Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതിൽ പലരും പോപ്പുലർ ഫ്രണ്ട് അനുഭാവികൾ; കർണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും കടന്ന യുവാക്കളെക്കുറിച്ച് കാര്യമായ വിവരമില്ലാതെ ബന്ധുക്കൾ; പോപ്പുലർഫ്രണ്ടിനു മേൽ നിരീക്ഷണം ശക്തമാക്കി രഹസ്യാന്വേഷണ വിഭാഗം

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതിൽ പലരും പോപ്പുലർ ഫ്രണ്ട് അനുഭാവികൾ; കർണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും കടന്ന യുവാക്കളെക്കുറിച്ച് കാര്യമായ വിവരമില്ലാതെ ബന്ധുക്കൾ; പോപ്പുലർഫ്രണ്ടിനു മേൽ നിരീക്ഷണം ശക്തമാക്കി രഹസ്യാന്വേഷണ വിഭാഗം

രഞ്ജിത് ബാബു

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വഴി യുവാക്കൾ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്കെത്തുന്ന സാഹചര്യത്തെക്കുറിച്ച് രഹസ്യന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കുന്നു.

അടുത്ത കാലത്തായി വടക്കേ മലബാറിൽ നിന്നും പോപ്പുലർ ഫ്രണ്ട് അനുഭാവികളായ ഒട്ടേറെ യുവാക്കൾ കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും കഴിയുന്നതായി വിവരമുണ്ട്. ഇവരെക്കുറിച്ച് വീട്ടുകാർക്ക് പോലും വ്യക്തമായ അറിവില്ലാത്തതാണ് അന്വേഷണം ശക്തമാക്കാനുള്ള കാരണം. ഇതോടെ പോപ്പുലർ ഫ്രണ്ട് തീവ്രവാദത്തിലേക്കുള്ള റിക്രൂട്ട്മെന്റ് സാഹചര്യമൊരുക്കുന്നുണ്ടോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

പാലക്കാട് സ്വദേശിയായ അബുതാഹിർ മുതൽ കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ വച്ച് പിടിയിലായ കൂടാളി സ്വദേശി വെള്ളുവക്കണ്ടി ഷാജഹാൻ വരെയുള്ളവർ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന പ്രവർത്തകരാണ്. ആദ്യം എൻ.ഡി.എഫും പിന്നീട് പോപ്പലർ ഫ്രണ്ടും അതിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐ.യിലും പ്രവർത്തിച്ചവരാണ് പിന്നീട് അൽ ഖൊയ്ദയിലും ഇസ്ലാമിക് സ്റ്റേറ്റ്സിലും ചേക്കേറിയത്.

2014 ജൂണിലാണ് പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായ പാലക്കാട്ടെ അബുതാഹിർ ഐ.എസിൽ ചേർന്നത്. പാലക്കാട് മാധ്യമ പ്രവർത്തകനായ താഹിർ ഖത്തറിലേക്ക് മാറ്റം നേടിയതും അവിടെ മാധ്യമ പ്രവർത്തകനായി ജോലി ചെയ്തതും ഈ ഉദ്ദേശത്തിൽ തന്നെ. ഉംറ ചെയ്യാനെന്ന വ്യാജേനെ പിതാവിനേയും സഹോദരീ ഭർത്താവിനേയും മക്കയിലേക്ക് ക്ഷണിച്ചു വരുത്തിയാണ് താഹിർ മുങ്ങിക്കളഞ്ഞത്. ഏറെ കാത്തിരുന്നിട്ടും താഹിറിനെ കാണാത്ത പിതാവിനോടും സഹോദരി ഭർത്താവിനോടും താൻ തുർക്കിയിലെത്തിയെന്നും വിശുദ്ധയുദ്ധത്തിന് പോവുകയാണെന്നും പറഞ്ഞ് ഫോണിൽ അറിയിച്ച ശേഷമാണ് താഹിർ കടന്നു കളഞ്ഞത്. ജബത്ത്- അൽ -നസ്ര എന്ന അൽ ഖയ്ദയിലേക്കാണ് ഇയാൾ പോയത്. പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യയായിരുന്നു ഇയാളുടെ ആദ്യ തട്ടകം. അതുവഴി മാധ്യമ പ്രവർത്തനവും. ഈ വർഷം ഫെബ്രുവരിയിൽ താഹിർ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു.

കോഴിക്കോട് സ്വദേശി ഷബീർ മംഗലശ്ശേരിയാണ് ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് ആകർഷിക്കപ്പെട്ട മറ്റൊരാൾ. എസി. ഡി.പി.ഐ പ്രവർത്തകനായിരുന്നു ഇയാൾ. കോഴിക്കോട് എൻ.ഐ. ടി.യിൽ പഠിച്ചു കൊണ്ടിരിക്കേ കേരള എസ്.ഡി.പി..ഐ.യുടെ ഫെയ്സ് ബുക്ക് അഡ്‌മിനായിരുന്നു. തുടർന്നാണ് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയത്. ഇയാളും കഴിഞ്ഞ ഫെബ്രുവരി മാസം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂർ വളപട്ടണത്തെ പോപ്പുലർ ഫ്രണ്ടിന്റെ സബ്ഡിവിഷൻ കൺവീനറായിരുന്നു മുഹമ്മദ് ഷമീർ. ഭാര്യയും മൂന്ന് മക്കളുമായാണ് ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ചേക്കേറിയത്. 20 തും 17 ഉം വയസ്സുള്ള രണ്ട് ആൺ മക്കളും 12 വയസ്സുള്ള ഒരു പെൺകുട്ടിയുമാണ് ഐ.എസിൽ ചേർന്നത്. ഷമീർ അവിടെ വച്ച് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യയും മക്കളുടേയും കാര്യത്തിൽ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

വളപട്ടണം മന്ന സ്വദേശിയായ അബ്ദുൾ മനാഫും പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന സംഘാടകനായിരുന്നു. ഒരു മുസ്ലിം പെൺകുട്ടിയുമായുള്ള പ്രണയത്തിലായിരുന്ന കുന്നും കൈയിലെ ബിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്നു ഇയാൾ. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ എമർജൻസി പാസ്പ്പോർട്ടെടുത്ത് ഭാര്യയും ഒരു കുഞ്ഞിനേയും കൂട്ടി ഇയാൾ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് കടക്കുകയായിരുന്നു. മന്നയിലെ തന്നെ മുഹമ്മദ് റിഫാൻ എൻ.ഡി. എഫിലൂടെ പി.എഫ് ഐ.യിൽ എത്തിയ ആളാണ്. മാഹി സ്വദേശിനിയായ ഖുദാ റഹീംമിനേയും കൂട്ടിയാണ് ഇയാൾ രാജ്യം വിട്ട് ഐ.എസിൽ ചേർന്നത്. മന്നയിലെ തന്നെ പി.എഫ്.ഐ.യുടെ പ്രധാന പ്രവർത്തകനായിരുന്നു മുഹമ്മദ് ഷബീർ. കണ്ണൂർ സിറ്റി സ്വദേശിയായ ഭാര്യയേയും കൂട്ടിയാണ് ഇയാൾ വിശുദ്ധ യുദ്ധത്തിലെ പടയണിയിൽ ചേരുന്നത്.

കണ്ണൂർ ജില്ലയിലെ ചൊക്ലി കനകമലയിൽ നിന്നും പിടികൂടിയ മലപ്പുറം സ്വദേശികളായ മൻസീദും സഫ്വാനും പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തകർ തന്നെ. സഫ്വാൻ പി.എഫ്.ഐ. വളണ്ടിയറായും പ്രവർത്തിച്ചിരുന്നു. പിടിയലാവുന്നതിന് തലേ ദിവസം കോഴിക്കോട് നടന്ന പി.എഫ്.ഐ. ക്യാമ്പയിൻ സമ്മേളനത്തിലും ഇയാൾ പങ്കെടുത്തിരുന്നു. ഏറ്റവും ഒടുവിൽ സിറിയയിലേക്ക് കടക്കാൻ രണ്ട് തവണ ശ്രമിക്കുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് കയറ്റി വിടുകയും ചെയ്ത കണ്ണൂർ കൂടാളി സ്വദേശി വി.കെ. ഷാജഹാനും പി.എഫ്.ഐ.യുടെ പ്രധാന പ്രവർത്തകൻ തന്നെ. നാട്ടിൽ രാഷ്ട്രീയ കലാപങ്ങൾ ഉണ്ടാക്കി ആസ്വദിച്ച ഷാജഹാൻ കൂടാളി മേഖലയിൽ സിപിഐ.എം. ബിജെപി. സംഘർഷത്തിന്റെ പ്രധാന കാരണക്കാരനായിരുന്നു. രാത്രിയുടെ മറവിൽ കെട്ടിടങ്ങളും കൊടിമരങ്ങളും അക്രമിച്ച് സംഘർഷം സൃഷ്ടിക്കൽ ഇയാളുടെ പതിവായിരുന്നു. ഒരിക്കൽ ഇയാൾ പിടിക്കപ്പെടുകയും ചെയ്തു. ചെന്നൈയിൽ നിന്നും വ്യാജ പേരിൽ പാസ്പ്പോർട്ട് ഉണ്ടാക്കിയാണ് ഇയാൾ വീണ്ടും ഐ.എസിൽ ചേരാൻ ശ്രമിച്ചത്.

മുസ്ലിം ലീഗിലോ പരമ്പരാഗത സുന്നിവിഭാഗങ്ങളിലോ പെട്ടവരൊന്നും തീവ്രവാദ ആശയങ്ങൾക്ക് അടിമപ്പെട്ടിട്ടില്ല. എന്നാൽ പുതുതായി രൂപം കൊണ്ട തീവ്ര മുസ്ലിം സംഘടനകൾ ഇത്തരം ആശയക്കാരെ പ്രോത്സാഹിപ്പിക്കുന്നതായാണ് വിവരം.

വടക്കൻ കേരളത്തിൽ നിന്നും അടുത്ത കാലത്തായി കാണാതായ യുവാക്കളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. സ്വന്തം വീട്ടുകാർക്ക് പോലും ഇവർ എവിടേയെന്നോ എന്ത് ജോലി ചെയ്യുന്നുവെന്നോ അറിവില്ല. കർണ്ണാടകവും തമിഴ്‌നാടുമാണ് ഇത്തരക്കാർ താവളമാക്കുന്നത്. വ്യാജ പാസ്പ്പോർട്ട് ഉണ്ടാക്കുവാനും രാജ്യം കടത്തി വിടാനും അവിടങ്ങളിൽ ചില ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP