Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദി അധികാരത്തിൽ കയറിയ വർഷം ആറേകാൽ കോടി രൂപയുടെ നഷ്ടമായിരുന്ന കമ്പനി ഒറ്റവർഷം കൊണ്ട് 18,000 രൂപ ലാഭത്തിലായി; ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ ലാഭം 80 കോടിയായി; ലാഭം 16 000 ഇരട്ടിയായി അമിത്ഷായുടെ മകന്റെ കമ്പനിയുടെ വമ്പൻ കുതിച്ചുചാട്ടം

മോദി അധികാരത്തിൽ കയറിയ വർഷം ആറേകാൽ കോടി രൂപയുടെ നഷ്ടമായിരുന്ന കമ്പനി ഒറ്റവർഷം കൊണ്ട് 18,000 രൂപ ലാഭത്തിലായി; ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ ലാഭം 80 കോടിയായി; ലാഭം 16 000 ഇരട്ടിയായി അമിത്ഷായുടെ മകന്റെ കമ്പനിയുടെ വമ്പൻ കുതിച്ചുചാട്ടം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന്റെ ഗുണം കോർപ്പറേറ്റുകൾക്കും സ്വന്തക്കാർക്കും മാത്രമാണെന്ന് കഴിഞ്ഞദിവസം ഫോർബ്‌സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടിക പുറത്തുവന്നപ്പോൾ തന്നെ വിമർശനം ഉയർന്നിരുന്നു. ബിജെപി സർക്കാരിന്റെ സ്വന്തക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന അംബാനിയും പതഞ്ജലിയും പേ ടിഎമ്മും ഉൾപ്പെടെയുള്ളവരുടെ കമ്പനികൾ വൻ ലാഭംകൊയ്ത് നേട്ടമുണ്ടാക്കുന്നു മോദി ഭരണത്തിൽ എന്നാണ് വിമർശനം ഉയർന്നത്.

ഇപ്പോൾ അതിലും വലിയ വിമർശനം ഉന്നയിച്ചുകൊണ്ട് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജെയ് അമിത് ഷായുടെ കമ്പനി കഴിഞ്ഞ രണ്ടുവർഷത്തിനിടെ ലാഭം 16,000 ഇരട്ടിയാക്കി ഉയർത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. ദ വയർ ന്യൂസ് വെബ്‌സൈറ്റ് പുറത്തുവിട്ട വിവരങ്ങൾ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

മോദി അധികാരമേൽക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതിനു ശേഷം അമിത്ഷായുടെ മകൻ ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ സമർപ്പിച്ച രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ജെയ് ഷായുടെ കമ്പനിയായ ഷാസ് ടെംമ്പിൾ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്, 2013-2014 സാമ്പത്തിക വർഷത്തിൽ കമ്പനി രജിസ്റ്റാർ ഓഫീസിൽ നൽകിയ വാർഷിക റിപ്പോർട്ടും അവിടെ സമർപ്പിച്ച ബാലൻസ് ഷീറ്റിലും നൽകിയ കണക്കുകൾ പ്രകാരം 6,23,01,724 രൂപയുടെ നഷ്ടത്തിലായിരുന്നു.

എന്നാൽ 2014ൽ മോദി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവർഷം 2014-2015 വാർഷിക റിപ്പോർട്ടിൽ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വർഷം 18,728 രൂപ ലാഭം ലഭിച്ചുവെന്നാണ്. ആദ്യ വർഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവർഷം പൂർത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2015-16 സാമ്പത്തിക വർഷത്തിൽ സമർപ്പിച്ച കണക്കുകൾ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭം നേടിയിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകാവുന്ന വിഷയമായി ഇത് മാറിയിരിക്കുകയാണ്.

രാജ്യസഭ എംപിയും റിലയൻസ് ഉന്നത ഉദ്യോഗസ്ഥനുമായ പരിമാൾ നത്വാനിയുടെ മരുമകൻ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തിൽ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് ഷാ കമ്പനിക്ക് ഏറ്റവും വലിയ ലാഭമുണ്ടാക്കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒരു വർഷം കഴിഞ്ഞ് ഒക്ടോബർ 2016ൽ കമ്പനി വൻ നഷ്ടത്തിലാണെന്ന് കാണിച്ച് ജെയ് ഷാ കമ്പനി പൂട്ടുകയായിരുന്നു. 1.4 കോടി രൂപയുടെ നഷ്ടമാണ് ആ വർഷം കമ്പനിക്കുണ്ടായതെന്ന് വ്യക്തമാക്കിയാണ് കമ്പനി പൂട്ടിയത്. അമിത് ഷായുടെ മകൻ ജയ് ഷായും, ജിതേന്ദർ ഷായുമാണ് കമ്പനി ഡയറക്ടർമാർ.

ഒപ്പം അമിത് ഷായുടെ ഭാര്യ സോന ഷായ്ക്കും കമ്പനി ഓഹരിയിൽ ഉടമസ്ഥതയുണ്ട്. കമ്പനിയുടെ ആസാമാന്യമായ ഈ സാമ്പത്തിക വളർച്ചയുടെ വിശദാംശങ്ങൾ മനസിലാക്കുന്നതിനു വേണ്ടി ദ വയറിന്റെ റിപ്പോർട്ടർ ജെയ് ഷായെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ യാത്രയിലായതിനാൽ ഷാ കൃത്യമായി മറുപടി നല്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഷാക്കെതിരായി എന്തെങ്കിലും റിപ്പോർട്ട് ചെയ്താൽ അപകീർത്തി കേസ് നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മാണിക് ദോഗ്ര ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP