Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിച്ച് ശ്രീലക്ഷ്മിയുടെ മിടുക്ക്; ആദ്യം ഓടിക്കാൻ ശ്രമിച്ച പിസി ജോർജ് കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടപ്പോൾ സഹായിയായി മാറി; മുൻ ചീഫ് വിപ്പിന് വാർത്ത പ്രാധാന്യം നൽകിയത് ആക്ഷേപത്തിന് കാരണക്കാരിയായ നടി

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിച്ച് ശ്രീലക്ഷ്മിയുടെ മിടുക്ക്; ആദ്യം ഓടിക്കാൻ ശ്രമിച്ച പിസി ജോർജ് കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടപ്പോൾ സഹായിയായി മാറി; മുൻ ചീഫ് വിപ്പിന് വാർത്ത പ്രാധാന്യം നൽകിയത് ആക്ഷേപത്തിന് കാരണക്കാരിയായ നടി

മറുനാടൻ മലയാളി ബ്യൂറോ

ഈരാറ്റുപേട്ട: ബാർ കോഴയിൽ കെ എം മാണിയെ കൈവിട്ട് യുഡിഎഫിന് പുറത്തുവന്ന പിസി ജോർജിന് കഷ്ടകാലമായിരുന്നു. ചീഫ് വിപ്പ് സ്ഥാനം പോയതോടെ വാർത്താ പ്രാധാന്യവും കുറഞ്ഞു. പഴയതു പോലെ പറയുന്നതെല്ലാം വാർത്തയല്ലാതെയായി. ഇതോടെ പൂഞ്ഞാറിലും ഗ്രിപ്പ് കുറയാൻ തുടങ്ങി. ഇതു മനസ്സിലാക്കിയാണ് ജഗതിയെ പൂഞ്ഞാറിലെത്തിച്ചത്. വോട്ട് പിടിച്ചു നിർത്താനുള്ള തന്ത്രം. എന്നാൽ പൂഞ്ഞാറിലെ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും മുൻ ചീഫ് വിപ്പിന് പേരുദോഷമാണ് നൽകിയത്. കുടുംബത്തിലെ പ്രശ്‌നങ്ങൾ ജനം ചർച്ച ചെയ്യാൻ തുടങ്ങി.

വാഹനാപകടത്തിനുശേഷം നടൻ ജഗതി ശ്രീകുമാർ ആദ്യമായി പങ്കെടുത്ത പൊതുപരിപാടിക്കിടെ രണ്ടാമത്തെ മകൾ ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറി ജഗതിയെ ആലിംഗനം ചെയ്ത് ഉമ്മവച്ചത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയായിരുന്നു. പിടിച്ചു മാറ്റാൻ പി. സി. ജോർജ് എംഎൽഎ അടക്കമുള്ളവർ ആദ്യം ശ്രമിച്ചെങ്കിലും പിന്നീടു ജഗതിയുടെ അടുത്ത് ഇരിക്കാൻ ശ്രീലക്ഷ്മിയെ അനുവദിച്ചു. പത്തു മിനിറ്റോളം അച്ഛനൊപ്പം ചെലവഴിച്ചശേഷം ശ്രീലക്ഷ്മി മടങ്ങി. ജഗതി ശ്രീകുമാറിന്റെയും തിരുവനന്തപുരം സ്വദേശി ഒ. ശശികലയുടെയും മകളാണു ശ്രീലക്ഷ്മി. മകളോടുള്ള വാൽസല്യം ജഗതിയുടെ മുഖത്ത് വ്യക്തമായിരുന്നു. മകൾക്ക് ഉമ്മ നൽകിയതും ഇതിന് തെളിവ് തന്നെയാണ്. ജോർജിന്റെ മകന്റെ ഭാര്യയാണ് ജഗതിയുടെ മറ്റൊരു മകൾ. ഇവരുടെ പിടിവാശിയുടെ ഫലമായാണ് ശ്രീലക്ഷ്മിക്ക് ജഗതിയെ കാണാൻ കഴിയാത്തത്. സ്വത്ത് പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ശ്രീലക്ഷ്മി നടത്തുന്നതെന്ന വിശദീകരണം ഷോൺ ജോർജിന്റെ ഭാര്യയായ ജഗതിയുടെ മകൾ നടത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നു. പൂഞ്ഞാറിൽ ജഗതിയെ കൊണ്ടു വന്ന് കൈയടി നേടാനുള്ള ശ്രമം നടത്തുന്ന ജോർജ് ഈ കുടുംബപ്രശ്‌നത്തിൽ എടുക്കുന്ന നിലപാട് സംശയാസ്പദമാണ്.

പൊതുപരീക്ഷകളിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കു പി. സി. ജോർജ് എംഎൽഎ ഏർപ്പെടുത്തിയ പുരസ്‌കാരവിതരണ വേദിയിലായിരുന്നു ജഗതിയുടെ രണ്ടാമത്തെ മകൾ ഓടിക്കയറിയത്. അരുവിത്തുറ സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ മൂന്നിനാണ് ജഗതി ശ്രീകുമാർ വീൽചെയറിൽ വേദിയിലെത്തിയത്. ഉടൻതന്നെ പി. സി. ജോർജ് അധ്യക്ഷപ്രസംഗം ആരംഭിച്ചു. ദുപ്പട്ടകൊണ്ടു തല മറച്ച പെൺകുട്ടി ഇതിനിടെ സദസ്സിൽനിന്നു വേദിയിലേക്ക് ഓടിക്കയറി ജഗതിയെ ആലിംഗനം ചെയ്ത് ഉമ്മവച്ചു. പി. സി. ജോർജ് ഉൾപ്പെടെയുള്ള സംഘാടകർ പിടിച്ചുമാറ്റാൻ ശ്രമിച്ചതോടെ ശ്രീലക്ഷ്മി പ്രതിഷേധിച്ചു. കയ്യിൽ പിടിച്ചവരോട് ഞാൻ ഒരു പെൺകുട്ടിയാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ ജോർജ് അടക്കമുള്ളവർ മാറി നിന്നു. ഇതു നീയായിരുന്നോ, എങ്കിൽ പറഞ്ഞിട്ടു വരണ്ടേയെന്നു ചോദിച്ച പി. സി. ജോർജ്, ജഗതിക്ക് അരികിലെ കസേരയിൽ ഇരിക്കാൻ ശ്രീലക്ഷ്മിയെ അനുവദിച്ചു.

എന്നാൽ ജഗതിയുടെ മുഖഭാവത്തിലെ മാറ്റവും പരിപാടിക്കെത്തിയ ആൾക്കൂട്ടത്തേയും മനസ്സിലാക്കിയായിരുന്നു പിസി ജോർജിന്റെ മനസ്സ് മാറ്റം. ഏതായാലും പരിപാടിക്ക് കിട്ടിയ വാർത്താ പ്രാധാന്യം നെഗറ്റീവായി. ശ്രീലക്ഷ്മിയായിരുന്നു താരം. മുമ്പ് ശ്രീലക്ഷ്മിയെ വീട്ടിൽ കേറ്റാതിരിക്കുന്നതിന് കരുക്കൾ നീക്കയതിൽ ജോർജുമുണ്ടായിരുന്നു. ഇത് സംബന്ധിച്ച പരാതി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവരോട് പറയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ശ്രീലക്ഷ്മിക്ക് അച്ഛനെ സ്ഥിരമായി കാണാൻ കഴിഞ്ഞില്ല. ഒരിക്കൽ മാത്രമാണ് കോടതിയുടെ അനുമതിയോടെ കഴിഞ്ഞത്. സ്വത്ത് തട്ടിയെടുക്കാനാണ് ശ്രീലക്ഷ്മിയുടെ ശ്രമമെന്നാണ് വാദം. എന്നാൽ അച്ഛന്റെ സ്വത്തിന് ശ്രീലക്ഷ്മിക്കും അവകാശമുണ്ട്. തന്റെ മകളാണ് ശ്രീലക്ഷ്മിയെന്ന് അപകടത്തിന് തൊട്ടു മുമ്പ് ജഗതി തന്നെ പരസ്യമായി പറഞ്ഞിരുന്നു. ഓർമ്മക്കുറവുള്ള ജഗതി, പൂഞ്ഞാറിലെ വേദിയിലും മകളോട് സ്‌നേഹ വാൽസല്യം പ്രകടിപ്പിച്ചതിൽ നിന്നും കാര്യങ്ങൾ വ്ക്തമാണ്.

ഓടിക്കയറിയ പെൺകുട്ടി ശ്രീലക്ഷ്മിയാണെന്ന് വേദിയിലും സദസ്സിലുമുണ്ടായിരുന്നവർ തിരിച്ചറിയുന്നത് അപ്പോഴാണ്. ജഗതി ശ്രീകുമാറിന്റെ കയ്യിൽ മുറുകെപ്പിടിച്ച ശ്രീലക്ഷ്മിയുടെ കയ്യിൽ ജഗതിയും മുറുകെപ്പിടിച്ചു. സന്തോഷംകൊണ്ടു കരഞ്ഞുപോയ ശ്രീലക്ഷ്മി വിശേഷങ്ങൾ അച്ഛനോടു പറഞ്ഞു. മകളുടെ സാമീപ്യം ജഗതിക്കും സന്തോഷമേകിയതായി അദ്ദേഹത്തിന്റെ മുഖഭാവത്തിൽനിന്നു സദസ്സിലുള്ളവർക്കും ബോധ്യപ്പെട്ടു. ശ്രീലക്ഷ്മി പറയുന്നതു ജഗതി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സംസാരത്തിനിടെത്തന്നെ ശ്രീലക്ഷ്മിയെ ജഗതി ഉമ്മവച്ചു. പത്തു മിനിറ്റോളം അവിടെയിരുന്ന ശ്രീലക്ഷ്മി പിന്നീടു ജഗതിയുടെ ഇരുകവിളുകളിലും ഉമ്മവച്ചശേഷം അദ്ദേഹത്തോടു മാത്രം യാത്രപറഞ്ഞു പെട്ടെന്നു വേദിവിട്ടിറങ്ങി.

പപ്പയെ കാണാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സമ്മതിക്കാത്തതുകൊണ്ടാണ് ഇത്തരത്തിലൊരു മാർഗം തിരഞ്ഞെടുക്കേണ്ടിവന്നതെന്നു മകൾ ശ്രീലക്ഷ്മി പിന്നീട് വിശദീകരിച്ചു. ''മനഃപൂർവം ഒരു പ്രശ്‌നം ഉണ്ടാക്കാനല്ല അവിടെയെത്തിയത്. ഭരണങ്ങാനത്തെ പള്ളിയിലേക്കു പോകുംവഴി റോഡരികിലെ ബോർഡ് കണ്ടിട്ടാണു പരിപാടിയെക്കുറിച്ച് അറിയുന്നതും അതിൽ തന്റെ പപ്പയാണു മുഖ്യാതിഥിയെന്നു മനസ്സിലാക്കിയതെന്നും പറയുന്നു. എന്നാൽ മുൻകൂട്ടി നല്ല പബ്ലിസിറ്റി കൊടുത്തിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാഷ്ട്രീയ നേട്ടത്തിനുള്ള വേദിയാക്കിയ ജഗതിയുടെ ചടങ്ങിനെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. അതു തന്നെയാണ് ശ്രീലക്ഷ്മിയെ അവിടെ എത്തിച്ചതെന്നും വ്യക്തമാണ്. അച്ഛന്റെ അടുത്തെത്താൻ കൃത്യമായി തന്നെ കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിഞ്ഞത് അതുകൊണ്ട് മാത്രമാണ്.

''മൂന്നു വർഷമായി പപ്പയെ കണ്ടിട്ട്. അതുകൊണ്ട് ഇത്തവണ കാണണമെന്നുതന്നെ തീരുമാനിച്ചു. ദൂരെ നിന്നു കണ്ടിട്ടു കാര്യമില്ലാത്തതിനാലാണു വേദിയിലേക്ക് ഓടിക്കയറാൻ തീരുമാനിച്ചത്. കാണാൻ പറ്റുമെന്നു കരുതിയതല്ല. അദ്ദേഹം വളരെ സന്തോഷത്തിലാണ്. ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. സംസാരവും ചലനവും മാത്രം ശരിയായാൽ മതി. എന്നെ മനസ്സിലായെന്നു തലയാട്ടിക്കാണിച്ചു, ചുംബിച്ചു. വിശേഷങ്ങൾ പറഞ്ഞപ്പോൾ അതെല്ലാം ശ്രദ്ധയോടെ കേട്ടു. മുൻപും സംസാരിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾ സമ്മതിച്ചില്ല. കാരണം അറിയില്ല. എന്റെ പപ്പയ്‌ക്കൊപ്പം പത്തു മിനിറ്റോളം ചെലവഴിക്കാൻ സഹായിച്ച പി. സി. ജോർജ് അങ്കിളിനോട് ഒരുപാടു നന്ദിയുണ്ട്.'' ശ്രീലക്ഷ്മി പറഞ്ഞു.

മൂന്നുവർഷത്തിനുശേഷമാണ് ജഗതി ശ്രീകുമാറിനെ കാണുന്നതെന്ന് മകൾ ശ്രീലക്ഷ്മി പറഞ്ഞു. അപകടത്തിനുശേഷം ഒരുവർഷംകഴിഞ്ഞ് തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി കണ്ടെങ്കിലും അവിടത്തെ എതിർപ്പുകാരണം അഞ്ചുമിനുട്ടുപോലും ചെലവഴിക്കാൻ കഴിഞ്ഞില്ല. അതിനുശേഷം ഇപ്പോഴാണ് അച്ഛനെക്കാണുന്നത്. പപ്പയെക്കാണാൻ പറ്റാത്തസാഹചര്യം അദ്ദേഹത്തോട് വിശദമായി പറഞ്ഞു. അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലായിയെന്നും ശ്രീലക്ഷ്മി പറഞ്ഞു. തിരുവനന്തപുരത്ത് സ്വന്തം വീടുണ്ടെങ്കിലും അമ്മയോടൊത്ത് എറണാകുളത്ത് ഫ്‌ലാറ്റിലാണ് താമസം. തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി സിനിമകളിലും അഭിനയിക്കുന്നുണ്ട്. പ്രശ്‌നങ്ങൾ ഉണ്ടാക്കാനല്ല അവാർഡ്ദാനചടങ്ങിൽ പോയതെന്നും അതിനാലാണ് മാദ്ധ്യമങ്ങളെപ്പോലുംകാണാതെ അവിടെനിന്ന് മടങ്ങിയതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

എന്തായാലും ശ്രീലക്ഷ്മിയുടെ തന്റേടം മഹാനടന്റെ വികാര പ്രകടനത്തിന് കാരണമായത് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. അസാധാരണമായ വികാര പ്രകടനത്തിൽ ജഗതയിയുടെ കണ്ണ് നിറഞ്ഞത് നടനെ കുറിച്ച് മലയാളിക്ക് ഇനിയും പ്രതീക്ഷിക്കാം എന്നതിനുള്ള അടയാളമായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP