Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയലളിതയുടെ വിയോഗദുഃഖത്തിൽ 77 പേർ മരിച്ചെന്ന് അണ്ണാ ഡി.എം.കെ! വാർധക്യ രോഗത്താൽ മരിച്ചവർ തൊട്ട് പ്രണയനൈരാശ്യത്തിൽ ആത്മഹത്യ ചെയ്തവരും പാർട്ടിക്ക് രക്തസാക്ഷികൾ; തമിഴക രാഷ്ട്രീയം ഇന്ത്യയെ നാണിപ്പിക്കുന്നത് ഇങ്ങനെയാണ്

ജയലളിതയുടെ വിയോഗദുഃഖത്തിൽ 77 പേർ മരിച്ചെന്ന് അണ്ണാ ഡി.എം.കെ! വാർധക്യ രോഗത്താൽ മരിച്ചവർ തൊട്ട് പ്രണയനൈരാശ്യത്തിൽ ആത്മഹത്യ ചെയ്തവരും പാർട്ടിക്ക് രക്തസാക്ഷികൾ; തമിഴക രാഷ്ട്രീയം ഇന്ത്യയെ നാണിപ്പിക്കുന്നത് ഇങ്ങനെയാണ്

കെ.വി നിരഞ്ജൻ

ചെന്നൈ: തമിഴക രാഷ്ട്രീയം അങ്ങനെയാണ്.പലപ്പോഴും അത് ലോകത്തിനുമുന്നിൽ നമ്മെ വല്ലാതെ നാണം കെടുത്തിക്കളയും. ഇപ്പോഴും അങ്ങനെയുള്ള വാർത്തകൾക്ക് പഞ്ഞമില്ല. ജയലളിതയുടെ വിയോഗം കാര്യമായ അനിഷ്ടസംഭവങ്ങളില്ലാതെ തമിഴ്‌നാട് ഉൾക്കൊണ്ടുവെന്ന് പൊതുവെ കരുതുമ്പോഴും,പുരെട്ച്ചി തലൈവിയുടെ മരണവാർത്തയറിഞ്ഞ് 77പേർ മരിച്ചെന്നാണ് എ.ഐ.എ.ഡി.എം.കെയുടെ കണക്ക്. ഇവരെയെല്ലാം പാർട്ടി രക്തസാക്ഷികളായി കണക്കാക്കി ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്നുമുള്ള വാർത്തകളാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്.

ജയലളിതക്കായി 'ഹൃദയം പൊട്ടി' മരിച്ച 77 പേരുടെ കുടുംബാംഗങ്ങൾക്ക് അണ്ണാ ഡി.എം.കെ മൂന്നു ലക്ഷം രൂപയാണ് സഹായധനം പ്രഖ്യാപിച്ചത്. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടവരാണ് പാർട്ടി കണക്കാക്കുന്ന പരിക്കേറ്റവർ. അങ്ങനെയുള്ളവരുടെ എണ്ണം എത്രയാണെന്ന് കൃത്യമായി പാർട്ടിക്കുപോലും അറിയില്ല. ഇതിനായി താഴെ തട്ടിൽനിന്നുതൊട്ട് കണക്കെടുക്കയാണ്. പ്രാഥമിക റിപ്പോർട്ടനുസരിച്ച് 'പരിക്കേറ്റവർ' 500നടുത്ത് ഉണ്ടാകുമെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ പറയുന്നത്.

എന്നാൽ, രക്തസാക്ഷികളായി പാർട്ടി പറയുന്ന കണക്കിൽ പൊരുത്തക്കേടുകളുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇങ്ങനെ മരിച്ചത് വെറും അഞ്ചുപേർ മാത്രമാണ്. പൊലീസ് റിപ്പോർട്ട് അപൂർണമാണെന്നാണ് അണ്ണാ ഡി.എം.കെ നേതാക്കൾ പറയുന്നത്. 77 എന്നത് പ്രാഥമിക കണക്ക് മാത്രാണെന്നും യഥാർഥ സംഖ്യ ഇതിലും എത്രയോ കൂടുമെന്നും ചില നേതാക്കളെ ഉദ്ധരിച്ച് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മറ്റുപല കാരണങ്ങളാൽ ആത്മഹത്യ ചെയ്‌തെന്ന് പൊലീസ് രേഖപ്പെടുത്തിയവർപോലും അണ്ണാ ഡി.എംകെക്ക് 'അമ്മക്കായി' രക്തസാക്ഷികളായവരാണ്.വാർധക്യ സഹജമായ അസുഖം ബാധിച്ച് മരിച്ചവരും പ്രേമ നൈരാശ്യത്താൽ ജീവനൊടുക്കിയവരും വാഹനാപകടത്തിൽ മരിച്ചവരും വരെ ഈ ലിസ്റ്റിലുണ്ട്. ചെന്നൈ താംബരത്ത് ജയലളിത മരിച്ച ദിവസം തൂങ്ങിമരിച്ച കമിതാക്കളുടേത് പ്രണയ നൈരാശ്യമാണെന്ന പൊലീസ് റിപ്പോർട്ട് അണ്ണാ ഡി.എം.കെ അംഗീകരിച്ചിട്ടില്ല.

പാർട്ടി കണക്കിൽ ഇവരും രക്തസാക്ഷികളാണ്. കടലൂരിൽ ഒരു ഓട്ടോ ഡൈവ്രർ വാഹനാപകടത്തിൽ മരിച്ചത്, അമ്മയുടെ മരണവാർത്തയറിഞ്ഞ ടെൻഷനിലുണ്ടായ അപകടം എന്നാണ് പാർട്ടിക്കാർ ചിത്രീകരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ 'അമ്മ' ഗുരുതരാവസ്ഥയിലാണെന്ന വാർത്ത വന്നതുതൊട്ട് അവരുടെ സംസ്‌ക്കാരച്ചടങ്ങുവരെയുള്ള സമയത്ത് മരിച്ച മുഴുവൻ ഐ.ഐ.ഡി.എം.കെ അനുഭാവികൾക്കും ഈ തുക കിട്ടും.

ആത്മഹത്യയെയും അക്രമങ്ങളെയും പ്രോൽസാഹിപ്പിക്കുന്ന ഇത്തരം നടപടികൾക്കുള്ള പണം സർക്കാർ ഖജനാവിൽനിന്ന് നൽകുമോ അതോ പാർട്ടി ഫണ്ടിൽനിന്ന് നൽകുമോ എന്നതിൽ മാത്രമേ തീരുമാനം ആകാനുള്ളൂ. പാർട്ടി ഫണ്ടിൽനിന്ന് എടുത്താണ് തുക നൽകുകയെന്നാണ് ജയലളിതയുടെ തോഴിയും ഇപ്പോൾ പാർട്ടിയിലെ 'ചിന്നമ്മയുമായ' ( ചെറിയമ്മ) ശശികല പാർട്ടി എംഎ‍ൽഎ മാരോട് സൂചിപ്പിച്ചത്.എന്നാൽ 'അമ്മക്കായുള്ള' നഷ്ടപരിഹാരം സർക്കാർഫണ്ടിൽനിന്ന് നൽകാൻ മുഖ്യമന്ത്രി പന്നീർ ശെൽവത്തിനുമേൽ എംഎ‍ൽഎമാരുടെ സമ്മർദവുമുണ്ട്.

മുമ്പ് ജയലളിത അഴിമതിക്കേസിൽ ജയിലിലായതിന്റെ വിഷമത്തിൽ 111പേർ ഹൃദയംപൊട്ടിയും 41പേർ ആത്മഹത്യചെയ്തും മരിച്ചെന്ന് പാർട്ടി കണ്ടത്തെിയിരുന്നു. ഇവരുടെ ബന്ധുക്കൾക്ക് ജയലളിതയുടെ നേതൃത്വത്തിൽ തന്നെ ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകി. എന്നാൽ അക്രമത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നയാപ്പൈസപോലും നൽകിയിരുന്നില്ല.അവരുടെ മരണത്തിൽ അനുശോചിക്കാൻപോലും ജയലളിത തയാറായിരുന്നിട്ടുമില്ല.ആ കണക്കും പെരുപ്പിച്ചതാണെന്ന് അന്നുതന്നെ ആക്ഷേപം ഉണ്ടായിരുന്നെങ്കിലും ജയലളിതയുടെ കോപം ഭയന്ന് മാദ്ധ്യമങ്ങൾപോലും അത് കുത്തിപ്പൊക്കിയില്‌ളെന്നതാണ് വാസ്തവം.

2009ൽ അന്നത്തെ അവിഭക്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡി അന്തരിച്ചപ്പോഴും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. എതാണ്ട് ആയിരത്തോളം പേർ വൈ.എസ്.ആറിന്റെ മരണ വിവരമറിഞ്ഞ് ജീവനൊടുക്കിയെന്ന് കാണിച്ച് മകൻ ജഗന്മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ വലിയ നഷ്ടപരിഹാരത്തുക ബന്ധുക്കൾക്ക് നൽകിയിരുന്നു. എന്നാൽ ഔദ്യോഗിക കണക്കുപ്രകാരം മരണസഖ്യ നൂറിലേറെ മാത്രമായിരുന്നു.

മുമ്പ് അണ്ണാദുവെയും എം.ജി.ആറും മരിച്ചപ്പോഴും സമാനമായ സംഭവങ്ങൾ തമിഴ്‌നാട്ടിൽ ആവർത്തിച്ചിരുന്നു.പക്ഷേ അന്നൊന്നും ഔദ്യോഗിക കണക്കും പാർട്ടികണക്കും തമ്മിൽ ഇത്ര വലിയ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP