Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജേക്കബ് തോമസിന്റെ രാജി കാത്ത് മാണി മുതൽ ജയരാജൻ വരെ; ഇടത് വലത് ഭേദമില്ലാതെ എല്ലാവരും ആഹ്ലാദത്തിൽ; തുടരാൻ അനുവദിക്കണമെന്ന് ആഗ്രഹിക്കുന്ന പിണറായിക്ക് മേൽ രാജി സ്വീകരിക്കാൻ കടുത്ത സമ്മർദ്ദം; അഴിമതിയുടെ വേരറുക്കാൻ കച്ചകെട്ടി ഇറങ്ങിയ ഐപിഎസുകാരനെ പുകച്ചു പുറത്ത് ചാടിക്കുന്നത് കള്ളക്കഥ മെനഞ്ഞ്

ജേക്കബ് തോമസിന്റെ രാജി കാത്ത് മാണി മുതൽ ജയരാജൻ വരെ; ഇടത് വലത് ഭേദമില്ലാതെ എല്ലാവരും ആഹ്ലാദത്തിൽ; തുടരാൻ അനുവദിക്കണമെന്ന് ആഗ്രഹിക്കുന്ന പിണറായിക്ക് മേൽ രാജി സ്വീകരിക്കാൻ കടുത്ത സമ്മർദ്ദം; അഴിമതിയുടെ വേരറുക്കാൻ കച്ചകെട്ടി ഇറങ്ങിയ ഐപിഎസുകാരനെ പുകച്ചു പുറത്ത് ചാടിക്കുന്നത് കള്ളക്കഥ മെനഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴ മുതൽ ബന്ധുത്വ നിയമന വിവാദം വരെ ജേക്കബ് തോമസിന് ഉറച്ച നിലപാടുകളായിരുന്നു. ബാർ കോഴയിൽ കെ എം മാണിയും കെ ബാബുവും കുടുങ്ങിയത് വിജിലൻസിന്റെ തലപ്പത്ത് ജേക്കബ് തോമസ് എത്തിയതു കൊണ്ടായിരുന്നു. ഇതിനിടെ കോൺഗ്രസ്-സിപിഐ(എം) നേതാക്കളുടെ അനധികൃത സ്വത്തിനെ കുറിച്ച് ബിജെപി നേതാവ് വി മുരളീധരന്റെ പരാതിയും ജേക്കബ് തോമസിന് മുന്നിലെത്തി. ഇതും പരിശോധിച്ചു. പല ആരോപണങ്ങളിലും കഴമ്പുണ്ടെന്ന് കണ്ടെത്തുന്നതിനിടെയായിരുന്നു ബന്ധുത്വ നിയമന വിവാദം. കൃത്യമായി മുന്നോട്ട് പോയാൽ ഇപി ജയരാജൻ കുടുങ്ങുമെന്ന് ഉറപ്പായ കേസ്. ഇതോടെ ജേക്കബ് തോമസിന് കരുത്തരായ പുതിയ ശത്രുക്കളെ കിട്ടി. ഇതിനൊപ്പം ഐപിഎസുകാരിലെ ചിലരും. ഇതോടെ ജേക്ക്‌ബ് തോമസിനെതിരേയും പല ആരോപണങ്ങൾ പൊടി തട്ടിയെടുത്തു. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പഴയ കണ്ടെത്തലുകൾ പുതിയതായി വീണ്ടുമെത്തി. സ്ഥാനം ഒഴിയാൻ ജേക്കബ് തോമസ് കത്തും നൽകി. ഇത് അംഗീകരിച്ചാൽ ജേക്കബ് തോമസ് രാജിവയ്ക്കുമെന്നാണ് ഇടത്-വലത് നേതാക്കളുടെ പ്രതീക്ഷ.

വിജിലൻസിനെ കൂട്ടിലടച്ച തത്തയിൽ നിന്ന് സ്വതന്ത്രമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മുഖ്യമന്ത്രിയുടെ പിന്തുണ ഇപ്പോഴും ജേക്കബ് തോമസിനുണ്ട്. എന്നാൽ അന്വേഷണങ്ങൾ സിപിഎമ്മിലെ പ്രമുഖർക്കെതിരെ തിരിയുമെന്നതിനാൽ ജേക്കബ് തോമസിനെ മാറ്റാൻ സമ്മർദ്ദം ഏറെയുണ്ട്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെഎം എബ്രഹാമും സമാന രീതിരിയിൽ സ്ഥാനം ഒഴിയാൻ കത്ത് നൽകിയിരുന്നു. എന്നാൽ കെ എം എബ്രഹാമിന്റെ കത്ത് തള്ളുകയാണ് സർക്കാർ ചെയ്തത്. ജേക്കബ് തോമസിന്റെ കാര്യത്തിൽ ഇതുണ്ടാകില്ല. അദ്ദേഹത്തിന്റെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധതയും രാജിയുമെല്ലാം പിണറായിക്ക് അംഗീകരിക്കേണ്ടി വരും. സിപിഎമ്മിലേയും മന്ത്രിസഭയിലേയും വലിയൊരു വിഭാഗം വിജിലൻസ് കൂട്ടിലടച്ച തത്തയാകുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരാണ്. അങ്ങനെ ഇടത് വലത് മുന്നണികളിലെ പ്രധാനികൾ ജേക്കബ് തോമസിനെതിരെ ഒരുമിക്കുകയാണ്.

വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു തന്നെ മാറ്റണമെന്നു ഡോ.ജേക്കബ് തോമസ് സർക്കാരിനോടു രേഖാമൂലം ആവശ്യപ്പെട്ടത് ഇവർക്കാണ് അനുഗ്രഹമാകുന്നത്. അതിനൊപ്പം വിജിലൻസ് ആസ്ഥാനത്തു തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായ ആരോപണവുമായി മുൻ ഡയറക്ടർ ഡിജിപി എൻ.ശങ്കർ റെഡ്ഡിയും രംഗത്തുവന്നതോടെ പൊലീസ് തലപ്പത്തു പൊട്ടിത്തെറിയായി. മനഃപൂർവം പീഡിപ്പിക്കുന്നതായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഒരുവിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടതും പിന്നാലെ തനിക്കെതിരായ ധനകാര്യ റിപ്പോർട്ട് പുറത്തുവന്നതുമാണു സ്ഥാനമൊഴിയാൻ തീരുമാനിക്കാൻ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചതെന്നാണു സൂചന. മന്ത്രിപദം രാജിവച്ച ഇ.പി.ജയരാജനെതിരെ നടക്കുന്ന പ്രാഥമിക അന്വേഷണവും പദവിവിടാൻ പ്രേരണയായി. വ്യക്തിപരമായ കാരണത്താൽ ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാണു മുഖ്യമന്ത്രിക്കും ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും നൽകിയ കത്തിൽ ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുള്ളത്. സർക്കാർ എന്തു നിലപാട് എടുക്കുമെന്നു വ്യക്തമായിട്ടില്ല. നളിനി നെറ്റോയെ നേരിൽക്കണ്ടാണ് ജേക്കബ് തോമസ് കത്തു നൽകിയത്. കത്ത് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയെങ്കിലും ഉടൻ തീരുമാനമെടുക്കേണ്ടതില്ലെന്നാണു നിർദ്ദേശം. എന്നാൽ, ഡി.ജി.പി. അവധിയിൽ പ്രവേശിക്കുമെന്നാണു സൂചന.

ഈ സർക്കാർ അധികാരമേറ്റയുടൻ നടത്തിയ ആദ്യ ഉന്നത നിയമനങ്ങളിൽ ഒന്നാണു ജേക്കബ് തോമസിന്റേത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു കെ.എം.മാണിക്കെതിരായ ബാർ കേസ് പുരോഗമിക്കവേ എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസിൽ നിന്നു മാറ്റിയിരുന്നു. പകരം ശങ്കർ റെഡ്ഡിയെയാണു ഡയറക്ടറാക്കിയത്. ഈ സർക്കാർ ശങ്കർ റെഡ്ഡിക്കു രണ്ടു മാസത്തോളം പകരം നിയമനം നൽകാതെ പുറത്തുനിർത്തിയ ശേഷമാണു സ്റ്റേറ്റ് ക്രൈം റിക്കോർഡ്‌സ് ബ്യൂറോ ഡയറക്ടറായി നിയമിച്ചത്. തുറമുഖ ഡയറക്ടറായിരിക്കേ ജേക്കബ് തോമസ് ക്രമക്കേടു നടത്തിയെന്നും നടപടി വേണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതു പ്രതിപക്ഷത്തിനു കിട്ടിയ വടിയായിരുന്നു. നിയമസഭയ്ക്കുള്ളിൽ ഈ റിപ്പോർട്ട് മുൻനിർത്തി പ്രതിപക്ഷം ജേക്കബ് തോമസിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ശങ്കർ റെഡ്ഡിക്കെതിരെ ഇന്നലെ ഹൈക്കോടതിയിൽ വിജിലൻസ് സത്യവാങ്മൂലം നൽകിയതിനെതിരെ റെഡ്ഡി രൂക്ഷമായ ഭാഷയിലാണു പ്രതികരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ ആഭ്യന്തരസെക്രട്ടറിയെ സന്ദർശിച്ച അദ്ദേഹം വിജിലൻസിൽനിന്ന് മാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഒരു സർക്കാരും ഒരു കസേരയിൽ ആറുമാസം അടുപ്പിച്ചിരുത്തിയിട്ടില്ലാത്ത ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ പദം ഏറ്റെടുത്തിട്ട് നാലരമാസമേ ആയുള്ളൂ. ചുമതലയേറ്റദിവസം ചുവപ്പും മഞ്ഞയും കാർഡുകൾ കീശയിൽനിന്ന് എടുത്തുകാട്ടിയ ജേക്കബ് തോമസ്, അഴിമതിക്കാർക്ക് പുറത്തേക്കുവഴി കാണിക്കുമെന്ന് പറഞ്ഞിരുന്നു. ഉന്നതർ പ്രതിയായ ടൈറ്റാനിയം, പാമോലിൻ കേസുകൾ, വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മൈക്രോ ഫിനാൻസ് കേസിൽ എഫ്.ഐ.ആർ, ഉന്നതരെ പ്രതിയാക്കി കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയന്വേഷണം, സ്പോർട്സ് കൗൺസിൽ അഴിമതിയന്വേഷണം, മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരായ അന്വേഷണം, കെ.എം.മാണി പ്രതിയായ ബാർ കോഴക്കേസിൽ തുടരന്വേഷണം തുടങ്ങി വില്ലേജ് ഓഫീസുകളിലെ അഴിമതിയന്വേഷണങ്ങൾ വരെ നീളുന്നതാണ് വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ ജേക്കബ് തോമസിന്റെ പ്രവർത്തനങ്ങൾ.

സോളാർ പാനൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് 52 ലക്ഷം രൂപയുടെ ക്രമക്കേടു നടത്തിയെന്നാണു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. ബാർക്കോഴക്കേസ് അന്വേഷണം മൂർധന്യത്തിൽ എത്തിനിൽക്കവെയാണ് മുൻധനമന്ത്രി കെ.എം.മാണിയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട് തയാറാക്കിയത്. വിശ്വാസ്യതയ്ക്കു മങ്ങലേറ്റ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടറായി തുടരുന്നതിൽ അർഥമില്ലെന്നു ജേക്കബ് തോമസ് വിശദീകരിക്കുന്നു. ഇന്നുമുതൽ അദ്ദേഹം ഓഫീസിൽ എത്തില്ലെന്നാണു സൂചന.
ഉരുൾപൊട്ടലും ഭൂകമ്പവും അടിക്കടിയുണ്ടാകുന്ന നാട്ടിൽനിന്നു വന്ന താൻ ഇളംകാറ്റിൽ പറക്കില്ലെന്നാണു റിപ്പോർട്ട് പുറത്തുവന്നയുടൻ തിങ്കളാഴ്ച തിരുവനന്തപുരത്തു ജേക്കബ് തോമസ് പറഞ്ഞത്. ഈ പ്രസ്താവന നടത്തി 24 മണിക്കൂർ കഴിയും മുമ്പാണു സ്ഥാനമൊഴിയലിന് അനുമതിതേടിയുള്ള കത്ത്.

1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഫയർഫോഴ്‌സ് മേധാവി, വിജിലൻസ് എ.ഡി.ജി.പി. തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ മേലങ്കിയില്ലെങ്കിലും അഴിമതിക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നു ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കാർക്കു താൻ വിജിലൻസ് ഡയറക്ടറായി തുടരുന്നതിൽ താൽപര്യമില്ല. ഇനിയും തനിക്കെതിരേ അവർ അഴിമതിയാരോപണങ്ങൾ ഉന്നയിക്കും. ചില റിപ്പോർട്ടുകൾ അണിയറയിൽ തയാറായിക്കൊണ്ടിരിക്കുകയാണ്.കോടതിയിൽനിന്നു തനിക്കെതിരേ പരാമർശമുണ്ടാക്കാനാണു ചിലരുടെ ഗൂഢശ്രമം. തുറമുഖ വകുപ്പിലെ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട് അഴിമതിക്കഥ മെനയാനും ഉന്നതതലത്തിൽ ശ്രമമുണ്ട് ജേക്കബ് തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP