ബസുകളുടെ റണ്ണിങ് ടൈം കൂട്ടുന്നതിനായി സംസ്ഥാന ഗതാഗത അഥോറിറ്റി ഇറക്കിയ ഉത്തരവിനെ സ്വകാര്യ ബസുടമകൾ ചോദ്യം ചെയ്തു നൽകിയിരുന്ന കേസിസൽ വിധി പറഞ്ഞതും ഇദ്ദേഹമായിരുന്നു. അന്ന് വിധി സ്വകാര്യ ബസുടമകൾക്ക് അനുകുലമായിരുന്നു എന്നായിരുന്നു ആക്ഷേപം.

റിട്ടയർ ചെയ്ത ശേഷം ഫെയർ‌സ്റ്റേജ് നിർണയിക്കാനുള്ള സമിതിയുടെ ചെയർമാനായ ശേഷം അദ്ദേഹം മുന്നോട്ടുവച്ച കാര്യങ്ങൾ എല്ലാം തന്നെ ബസ് ഉടമകൾക്ക് സഹായകരമായിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുടെ 6 പഠന വിഷയങ്ങളിൽ 3, 4, 5 വിഷയങ്ങൾ ഫെയർ സ്റ്റേജിലെ അപാകതകൾ സംബന്ധിച്ചായിരുന്നു. മിനിമം ചാർജിന് യാത്ര ചെയ്യാവുന്ന ദൂരം ഫെയർ സ്റ്റേജിലെ അപാകതകൾ റൗണ്ടിങ് നയം എന്നിവയായിരുന്നു ഈ മൂന്ന് വിഷയങ്ങൾ.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റി നിയമിക്കപ്പെടുമ്പോൾ ഓർഡിനറി യാത്ര കൂലിയിൽ ആദ്യത്തെ 3 സ്റ്റേജുകളിലായിരുന്നു കിലോമീറ്റർ നിരക്കിനേക്കാൾ കൂടുതൽ യാത്ര കൂലിയാണ് ഉണ്ടായിരുന്നത്. 2010 മാർച്ചിലെ ഓർഡിനറി നിരക്ക് നിർണ്ണയ ഉത്തരവ് പ്രകാരം 10 കിലോമീറ്റർ ഉള്ള നഗരത്തെ ഫെയർ സ്റ്റോജ്‌ലെ യാത്ര കൂലി 550 പൈസയായിരുന്നു. സർക്കാർ നിശ്ചയിച്ച ഓർഡിനറി കിലോമീറ്റർ യാത്രക്കായി 55 പൈസയും 2. 5 കിലോമീറ്റർ ദൂരമുള്ള ആദ്യത്തെ ഫെയർ സ്റ്റേജിലെ മിനിമം യാത്ര കൂലി 400 പൈസയായിരുന്നു. ഈ മിനിമം യാത്ര കൂലി കുറക്കുകയോ അല്ലെങ്കിൽ മിനിമം യാത്രയായ 400 പൈസയിൽ യാത്ര ചെയ്യാവുന്ന ദൂരം (400 പൈസ/ 55 പൈസ = 7 കിലോമീറ്റർ) 7. 5 കിലോമീറ്റർ (3 ഫെയർ സ്റ്റേജുകൾ) ആയി. അതിനായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയെ നിയമിച്ചത്.

ഫെയർ സ്റ്റേജിലെ അപാകതകൾ പരിഹരിച്ചില്ലെന്നും മാത്രമല്ല ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റി ആരുമായി ഇത് ചാർജ് സമർപ്പിക്കാനായി നൽകിയ 2011 ലെ നിർദ്ദേശത്തിൽ പൊതു ഗതാഗത മേഖലയിൽ ലോകത്തിലൊരിടത്തുമില്ലാത്ത പുതിയൊരു നിരക്ക് നിർണ്ണായക രീതിയായ മിനിമം ചാർജ് കിലോമീറ്റർ നിരക്ക് കേരളത്തിൽ നടപ്പിലാക്കുകയുമുണ്ടായി. മന്ത്രിതലത്തിലുണ്ടായിരുന്നവരുടെയും സ്വകാര്യ ബസ് ഉടമകളുടെയും സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ഈ നീക്കമെന്നാണ് ആക്ഷപം.

2014 മെയ് 20ന് ഏറ്റവും ഒടുവിലത്തെ ചാർജ് വർദ്ധനവ് പ്രകാരം ഓർഡിനറി ബസുകളുടെ മിനിമം കൂലി 7 രൂപയും 5 കിലോമീറ്ററും ആണ്. ഓർഡിനറി കിലോമീറ്റർ നിരക്ക് 64 പൈസയുമായി നിശ്ചയിക്കുകയുണ്ടായി. ഈ ഫെയർ സ്റ്റേജ് നിർണ്ണയത്തിൽ ഏറെ അപാകതയുണ്ടെന്ന ആക്ഷേപം അന്ന് മുതൽ നിലവിലുണ്ട്. 30 കിലോമീറ്റർ ദൂരമുള്ള ആദ്യത്തെ 12 ഫെയർ സ്റ്റേജുകളിലെ രാമചന്ദ്രൻ തീവെട്ടി കൊള്ളയായിരുന്നു എന്നുമാണ് ആക്ഷേപം.

ഇപ്പോൾ ബസ് ചാർജുമായി ബന്ധപ്പെട്ട ഫെയർ സ്റ്റേജിലെ അപാകതകൾ പരിഹരിക്കാൻ ജസ്റ്റിസ് സി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചതായി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും വ്യക്തമാക്കുകയുണ്ടായി. വിപുലമായ പരിശോധനകളും പഠനങ്ങളും ആവശ്യമായതിനാൽ മൂന്നംഗ സമിതിക്ക് കുറഞ്ഞത് ആറ് മാസത്തെ നിയമമെങ്കിലും വേണ്ടി വരും. അതിന് ശേഷം തയ്യാറാക്കുന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറ് മാസത്തിനുള്ളിൽ നടപടിയെടുക്കും. ഇത് സംബന്ധിച്ച് പൊതു ജനങ്ങളിൽ പരാതി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ പക്ഷം. എന്നാൽ സ്വകാര്യ ബസ് ഉടമകളുടെ വക്കീലായിരുന്ന ആളിൽ നിന്നും എങ്ങനെ നീതി ലഭിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

സ്വകാര്യ ബസുകളെ സഹായിക്കാൻ എടുക്കുന്ന ഓരോ തീരൂമാനവും കെഎസ്ആർടിസിയെയാണ് കൂടുതൽ ദുർബലമാക്കുന്നത്. കെഎസ്ആർടിസുടെ റൂട്ടിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകി കോർപ്പറേഷനെ ദുർബലമാക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടക്കുന്നുമുണ്ട്. സൂപ്പർക്ലാസ് റൂട്ടുകൾ കെഎസ്ആർടിസിക്കു മാത്രം മതിയെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാൻ ദീർഘദൂര റൂട്ടുകളിൽ ലക്ഷ്വറി ബസുകൾ ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ ഇതിനിടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 241 സൂപ്പർക്ലാസ് റൂട്ടുകളിൽ 71 എണ്ണത്തിൽ കെ എസ് ആർ ടി സി സർവീസുകളാരംഭിച്ചിട്ടുണ്ട്. മറ്റു റൂട്ടുകൾ ഏറ്റെടുക്കാനുള്ള നീക്കം സജീവമായി നടക്കുന്നതിനിടെയാണ് സമാന്തരമായി സ്വകാര്യ ബസ് ലോബിയുടെ അട്ടിമറി ശ്രമം പുരോഗമിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP