Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അന്യ കത്തോലിക്കരെ വിവാഹം ചെയ്താൽ സഭാഗത്വം നിഷേധിക്കുന്ന ക്‌നാനായ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞു വത്തിക്കാൻ നിയമിച്ച കമ്മിഷൻ റിപ്പോർട്ട്; കനേഡിയൻ മെത്രാൻ സമർപ്പിച്ച കമ്മിഷൻ റിപ്പോർട്ടിനെതിരെ രോഷം ഉയർത്തി ക്‌നാനായ വിശ്വാസികൾ; വിവാഹത്തോടെ പുറത്തായവർക്ക് പ്രതീക്ഷ: അമേരിക്കയിലെ അധികാര തർക്കം സീറോ മലബാർ സഭയിൽ പുതിയ കുഴപ്പങ്ങൾക്ക് കാരണമാകുമ്പോൾ

അന്യ കത്തോലിക്കരെ വിവാഹം ചെയ്താൽ സഭാഗത്വം നിഷേധിക്കുന്ന ക്‌നാനായ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞു വത്തിക്കാൻ നിയമിച്ച കമ്മിഷൻ റിപ്പോർട്ട്; കനേഡിയൻ മെത്രാൻ സമർപ്പിച്ച കമ്മിഷൻ റിപ്പോർട്ടിനെതിരെ രോഷം ഉയർത്തി ക്‌നാനായ വിശ്വാസികൾ; വിവാഹത്തോടെ പുറത്തായവർക്ക് പ്രതീക്ഷ: അമേരിക്കയിലെ അധികാര തർക്കം സീറോ മലബാർ സഭയിൽ പുതിയ കുഴപ്പങ്ങൾക്ക് കാരണമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ കത്തോലിക്ക സഭയ്ക്കുള്ളിൽ തന്നെ മൂന്ന് വിഭാഗമാണുള്ളത്. ലാറ്റിൻ കത്തോലിക്കരും, സീറോ മലബാർ കത്തോലിക്കരും, സീറോ മലങ്കര കത്തോലിക്കരുമാണ്. മർത്തോമ സ്ലീഹ സ്ഥാപിച്ച സഭയാണ് തങ്ങൾ എന്നു സീറോ മലബാറുകാർ വിശ്വസിക്കുമ്പോൾ യാക്കോബായ വിശ്വാസത്തിലേയ്ക്ക് പോയ ശേഷം മടങ്ങിയെത്തിയവരുടെ സഭയായി സീറോ മലങ്കര സഭയും റോമിന്റെ നേരിട്ടുള്ള നിയമന്ത്രണത്തിന് കീഴിൽ ലാറ്റിൻ കത്തോലിക്ക വിശ്വാസവും നിലനിൽക്കുന്നു.

ഒരേ ആരാധന ക്രമവും വിശ്വാസ രീതികളും പുലർത്തുന്നുവെങ്കിലും സീറോ മലബാർ സഭയിലെ ഒരു കൂട്ടർ പ്രത്യേക ജീവിതചര്യകളും പാരമ്പര്യവും നിലനിർത്തിക്കൊണ്ട് വ്യത്യസ്തമായി നിൽകുക്കയാണ്. അവരാണ് ക്‌നാനായ കത്തോലിക്കർ. കോട്ടയം ആസ്ഥാനമാക്കിയുള്ള ഈ രൂപതയ്ക്ക് രണ്ട് സഹായ മെത്രാന്മാരുണ്ട്. അമേരിക്കയിൽ ആദ്യം കുടിയേറിയ പാർത്തവർ എന്ന നിലയിൽ സ്വന്തമായി രൂപത അംഗീകരിച്ചിരുന്നെങ്കിലും അനുവദിച്ചത് ക്‌നാനായ അല്ലാത്തവർക്കായതിന്റെതായിരുന്നു. തുടർന്ന് അന്നു മുതൽ അവിടെ തുടരുന്ന പ്രശ്‌നങ്ങൾ ഇപ്പോൾ വഷളായിരിക്കുകയാണ്. ക്‌നാനായക്കാർ വച്ചുപുലർത്തുന്ന ചില പാരമ്പര്യങ്ങൾക്കെതിരെ ക്‌നാനായ സമുദായത്തിലെ തന്നെ ചിലർ ഉയർത്തിയ ചോദ്യങ്ങളാണ് പൊട്ടിത്തെറിയിൽ എത്തി നിൽക്കുന്നത്. ക്‌നാനായ സമുദായാംഗത്വമുള്ള ഒരാളെ വിവാഹം കഴിച്ചാൽ അവർ സീറോ മലബാർ വിശ്വാസികൾ ആണെങ്കിൽ കൂടി പള്ളിയിൽ നിന്നും പുറത്താക്കുന്ന നടപടിക്കെതിരെയാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്.

നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യവും സഭാ പാരമ്പര്യവും പേറുന്ന കേരള കത്തോലിക്ക സഭയിലെ പ്രമുഖ രൂപതയായ കോട്ടയം രൂപതയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ ബിഷപ്പ് മൈക്കൽ മുൽഹാലിന്റെ ഏകാംഗ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നത്. റിപ്പോർട്ട് പൂർണ്ണമായും രൂപതാ നേതൃത്വം പുറത്ത് വിട്ടിട്ടില്ലെങ്കിലും നൂറ്റാണ്ടുകളായി സമുദായം നിഷ്‌കർഷയോടെ പാലിച്ച് പോന്നിരുന്ന ആചാര അനുഷ്ഠാനങ്ങളിലേക്കുള്ള കടന്നു കയറ്റമായിട്ടാണ് റിപ്പോർട്ടിനെ രൂപതാ പാസ്റ്ററൽ കൗൺസിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ ക്‌നാനായ ദേവാലയങ്ങളിലെ അംഗത്വത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളിൽ നിന്നാണ് കനേഡിയൻ ബിഷപ്പായ മൈക്കൽ മുൽഹാലിനെ ഏകാംഗ കമ്മീഷനായി നിയോഗിച്ചത്. കേരളത്തിലെയും അമേരിക്കയിലെയും ഇടവകകളിൽ സന്ദർശനം നടത്തിയ കമ്മീഷൻ അടുത്തിടെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വളരെയധികം ആശങ്കകളും ആശയക്കുഴപ്പങ്ങളും ആണ് റിപ്പോർട്ട് സംബന്ധിച്ച് സമുദായാംഗങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടുള്ളത്. സമുദായം ജീവന് തുല്യം പ്രാധാന്യം നൽകി കാത്ത് സൂക്ഷിച്ചിരുന്ന സ്വവംശ വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്മീഷൻ റിപ്പോർട്ടിൽ ചോദ്യം ചെയ്യുന്നത്.

ഇതിനിടെ പ്രവാസി ക്‌നാനായക്കാർക്കിടയിലും സ്വവംശ വിവാഹ വിഷയത്തിൽ തീർപ്പു കൽപ്പിച്ചു വത്തിക്കാൻ പുറത്തു വിട്ട ഉത്തരവിൽ ആശങ്ക ഏറെയാണ്. അമേരിക്കൻ ക്‌നാനായ ഇടവകയിൽ രൂപം കൊണ്ട പ്രതിസന്ധി മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയ സാഹചര്യത്തിലായിരുന്നു വത്തിക്കാന്റെ ഇടപെടൽ. സ്വവംശ വിവാഹം എന്ന ഏക ആശയം പ്രധാന അടിത്തറയാക്കി നിലനിൽപ്പ് ഭദ്രമാക്കിയ കോട്ടയം അതിരൂപതയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നടപടി ആയാണ് സമുദായ വിശ്വാസികൾ വത്തിക്കാൻ നടപടിയെ വീക്ഷിക്കുന്നത് . എന്നാൽ സഭയ്ക്കാകട്ടെ ഒരു ലക്ഷത്തോളം വിശ്വാസികൾ ക്‌നാനായക്കാർ അല്ലാത്ത ക്രിസ്ത്യനികളെ വിവാഹം ചെയ്തു എന്ന ഒറ്റക്കാരണത്താൽ പുറത്തു നിൽക്കേണ്ടി വരുന്ന സാഹചര്യം വെറുതെ നോക്കി നില്കാനുമാകില്ല. കഴിഞ്ഞ രണ്ടു വർഷമായി മാർപ്പാപ്പയും ഇക്കാര്യത്തിൽ തുറന്ന നിലപാട് തന്നെയാണ് സ്വീകരിക്കുന്നത് .

ദൈവത്തിലും ക്രിസ്തുവിലും വിശ്വസിക്കുന്നവരുടെ സമൂഹങ്ങളാണ് ക്രൈസ്തവസഭകൾ. സീറോ-മലബാർ സഭയുടെ ഭാഗമായ കോട്ടയം രൂപത അത്തരമൊരു ക്രൈസ്തവസമൂഹമാണ്. എന്നാൽ, ക്നാനായ സമൂഹത്തിനു പുറത്തുനിന്നു വിവാഹം കഴിക്കുന്നവരെ ആ സഭാസമൂഹത്തിൽനിന്നു പുറത്താക്കുന്ന ഒരു ആചാരം ഈ രൂപതയിൽ ഇന്നു നിലനിൽക്കുന്നു. മറ്റു കത്തോലിക്കാ രൂപതകളിൽനിന്ന് വിവാഹംകഴിച്ചു എന്ന ഒരേയൊരു 'തെറ്റി'ന്റെ പേരിൽ, അവർ തങ്ങളുടെ സമൂഹത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നുവെന്നത് വളരെ ദാരുണമായ ഒരു കാര്യമാണ്. അതിലൂടെ, ഒരു ഗതികെട്ട സാഹചര്യത്തിലേക്ക് അവർ തള്ളപ്പെടുന്നു. ഈ സാഹചര്യം അംഗീകരിക്കാനാവില്ലെന്നാണ് വത്തിക്കാൻ നിയോഗിച്ച ഏകാംഗ കമ്മീഷന്റെ നിലപാട്.

വത്തിക്കാൻ നിർദ്ദേശം കഴിഞ്ഞ ദിവസം ഷിക്കാഗോ ബിഷപ് കോട്ടയം അതിരൂപതയെ അറിയിച്ചതോടെയാണ് വിഷയം വീണ്ടും ചൂട് പിടിച്ചത് . സ്വവംശ നിഷ്ട്ട അമേരിക്കൻ ഇടവകയിൽ കർശനം ആക്കിയതിനു എതിരെ ഉണ്ടായ പരാതികൾ ആണ് ലോകമെങ്ങും ക്‌നനായക്കാർക്കു സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ട്ടിച്ചിരിക്കുന്നത് . വത്തിക്കാൻ നിർദ്ദേശം അംഗീകരിക്കാൻ പ്രയാസം ഉണ്ടെന്ന നിലപാടാണ് കോട്ടയം ആസ്ഥാനത്തു നിന്നും പുറത്തു വന്നിരിക്കുന്നത് . ഇതിനു ചുവടു പിടിച്ചു പ്രവാസി ക്‌നാനായക്കാർക്കിടയിലും അഭിപ്രായ സമന്വയം ഉണ്ടാക്കാൻ ഉള്ള ശ്രമമാണ് തകൃതിയായി നടക്കുന്നത് . എന്നാൽ വത്തിക്കാൻ നിർദ്ദേശം അപ്പാടെ തള്ളി എങ്ങനെ മുന്നോട്ടു പോകും , കാലാനുഗതമായ മാറ്റം അനിവാര്യമാണ് എന്ന ചിന്തയിൽ പൊതു അഭിപ്രായ സമന്വയം ഉണ്ടാകണം എന്ന് ചൂണ്ടികാട്ടുന്നവരും തീരെ കുറവല്ല .

ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ചു പഠിക്കാൻ കമ്മീഷൻ രൂപം കൊള്ളുന്നത് . പൗരസ്ത്യ സഭ കാര്യാ ചുമതലയുള്ള ഓറിയന്റൽ കോൺഗ്രിഗേഷൻ ഷിക്കാഗോ രൂപതയ്ക്ക് ഇത് സംബന്ധിച്ച തീരുമാനം കൈമാറിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം അതിരൂപത ആസ്ഥാനത്തും പ്രവാസി കേന്ദ്രങ്ങളിലും സജീവ ചർച്ചയാണ് . ക്‌നാനായ സഭയിൽ വരും നാളുകളിൽ കൂടുതൽ ചർച്ചയ്ക്കും എതിർപ്പുകൾക്കും ബിഷപ്പ് മൈക്കൽ മുൽഹാലിന്റെ ഏകാംഗ കമ്മീഷൻ റിപ്പോർട്ട് കാരണമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ക്‌നാനായ കാത്തലിക് കോൺഗ്രസ് ഉൾപ്പെടെ ഈ റിപ്പോർട്ടിന് എതിരെ രംഗത്ത് വന്നു കഴിഞ്ഞ സ്ഥിതിക്ക് ഇത് ഏറെക്കുറെ പ്രകടമായിക്കഴിഞ്ഞു. യുകെയിലെ ക്‌നാനായ മിഷൻ രൂപീകരണ പ്രവർത്തനങ്ങൾക്ക് ഇത് ഇപ്പോൾ തന്നെ തടയിട്ടു കഴിഞ്ഞ സ്ഥിതിയാണ്. ഈ കാര്യത്തിൽ കുറെയേറെ മുന്നോട്ട് പോയിക്കഴിഞ്ഞ യുകെയിലെ ക്‌നാനായക്കാർ ഈ റിപ്പോർട്ടിൽ വളരെ അസ്വസ്ഥരാണ്. തങ്ങളുടെ അമർഷം സമുദായ നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞ ഇവർ പാരമ്പര്യങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും കോട്ടം തട്ടുന്ന ഒരു നിലപാടിനും കൂട്ട് നിൽക്കില്ല എന്നും വ്യക്തമാക്കി കഴിഞ്ഞു.

ഇത്തരം ഒരു നിർണ്ണായക ഘട്ടത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രതികരണം ഏത് രീതിയിൽ ആയിരിക്കും എന്നതാണ് യുകെയിലെ ക്‌നാനായക്കാർ ഉറ്റു നോക്കുന്നത്. ക്‌നാനായ മിഷനുകൾ ക്‌നാനായക്കാർക്ക് മാത്രമാണ് എന്ന് പറയുകയും ഓറിയന്റൽ ചർച്ച് റിപ്പോർട്ടിനെ അനുകൂലിക്കുകയും ചെയ്യുമോ എന്നതാണ് മറ്റൊരു ആശങ്ക. യുകെകെസിഎയുടെ ഒരു അസാധാരണ പൊതുയോഗം ഈ ശനിയാഴ്ച ഉച്ചയ്ക്ക് യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ വിളിച്ച് ചേർത്തിരിക്കുന്നത് ചില നിർണ്ണായക തീരുമാനങ്ങൾക്കും പ്രഖ്യപനങ്ങൾക്കും ആണെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്. എന്തായാലും വരും ദിവസങ്ങൾ സീറോ മലബാർ സഭയെ സംബന്ധിച്ചും ക്‌നാനായ സമുദായത്തെ സംബന്ധിച്ചും വളരെ പ്രാധാന്യം ചർച്ചകൾക്കാണ് തുടക്കമിടുന്നത്. വിശേഷാവസരങ്ങളിൽ, പ്രത്യേകിച്ച് വിവാഹത്തോടനുബന്ധമായി ധാരാളം ആചാരാനുഷ്ഠാനങ്ങൾ ക്‌നാനായരുടെയിടയിൽ നിലവിലുണ്ട്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് മൈലാഞ്ചിയിടീൽ, ചന്തം ചാർത്തൽ, നെല്ലും നീരും കൊടുക്കൽ, വാഴൂപിടിത്തം, പാലും പഴവും കൊടുക്കൽ, കച്ച തഴുകൽ, അടച്ചു തുറ, എണ്ണ തേപ്പ് തുടങ്ങിയ കൗതുകകരമായ ചടങ്ങുകൾ ഒട്ടേറെയുണ്ട്.

ക്‌നാനായ സമുദായവും കോട്ടയം അതിരൂപതയും സീറോ മലബാർ സഭയുടെ അവിഭാജ്യഘടകമാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരത്തെ വിശദീകരിച്ചിരുന്നു. ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യവും ശക്തിയും നിലനിൽക്കേണ്ടതും കാത്തുസൂക്ഷിക്കേണ്ടതും സഭയുടെയും സമൂഹത്തിന്റെയും ആവശ്യമാണെന്നും മാർ ആലഞ്ചേരി പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ക്‌നാനായ സഭയുടെ നിലപാട്. സഭാത്മകവും വിശ്വാസസംരക്ഷണത്തിനുതകുന്നതുമായ ആശയരൂപീകരണം നടത്താനും ക്‌നാനായ സമുദായത്തിന്റെ അനന്യത നിലനിർത്തി വിശ്വാസവെളിച്ചത്തിൽ മുന്നേറാനുമാണ് ശ്രമിക്കുന്നതെന്നും അവർ വിശദീകരിക്കുന്നു. എന്നാൽ വിവാഹ വിഷയത്തിൽ സീറോ മലബാർ സഭയെ പോലും അംഗീകരിക്കില്ലെന്ന ക്‌നാനായക്കാരുടെ പക്ഷം അംഗീകരിക്കാനാവില്ലെന്ന തന്നെയാണ് വത്തിക്കാന്റെ നിലപാട്.

ക്‌നാനായക്കാർ ഒരു പ്രത്യേക വിഭാഗമാണ്. അവർ ക്‌നാനായി തൊമ്മന്റെ വംശത്തിൽ പെടുന്നു. അവർ അവരുടെ തനിമയിൽ നിലനിൽക്കുന്നു. അവർ അവരുടെ രക്ത ബന്ധങ്ങൾ മാറ്റുവാൻ തയ്യാറാകില്ല. ആരെങ്കിലും വിവാഹം വഴിയോ മറ്റോ മാറിയാൽ അവർ പുറത്താകുകയാണ്. അവരുടെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ചെറിയ വ്യത്യാസങ്ങളുമുണ്ട്. ഒരു ക്‌നാനായക്കാരെന്റെ ആവശ്യമാണ് ക്‌നാനായ സമുദായം നിലനിറുത്തുക എന്നുള്ളത്. മറ്റു മതവിഭാഗങ്ങളിൽ ഉള്ളവർക്കോ പുരോഹിതർക്കോ മെത്രാനോ ഒന്നുമല്ല നമ്മൾ ഓരോരുത്തരുമാണ് തീരുമാനിക്കേണ്ടത്. ക്‌നാനാനായരുടെ പൂർവികർ AD345 ൽ കേരളത്തിലേക്ക് വന്നപ്പോൾ അവർ തുടർന്ന് പോന്നിരുന്ന ആചാരാനുഷ്ടാനങ്ങൾ തുടർന്ന് പൊന്നു. അവർ കുടിയേറിയ സ്ഥലങ്ങളിലെല്ലാം ആചരിച്ചുപോന്നു.

സിറോ മലബാർ സഭയുടെ ഭാഗമാണ് ക്‌നാനായക്കാർ എന്ന് വാതോരാതെ പറയുകയും എന്നാൽ ക്‌നാനായ സമുദായത്തെ എങ്ങനെ ഇല്ലാതാക്കാമെന്നു അവർ മനസ്സിൽ കണക്കുകൂട്ടി അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ അമേരിക്കയിൽ കാണുന്നത്. അമേരിക്കയിൽ ക്‌നാനായ സമുദായത്തെ ദുര്ബലമാക്കിയാൽ അവരുടെ കാര്യങ്ങൾ എളുപ്പമാകുമല്ലോ. അവരുടെ കള്ളത്തരങ്ങൾ മനസിലാക്കി പ്രതികരിക്കുവാൻ തയാറാകണമെന്നാണ് ക്‌നനായക്കാരിൽ ഭൂരിഭാഗത്തിന്റേയും നിലപാട്. ക്‌നാനായക്കാരൻ അവൻ ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും അവന്റെ ആചാരാനുഷ്ടാനങ്ങൾ കൃത്യമായി പാലിച്ചു പൊന്നു. അതിനാൽ ക്‌നാനായ സമൂഹം ഇന്നും നിലനിൽക്കുന്നു. ക്‌നാനായരുടെ മക്കൾ മറ്റു സമുദായത്തിൽ നിന്നും വിവാഹം കഴിക്കുന്നുണ്ട് അങ്ങനെ വിവാഹം കഴിച്ചാൽ അവർ നമ്മുടെ രൂപതയിൽ അനുവാദം വാങ്ങി പോകുന്നു ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അവർ പറയുന്നു. ഈ പശ്ചാത്തലത്തിൽ സമൂഹത്തെ ഒപ്പം നിർത്തി ആഞ്ഞടിക്കുവാൻ തയ്യാറാകുകയാണ് ക്‌നാനായ വിമോചന മുന്നണിയെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP