Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്പിനാരായണനെ ചാരനാക്കിയത് അമേരിക്കയുടെ ഗൂഢാലോചന തന്നെ: നാസയിലെ ശാസ്ത്രജ്ഞ പദവിയും അമേരിക്കൻ പൗരത്വവുമെന്ന വാഗ്ദാനം തട്ടിക്കളഞ്ഞതിന്റെ വിരോധം തീർത്തത് കള്ളക്കഥയൊരുക്കി; കേട്ടപാതി കേൾക്കാത്ത പാതി മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ അമേരിക്കയുടെ കെണിയിൽ സിബി മാത്യൂസ് അടക്കമുള്ളവർ വീണുപോയി; സുപ്രീം കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് കരുതി വൃദ്ധ ശാസ്ത്രജ്ഞൻ

നമ്പിനാരായണനെ ചാരനാക്കിയത് അമേരിക്കയുടെ ഗൂഢാലോചന തന്നെ: നാസയിലെ ശാസ്ത്രജ്ഞ പദവിയും അമേരിക്കൻ പൗരത്വവുമെന്ന വാഗ്ദാനം തട്ടിക്കളഞ്ഞതിന്റെ വിരോധം തീർത്തത് കള്ളക്കഥയൊരുക്കി; കേട്ടപാതി കേൾക്കാത്ത പാതി മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ അമേരിക്കയുടെ കെണിയിൽ സിബി മാത്യൂസ് അടക്കമുള്ളവർ വീണുപോയി; സുപ്രീം കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് കരുതി വൃദ്ധ ശാസ്ത്രജ്ഞൻ

ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസ് സൃഷ്ടിച്ചത് അമേരിക്ക തന്നെയെന്ന് വ്യാജമായി സൃഷ്ടിക്കപ്പെട്ട കേസിനെ തുടർന്ന ്പതിറ്റാണ്ടുകളുടെ പീഡനം നേരിട്ട ശാസ്ത്രജ്ഞൻ നമ്പിനാരായണൻ. തനിക്ക് വാഗദ്ധാനം ചെയ്ത യു.എസ് പൗരത്വം തിരസ്‌കരിച്ചതിനാണ് തന്നെ ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുടുക്കിയതെന്ന് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നൽകിയ കേസിന്റെ വാദം കേൾക്കാനെത്തിയ നമ്പി നാരായണനെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരിട്ട് വിളിപ്പിച്ച് പരാതി കേൾക്കുകയായിരുന്നു. കേസിൽ ഇന്നും വാദം തുടരും.

അമേരിക്കൻ പൗരത്വം നൽകി തനിക്ക് നാസയിൽ നിയമനവും വാഗദാനം ചെയ്തിരുന്നു അമേരിക്കയെന്നും ഇത് നിഷേധിച്ചതിന്റെ പ്രതികാരമായാണ് കൃത്യമായ കരുനീക്കങ്ങളിലൂടെ ചാരക്കേസ് സൃഷ്ടിച്ചതെന്നും ആണ് നമ്പിനാരായണൻ കോടതിയെ ബോധിപ്പിക്കുന്നത്. മലയാളത്തിലെ മുൻനിര മാധ്യമങ്ങൾ അക്കാലത്ത് ഇതിനായി കള്ളക്കഥകളും സൃഷ്ടിച്ചു.

ചാരസുന്ദരിമാരായ മറിയം റഷീദയ്ക്കും ഫൗസിയ ഹസനും നമ്പിനാരായണൻ ഇന്ത്യയുടെ സാങ്കേതിക രഹസ്യങ്ങൾ ചോർത്തി നൽകിയെന്നുംമറ്റും കള്ളക്കഥ സൃ്ഷ്ടിച്ചാണ് കേസ് ഒരുക്കിയത്. ഇതിനായി നടന്ന കരുനീക്കത്തിൽ കെ കരുണാകരൻ എന്ന അതികായനായ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പതനവും കേരളം കണ്ടു. അമേരിക്കയുടെ കെണിയിൽ വീണ് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് അടക്കമുള്ളവർ നമ്പിനാരായണന് എതിരായ നടപടികളുമായി മുന്നോ്ട്ടുപോയി.

ഐഎസ്ആർഒയിലും കേരളത്തിലും വലിയ കോളിളക്കം സൃഷ്ടിച്ച ചാരക്കേസി്്ൽ നമ്പിനാരായണൻ എന്ന ശാസ്ത്രജ്ഞനെ ഇല്ലാതാക്കാൻ നടത്തിയ കരുനീക്കം വിജയിച്ചതോടെ രാജ്യത്തിന് നഷ്ടമായത് ആ മഹാനായ ശാസ്ത്രജ്ഞന്റെ അറിവും കഴിവുകളുമാണ്. തന്റെ സാങ്കേതിക അറിവ് അമേരിക്കയ്ക്ക് അടിയറവയ്ക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച രാജ്യസ്‌നേഹിയെ ആണ് ചാരക്കേസിൽ കുടുക്കി രാജ്യദ്രോഹിയാക്കിയത്. കേസ് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുമ്പോഴേക്കും ദശാബ്ദങ്ങൾതന്നെ കഴിഞ്ഞിരുന്നു. അതിനകം നമ്പിനാരായണൻ എന്ന ശാസ്ത്രജ്ഞൻ കൊടിയ പീഡനങ്ങളും സമൂഹത്തിൽ നിന്നും അധികൃതരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഏറ്റുവാങ്ങി.

നമ്പി നാരായണനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണോയെന്ന് അന്വേഷിച്ചെന്നും, കേസിന് തെളിവ് ലഭിച്ചില്ലെന്നും സംസ്ഥാന സർക്കാർ ഇപ്പോൾ നമ്പിനാരായണൻ നൽകിയ ഹർജിക്ക് മറുപടിയായി കോടതിയെ ബോധിപ്പിച്ചു. വീണ്ടും അന്വേഷിക്കാമെന്നും ,നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കാമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. കേസിൽപ്പെടുത്തിയതിനുള്ള നഷടപരിഹാരം 25 ലക്ഷമായി ഉയർത്തണമെന്ന് കോടതി നേരത്തേ പറഞ്ഞിരുന്നു.

ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്,കെ .കെ. ജോഷ്വാ, എസ് .വിജയൻ എന്നിവർക്കെതിരെയാണ് നമ്പി നാരായണൻ പരാതി നൽകിയത്. സിബി മാത്യൂസിന്റെ അഭിഭാഷകന് അസൗകര്യമുള്ളതിനാൽ കേസ് മാറ്റണമെന്ന അഭ്യർത്ഥന എതിർഭാഗം ഉന്നയിച്ചപ്പോൾ, നമ്പിനാരായണൻ കോടതി ഗാലറിയിൽ ഇരിക്കുന്ന കാര്യം ചീഫ് ജസ്റ്റിസിനെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. തുടർന്ന് ചീഫ് ജസ്റ്റിസ് അദ്ദേഹത്തെ മുന്നിലേക്ക് വിളിപ്പിക്കുകയായിരുന്നു. യു.എസിലെ പ്രിൻസ്‌ടോണിയൻ സർവ്വകലാശാലയിൽ കമ്പസ്റ്റിയൻ ഇൻസ്റ്റബിലിറ്റി പഠിച്ച തനിക്ക് നാസയിൽ ഫെലോഷിപ്പ് ലഭിച്ചിരുന്നു. സങ്കീർണമായ വിഷയത്തിലെ അറിവു മാനിച്ച് യു.എസ് പൗരത്വം വാഗദാനം ചെയ്‌തെങ്കിലും താൻ അത് വേണ്ടെന്നു വച്ച് നാട്ടിലെത്തി. ഐ.എസ്.ആർ.ഒയിൽ ലിക്വിഡ് പ്രൊപ്പൽഷൻ ടെക്‌നിക് വിഭാഗത്തിൽ വികാസ് എൻജിൻ വികസിപ്പിക്കുന്നതിൽ പങ്ക് വഹിച്ചു. ഇതാണ് തനിക്ക് വിനയായതെന്ന് അദ്ദേഹം പറഞ്ഞു.

നമ്പിനാരായണന്റെ സാങ്കേതിക മികവ് നന്നായി തിരിച്ചറിഞ്ഞ അമേരിക്ക നാസയ്ക്കുമേൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണം കുതിച്ചുയരുന്നത് തടയിടുക എന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കമാണ് ചാരക്കേസിന്റെ സൃഷ്ടിയിൽ കലാശിച്ചതെന്ന സൂചനകളാണ് ഇതോടെ ലഭിക്കുന്നത്. ചാരക്കേസ് വന്നതോടെ ഐഎസ്ആർഓയും തളർന്നുപോയി. പിന്നീട് ദശാബ്ദങ്ങൾ പിന്നിട്ട ശേഷമാണ് ഇപ്പോൾ വീണ്ടും ഐഎസ്ആർഒയ്ക്ക് പുനരുജ്ജീവനം ഉണ്ടായിട്ടുള്ളത്. കേസ് അന്വേഷിച്ച മുൻ ഡിജിപി സിബി മാത്യൂസ്, റിട്ട.എസ്‌പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവർക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് നമ്പി നാരായണൻ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

കേസ് തുടങ്ങുന്നത് 1994 നവംബറിലാണ്. ഐഎസ്ആർഒയിൽ നിന്നു ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണഫലങ്ങൾ ചോർന്നുവെന്നു ചൂണ്ടിക്കാണിച്ച് തിരുവനന്തപുരത്ത് സർക്കിൾ ഇൻസ്പെക്ടർ എസ്.വിജയൻ രജിസ്റ്റർ ചെയ്യുന്ന കേസിലൂടെ. ശാസ്ത്രജ്ഞനായ നമ്പി നാരായണനും പ്രതിയാകുകയായിരുന്നു. അദ്ദേഹത്തിനൊപ്പം എസ്.ശശികുമാർ കൂട്ടുപ്രതിയായി. മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നീ സ്ത്രീകളും അറസ്റ്റിൽ. പൊലീസ് പരിശോധനയ്ക്കിടെ വിസ കാലാവധി കഴിഞ്ഞ മറിയം റഷീദ പിടിയിലായി. അന്വേഷണം ബെംഗളൂരുവിലുണ്ടായിരുന്ന ഫൗസിയ ഹസനിൽ എത്തുന്നു. ഫൗസിയ ഒരു യാത്രയ്ക്കിടെ ശശികുമാറിനെ പരിചയപ്പെടുകയും സൗഹൃദത്തിലാകുകയും ചെയ്തിരുന്നു. ശശികുമാറിനൊപ്പം നമ്പി നാരായണനെയും ഇവർ രണ്ടുപേരും കണ്ടിട്ടുണ്ട്. ഇതാണു കേസിന്റെ പ്രാഥമിക രൂപം. ഇവിടെ നിന്നും പിന്നീട് നിറം പിടിപ്പിച്ച ചാരക്കഥകൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചു. കേരളത്തിലെ മുൻനിര പത്രങ്ങളും ഇതിന് കൂട്ടുനിന്നു.

ഫൗസിയയും മറിയം റഷീദയും പാക്ക് ചാരസംഘടനയിലെ അംഗങ്ങളാണെന്ന സൂചനകൾ പുറത്തുവന്നതോടെ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. നമ്പി നാരായണനെയും ശശികുമാറിനെയും ഉപയോഗിച്ച് രഹസ്യങ്ങൾ ചോർത്താനായിരുന്നു ശ്രമമെന്ന വെളിപ്പെടുത്തലുമുണ്ടായി.രമൺ ശ്രീവാസ്തവ ശശികുമാറിനും നമ്പി നാരായണനും അനുകൂലമായി നിലപാട് എടുത്തുവെന്ന പേരിൽ കുറ്റാരോപിതനായി. ശ്രീവാസ്തവയെ സംരക്ഷിക്കുന്ന തരത്തിൽ കെ.കരുണാകരൻ നിയമസഭയിൽ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിനു തിരിച്ചടിയായി. ഹൈക്കോടതി പരാമർശം വന്നതോടെ അദ്ദേഹം രാജിവച്ചു.

കേസ് പിന്നീട് ഇന്റലിജൻസ് ബ്യൂറോ ഐജി ആയിരുന്ന സിബി മാത്യൂസ് ഏറ്റെടുത്തു. ആർ.ബി.ശ്രീകുമാർ, മാത്യു ജോൺ എന്നീ ഡയറക്ടർമാരും അന്വേഷണ സംഘത്തിൽ. രാജ്യത്തിനു ഹിതകരമല്ലാത്ത രീതിയിൽ ശാസ്ത്രജ്ഞന്മാർ പ്രവർത്തിച്ചു എന്നായിരുന്നു ഇവരുടെ കുറ്റപത്രം. പക്ഷേ പിന്നീട് ഹൈക്കോടതി കുറ്റപത്രം തള്ളിക്കളഞ്ഞു. രഹസ്യങ്ങൾ ചോർന്നതിനു തെളിവില്ല എന്നു ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഇത് വലിയൊരു നിയമപ്പോരാട്ടത്തിലേക്കും നയിച്ചു. കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകരിൽ ഒരാളും പ്രഗൽഭനായ ഉദ്യോഗസ്ഥൻ എന്നു പേരു കേൾപ്പിച്ചയാളുമായ സിബി മാത്യൂസും നമ്പി നാരായണനുമായിരുന്നു ഇരുവശങ്ങളിലായി.

ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവ്വാദൗത്യമായ 'മംഗൾയാൻ' വിജയിപ്പിച്ച രാജ്യമെന്ന നേട്ടത്തിൽ ഇന്ത്യ എത്തിനിൽക്കുമ്പോൾ അതിനുപയോഗിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ പിഎസ്എൽവി പദ്ധതിയിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരുടെ സംഭാവന വിസ്മരിക്കപ്പെടുകയായിരുന്നു. കോളിളക്കം സൃഷ്ടിച്ച ഈ കേസ് സൃഷ്ടിച്ചതിൽ അമേരിക്കാൻ ചാരസംഘടനക്ക് പങ്കുണ്ടോ എന്ന സംശയം ഇപ്പോൾ നിയമ നടപടികൾ നടക്കുമ്പോഴും വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP